sections
MORE

വയസ്സ് 95, പെൺമക്കൾ 10: ആന്റണി സന്തോഷവാനാണ്

PC-Antony-with-daughters.jpg.image.784.410
SHARE

ഓരോ മകൾ പിറക്കുമ്പോഴും ആന്റണിയും ത്രേസ്യാമ്മയും ഉള്ളുകൊണ്ടു മോഹിച്ചു, ഒരാൺകുഞ്ഞിനെ കൂടി തമ്പുരാൻ നൽകിയെങ്കിൽ... പത്താം തവണയും പെൺകുഞ്ഞു തന്നെ പിറന്നെങ്കിലും ഇരുവർക്കും നിരാശ തോന്നിയില്ല. തമ്പുരാൻ തന്നതല്ലേ, പത്തു പെൺകുഞ്ഞും പൊൻകുഞ്ഞു തന്നെയെന്ന് അവർ നിശ്ചയിച്ചു. മക്കളെ പഠിപ്പിച്ചു വളർത്തി വലുതാക്കാൻ ഒരുപാടു പണം ആവശ്യംവരില്ലേ എന്നു ബന്ധുക്കളിൽ ചിലർ സന്ദേഹിക്കാതിരുന്നില്ല. 

ഓരോ പെൺകുഞ്ഞു പിറക്കുമ്പോഴും മന്ദഹാസത്തോടെ ആന്റണി ഓരോ നിക്ഷേപക്കുറി വീതം ചേർന്നു. പതിറ്റാണ്ടുകൾ പിന്നിട്ട് ആന്റണിക്ക് ഇപ്പോൾ പ്രായം 95. അരനൂറ്റാണ്ടു മുൻപു ചേർന്ന നിക്ഷേപക്കുറികൾ സ്നേഹിച്ചു പെരുകി ആന്റണിയെ സമ്പന്നനാക്കി. പെൺമക്കളും മരുമക്കളും പേരക്കുട്ടികളും അവരുടെ മക്കളുമൊക്കെയായി 88 പേരടങ്ങുന്ന കുടുംബമായി ആന്റണിയുടെ സമ്പാദ്യം വളർന്നു. ദുർഗാഷ്ടമി നാളിൽ ആന്റണിയുടെ ജന്മദിനം ആഘോഷിക്കാൻ വീണ്ടും അവർ ഒത്തുചേർന്നു. പതിറ്റാണ്ടുകള‍ായി തുടരുന്ന പതിവു മുടക്കാതെ..

ദൈവത്തിനു നന്ദി, രക്ഷിച്ചതിന്...

മുളങ്കുന്നത്തുകാവ് തിരൂർ ചാഴൂർ ചാണ്ടിവീട‍ിന്റെ പൂമുഖത്തെ ചാരുകസേരയിലിര‍‍ുന്ന് പി.സി. ആന്റണി ആമുഖമിട്ടു: ‘‘ഈ പ്രായത്തിലും ഇവിടെയിരുന്നു സംസാരിക്കാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമാണ്. 68 വർഷം മുൻപു മരണത്ത‍ിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാളാണ് ഞാൻ.’’ 1950ലെ പാതിരാമണൽ ബോട്ടപകടം ആയിരുന്നു സംഭവം. തിരുവനന്തപുരത്തെ ബിഷപ്സ് ഹൗസിൽ പോയി മടങ്ങ‍ിയ ആന്റണി, സുഹൃത്തുക്കൾക്കൊപ്പം ആലപ്പുഴയിൽ നിന്നു കോട്ടയത്തേക്കു സഞ്ചരിച്ചത് ബോട്ടിലായിരുന്നു. പാതിരാമണൽ ദ്വീപിനടുത്തുവച്ചു ബോട്ടിനു തീപിടിച്ചു. 14 പേർ മരിച്ചു. ഒരു ലൈഫ്ബോയിയിൽ പിടിച്ചുകിടന്നതുകൊണ്ട് ആന്റണിയും മൂന്നു സുഹൃത്തുക്കളും രക്ഷപ്പെട്ടു. ഒരുവട്ടം മരണത്തിൽ നിന്നു രക്ഷപ്പെട്ടില്ലേ, അതിനു ശേഷം ജീവിതം നൽകിയതെല്ലാം ‘ബോണസ്’ ആണെന്ന് ആന്റണി. 

ആൺകുഞ്ഞിനെ കൊതിച്ചിരുന്നു...

1947 ജനുവരി 26ന് ആയിരുന്നു ആന്റണിയുടെയും ത്രേസ്യാമ്മയുടെയും വിവാഹം. തിരൂർ സെന്റ് തോമസ് ഹൈസ്കൂളിൽ ആന്റണി അധ്യാപകനായി ജോലിക്കു ചേർന്നിട്ട് അധികം നാളായിരുന്നില്ല. ആദ്യത്തെ മകൾ മറിയാമ്മ പിറന്നപ്പോൾ അപ്പനും അമ്മയും ആശിച്ചു, മകളെ കന്യാസ്ത്രീയാക്കാൻ കഴിഞ്ഞെങ്കിൽ. 

അവരുടെ ആഗ്രഹവഴിയിലൂടെ വളർന്നുവലുതായ മകൾ സിസ്റ്റർ മേരി ആശയെന്ന പേരു സ്വീകരിച്ചു. ജെസി, ആനി, പൗളി, ജോസി, മേഴ്സി, സോഫി, സിൽവി, ലീന, പ്രിൻസി എന്നീ മക്കൾ കൂടി ജനിച്ചു. മൂത്ത സഹോദരിയുടെ വഴി തിരഞ്ഞെടുത്ത പ്രിൻസി, സിസ്റ്റർ പ്രെയ്സി ആയിമാറി. ഓരോ മകൾ ജനിക്കുമ്പോഴും ആന്റണിയുടെയും ത്രേസ്യാമ്മയുടെയും ഹൃദയം വീണ്ടും തുടിച്ചുകൊണ്ടിരുന്നു, ഒരാൺകുഞ്ഞിനെ കൂടി ലഭിച്ചിരുന്നെങ്കിൽ...

കുറികൾ കരുപ്പിടിപ്പിച്ച ജീവിതം...

അധ്യാപകവൃത്തിക്കു ലഭിക്കുന്ന 45രൂപ ശമ്പളം കൊണ്ടു കുടുംബം പോറ്റാൻ കഴിയില്ലെന്ന് ആന്റണി നേരത്തേ മനസ്സിലാക്കിയിരുന്നു. ഓരോ മകൾ ജനിക്കുമ്പോഴും അവളുടെ ഭാവി മുന്നിൽക്കണ്ട് 100 രൂപയുടെ കുറിയിൽ ചേർന്നു. എന്നിട്ടും പണത്തിനു ഞെരുക്കം അനുഭവപ്പെട്ടപ്പോൾ സ്വന്തമായി ഒരു പ്രസ് നടത്താൻ തുടങ്ങി. ഇളയ മകൾ ഒഴികെയുള്ളവരെ ആന്റണി തന്നെയാണ് സ്വന്തം സ്കൂളിൽ പഠിപ്പിച്ചത്.

1965 മുതൽ 79 വരെ സ്കൂളിലെ ഹെഡ്മാസ്റ്ററായി ജോലിനോക്കി. ഇതിനിടെ സാഹിത്യതാൽപര്യം അടക്കാനാകാതെ കുട്ടികൾക്കായി ഒരു മാസികയും പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. മക്കൾ വളർന്നു വലുതായപ്പോൾ കുറി പിടിച്ചും ശമ്പളത്തിൽ നിന്നു സ്വരുക്കൂട്ടിയും വിവാഹം കഴിച്ചയച്ചു. മക്കളും മരുമക്കളും അടങ്ങുന്ന കുടുംബം േപരക്കുട്ടികളായും അവരുടെ കുട്ടികളായും വളർന്നു പന്തലിക്കുന്നതു ഹൃദയം കൊണ്ടു കണ്ടുനിന്നു. കുടുംബത്തിന്റെ അംഗസംഖ്യ 94 ആയി വളർന്നു. ഏതാനും വർഷം മുൻപു ഭാര്യ ത്രേസ്യ‍ാമ്മയടക്കം ആറുപേരുടെ മരണം മൂലം ഇപ്പോൾ അംഗസംഖ്യ 88 ആയി ചുരുങ്ങി. 

92ാം വയസിൽ ഗ്രന്ഥകാരൻ

റിട്ട. ഹെഡ്മാസ്റ്റർ എന്ന വിലാസവുമായി 92 വയസ്സുവരെ ജീവിച്ച ആന്റണിക്ക് ഇപ്പോൾ മറ്റൊരു വിശേഷണം കൂടിയുണ്ട് – ഗ്രന്ഥകാരൻ. രണ്ടുവർഷം മുൻപ് 1001 സാഹിത്യ പ്രതിഭകൾ എന്ന പുസ്തകം ആന്റണി എഴുതി പ്രസിദ്ധീകരിച്ചു. അധ്യാപകനായിരുന്നപ്പോൾ താൻ പ്രാവർത്തികമാക്കിയ ഒരാശയമാണ് പുസ്തകത്തിന്റെ പിറവിക്കു കാരണമെന്ന് ആന്റണി ഓർക്കുന്നു. സ്കൂൾ അസംബ്ലിയിൽ ദിവസവും രാവിലെ ഒരു സാഹിത്യകാരനെ പരിചയപ്പെടുത്തുന്ന കുറിപ്പ് ആന്റണി വായിച്ചിരുന്നു. 

ഈ കുറിപ്പുകളെല്ലാം അലമാരയിൽ സൂക്ഷിച്ച‍ുവച്ചിരുന്നു. ജോലിയിൽ നിന്നു വിരമിച്ചശേഷം നോക്കുമ്പോൾ അലമാര നിറയെ കുറിപ്പുകൾ. കുറിപ്പ‍ുകളെല്ലാം സമാഹരിച്ചു പ്രസിദ്ധീകരിച്ചാലോ എന്നായി പിന്നീടുള്ള ചിന്ത. വർഷങ്ങൾ നീണ്ട ശ്രമത്തിനൊടുവിൽ 1001 സാഹിത്യ പ്രതിഭകൾ എന്ന പുസ്തകം പിറന്നു. പുസ്തകത്തിന് ആമുഖമെഴുതിയത് ആന്റണിയുടെ ശിഷ്യയായ സാഹിത്യകാരി സാറാ ജോസഫ്. പുസ്തകത്തിന്റെ കരടുരൂപം വായിച്ചു തെറ്റുകൾ തിരുത്തിയതും ചിത്രങ്ങൾ സമാഹരിച്ചു നൽകിയതും പേരക്കുട്ടി ഷെറിൻ ആൽവിൻ പെരുമാട്ടിൽ ആണ്. 

ഒത്തുചേരുമ്പോൾ ഇമ്പം...

ഒത്തുചേരുമ്പോൾ ഇമ്പമുള്ളതാണ് കുടുംബമെന്ന ചൊല്ലിന് ആന്റണിയുടെ വീട് ആണ് ഉദാഹരണം. ഓരോ മാസവും ഏതെങ്കിലും മക്കളും പേരക്കുട്ടികളും അവരുടെ കുട്ടികളും മുറതെറ്റാതെ തിര‍ൂരിലെ വീട്ടിലെത്തും. ആർക്കെങ്കിലും എത്തിപ്പെടാൻ അസൗകര്യം നേരിട്ടാൽ അവരെ തിരക്കി ആന്റണി അങ്ങോട്ടുപോകും. കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന്റെ പേരുപോലും ആന്റണി മറക്കാറില്ല. ഓരോരുത്തരെയും കാണുമ്പോൾ പേരെടുത്തു വിളിച്ചു തന്നെ സംസാരിക്കും. ആന്റണിയുടെ ഓരോ പിറന്നാളിനും കുടുംബം മുഴുവൻ ഒത്തുചേരും.

അരോഗദൃഢഗാത്രനായി ആന്റണി ചാരുകസേരയിലിരുന്ന് സ്നേഹാരവം ആസ്വദിക്കും. ഓർമക്കുറവ്, കാഴ്ചക്കുറവ് തുടങ്ങിയ വാർധക്യകാല രോഗങ്ങളൊന്നും അടുത്തെത്തിയിട്ടില്ല. ദിവസവും രാവിലെ അഞ്ചരയ്ക്കെഴുന്നേറ്റ് കണ്ണടയില്ലാതെ രണ്ടുപത്രങ്ങൾ അരിച്ചു പെറുക്കി വായിക്കും. പകൽ സമയങ്ങൾ ചരിത്ര പുസ്തകങ്ങൾ വായിക്കാൻ നീക്കിവയ്ക്കും. ആശുപത്രിവാസം ആന്റണിയുടെ ശീലമേയല്ല. ആരോഗ്യമുള്ള മനസ്സു വസിക്കുന്ന ശരീരത്തിനുള്ളിൽ കടക്കാൻ രോഗങ്ങൾ രണ്ടാമതൊന്ന് ആലോചിക്കുമെന്ന് ആന്റണി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA