നിങ്ങൾ ഉപയോഗിക്കുന്ന ഉപ്പിൽ പ്ലാസ്റ്റിക്കും

salt
SHARE

രാജ്യത്തെ പ്രമുഖ ബ്രാൻഡുകളുടേത് ഉൾപ്പെടെയുള്ള ഉപ്പിൽ പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നുവെന്ന് ബോംബെ ഐഐടിയിലെ ഗവേഷകർ നടത്തിയ പഠനത്തിന്റെ ഫലം. അതിസൂക്ഷ്മ പ്ലാസ്റ്റിക് തരികളാണ് കണ്ടത്. ഇവയുടെ വ്യാസം അഞ്ച് മില്ലീമീറ്ററിലും കുറവാണ്. 

ഐഐടി ബോംബെയിലെ സെന്റർ ഫോർ എൻവയൺമെന്റൽ സയൻസ് ആൻഡ് എൻജിനീയറിങ്ങിലെ രണ്ടംഗ സംഘം പരിശോധിച്ച സാമ്പിളുകളിൽ 626 എണ്ണത്തിലും അതിസൂക്ഷ്മ പ്ലാസ്റ്റിക് ഉണ്ടായിരുന്നു. ഇവയിൽ 37 ശതമാനം നാരുകളുടെയും 63 ശതമാനം ഫാഗ്മെന്റുകളുടെയും രൂപത്തിലായിരുന്നു. 

ഒരു കിലോ ഉപ്പ് പരിശോധിച്ചതിൽ 63.76 മൈക്രോഗ്രാം (0.063 മില്ലിഗ്രാം) അതിസൂക്ഷ്മ പ്ലാസ്റ്റിക് (മൈക്രോപ്ലാസ്റ്റിക്) ഉണ്ടെന്നു കണ്ടു. ഇന്ത്യക്കാരനായ ഒരു വ്യക്തി ദിവസം അഞ്ചു ഗ്രാം ഉപ്പു കഴിച്ചാൽതന്നെ ഒരു വർഷം ഉള്ളിൽ ചെല്ലുന്ന പ്ലാസ്റ്റിക്കിന്റെ അളവ് 0.117 മില്ലിഗ്രാം ആണെന്നു പഠനം പറയുന്നു.

വീട്ടാവശ്യത്തിനും വ്യാവസായിക ആവശ്യങ്ങൾക്കും ഉപ്പു നിർമിക്കുന്നതിൽ ഇന്ത്യയ്ക്കു മൂന്നാം സ്ഥാനമാണുള്ളത്. അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷ്യശൃംഖലയിൽ മൊക്രോപ്ലാസ്റ്റിക്കിന്റെ സാനിധ്യം കൂടുന്നതിനെക്കുറിച്ച് ഗൗരവമായ പഠനം നടത്തേണ്ടതുണ്ടെന്നു ഗവേഷകർ പറയുന്നു. ഈ പ്ലാസ്റ്റിക് ഭക്ഷണങ്ങൾ ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്നതിനെക്കുറിച്ചും അന്വേഷണം ആവശ്യമാണ്. ലളിതമായ അരിക്കൽ പ്രക്രിയയിലൂടെ 85 ശതമാനം പ്ലാസ്റ്റിക് തരികളും നീക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ കരുതുന്നത്.

സമുദ്രത്തിലേക്ക് എന്ത്, എങ്ങനെ തള്ളുന്നുവെന്നതിനെക്കുറിച്ച് ഒരു പരിശോധനയും നടക്കുന്നില്ല. സമുദ്രമലിനീകരണമാകാം ഉപ്പിലെ പ്ലാസ്റ്റിക് സാനിധ്യത്തിനു പിന്നിലെന്ന് ഗവേഷകർ പറയുന്നു.

ബോംബെ ഐഐടിയിലെ  പ്രഫസർ അമൃതാംശു ശ്രീവാസ്തവ്, ചന്ദൻകൃഷ്ണ സേത്ത് എന്നിവർ ചേർന്നു നടത്തിയ ഈ പഠനം രാജ്യാന്തരപ്രസിദ്ധീകരണമായ എൻവയൺമെന്റൽ സയൻസ് ആൻഡ് പൊല്യൂഷൻ റിസർച്ചിന്റെ ഓഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ചു.

Read More : Health Magazine

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA