sections
MORE

സൈക്കിള്‍ റിപ്പയറിങ്ങിൽ നിന്ന് ഐഎഎസിലേക്ക്

varun-kumar-ias-t
SHARE

പന്ത്രണ്ട് വര്‍ഷം മുന്‍പ് പിതാവിന്റെ മരണം വരുണ്‍കുമാര്‍ എന്ന ഗുജറാത്തി യുവാവിനെയും കൊണ്ട് നിര്‍ത്തിയത് ഇനിയെന്ത് എന്ന ചോദ്യചിഹ്നത്തിനു മുന്നിലാണ്. പഠനം ഉപേക്ഷിച്ച് കുടുംബത്തിനു സ്വന്തമായുണ്ടായിരുന്ന സൈക്കിള്‍ റിപ്പയര്‍ ഷോപ്പ് ഏറ്റെടുത്ത് നടത്താന്‍ മൂത്തമകനായ വരുണ്‍ തീരുമാനിച്ചു. പക്ഷേ, എല്ലാവരെയും ഞെട്ടിച്ചു കൊണ്ടെത്തിയ പത്താം ക്ലാസ് പരീക്ഷാ ഫലം ഈ യുവാവിന്റെ ജീവിതം മാറ്റി മറിച്ചു. സൈക്കിള്‍ റിപ്പയറിങ്ങ് ഷോപ്പില്‍ ഒതുങ്ങി പോകുമായിരുന്ന വരുണ്‍ ഇന്നൊരു ഐഎഎസ് ഉദ്യോഗസ്ഥനായി മാറാന്‍ കാരണവും കൃത്യസമയത്ത് എത്തിയ ആ പരീക്ഷാഫലമാണ്.  

ഗ്രാമത്തിലെ ഒന്നാമനായിട്ടാണ് വരുണ്‍ പത്താം ക്ലാസ് പരീക്ഷയില്‍ ജയിച്ചത്. മകന്റെ പഠനത്തിലെ മികവ് തിരിച്ചറിഞ്ഞ അമ്മ വരുണിനെ അടുത്തുള്ള സ്‌കൂളില്‍ ഉപരിപഠനത്തിന് ചേര്‍ക്കുകയും സൈക്കിള്‍ ഷോപ്പ് നോക്കി നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. യൂണിഫോമിനും പുസ്തകങ്ങള്‍ക്കും ആദ്യ ഫീസിനും വേണ്ടിയുള്ള പണം പിതാവിനെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ നല്‍കി. ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് പരിചയപ്പെട്ട സുഹൃത്ത് തന്റെ കോച്ചിങ്ങ് സ്ഥാപനത്തില്‍ 1500 രൂപ ശമ്പളത്തില്‍ ചെറിയൊരു ജോലിയും തരപ്പെടുത്തി.  

വരുണിന്റെ കുടുംബത്തിന്റെ അവസ്ഥ കണ്ടറിഞ്ഞ് അധ്യാപകരും ചിലപ്പോഴൊക്കെ ഫീസ് നല്‍കി സഹായിച്ചു. പ്ലസ് ടു പഠനശേഷം എന്‍ജിനീയറിങ്ങ് പ്രവേശന പരീക്ഷയിലും വരുണ്‍ വിജയം കൈവരിച്ചു. എന്നാല്‍ ഓപ്ഷന്‍ നല്‍കുന്നതില്‍ വരുത്തിയ പിഴവ് വരുണിനെ പുണെയിലെ സ്വാശ്രയ എന്‍ജിനീയറിങ്ങ് കോളജിലെത്തിച്ചു. ആദ്യ ഘട്ട ഫീസ് നല്‍കാന്‍ പിതാവിന്റെ ഡോക്ടറും പ്രദേശത്തെ ഒരു ഹോട്ടല്‍ ഉടമയും സഹായവുമായെത്തി.  

കോളജിലെത്തിയതോടെ വരുണ്‍ സ്‌കോളര്‍ഷിപ്പിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ആദ്യ വര്‍ഷ ഫലം വന്നപ്പോള്‍ പുണെ സര്‍വകലാശാലയില്‍ രണ്ടാം റാങ്ക് വരുണ്‍ സ്വന്തമാക്കി. ശേഷിക്കുന്ന വര്‍ഷങ്ങളില്‍ വരുണ്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. വരുണിന്റെ അക്കാദമിക മികവും കുടുംബസാഹചര്യങ്ങളും കോളജ് അധ്യാപകര്‍ ട്രസ്റ്റികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ സ്‌കോളര്‍ഷിപ്പ് അനുവദിക്കപ്പെട്ടു. എല്ലാ സെമസ്റ്ററിലും 25,000 രൂപ ചെലവിനായി കോളജില്‍ നിന്ന് ലഭിച്ചു. വിലയേറിയ പുസ്തകങ്ങള്‍ വാങ്ങാന്‍ സുഹൃത്തുക്കള്‍ സഹായിച്ചു. ഇതെല്ലാം കാരണം വീട്ടുകാരുടെ ഭാരം ലഘൂകരിക്കപ്പെട്ടു.  

എന്‍ജിനീയറിങ്ങ് കഴിഞ്ഞ് സ്വകാര്യ മേഖലയിലൊരു ജോലിയായിരുന്നു ആദ്യം മനസ്സില്‍. കോളജിലെ പ്ലെയ്‌സ്‌മെന്റിലൂടെ ഒരു കമ്പനിയില്‍ ജോലിയും ലഭിച്ചിരുന്നു. പക്ഷേ, 2011ല്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന ജന്‍ ലോക്പാല്‍ മുന്നേറ്റം കാര്യങ്ങള്‍ മാറ്റി മറിച്ചു. രാജ്യത്തിന്റെ പരിവര്‍ത്തനത്തിലെ കണ്ണികളാകാന്‍ വരുണും സുഹൃത്തുക്കളും തീരുമാനിച്ചു. ഇതിനായി സുഹൃത്തുക്കളില്‍ ഒരാളുടെ നിര്‍ദ്ദേശ പ്രകാരമാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ തുടങ്ങിയത്.  

പഠനം കഴിഞ്ഞ് എന്തെങ്കിലും ജോലി ചെയ്ത് വരുമാനമുണ്ടാക്കുന്നതിന് പകരം സിവിൽ സർവീസ് പരീക്ഷയുടെ പിന്നാലെ പോകുന്നത് വീട്ടിലുള്ളവര്‍ക്ക് ആദ്യം ഇഷ്ടമായില്ല. പക്ഷേ, വരുണിന്റെ നിര്‍ബന്ധത്തിനു മുന്നില്‍ അമ്മയും സഹോദരങ്ങളും വഴങ്ങി. ഇതിനു വേണ്ടി  ഒരു വര്‍ഷത്തെ സാവകാശം അവര്‍ നല്‍കി.  

ഒരു വര്‍ഷം കൊണ്ട് പഠിച്ച് പരീക്ഷ എഴുതിയെടുക്കാന്‍ എന്തെങ്കിലും തരത്തിലുള്ള കോച്ചിങ്ങ് തനിക്ക് ആവശ്യമാണെന്ന് വരുണ്‍ തിരിച്ചറിഞ്ഞു. എന്നാല്‍ കോച്ചിങ്ങ് സ്ഥാപനത്തില്‍ കൊടുക്കാന്‍ കൈയ്യില്‍ പണമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഒരു സുഹൃത്ത് നിര്‍ദ്ദേശിച്ചത് അനുസരിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരാംഗവുമായ അവിനാഷ് ധര്‍മ്മാധികാരിയെ കാണാന്‍ ചെല്ലുന്നത്.  

വരുണിന്റെ ചുറ്റുപാടുകള്‍ മനസ്സിലാക്കിയ അവിനാഷ് തന്റെ കരിയര്‍ ഗൈഡന്‍സ് പരിശീലന കേന്ദ്രത്തില്‍ വരുണിന് സൗജന്യമായി പ്രവേശനം നല്‍കി. എന്നു മാത്രമല്ല കുറച്ച് മാസങ്ങള്‍ക്ക് ശേഷം പാര്‍ട്ട് ടൈം ജോലിയും സ്ഥാപനത്തില്‍ നല്‍കി. അനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ വരുണിനെ അവിനാഷ് പഠിപ്പിച്ചു. പരിസ്ഥിതി വിഷയങ്ങളെ പറ്റി മനസ്സിലാക്കാന്‍ വരുണ്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളെ അവിനാഷ് അയച്ചത് മേല്‍ഘട്ട് ടൈഗര്‍ റിസര്‍വിലെ ഫോറസ്റ്റ് ഗാര്‍ഡുമാരുടെ ഒപ്പം. വിവിധ വിഷയങ്ങളെ പറ്റി അടിസ്ഥാന വിവരം വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകാന്‍ ഇതേ പോലെ രാജ്യത്തിന്റെ വിവിധ കോണുകളിലേക്ക് അദ്ദേഹം അവരെ അയച്ചു.  

വരുണിന്റെ അക്കാദമിക മികവും അവിനാഷിന്റെ വ്യത്യസ്ത കോച്ചിങ്ങും ഒത്തു ചേര്‍ന്നപ്പോള്‍ ആദ്യ ശ്രമത്തില്‍ തന്നെ വരുണ്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസ്സായി. 2014ല്‍ ഗുജറാത്ത് കേഡറില്‍ നിന്ന് അങ്ങനെ ഐഎഎസിലേക്ക്. പ്രതിസന്ധികള്‍ക്ക് മുന്നില്‍ ജീവിതം വഴിമുട്ടി പോകുന്ന ഏതൊരാള്‍ക്കും വരുണ്‍ കുമാറിന്റെ ജീവിതം ഒരു പാഠമാണ്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA