sections
MORE

അവിശ്വസനീയതയോടെ കാണികൾ ഓടിവന്നു, കാളിയെ തൊഴുതു

sajitha-madathil.jpg.image.784.410
SHARE

സിക്കിമിലെ ഗാങ്ടോക്കിലേക്കുള്ള യാത്ര അതീവസുന്ദരമാണ്. ‘കാളിനാടക’ത്തിന്റെ അടുത്ത വേദി അവിടെയാണ്. ടീസ്താ നദിയോടു നന്നേ ചേർന്നു കൈകൊരുത്തു കിടക്കും വഴിയിലൂടെ ഞങ്ങളുടെ നാടകവണ്ടി ആർത്തലച്ചു നീങ്ങി. ഭംഗിയോടെ ടീസ്ത ഒഴുകിമറയുന്ന ദിക്കിലൊക്കെ ചെല്ലുമ്പോൾ എന്റെ സുഹൃത്തുക്കൾ സ്കൂൾ കുട്ടികളെപ്പോലെ  വണ്ടിയിൽനിന്നു ചാടിയിറങ്ങും. എനിക്കിറങ്ങാനാവില്ല. കാൽമുട്ടിൽ ക്യാപ് ഇട്ടിരിക്കുകയാണ്. ജീവൻ നിന്ന നിൽപിലാവുന്ന വേദനയുണ്ട്. കാളിയുടെ കലിപൂണ്ട ഒരു ചാട്ടം പിഴച്ചുപോയതാണ് ഈ കൊല്ലുന്ന വേദനയ്ക്കു കാരണം. ലോകധർമി  നാടകസംഘത്തിനായി ‘കാളിനാടകം’  എഴുതിയതു ഞാനാണ്. ചന്ദ്രദാസിന്റെ സംവിധാനം. കേരളത്തിൽ നിന്നുള്ളവരാണു നാടകപ്രവർത്തകർ.  

നോർത്ത് ഈസ്റ്റിൽ നാഷനൽ സ്കൂൾ ഓഫ് ഡ്രാമ ഒരുക്കിയ പൂർവോത്തർ നാട്യസമാരോഹ് നാടകോത്സവത്തിന്റെ  സഹൃദയസുലഭമായ വേദികളിലാണു മിക്ക അവതരണവും. ഗുവാഹത്തിയിലെ അരങ്ങിൽ കാളിനാടകം കളിക്കുമ്പോൾ നല്ല രസികൻ സദസ്സാണ്. 

നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലെ  സുഹൃത്തുക്കളൊക്കെയുണ്ട്. എന്നാൽ നാടകപ്രിയരായ നാട്ടുകാരാണ് ഏറെയും. 

കാളി അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ, നാടകത്തിൽ നമ്മളണിഞ്ഞ വേഷങ്ങളൊക്കെ അവർക്കു പുതുമ. അവതരണത്തിന്റെ ഒരു വേളയിൽ പീഠത്തിൽനിന്നു കാളി ഒരൊറ്റ ചാട്ടമാണ്.

കഥാപാത്രത്തിൻമേലുള്ള അതീവശ്രദ്ധ നാടകത്തിന്റെ ശ്വാസമാണെങ്കിലും കാളിക്ക് അതിലേറെ സ്വാതന്ത്ര്യമുണ്ട്. ‘സജിതയുടെ കാളീചുവടുകൾ ഇന്നത്തെപ്പോലെ ആവില്ല നാളെ...’ കൂട്ടുകാർ എന്നെ കളിയാക്കുമായിരുന്നു.

കാളിയുടെ ചാട്ടം സമസ്ത ഊർജത്തോടെയുമാണ്. വേദനയാൽ വീണടിഞ്ഞുപോയെന്ന് എഴുതിയാൽ അതിൽ ലേശവും അതിശയോക്തിയില്ല. എഴുന്നേൽക്കാനാവുമെന്നു കരുതിയതല്ല. ആ വീഴ്ചയിൽ കിടന്ന് സദസ്സിനോട് കൈ ഉയർത്തി അഞ്ചു മിനിറ്റ് തരൂ എന്ന് അഭ്യർഥിച്ചത് എനിക്കോർമയുണ്ട്. സുഹൃത്തുക്കൾ കോരിയെടുത്ത് എന്നെ വേദിക്കു പിന്നിലെത്തിച്ചു. സദസ്സിൽ ഡോക്ടർമാരുണ്ടായിരുന്നു. അവരോടിയെത്തി. കാലിലെ ലിഗ്‌മെന്റ് തകരാറാണ്. നാടകം പാതിവഴിയിൽ നിർത്തുകതന്നെ. പക്ഷേ അതു പൂർണമാക്കണമെന്ന കാര്യത്തിൽ എനിക്കൊട്ടും സംശയമുണ്ടായിരുന്നില്ല. 

kali-nadakam-6col.jpg.image.784.410
കാളി നാടകം

അത്യുച്ചത്തിലുള്ള അലർച്ചയോടെ കാളി വീണ്ടും വേദിയിലേക്കു പ്രവേശിച്ചു. അരങ്ങാകെ ആടിയോടിപ്പെരുകുന്ന കാളിയെ പീഠത്തിൽ ഇരുത്തി. മഞ്ഞുപാളികളെ തുളച്ച് കയ്യടി നിറഞ്ഞു. 

അത്യധികം വേദന സഹിച്ച്, സുഹൃത്തുക്കളുടെ കൈകളിൽതാങ്ങി കാളിയുടെ അവസാനരംഗപ്രവേശവും കഴിഞ്ഞ് വീണുപോയെന്നു പറയാം. 

പിന്നെ, ആശുപത്രി; കാലിനെ വരിഞ്ഞുമുറുക്കി കെട്ടിയ ക്യാപ്.  തിരിച്ചുപോരാൻ പറ്റില്ലല്ലോ. നോർത്ത് ഈസ്റ്റിലെ വേറെയും വേദികൾ ഞങ്ങളെ കാത്തിരിക്കുകയാണ്. 

അങ്ങനെയാണു നൊന്തും നീറിയും ആരുംകാണാതെ കരഞ്ഞും എന്റെ ഗാങ്ടോക് യാത്ര. അവിടെ ഒരാളോടും കാളിവേഷക്കാരിയുടെ വയ്യായ്കയെക്കുറിച്ച് ചന്ദ്രദാസൻ മാഷ് പറഞ്ഞില്ല. കാളിയെ ഒരൊറ്റ ഇരിപ്പ് ഇരുത്തി നാടകത്തെ മാറ്റിപ്പണിതു. ഓടിനടന്ന കാളി ഇരുന്നുകൊണ്ട് കൽപിച്ചു, അലറിവിളിച്ചു, പതിയെ നടന്നു. നാടകം തീർന്നതും കാളിയുടെ ‘കാലക്കേടി’നെക്കുറിച്ച് മാഷ് സദസ്സിനോടു പറഞ്ഞു. അവിശ്വസനീയതയോടെ കാണികൾ ഓടിവന്നു. കാളിയെ തൊഴുതു, മുഖത്തെ ചായം തൊട്ടെടുത്തു. ഭക്തിമാർഗം തന്നെ. ഉള്ളിൽ ചിരി നിറഞ്ഞെങ്കിലും അതിനെയും കൊല്ലുന്ന വേദന.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA