അർധരാത്രി അടുക്കളയിൽ കാണുന്നത്...

kitchen-tips
SHARE

അർധരാത്രി കഴിയുന്ന നേരം അടുക്കളയിൽ വന്നു നോക്കിയിട്ടുണ്ടോ. പാറ്റയെയും ഉറുമ്പിനെയും ചിലപ്പോൾ എലികളുമൊക്കെ അടുക്കളയുടെ സ്‌ലാബിൽ ഓടി നടക്കുന്നതു നേരിട്ടു കാണാം. അടുക്കളയിൽ വൃത്തിയാക്കാതെ പോയ ഭക്ഷണ അവശിഷ്ടങ്ങളും നന്നായി അടച്ചു വയ്ക്കാത്ത പാത്രങ്ങളിലെ ഭക്ഷണസാധനങ്ങളും തേടിയാണ് ഇവയൊക്കെ എത്തുന്നത്. 

∙പാചകത്തിനു ശേഷവും രാത്രി കിടക്കും മുൻപും അടുക്കളയുടെ സ്‌ലാബ് ഡെറ്റോളിൽ മുക്കി തുടയ്ക്കുക. 

∙രാത്രി നിർബന്ധമായും തറ അടിച്ചു വാരിക്കളയുക. 

സ്‌ലാബ് 

പഴയ അടുക്കളകളിൽ ചിമ്മിനിയിൽ ചെറിയ ഒരു ജനലും വച്ചിരുന്നു. ഇതിലൂടെ ആവശ്യത്തിനു സൂര്യപ്രകാശം പാചകമേഖലയിൽ പതിച്ചിരുന്നു. ഇത്തരം ജനാലകളും ചിമ്മിനികളും ഒഴിവാക്കിയുള്ളതാണ് ആധുനിക അടുക്കളകൾ.  സൂര്യപ്രകാശത്തിന്റെ അഭാവം ഉറുമ്പുപോലെയുള്ള ചെറുജീവികൾക്ക് യഥേഷ്‌ടം സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്യ്രം നൽകുന്നു. പാത്രങ്ങളുടെ അടപ്പ് സ്‌ലാബിൽ വച്ചശേഷം വീണ്ടും അതേപടി എടുത്തു ഭക്ഷണം അടച്ചുവയ്‌ക്കുന്നവരാണു ഭൂരിഭാഗം പേരും. അടപ്പിൽ പറ്റിപ്പിടിക്കുന്ന രോഗാണുക്കൾ ഭക്ഷണത്തിലേക്കും കലരുന്നു. ചിലർ കറിയിളക്കിയ സ്പൂൺ സ്‌ലാബിൽ വച്ചശേഷം വീണ്ടും ഉപയോഗിക്കും. മറ്റു ചിലരുണ്ട്. കഞ്ഞിവെള്ളം സിങ്കിലേയ്ക്ക് ഒഴുകിപ്പോകാൻ പാകത്തിന് സിങ്കിന്റെ അരികിലാണ് ചോറ് വാർത്തിടുന്നത്. ആ ചോറ് കഴിച്ചിട്ടെന്തു കാര്യം. സിങ്കിലെ അണുക്കൾ മുഴുവൻ ചോറിലേയ്ക്ക് കടന്നിരിക്കും. 

∙സ്‌ലാബിൽ അടപ്പുകൾ മലർത്തി വയ്ക്കുക.

∙സ്‌ലാബിൽ വച്ച സ്പൂൺ കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.  

ടിന്നുകൾ 

ഇനി അടുക്കളയിലെ ടിന്നുകളിലേയ്ക്കൊന്നു നോക്കൂ. പഞ്ചസാര, ഉപ്പ്, കറി പൗഡറുകൾ, തേയില തുടങ്ങിയതെന്തും പ്ലാസ്‌റ്റിക് പാത്രങ്ങളിലാണു സൂക്ഷിക്കാറുള്ളത്. ഒരിക്കൽപ്പോലും പാത്രം മാറ്റുകയോ കഴുകുകയോ ചെയ്യാതെ വർഷങ്ങളോളം ഒരേ സ്‌ഥലത്താണ് ഇവയുടെ സ്‌ഥാനം. പഞ്ചസാര നനഞ്ഞു കുതിർന്ന്, അച്ചാറുകൾ പൂപ്പൽ പിടിച്ച്, കറിപ്പൊടികൾ കട്ടപിടിച്ച് അങ്ങനെയങ്ങനെ എത്രയധികം മലിനമായ സാധനങ്ങൾ ചേർത്താണു പാചകം ചെയ്യുന്നത്. 

അച്ചാർ എടുത്തശേഷം സ്‌പൂൺ കഴുകാതെ പാത്രത്തിനു മുകളിൽ വയ്ക്കുന്നതും സൂക്ഷിക്കുന്നതും അതേ സ്‌പൂൺ ഉപയോഗിച്ചു വീണ്ടും എടുക്കുന്നതും അച്ചാർ പൂത്തുപോകാൻ ഇടയാക്കും. അണുക്കളുടെ ആക്രമണം വേറയും. 

∙ടിന്നുകൾ മാസത്തിലൊരിക്കൽ കഴുകി വെയിലിൽ ഉണക്കിയെടുക്കുക. 

ഫ്രിജ് 

ഫ്രിജ് ക്ലീൻ ചെയ്തിട്ട് എത്ര നാളായെന്ന് ആലോചിച്ചിട്ടുണ്ടോ. ഭക്ഷണം അതിൽ സൂക്ഷിച്ചും പുറത്തെടുത്തും വീണ്ടും വച്ചും അങ്ങനെ എത്ര ദിവസങ്ങളാണ് ഒരേ സാധനം ഉപയോഗിക്കുന്നത്. അതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾക്കു പുറമെയാണ് ഫ്രിജിലെ അണുക്കൾ മൂലമുണ്ടാകുന്നത്. 

∙ആഴ്ചയിലൊരിക്കൽ ഫ്രിജിലെ സാധനങ്ങൾ മുഴുവൻ പുറത്തെടുക്കുക. എന്നിട്ട് അൽപം വിനാഗിരി ചേർത്ത വെള്ളത്തിൽ തുണി മുക്കി അകവും പുറവും തുടയ്ക്കുക. 

തുണി 

അടുക്കളയിലെ പഴന്തുണികളുടെ സ്‌ഥിതിയോ? പലതും ആഴ്‌ചകളോളം കഴുകാതെ ഉപയോഗിക്കുന്നവയാണ് സ്‌ലാബ് തുടയ്‌ക്കാൻ ഉപയോഗിക്കുന്ന അതേ തുണി കൊണ്ടുതന്നെ കൈകളും പ്ലേറ്റുകളും തുടയ്‌ക്കുന്നവരുണ്ട്. ചൂടു പാത്രങ്ങൾ അടുപ്പിൽ നിന്നു വാങ്ങുമ്പോൾ പലപ്പോഴും തുണിയുടെ അറ്റം പാത്രത്തിലെ ഭക്ഷണസാധനത്തിൽ സ്‌പർശിക്കാറുണ്ട്. 

∙ഓരോ ദിവസവും ഉപയോഗിക്കുന്ന തുണി അന്നന്നു തന്നെ സോപ്പിട്ടു കഴുകി വെയിലിൽ ഉണക്കിയെടുക്കുക. 

∙ഒരു മാസം ഉപയോഗിച്ച തുണി കളയുക. 

∙പ്ലേറ്റ് തുടയ്ക്കാൻ പ്രത്യേകം തുണി വേണം. അതും ദിവസവും കഴുകിയെടുക്കുക.  

Read More : Health Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA