sections
MORE

മീടൂവിനെക്കുറിച്ച് റാണിമുഖർജി; എതിർത്ത് സഹതാരങ്ങൾ, നിരാശരായി ആരാധകർ

ran-deepika-aliya-tabu-01
SHARE

മീ ടൂവിനെക്കുറിച്ചും സ്ത്രീകള്‍ക്കുനേരെ നടക്കുന്ന പീഡനങ്ങളെക്കുറിച്ചും വ്യത്യസ്ത അഭിപ്രായവുമായി രംഗത്തു വന്നിരിക്കുകയാണ് ബോളിവുഡ് താരം റാണി മുഖർജി. പീഡനവും ചൂഷണവും നടക്കരുതെന്ന് ആഗ്രഹിക്കുകയാണെങ്കില്‍ അവ ഒഴിവാക്കാന്‍ കഴിയുമെന്നുതന്നെയാണ് റാണി പറയുന്നത്. സ്ത്രീകള്‍ ശക്തരായി നിന്നാല്‍ ഒരിക്കലും ചൂഷണം നടക്കില്ലെന്നും നടി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. മോശമായ ഉദ്ദേശ്യത്തോടെ ഒരു പുരുഷന്‍ അടുത്തുവന്നാല്‍ ഉറച്ചുതന്നെ പറയുക: പിന്നോട്ട് മാറാന്‍. അങ്ങനെ മാറുന്നില്ലെങ്കില്‍ ഒരുനിമിഷം പോലും അറച്ചുനില്‍ക്കേണ്ടതില്ല, അക്രമിയുടെ കാലുകളുടെ മധ്യത്തില്‍ത്തന്നെ ആഞ്ഞുതൊഴിക്കുക.

ബോളിവുഡില്‍ പോയ വര്‍ഷം നേട്ടങ്ങള്‍ സൃഷ്ടിച്ച നടികളെ ഒരുമിച്ചിരുത്തി നടത്തിയ ഒരു ചര്‍ച്ചയിലാണ് കൂടെയിരുന്നവരെ അദ്ഭുതപ്പെടുത്തിയും ആരാധകരെ നിരാശയിലാഴ്ത്തിയും റാണി മുഖര്‍ജി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ദീപിക പദുക്കോണ്‍, അലിയ ഭട്ട്, തബു, തപ്സി പന്നൂ, അനുഷ്ക ശര്‍മ എന്നീ താരങ്ങള്‍ റാണിയുടെ കൂടെയുണ്ടായിരുന്നു. ഇഷ്ടപ്പെട്ട വേഷങ്ങളെക്കുറിച്ചും അഭിനയിക്കാന്‍ മോഹിക്കുന്ന റോളുകളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് തമാശ കലര്‍ത്തി മറുപടി പറഞ്ഞുകൊണ്ടാണ് ചര്‍ച്ച തുടങ്ങിയത്. പിന്നീട് മീ ടൂ മുന്നേറ്റത്തെക്കുറിച്ച് അവതാരകന്‍ ചോദിപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് റാണി തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. മറ്റുള്ളവര്‍ എതിര്‍ക്കാന്‍ ശ്രമിക്കുകയും വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തെങ്കിലും റാണി തന്റെ അഭിപ്രായത്തില്‍ ഉറച്ചുനിന്നു.

സിനിമയില്‍ വന്നനാള്‍ മുതല്‍ ഇതുവരെയും ഉറച്ചുവിശ്വസിക്കുന്ന കാര്യങ്ങള്‍ തുറന്നുപറയാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്- റാണി പറഞ്ഞുതുടങ്ങി. സ്ത്രീകള്‍ ശക്തരായിരിക്കണം. ഓരോരുത്തരും. അതാണു പ്രധാനം. ശക്തിയുണ്ടെന്നു സ്വയം വിശ്വസിക്കാനും അവര്‍ക്കു കഴിയണം. വേണ്ടിവന്നാല്‍ മാറിപ്പോകൂ എന്നൊരു പുരുഷനോടു പറയാനുള്ള ശക്തി. അതാണ് ഓരോ സ്ത്രീകള്‍ക്കും വേണ്ടത്. ആവേശത്തോടെ കൈകള്‍ ഇളക്കി താന്‍ പറയാന്‍ ശ്രമിക്കുന്നത് ഉറച്ചു സ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടായിരുന്നു റാണിയുടെ വാക്കുകള്‍.

anushka-sharma-01
അനുഷ്ക ശർമ്മ

ജീവിതത്തില്‍ എന്തു സംഭവിക്കണമെന്നാണോ ആഗ്രഹിക്കുന്നത് അവ മാത്രമാണു സംഭവിക്കുന്നത് എന്നാണ് എന്റെ വിശ്വാസം- കൈകള്‍ നെഞ്ചില്‍ അടിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ നടി പ്രഖ്യാപിച്ചു. ചൂഷണം നടക്കരുതെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതൊരിക്കലും നടക്കില്ല. ഉറപ്പ്. റാണി ഇത്രയും പറഞ്ഞതോടെ ദീപിക ഇടപെട്ടു. എല്ലാ സ്ത്രീകള്‍ക്കും അങ്ങനെ ശക്തരാകാന്‍ കഴിയില്ലെന്നു പറഞ്ഞുകൊണ്ട് അവര്‍ വിയോജിച്ചെങ്കിലും റാണി എതിര്‍ത്തു: അങ്ങനെയുള്ളവര്‍ മാറണം. മാറിയേ തീരു. മാറാന്‍ അവരോട് പറയണം. അക്രമസംഭവം ഉണ്ടായാല്‍ സഹായം ചോദിച്ചു നിസ്സഹായയായി നില്‍ക്കുകയോ കരയുകയോ ഒന്നുമല്ല ചെയ്യേണ്ടത്. സാഹചര്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് പുരുഷനെ ഒഴിവാക്കാന്‍ കഴിയണം.

Taapsi Pannu
തപ്സി പന്നു

സ്ത്രീകള്‍ മാറുന്നതിനെക്കുറിച്ചാണു പറയുന്നതെന്നും പുരുഷന്‍ മാറേണ്ടതില്ലേയെന്നും ഇതിനിടെ അനുഷ്ക ശര്‍മ ചോദിച്ചു. മറ്റുള്ളവര്‍ എങ്ങനെ പെരുമാറണം എന്ന് നമുക്ക് പറയാന്‍ ആവില്ലല്ലോ. നമ്മുടെ പെരുമാറ്റവും സമീപനവും നാം തന്നെ തീരുമാനിക്കണം എന്നായിരുന്നു റാണിയുടെ മറുപടി. സ്ത്രീകള്‍ക്ക് സാഹചര്യം നിയന്ത്രിക്കാന്‍ ഒരു മാര്‍ഗം കൂടി ഉപദേശിക്കാനും റാണി മറന്നില്ല- ആയോധന വിദ്യ അഭ്യസിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORK & LIFE
SHOW MORE
FROM ONMANORAMA