ആറുമാസത്തിനു ശേഷം കുഞ്ഞുങ്ങളെ അമ്മയ്ക്കൊപ്പം കിടത്തേണ്ട; കാരണം നിസ്സാരമല്ല

baby-mom
SHARE

കുഞ്ഞുവാവ ഉണ്ടായാല്‍ പിന്നെ ഓരോ നിമിഷവും അമ്മയുടെ ലോകം കറങ്ങുന്നത് കുഞ്ഞിനൊപ്പം തന്നെയാണ്. കുഞ്ഞിന്റെ സന്തോഷവും സൗകര്യവും നോക്കിയാണ് പിന്നെ അമ്മയുടെ ജീവിതം, എന്തിന് അമ്മയുടെ ഉറക്കം പോലും. കുഞ്ഞിനൊപ്പം ചേര്‍ന്ന് കിടന്നു കുഞ്ഞിനെ താളത്തില്‍ തട്ടിയൊന്നുറക്കിയാലെ അമ്മമാര്‍ക്ക് സമാധാനമാകൂ.  എന്നാല്‍ ആറുമാസങ്ങള്‍ കഴിഞ്ഞും ഈ പതിവ് തുടര്‍ന്നാല്‍ ചില അമ്മമാര്‍ക്ക് വിഷാദരോഗം പിടിപെടാന്‍ സാധ്യതയുണ്ടെന്നു പഠനം. 

അമേരിക്കയിലെ പെന്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ആദ്യത്തെ ആറുമാസങ്ങള്‍ക്ക് അപ്പുറം കുഞ്ഞിനൊപ്പം ഒരേ കട്ടിലില്‍ കിടക്കുന്ന അമ്മമാര്‍ക്കാണ് ഇത്തരത്തില്‍ വിഷാദം വരാന്‍ സാധ്യത. കുഞ്ഞിന്റെ ഉറക്കത്തെ കുറിച്ചും മറ്റു ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വിമര്‍ശനത്തെ കുറിച്ചുമെല്ലാം ഈ അമ്മമാര്‍ സദാആശങ്കാകുലരാകും എന്നാണ് ഈ പഠനം പറയുന്നത്. ഇവരില്‍ ദാമ്പത്യബന്ധത്തില്‍ പോലും പ്രശ്നങ്ങള്‍ കണ്ടു വരുന്നുണ്ടത്രേ.

ഇത്തരം അമ്മമാരില്‍ 76 ശതമാനം പേരിലും വിഷാദം കണ്ടു വരുന്നു. എന്നാല്‍ ആറു മാസങ്ങള്‍ക്ക് ശേഷം കുഞ്ഞുങ്ങളെ മാറ്റി കിടത്തുന്ന അമ്മമാരില്‍ ഈ പ്രശ്നം കണ്ടു വരുന്നില്ലെന്നും ഗവേഷകര് പറയുന്നു‍.  കുഞ്ഞിനൊപ്പം ഉറങ്ങുന്ന മാതാപിതാക്കള്‍ക്ക് പൊതുവേ നല്ലയുറക്കം ലഭിക്കില്ല. ഇത് അവരുടെ ബന്ധത്തെയും ബാധിക്കും. ഇതും വിഷാദത്തിന് കാരണമാകുന്നുണ്ട്. 

സാധാരണയായി പ്രസവശേഷം അമ്മമാര്‍ക്ക് വിഷാദം കണ്ടുവരുന്നുണ്ട്. ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിനു കാരണം. ആഴ്ചകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ഈ അവസ്ഥ ചിലപ്പോള്‍ വളരെ കഠിനമായ അവസ്ഥയിലേക്ക് മാറാനും സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ ചികിത്സ ആവശ്യമാണ്.  പോസ്റ്റ് പാർട്ടം ഡിപ്രഷൻ (PPD) എന്നാണ് ഇതിനു പറയുന്നത്. കുഞ്ഞു ജനിച്ച ശേഷം ആദ്യത്തെ ആഴ്ച മുതല്‍ ഒരു മാസം വരെയാണ് സാധാരണ ഇത് നീണ്ടു നില്‍ക്കുന്നത്. ചിലര്‍ക്ക് എന്നാല്‍ ഇത് വര്‍ഷങ്ങളോളം തുടരാം.  അമിതമായ സ്‌ട്രെസ് ആണ് പലപ്പോഴും അമ്മമാരില്‍ വിഷാദത്തിന് കാരണമാകുന്നത്. 

നവജാതശിശു പരിചരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോ സ്ലീപിംഗ് രീതിയാണ് മിക്ക അമ്മമ്മാരും പിന്തുടരുന്ന രീതി. തനിക്കൊപ്പം കിടന്നില്ലെങ്കില്‍ കുഞ്ഞു നന്നായി ഉറങ്ങില്ല എന്നാണ് അമ്മമാരുടെ ആശങ്ക. എന്നാല്‍ കുഞ്ഞിനൊപ്പം തന്നെ അമ്മയുടെയും ഉറക്കം പ്രധാനമാണ്. Infant death syndrome (SIDS) നിരക്ക് കുറയ്ക്കാനും കുഞ്ഞുങ്ങള്‍ തനിയെ ഉറങ്ങാന്‍ ശീലിക്കാനും ഈ മാറ്റി കിടത്തല്‍ അനുയോജ്യമാണെന്നാണ് അമേരിക്കന്‍ പീഡിയാട്രിക്സ് അക്കാദമിയിലെ വിദഗ്ധരും പറയുന്നത്. 

പെന്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ടെഡിന്റെ അഭിപ്രായത്തില്‍ കോ സ്ലീപിംഗ് നല്ലതോ ചീത്തയോ എന്നതല്ല ഇവിടെ പ്രസക്തം. കുടുംബത്തില്‍ എല്ലാവരുടെയും ഉറക്കം ശരിയാകുക എന്നതു കൂടിയാണ്. എപ്പോഴും ചെറിയ കുഞ്ഞിനൊപ്പം ഉറങ്ങുമ്പോള്‍ അമ്മയുടെ ഉറക്കമാണ് നഷ്ടമാകുന്നത്. ഇത് തന്നെയാണ് അമ്മയില്‍ സ്‌ട്രെസിനും വിഷാദത്തിനും കാരണമാകുന്നതും.

കുഞ്ഞുങ്ങളെ നെഞ്ചോട്‌ ചേര്‍ത്തുറക്കാറുണ്ടോ; എങ്കില്‍ ആ ശീലം ഒഴിവാക്കൂ

അമേരിക്കയില്‍ മാത്രം പ്രതിവര്‍ഷം 3,500 കുഞ്ഞുങ്ങളാണ് Infant death syndrome (SIDS) കാരണം മരിക്കുന്നത്. ഇതില്‍ പലതും സംഭവിക്കുന്നത്‌ ശ്വാസതടസ്സം കാരണമാണ്. കുഞ്ഞിനൊപ്പം ഉറങ്ങുന്ന രക്ഷിതാവ് പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്‌താല്‍ ഇതിനുള്ള സാധ്യത ഇരട്ടിയാണ്. പ്രത്യേകിച്ചു മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍, ജന്മനാഭാരക്കുറവുള്ള കുഞ്ഞുങ്ങള്‍ എന്നിവര്‍ക്ക്. അതുപോലെ തന്നെ ആദ്യത്തെ ആറു മാസക്കാലം കുഞ്ഞിനെ കൂടെ കിടത്തി ഉറക്കുന്നതിനെക്കാള്‍ മാതാപിതാക്കളുടെ കട്ടിലിനരികില്‍ മറ്റൊരു കിടക്കയില്‍ കുഞ്ഞിനെ കിടത്തുന്നതാണ് കുഞ്ഞിന്റെ ആരോഗ്യത്തിനു നല്ലതെന്നും ഡോക്ടർമാര്‍ പറയുന്നു.

Read More : Health Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA