sections
MORE

ആർത്തവ ദിനത്തിൽ അശുദ്ധി കൽപ്പിച്ച് പുറത്തു താമസിപ്പിച്ചു; അമ്മയും കുഞ്ഞുങ്ങളും മരിച്ചു

menstrual-hut-55
SHARE

എല്ലുകോച്ചുന്ന തണുപ്പിലും ആചാരം പാലിക്കാൻ അവൾ വീടിനു മുന്നിലെ കൊച്ചു കുടിലിലേക്ക് പതിവു പോലെ പോയി. അമ്മയെ പിരിയാനിഷ്ടമില്ലാത്ത കുഞ്ഞുങ്ങളും അന്ന് അവൾക്കൊപ്പമുണ്ടായിരുന്നു. കുടിൽ എന്നു വിളിക്കാൻ പോലുമാകാത്ത മൺകൂട്ടിൽ ഒരു രാത്രിയിരുട്ടി വെളുത്തപ്പോൾ ശേഷിച്ചത് മൂന്നു മൃതദേഹങ്ങൾ മാത്രമായിരുന്നു.

മരംകോച്ചുന്ന തണുപ്പിൽ തന്റെയൊപ്പം ചൗപ്പാഡി എന്ന ആചാരം പാലിക്കാനായി വന്ന കുഞ്ഞുങ്ങൾക്ക് ചൂടുപകരൻ ആ മൺകൂട്ടിനുള്ളിൽ തീകായാനുള്ള സൗകര്യം ഒരുക്കി ആ അമ്മ. പുക പുറത്തു പോകാൻ ഒരു ജനൽ പോലുമില്ലാത്ത മൺകൂട്ടിൽ നേരംവെളുത്തപ്പോൾ അവശേഷിച്ചത് 35കാരിയായ അംബ ബൊഹോറയുടെയും അവരുടെ ഒൻപതും ഏഴും വയസ്സുള്ള ആൺകുട്ടികളുടെയും മൃതശരീരങ്ങളായിരുന്നു. നേപ്പാളിലാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങൾ അരങ്ങേറിയത്.

മൺകൂട്ടിൽ പുക നിറഞ്ഞ് ശ്വാസം മുട്ടിയാകാം അമ്മയും കുഞ്ഞുങ്ങളും മരിച്ചതെന്നാണ് സംഭവസ്ഥലം സന്ദർശിച്ച സീനിയർ പൊലീസ് ഓഫീസർ‌ ഉദ്ദാപ് സിങ് ഭട്ടിന്റെ പ്രാഥമിക നിഗമനം. ശരിയായ വെന്റിലേഷൻ പോലുമില്ലാത്ത കുടുസ്സു മുറിയിൽ തീ കൂട്ടിയതാവാം അപകടത്തിന് കാരണമെന്നും തീ കാഞ്ഞ് അമ്മയും കുഞ്ഞുങ്ങളും ഉറങ്ങിയപ്പോൾ മുറിയിൽ പുക നിറഞ്ഞ് അവർക്ക് ശ്വാസം മുട്ടിയിട്ടുണ്ടാവുമെന്നും അതാകാം മരണത്തിലേക്കു നയിച്ചതെന്നും പൊലീസ് പറയുന്നു. അവർ പുതച്ചിരുന്ന കമ്പിളിയിലേക്കും തീ പടർന്നിരുന്നുവെന്നും അമ്മയുടെ കാലുകൾക്ക് പൊള്ളലേറ്റിട്ടുണ്ടായിരുന്നുവെന്നും അവർ പറയുന്നു.

2017 ൽ നേപ്പാൾ ഗവൺമെന്റ് ഈ അനാചാരം നിരോധിച്ചതാണ്. എങ്കിലും പല ഗ്രാമങ്ങളിലും ഇപ്പോഴും സമുദായത്തിന്റെ നന്മയ്ക്കെന്ന പേരിൽ ഈ അനാചാരം തുടരുന്നു. '' ഈ അനാചാരത്തെ വേരോടെ പിഴുതു മാറ്റാനുള്ള ശ്രമങ്ങൾ ഞങ്ങളുടെ ഗ്രാമങ്ങളിൽ പുരോഗമിക്കുകയാണ്. ബജൂരയിൽ ചൗപ്പാഡി എന്ന അനാചാരം ഇപ്പോഴില്ല. ഇവിടെയുണ്ടായിരുന്ന എല്ലാ കുടിലുകളും ഞങ്ങൾ തകർത്തു കളഞ്ഞു.''- ബജൂരയിലെ ഗ്രാമ മുഖ്യൻ ചേത്രാജ് ബാരൽ പറയുന്നു.

ആർത്തവകാലത്ത് സ്ത്രീകളെ വീടിനു പുറത്തുള്ള കുടിലിൽ താമസിക്കാൻ നിർബന്ധിക്കുന്നത് മൂന്നുമാസം തടവും  പിഴയും ലഭിക്കാവുന്ന കുറ്റമാണ്. പക്ഷേ നിയമനിർമാണം കൊണ്ടുമാത്രം ഈ അനാചാരത്തെ പൂർണ്ണമായും തുടച്ചു നീക്കാനാവില്ലെന്നാണ് ആക്റ്റിവിസ്റ്റുകളുടെ പക്ഷം.

ആർത്തവത്തെക്കുറിച്ച് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ അവബോധം നൽകണമെന്നും ഈ അനാചാരം അവരുടെ ജീവനെയും ആരോഗ്യത്തെയും എങ്ങനെയൊക്കെ ദോഷകരമായി ബാധിക്കുമെന്ന് പറഞ്ഞു മനസ്സിലാക്കണമെന്നുമാണ് അവർ പറയുന്നത്. യുവതിയുടെയും കുഞ്ഞുങ്ങളുടെയും മരണത്തെത്തുടർന്ന് അവരുടെ കുടുംബത്തിനെതിരെ കേസെടുക്കുമോയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നുമായിട്ടില്ല.

ആർത്തവ ദിനത്തിൽ സ്ത്രീകൾക്ക് അശുദ്ധി കൽപ്പിച്ച് വീടിനു പുറത്തുള്ള മൺകൂട്ടിൽ താമസിപ്പിക്കുന്ന പതിവ് നേപ്പാൾ ഉൾപ്പടെ പല സ്ഥലങ്ങളിലുമുണ്ട്. നിത്യ ജീവിതത്തിൽ അവർ പിന്തുടരുന്ന ഒരു ആചാരം മാത്രമാണ് അവർക്കിത്. ചൗപഡി എന്നു പേരുള്ള ഈ ആചാരത്തിന്റെ ഭാഗമായി പെൺകുട്ടികളും സ്ത്രീയും ആർത്തവ ദിനത്തിൽ തനിച്ച് വീടിനു വെളിയിലുള്ള മൺകൂട്ടിൽ കഴിയണം. വായൂ സഞ്ചാരത്തിന് ഒരു ജനൽ പോലുമില്ലാത്ത മൺകൂട്ടിലാണ് ആർത്തവം കഴിയുന്നതു വരെ അവരുടെ താമസം.

ഓരോ സ്ഥലത്തെയും വിശ്വാസ പ്രകാരം പെൺകുട്ടികൾ മൺകൂട്ടിൽ കഴിയേണ്ട ദിവസങ്ങളുടെ എണ്ണത്തിൽ വ്യത്യാസമുണ്ടായിരിക്കുമെന്നു മാത്രം. ആ ദിവസങ്ങളിൽ അവൾക്ക് കുടുംബാംഗങ്ങളെയോ, മൃഗങ്ങളെയോ തൊടാനുള്ള അനുവാദമില്ല, മറ്റുള്ളവരുണ്ടാക്കുന്ന ഭക്ഷണം കഴിക്കാനുള്ള അനുവാദമില്ല, ചെടികളിലെ പൂക്കൾ പറിക്കുവാൻ അനുവാദമില്ല, ചില സ്ഥലങ്ങളിൽ ആർത്തവ സമയത്ത് പുസ്തകങ്ങളിൽ തൊടാൻ പോലുമുള്ള അനുവാദമില്ല.

അടുത്തിടെ ആർത്തവ ദിനത്തിൽ വീടിനു പുറത്ത് താമസിച്ച ഒരു കൗമാരക്കാരി ഗജ ചുഴലിക്കാറ്റിൽപ്പെട്ട് മരിച്ചത് വാർത്തയായിരുന്നു. നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ഈ അനാചാരം പിന്തുടരുന്ന കുടുംബങ്ങളുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
FROM ONMANORAMA