sections
MORE

പ്രൊഫൈൽ ചിത്രങ്ങൾ ഡേറ്റിങ് പേജിൽ; പോരാടാനുറച്ച് മലയാളി പെൺകുട്ടികൾ!

my-date-placez-01
SHARE

തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈൽ ചിത്രങ്ങൾ ഡേറ്റിങ് സൈറ്റിൽ മോശം അടിക്കുറിപ്പോടെ പ്രചരിക്കുന്നതിന്റെ സ്ക്രീൻഷോട്ട് സുഹൃത്തുക്കൾ അയച്ചു കൊടുത്തപ്പോഴാണ് തിരുവനന്തപുരം സ്വദേശിയായ കൊളേജ് വിദ്യാർഥിനി സംഭവമറിയുന്നത്. ഇതിന്റെ സത്യാവസ്ഥയെക്കുറിച്ചറിയാൻ ഇറങ്ങിത്തിരിച്ചപ്പോഴാണ് അവൾ ഒരു സത്യം കൂടി മനസ്സിലാക്കിയത്. സൈബർ ആക്രമണത്തിന് ഇരയായത് താൻ മാത്രമല്ല തന്റെ കലാലയത്തിലെ പല സഹപാഠികളുടെയും ചിത്രങ്ങൾ ഇത്തരത്തിൽ പ്രചരിക്കുന്നുണ്ട്.

പ്രശ്നം സുഹൃത്തുക്കളുമായി ചർച്ച ചെയ്തു. എല്ലാവരും ചേർന്ന് ഈ സൈബർ ആക്രമണത്തിനെതിരെ കൂട്ടമായ പോരാട്ടം തുടങ്ങി. സൈബർ ആക്രമണത്തെ ചെറുക്കാൻ അവർ വാട്സാപ് ഗ്രൂപ്പുകളെ കൂട്ടുപിടിച്ചു. ഡേറ്റിങ് സൈറ്റിൽ പ്രചരിക്കുന്ന ചിത്രങ്ങളുടെ സ്ക്രീൻഷോട്ടും അതിനു പിന്നിലെ സത്യാവസ്ഥയും അവർ ഗ്രൂപ്പുകളിൽ നിന്നും ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്തു.

സംഭവത്തിനു പിന്നിലെ സത്യാവസ്ഥ ആളുകളെ അറിയിക്കുന്നതിനൊപ്പം അവർ ഗ്രൂപ്പുകളിൽ നിന്നു റിപ്പോർട്ട് ചെയ്യിച്ച് ആ പേജ് പൂട്ടിച്ചു. അതിനു മുൻപ് തങ്ങളുടെ ചിത്രങ്ങൾ മോഷ്ടിച്ച് ഡേറ്റിങ് സൈറ്റിൽ പോസ്റ്റു ചെയ്ത അഡ്മിനെ ചോദ്യം ചെയ്തുകൊണ്ട് വിദ്യാർഥിനികൾ ചിലർ മെസേജ് അയച്ചിരുന്നു. ആ സന്ദേശങ്ങൾക്കെല്ലാം കേട്ടാലറയ്ക്കുന്ന മോശം വാക്കുകൾ കൊണ്ടായിരുന്നു മറുപടി. തുടർന്നാണ് കൂട്ടം ചേർന്ന് വാട്സാപ് ഗ്രൂപ്പുകളിലൂടെ ഇതിനെതിരെ പോരാടാൻ ഇവർ ഉറച്ചത്.

ജനുവരി 4 നാണ് തന്റേയും സുഹൃത്തുക്കളുടെയും ചിത്രങ്ങൾ ഡേറ്റിങ് സൈറ്റുകളിൽ പ്രചരിച്ചു തുടങ്ങിയതെന്നും കഴിഞ്ഞ ദിവസം മാത്രമാണ് ഇതിനെക്കുറിച്ചറിഞ്ഞതെന്നും പറയുന്ന പെൺകുട്ടി ഇപ്പോൾ സൈബർ സെല്ലിൽ പരാതി നൽകാനുള്ള തയാറെടുപ്പിലാണ്. സുഹൃത്തുക്കളിലൊരാൾ ഇതിനകം തന്നെ ഓൺലൈനിൽ സൈബർ സെല്ലിന് പരാതി നൽകിക്കഴിഞ്ഞു. താൻ നേരിട്ട് പരാതി നൽകാൻ പോവുകയാണെന്നും പെൺകുട്ടി പറഞ്ഞു.

man-surfing-social-net-work-site-05

ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിച്ച മറ്റു സഹപാഠികൾ എല്ലാവരും പരാതിയുമായി മുന്നോട്ടു വരുമോയെന്നു തനിക്കറിയില്ലെന്നും, പക്ഷേ ഇത്തരത്തിലുള്ള സൈബർ ആക്രമങ്ങളോട് പോരാടാൻ തന്നെയാണ് തീരുമാനമെന്നും പെൺകുട്ടി പറയുന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാനും അതിൽ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനുമുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും. അങ്ങനെ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ മോഷ്ടിച്ചെടുത്ത് ഡേറ്റിങ് സൈറ്റുകളിൽ ഉപയോഗിക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും ഇതിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ആ പെൺകുട്ടി ഉറപ്പിച്ചു പറയുന്നു.

cyber-attack-66

തന്റെയും സഹപാഠികളുടെയും മോഷ്ടിച്ച ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ട സൈറ്റിൽ തിരുവനന്തപുരത്തു പഠിക്കുന്ന പല പെൺകുട്ടികളുടെയും ചിത്രങ്ങളും ഉപയോഗിച്ചിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. ചിത്രങ്ങൾ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടപ്പോൾ സുഹൃത്തുക്കളുൾപ്പടെയുള്ളവർ മാനസിക പിന്തുണ നൽകി കൂടെ നിന്നെന്നും, അങ്ങനെ സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടാൻ കരുത്ത് നേടിയെന്നും പെൺകുട്ടി വ്യക്തമാക്കുന്നു. 

പരിഹാരമില്ലാത്ത സൈബർ ആക്രമണങ്ങൾ?

സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്ന വാർത്തകൾ പെരുകുമ്പോഴും ഇതു കൃത്യമായി നിരീക്ഷിക്കാനോ ഫലപ്രദമായ രീതിയിൽ കൈകാര്യം ചെയ്യാനോ ഉള്ള സംവിധാനങ്ങൾ ഇപ്പോഴുമില്ല, അല്ലെങ്കിൽ ഉപയോഗിക്കപ്പെടുന്നില്ല എന്നുള്ളത് ഖേദകരമായ ഒരു സംഗതിയാണ്. മോഷ്ടിക്കപ്പെടുന്ന ചിത്രങ്ങൾ മാനസിക വൈകൃതങ്ങളുള്ളവർ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുമ്പോൾ പല പെൺകുട്ടികളും അറിയുന്നതു പോലുമില്ല. ചിത്രങ്ങൾ മോഷ്ടിക്കപ്പെട്ട് ദുരുപയോഗം ചെയ്യപ്പെട്ടു കഴിഞ്ഞതിനു ശേഷം നടപടിയെടുക്കാനുള്ള ശ്രമങ്ങൾ മാതമാണ് നടക്കുന്നത് പല കേസുകളിലും ഈ ശ്രമങ്ങൾ പോലും വിഫലമാണ്. നിയമപാലകരുടെ ഭാഗത്തു നിന്നു കൃത്യമായ നീരീക്ഷണവും കാര്യക്ഷമമായ നടപടികളും ഉണ്ടാകുന്നില്ലെന്നുള്ളതാണ് ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിച്ച് അരങ്ങേറുന്നതിന് കാരണമാകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA