തേൻ ഒട്ടും ചേർക്കാത്ത തേൻ അവൽ !

aval-food
SHARE


മലയാളിക്ക് അവൽ ഒരു ഭക്ഷണം മാത്രമല്ല, സംസ്കാരം കൂടിയായിരുന്നു. പണ്ട് നെല്ലുകുത്തി അരിയെടുക്കുന്നതുപോലെ അരി ഇടിച്ച് അവൽ ഉണ്ടാക്കുമായിരുന്നു. ഉരലിൽ നെല്ലുകുത്തി അരിയെടുത്ത‌്, വീണ്ടും ആ അരിയിടിച്ച് അവൽ ഉണ്ടാക്ക‌ുമ്പേൾ അതിനു പ്രത്യേക രുചിയായിരുന്നു– അതിന്നില്ല. അവലിനെ വീടുകൾ തോറും എത്തിച്ചത് തമിഴരാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ അവലുമായാണ് തമിഴർ കേരളത്തിലെത്തിയത്.

പൈസയ്ക്കു മാത്രമായിരുന്നില്ല അവരിവിടെ അവൽ വിറ്റിരുന്നത്. പഴയ കസവ്, അലൂമിനിയം പാത്രം, കുപ്പി, പാട്ട, വെങ്കലം......അങ്ങനെ കണ്ണിൽ കണ്ടതെല്ലാം പെറുക്കിയെടുത്ത് പകരം അവൽ തന്നു. അങ്ങനെ കിട്ടിയ അവലുകൊണ്ട് പല വിഭവങ്ങളും നമ്മൾ ഉണ്ടാക്കി. അവൽ നനച്ചത്, അവൽ അട, പഴം നിറ, അവലു‌‌ം പഴവും എന്നിങ്ങനെ വിഭവങ്ങൾ. എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു, തേൻ ചേർക്കാത്തതെങ്കിലും രുചിയും മാധുര്യവും കൊണ്ട് തേൻ അവൽ എന്ന് അറിയപ്പെട്ട വിഭവം.

തേൻ അവൽ ചേരുവകൾ
! അവൽ –1 കിലോഗ്രാം 
2 ശർക്കര – അരക്കിലോഗ്രാം
3 തേങ്ങ – വലുത് ഒന്ന് (ചെരകിയത്)
4 നെയ്യ് – ഒരു വലിയ സ്പൂൺ
5 ഉണക്ക മുന്തിരി – ഒരു പിടി
6 ഏലയ്ക്കാപൊടിച്ചത് – ഒരു സ്പൂൺ

പാചകം ചെയ്യുന്നവിധം

1 ശർക്കര പാനിയാക്കി അരിച്ചെടുക്കുക

2 ഓട്ടുരുളിയിൽ നെയ്യൊഴിച്ച‌ു ചൂടാക്കുക. നെയ്യ് നല്ലവണ്ണം ഉരുകി കഴിയുമ്പോൾ അതിൽ അവൽ ഇട്ട് ഇളക്കുക. ഇളം ചൂടിൽ അവൽ നല്ല വണ്ണം മൂക്കുന്നതു വരെ ഇളക്കുക

3 അവൽ നല്ലവണ്ണം മൂത്തുകഴിയുമ്പേൾ നേരത്തെ തയാറാക്കിവച്ച ശർക്കരപ്പാനി ചേർക്കുക. അവിലും പാനിയും ചേർത്തിളക്കുക. ഇതിൽ ഉണക്ക മുന്തിരിയും ഏലയ്ക്കാപൊടിയും ചേർക്കുക.

5 അടുപ്പിൽ നിന്നിറക്കിയതിനു ശേഷം തേങ്ങ തൂവി വീണ്ടും ഇളക്ക‌ുക– തേൻ അവൽ റെഡി.

വടക്കൻ കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ തേൻ അവൽ പ്രാദേശിക വ്യതിയാനത്തോടെ ഉണ്ടാക്കി പ്രസാദമായി നൽകാറുണ്ട്– പ്രത്യേകിച്ച‌ു ഗണപതി ക്ഷേത്രങ്ങളിൽ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA