ശ്രദ്ധയും മാർക്കും കൂടാൻ കുട്ടിയെ ഈ രീതിയിൽ പഠിക്കാൻ ഇരുത്തൂ...

study
SHARE

എത്രയൊക്കെ തല്ലിപഠിപ്പിച്ചിട്ടും കുട്ടിക്ക് നല്ല മാര്‍ക്ക്‌ വാങ്ങാന്‍ കഴിയാതെ വരുന്നുണ്ടോ. കുട്ടിക്ക് മറ്റു പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍ എന്താകും കാരണമെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? എന്നിട്ടും മനസ്സിലായില്ലെങ്കിൽ കുട്ടി ഇരിക്കുന്നത്  എങ്ങനെയെന്നു ശ്രദ്ധിച്ചു നോക്കൂ.

കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നുമെങ്കിലും ക്ലാസ്സിലെയും വീട്ടിലെയും നില്‍പ്പും ഇരിപ്പുമെല്ലാം കുട്ടിയുടെ ബുദ്ധിശക്തിയെ സ്വാധീനിക്കുന്നുണ്ടത്രേ. ക്ലാസ്സില്‍ പലപ്പോഴും കുട്ടികള്‍ അലക്ഷ്യമായി ഇരിക്കുമ്പോള്‍ അധ്യാപകര്‍ നേരിയിരിക്കാന്‍ കുട്ടികളോട് പറയാറുണ്ട്. ഇത് വെറുതേ പറയുന്നതല്ല. ഒരുപക്ഷേ അധ്യാപകര്‍ക്കു പോലും ഈ നേരെയിരുപ്പിന്റെ ആരോഗ്യവശങ്ങളെക്കുറിച്ചു വേണ്ടത്ര അറിവുണ്ടാകാന്‍ സാധ്യത കാണില്ല.

കുട്ടികള്‍ മാത്രമല്ല കുട്ടികളെ പഠിപ്പിക്കുന്ന സമയത്ത് മാതാപിതാക്കളും അധ്യാപകരും ഇത് പിന്തുടരണം എന്നാണു വിദഗ്ധര്‍ പറയുന്നത്. ശ്രദ്ധ വര്‍ധിപ്പിക്കാനും ഓര്‍മശക്തി കൂട്ടാനുമെല്ലാം  ഈ നേരെയിരുപ്പ് കൊണ്ട് സാധിക്കുമെന്നു പ്രമുഖ ഫിസിയോതെറപ്പിസ്റ്റ് ആയ ഡോക്ടര്‍ നിലേഷ് മാക്‌വാന പറയുന്നു. 

ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ശരിയായ രീതിയിലെ ഇരിപ്പ് ശരീരത്തിലെ ഹോര്‍മോണ്‍ നിലയെ സ്വാധീനിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരിയായി ഇരിക്കുന്നവരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ വര്‍ധിക്കുകയും കോര്‍ട്ടിസോണ്‍ ഹോര്‍മോണ്‍ കുറയുകയും ചെയ്യും. ടെസ്റ്റോസ്റ്റിറോണ്‍ പ്രതിരോധശേഷി കൂട്ടാന്‍ സഹായകമായ ഹോര്‍മോണ്‍ ആണ്. 

പഠിക്കാന്‍ ഇരിക്കേണ്ടത് ഇങ്ങനെ 

പഠിക്കാന്‍ ഇരിക്കുന്ന മേശയ്ക്ക് മുന്നിലായി നിവര്‍ന്നിരുന്നാണ് പഠിക്കേണ്ടത്. മേശയും ശരീരവുമായുള്ള അകലം കുറവായിരിക്കണം. കഴുത്തിനു സപ്പോര്‍ട്ട് ലഭിക്കാന്‍ ഒരു തലയണ ഉപയോഗിക്കാം. 

കുട്ടിയുടെ ഉയരത്തിന് അനുസരിച്ചുള്ള മേശയായിരിക്കണം ഉപയോഗിക്കേണ്ടത്. 

വായിക്കാനും എഴുതാനും പ്രത്യേകം അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന മേശ ആയാല്‍ കൂടുതല്‍ നല്ലത്. അങ്ങനെ അല്ലെങ്കില്‍ വായിക്കുന്ന സമയത്ത് ഒരു തലയണയോ തടികഷണമോ അല്ലെങ്കില്‍ കട്ടിയുള്ള എന്തെങ്കിലും വസ്തുവോ ഉപയോഗിച്ച് ഉയരം അഡ്ജസ്റ്റ് ചെയ്യാം.

കഴുത്തിനു സമ്മര്‍ദം വരുന്ന രീതിയില്‍ ഒരിക്കലും പുസ്തകം വച്ചു വായിക്കരുത്. ഒപ്പം കണ്ണിനും സ്ട്രെയിന്‍ നല്‍കരുത്.  കണ്ണിനും കഴുത്തിനും സമ്മര്‍ദം ഉണ്ടാകാത്ത വിധം ഇടയ്ക്കിടെ ഇടവേള നല്‍കിയ ശേഷം വായന തുടരാം.

കിടന്നു കൊണ്ട് വായിക്കുക, എഴുതുക എന്നത് ചില കുട്ടികളുടെ ശീലമാണ്. ഇത് തീര്‍ത്തും ഒഴിവാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുക. ഇത് ശ്രദ്ധ കുറയ്ക്കാനും വേഗം ഉറക്കം വരാനും മാത്രമേ ഉപകരിക്കൂ.

 നടന്നു കൊണ്ട് വായിച്ചു പഠിക്കുന്നത് പണ്ടുമുതലേ പല കുട്ടികളുടെയും ശീലമാണ്. എന്നാല്‍ ഇത് അത്ര നന്നല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് കുട്ടി വ്യായാമം ചെയ്യുന്നതിനു തുല്യമാണ്. നടക്കുമ്പോള്‍ ഹാര്‍ട്ട്‌ബീറ്റ് വര്‍ധിക്കും. ഇത് കുട്ടിയുടെ ശ്രദ്ധ കുറയാന്‍ കാരണമാകും. വേഗത്തില്‍ തളര്‍ച്ചയും ഉണ്ടാകും. അതുപോലെ താടിക്ക് കൈകൊടുത്തിരുന്നു പഠിക്കുക, മേശയില്‍ തലവച്ചിരുന്നു പഠിക്കുക ഇതെല്ലം ഒഴിവാക്കേണ്ടതാണ്. 

Read More : കുട്ടികളുടെ ആരോഗ്യം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA