sections
MORE

ഇന്ദ്ര നൂയിയുടെ അഞ്ച് വിജയ മന്ത്രങ്ങള്‍

FILES-US-PEPSICO-CEO-BEVERAGE-FOOD
SHARE

പെപ്‌സികോയുടെ ചരിത്രത്തിലെ ആദ്യ വനിതാ മേധാവി, ലോകത്തിലെ കരുത്തരായ സ്ത്രീകളുടെ പട്ടികയിലെ സ്ഥിരം സാന്നിധ്യം, ലോകത്ത് ഏറ്റവുമധികം ശമ്പളം വാങ്ങുന്ന വനിതാ സിഇഒ- ഒട്ടനവധി വിശേഷണങ്ങളുമായാണ് പെപ്‌സികോ സിഇഒ സ്ഥാനത്ത് നിന്ന് ഇന്ദ്ര നൂയി എന്ന 62 കാരി കഴിഞ്ഞയാഴ്ച പടിയിറങ്ങിയത്. പൂര്‍ത്തിയാക്കിയത് നീണ്ട 24 വര്‍ഷത്തെ പെപ്‌സികോ ജീവിതം. 2006 മുതല്‍ പെപ്‌സികോയുടെ സിഇഒ. ഇക്കാലയളവില്‍ ലോകത്തിലെ ഏറ്റവും വിജയകരമായ ഫുഡ് ആന്‍ഡ് ബവ്‌റിജ് കമ്പനിയാക്കി പെപ്‌സികോയെ മാറ്റി. സിഇഒ പദമൊഴിഞ്ഞെങ്കിലും 2019 ന്റെ തുടക്കം വരെ ഇന്ദ്ര നൂയി പെപ്‌സികോയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ചെയര്‍വുമന്‍ സ്ഥാനത്ത് തുടരും. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിലെ സ്വതന്ത്ര ഡയറക്ടറായി നിയമിക്കപ്പെട്ട പ്രഥമ വനിതയും ഇന്ദ്ര നൂയിയാണ്.  ആരും അസൂയപ്പെടുന്ന തരത്തിലേക്ക് ഇന്ദ്രയ്ക്ക് വളരാന്‍ സാധിച്ചത് ജീവിതത്തിലും കരിയറിലും പുലര്‍ത്തിയ ചില ശീലങ്ങള്‍ കൊണ്ടാണ്. കരിയറില്‍ വളര്‍ച്ചയാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും അവ വിജയമന്ത്രങ്ങളാണ്. 

1) നിങ്ങള്‍ ഒരു രാഷ്ട്രപതിയാണെന്ന് സങ്കല്‍പിക്കൂ

ഇന്ദ്രയും സഹോദരിയും കുട്ടികളായിരുന്നപ്പോള്‍ അവരുടെ അമ്മ ഇവരെ  വ്യത്യസ്മായ ഒരു കളി പഠിപ്പിച്ചിരുന്നു. എല്ലാ ദിവസവും രാത്രിഭക്ഷണത്തിനു ശേഷം അമ്മ മക്കളോട് അവര്‍ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ അല്ലെങ്കില്‍ ലോകനേതാക്കളില്‍ ആരെങ്കിലുമൊക്കെയോ ആണെന്ന് സങ്കല്‍പിച്ച് പ്രസംഗിക്കാന്‍ പറയും. രണ്ടു പേരുടെയും പ്രസംഗത്തിനൊടുവില്‍ ആരുടെ പ്രസംഗമായിരുന്നു മികച്ചതെന്ന് അമ്മ വിധി പ്രസ്താവിക്കും. ഈ കളി ഇന്ദിരയുടെ ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിച്ചു. 

2) ഒരു പ്രത്യേക കഴിവ് വളര്‍ത്തിയെടുക്കൂ

നിങ്ങള്‍ക്കുള്ള ഒരു പ്രത്യേക കഴിവോ നൈപുണ്യമോ കണ്ടുപിടിച്ച് അതിനെ പരിപോഷിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുക. അതുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നമുണ്ടായാല്‍ അതു പരിഹരിക്കാന്‍ കഴിയുന്ന ഏക വ്യക്തി നിങ്ങളാണെന്നു മറ്റുള്ളവര്‍ ചിന്തിക്കുന്ന തരത്തില്‍ അക്കാര്യത്തില്‍ നിപുണരാകണം. ദുര്‍ഘടമായ വിഷയങ്ങളെ ലളിതമാക്കാന്‍ സഹായിക്കുന്ന തന്റെ ഗവേഷണത്തിലുള്ള കഴിവിലാണ് ഇന്ദ്ര വിശ്വാസമര്‍പ്പിച്ചത്. ആരെങ്കിലും ഒരു ഊരാക്കുടുക്കു പ്രശ്‌നം ഇന്ദ്രയ്ക്ക് നല്‍കിയാല്‍ അവരുടനെ ഒരു വിദ്യാര്‍ഥിയായി മാറി തന്റെ ഗവേഷണ പാടവം പുറത്തെടുക്കും. 

പെപ്‌സികോയുടെ ഐടി സംവിധാനം പൊളിച്ചു പണിതത് സിഇഒ എന്ന നിലയില്‍ ഇന്ദ്ര സ്വീകരിച്ച കടുത്ത തീരുമാനങ്ങളില്‍ ഒന്നായിരുന്നു. ഇതിനുള്ള തയാറെടുപ്പെന്ന നിലയില്‍ പത്തോളം പുസ്തകങ്ങളാണ് അവധി ദിനങ്ങളില്‍ ഇന്ദ്ര കമ്പോടു കമ്പോട് വായിച്ചുപഠിച്ചത്. വിഷയത്തിലെ സംശയങ്ങള്‍ തീര്‍ക്കാന്‍ നിരവധി പ്രഫസര്‍മാരുമായി ഫോണില്‍ സംഭാഷണം നടത്തി. 

3) ഉപഭോക്താവിനെപ്പോലെ ചിന്തിക്കുക

സിഇഒ ആയിരിക്കുമ്പോഴും ഇന്ദ്ര നൂയി ഇടയ്ക്ക് സൂപ്പര്‍ മാര്‍ക്കറ്റുകളും ഗ്രോസറി സ്‌റ്റോറുകളുമൊക്കെ സന്ദര്‍ശിച്ച് പെപ്‌സികോ ഉത്പന്നങ്ങള്‍ ഷെല്‍ഫുകളില്‍ എപ്രകാരമാണ് വില്‍പനയ്ക്കു വച്ചിരിക്കുന്നതെന്ന് നോക്കുമായിരുന്നു. ഇവയുടെ ഫോട്ടോ എടുക്കുകയും മാര്‍ക്കറ്റിങ് സംഘത്തിന് മെച്ചപ്പെട്ട വിപണനത്തിനായുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഉപഭോക്താവായിനിന്നു കൊണ്ട് തന്റെ കമ്പനിയുടെ ഉത്പന്നങ്ങളെ നോക്കിക്കാണുന്നത് ഇന്ദ്ര നൂയി പതിവാക്കിയിരുന്നു. താനൊരു സിഇഒ മാത്രമല്ല ഒരു ഉപഭോക്താവ് കൂടിയാണെന്ന് ഒപ്പമുള്ളവരെ എപ്പോഴും ഓര്‍മിപ്പിക്കുകയും ചെയ്യും. 

4) നന്ദി ചൊല്ലി സര്‍പ്രൈസുകള്‍ നല്‍കാം

സിഇഒ ആയി പ്രമോഷന്‍ ലഭിച്ച ശേഷം ഇന്ദ്ര നൂയി അമ്മയെ കാണാനായി ഇന്ത്യയിലെത്തിയിരുന്നു. അന്ന് കാണാനെത്തിയവരെല്ലാം മകളുടെ വിജയത്തില്‍ അമ്മയെ മനസ്സു തുറന്ന് അഭിനന്ദിച്ചു. അപ്പോഴാണ് വലിയ കാര്യങ്ങള്‍ ചെയ്യുന്നവരുടെ മാതാപിതാക്കള്‍ക്ക് എപ്പോഴും അവര്‍ അര്‍ഹിക്കുന്ന അഭിനന്ദനം ലഭിക്കാറില്ലല്ലോ എന്ന് നൂയി ചിന്തിച്ചത്. 

ഓഫിസില്‍ തിരിച്ചെത്തിയ ശേഷം ഇന്ദ്ര ആദ്യം ചെയ്ത കാര്യം കമ്പനിയിലെ സീനിയര്‍ എക്‌സിക്യൂട്ടീവുകളുടെ മാതാപിതാക്കള്‍ക്കു നന്ദി അറിയിച്ചു കൊണ്ട് 400 ഓളം കത്തുകള്‍ അയക്കുക എന്നതായിരുന്നു. തങ്ങള്‍ക്കു ലഭിച്ച ആദരത്തില്‍ എക്‌സിക്യൂട്ടീവുകളുടെ മാതാപിതാക്കള്‍ നൂയിക്കു നന്ദി അറിയിച്ചു. തനിക്കും തന്റെ മാതാപിതാക്കള്‍ക്കും ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമായിട്ടാണ് എക്‌സിക്യൂട്ടീവുകള്‍ ഇതിനെ കണ്ടത്. നിങ്ങളെ പിന്തുണച്ചവരോടു നന്ദി പറയാന്‍ സമയം കണ്ടെത്തുമ്പോള്‍ നിങ്ങള്‍ ബഹുമാനിക്കുന്നത് അവര്‍ നിങ്ങള്‍ക്കായി നല്‍കിയ സമയത്തെയും പരിശ്രമത്തെയുമാണ്. 

5) എന്നും ശക്തരായിരിക്കുക

സിഎഫ്ഒയില്‍നിന്ന് സിഇഒ എന്ന പദവിയിലേക്കു മാറുമ്പോള്‍ ഇന്ദ്ര നൂയിക്ക് ആദ്യം വലിയ ഉത്കണ്ഠയുണ്ടായിരുന്നു. പക്ഷേ, ആശങ്കകള്‍ മാറ്റി വച്ച് നൂയി തന്റെ പദ്ധതി മാര്‍ഗ്ഗരേഖ അവതരിപ്പിച്ച് മുന്നോട്ടുപോയി. കമ്പനിക്കു വേണ്ടി ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും പ്രകടിപ്പിക്കേണ്ടത് അന്ന് അത്യാവശ്യമായിരുന്നു. പെപ്‌സികോ ആരോഗ്യകരമായ ഭക്ഷണ ഉൽപന്നങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ നിക്ഷേപകരില്‍നിന്ന് ആദ്യം അത്ര നല്ല പ്രതികരണമല്ല ലഭിച്ചത്. പക്ഷേ, തന്റെ തീരുമാനത്തില്‍ ശക്തമായി നൂയി ഉറച്ചു നിന്നു. നൂയിയുടെ തീരുമാനം ശരിയായിരുന്നെന്നു കാലം തെളിയിച്ചു. ഇന്ന് പെപ്‌സികോയുടെ വരുമാനത്തില്‍ പാതിയും വരുന്നത് ആരോഗ്യകരമായ സ്‌നാക്ക്, ഡ്രിങ്ക് ഉൽപന്നങ്ങളില്‍ നിന്നാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA