sections
MORE

ലോകബാങ്കിന്റെ പ്രസിഡന്റായി ഒരു വനിത എത്തുമോ?

nikki-haley-ivanka-trump-33
SHARE

ലോകം ആകാംക്ഷയോടെ ഈ ചോദ്യത്തിന്റെ ഉത്തരത്തിനുവേണ്ടി കാത്തിരിക്കുന്നു. പുരുഷന്‍മാരുടെ പേരുകള്‍ മാത്രം കാലാകാലങ്ങളായി കേട്ടുകൊണ്ടിരുന്ന പല പദവികളും സ്ത്രീകള്‍ കയ്യടക്കുന്നിതിനിടെയാണ് ലോകബാങ്കിന്റെ ഉന്നത സ്ഥാനത്തും ഒരു വനിത എത്താനുള്ള സാധ്യത തെളിഞ്ഞത്. നിലവിലുള്ള പ്രസിഡന്റ് ജിം യോങ് കിം അപ്രതീക്ഷിതമായി കഴിഞ്ഞദിവസം പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു. അതോടെ പുതിയ പ്രസിഡന്റിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. മുമ്പിലെത്തിയ രണ്ടുപേരും വനിതകളാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. 

ആദ്യത്തെയാള്‍ ഇവാങ്ക ട്രംപ്. ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതോടെ ഇവാങ്കയുടെയും ജാതകം തെളിയുകയായിരുന്നു. പ്രമുഖ പദവികളിലെത്തിയ ഇവാങ്ക അമേരിക്കയിലും പുറത്തും അറിയപ്പെടുന്നയാളാണ്. വിവാദങ്ങളില്‍നിന്ന് അകന്നുനിന്ന് കഴിവു തെളിയിക്കുകയും  അമേരിക്കയിലെ സ്ത്രീ കേന്ദ്രീകൃതമായ വലിയ പദ്ധതികളുടെ ഭാഗമാകുകയും ചെയ്തതോടെ ലോകം ഇവാങ്കയെ ശ്രദ്ധിച്ചുതുടങ്ങി.

ലോകബാങ്കിന്റെ തലപ്പത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരാൾ ഐക്യരാഷ്ട്ര സംഘടനയിലെ മുന്‍ യുഎസ് അംബാസിഡര്‍ നിക്കി ഹേലി. അപ്രതീക്ഷിതമെങ്കിലും ആമുഖം ആവശ്യമില്ലാതെ ലോകത്തിനു പരിചിതയാണ് നിക്കി.

കാലാവധി പൂര്‍ത്തിയാകാന്‍ മൂന്നുവര്‍ഷം ബാക്കിയുള്ളപ്പോള്‍ ലോക സാമ്പത്തിക സമൂഹത്തെ ഞെട്ടിച്ചുകൊണ്ടാണ് ലോകബാങ്ക് പ്രസിഡന്റ് പദവി ഒഴിയുകയാണെന്ന് ജിം കഴിഞ്ഞദിവസം അറിയിച്ചത്. ഇവാങ്കയും നിക്കി ഹേലിക്കും പുറമെ പ്രസിഡന്റാകാന്‍ സാധ്യത കല്‍പിക്കപ്പെടുന്നവരില്‍ മറ്റു കുറെ പേരുകളും പ്രചാരത്തിലുണ്ട്. ഡേവിഡ് മല്‍പാസ്സ്, മാര്‍ക് ഗ്രീന്‍ എന്നിങ്ങനെയുള്ളവര്‍.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നോമിനേഷനുകള്‍ സ്വീകരിക്കാന്‍ കഴിഞ്ഞദിവസം കൂടിയ ലോകബാങ്ക് ബോര്‍ഡ് യോഗം തീരുമാനമെടുത്തു. ഫെബ്രുവരി പകുതിയോടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയ ആരംഭിക്കും. ഏപ്രില്‍ പകുതിയോടെ പുതിയ പ്രസിഡന്റ് അധികാരമേറ്റെടുക്കുമെന്നാണ് ഇപ്പോള്‍ കരുതപ്പെടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
FROM ONMANORAMA