അദ്ഭുതങ്ങൾ അവസാനിക്കുന്നില്ല; പോയ വർഷത്തെ മികച്ച വീടുകൾ കാണാം

best-5-homes
SHARE

പ്രകൃതി സൗഹൃദ നിർമിതിയിലേക്കും പരമ്പരാഗത തനിമകളിലേക്കുള്ള മടങ്ങിപ്പോക്കിനുമാണ് പോയവർഷം നിർമാണമേഖല സാക്ഷ്യം വഹിച്ചത്. പുതുക്കിപ്പണികൾ ട്രെൻഡ് ആയ വർഷമാണ് കടന്നുപോയത്. പഴമയെ അതിന്റെ സൗന്ദര്യം ചോർന്നുപോകാതെ നിലനിർത്തി പുതിയകാല സൗകര്യങ്ങൾ കൂട്ടിച്ചേർക്കുക എന്ന ശൈലിക്ക് സ്വീകാര്യതയേറി. പോയ വർഷം പ്രസിദ്ധീകരിച്ച മികച്ച വീടുകളിലേക്ക്...

ഇത് നിങ്ങൾ കാണാൻ കാത്തിരുന്ന വീട്!...

തൃശൂർ അരിമ്പൂരിലെ സുജിത്തിന്റെ വീടാണ് നിവൃതി. പ്രകൃതിപോലുമറിയാതെ ഒരു താമസസ്ഥലമുണ്ടാക്കുക എന്നതായിരുന്നു നിവൃതിയുടെ നിർമാണ സമയത്ത് ആർക്കിടെക്ട് മനുരാജിന്റെയും ഡിസൈനർ ലിജോ ജോസിന്റെയും ലക്ഷ്യം. അതുകൊണ്ടുതന്നെ, ലാളിത്യത്തിനും പ്ലോട്ടിന്റെ പ്രത്യേകതകൾക്കും പ്രകൃതത്തിനും പ്രാധാന്യം കൊടുത്താണ് ഈ വീട് നിർമിച്ചിരിക്കുന്നത്.

സ്വീകരണമുറി, പൂജാമുറി, ഊണിടം, ഗോവണി, കോർട്‌യാർഡ് – ഡെക്ക്... ഇത്രയും ഭാഗങ്ങള്‍ നാലു ചുവരുകൾക്കുള്ളിൽ ക്രമീകരിച്ചിരിക്കുന്നു. എങ്കിലും സ്വീകരണമുറിയിലിരിക്കുന്ന ഒരാളുടെ സ്വകാര്യത നഷ്ടപ്പെടുന്നില്ല. കാരണം, സ്വീകരണമുറിക്കും ഊണുമുറിക്കും ഇടയിൽ ഒരു കോർട്‌യാർഡുണ്ട്. ഗോവണിയുടെ താഴെയാണ് ഇതിന്റെ സ്ഥാനം. ബുദ്ധബാംബൂവും അകത്തളത്തില്‍ വയ്ക്കുന്ന മറ്റു ചെടികളും കൊണ്ടു സമ്പന്നമാക്കിയ രണ്ടു കോർട്‌യാർഡുകൾ വീടിന്റെ ശ്വാസകോശമായി പ്രവർത്തിക്കുന്നു.

വീടിന്റെ കേന്ദ്രഭാഗം ഊണിടമാണ്. പൂമുഖത്തോടു ചേർന്ന എക്സ്റ്റേണൽ കോർട്‌യാർഡിന്റെയും സ്വീകരണമുറിയോടു ചേർന്ന കോർട്‌യാർഡ് ഡെക്കിന്റെയും നടുവിലാണ് ഈ ഭാഗം. കിഴക്കു പടിഞ്ഞാറ് ദിശയിൽ രണ്ട് കോർട്‌യാർഡുകൾക്കിടയിൽ കിടക്കുന്നതിനാൽ ഇവിടെ ചൂട് ശല്യം ചെയ്യില്ല. ഊണിടം കഴിഞ്ഞുള്ള ഡെക്കോടു കൂടിയ കോർട്‌യാർഡാണ് മറ്റൊരു പ്രധാന ഭാഗം. കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന വിധത്തിലാണ് മൂന്ന് കിടപ്പുമുറികളും ഡിസൈൻ ചെയ്തിരിക്കുന്നത്. അച്ഛനമ്മമാർക്കും അമ്മൂമ്മയ്ക്കുമുള്ള കിടപ്പുമുറികൾ താഴെയും സുജിത്തിന്റെ മുറി മുകളിലും ക്രമീകരിച്ചു.

പ്ലോട്ടിലെ മരങ്ങളൊന്നും മുറിക്കാതെയായിരുന്നു നിർമാണം. വെട്ടുകല്ല്, തറയോട്, കളിമണ്ണോട് തുടങ്ങിയ നിർമാണവസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്തു. ഇവിടത്തെ ഓടും ജനലുകളും വാതിലുകളും തടിയുമെല്ലാം പഴയ വീട്ടിൽ നിന്നെടുത്തതാണ്. കെട്ടിലും മട്ടിലും പഴയ വീടുകളെ ഓർമിപ്പിക്കുന്ന ഒന്നാകണം നിവൃതി എന്നത് വീട്ടുകാരുടെയും ആർക്കിടെക്ടിന്റെയും നിർബന്ധമായിരുന്നു.

പൂർണ വായനയ്ക്ക്... 

***

മയിലും കിളികളും വിരുന്നെത്തുന്ന വീട്!...

ആഡംബരങ്ങളൊന്നുമില്ലാതെ, ലാളിത്യമാര്‍ന്ന, പരമ്പരാഗതശൈലിയിലുള്ള ഒറ്റനിലവീടെന്ന ആഗ്രഹമാണ് എൻജിനീയർ ശ്രീകാന്ത് പങ്ങപ്പാട്ടിനു മുന്നില്‍ സമീനയും കുടുംബവും പങ്കുവച്ചത്. തൃശൂര്‍ കുന്നംകുളത്തിനടുത്ത് തറവാടിനോടുചേര്‍ന്നുള്ള പറമ്പിലാണ് സെമീന തന്‍റെ സ്വപ്നമായ ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്. 

2100 ചതുരശ്രയടിയുള്ള വീട്ടിൽ ലിവിങ്, ഡൈനിങ്, മൂന്ന് കിടപ്പുമുറികൾ, കിച്ചൻ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.  പഴയ കേരളശൈലി വീടിന്റെ ഗൃഹാതുരസ്മരണയുണർത്തുന്ന വിധം ഫ്ലാറ്റ് റൂഫ് വാര്‍ത്ത്, G I ട്രസ്സ് വര്‍ക്ക്‌ നല്‍കി, പഴയ ഓട് കഴുകി വൃത്തിയാക്കിയാണ് മേൽക്കൂര മേഞ്ഞിരിക്കുന്നത്. വീടിനു സമീപം വയലാണ്. ഇവിടെനിന്നുള്ള കാറ്റിനെ വീട്ടിലേക്ക് ക്ഷണിക്കുംവിധമാണ് നീളന്‍വരാന്തയും പൂമുഖവും രൂപകൽപന ചെയ്തിരിക്കുന്നത്. പരമ്പരാഗത ശൈലിയിലുള്ള തടി ഫര്‍ണിച്ചര്‍ ക്രമീകരിച്ച ക്ലാസ്സിക്‌ ഇന്റീരിയറാണ് അതിഥികളെ വരവേല്‍ക്കുന്നത്. 

അകത്തളത്തിലെ നടുമുറ്റം പകല്‍സമയം സ്വാഭാവിക വെളിച്ചം നല്‍കുന്നതോടൊപ്പം ശുദ്ധവായുസഞ്ചാരവും ഉറപ്പാക്കുന്നു. ഇവിടെ ഇന്‍ഡോര്‍ ചെടികള്‍ നട്ട് പ്രകൃതിയുടെ സ്വാഭാവികത അകത്തളങ്ങളിലേക്കും വിന്യസിച്ചിരിക്കുന്നു. നാലു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. നടുമുറ്റത്തിന്റെ ഭംഗി ആസ്വദിച്ചിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിലാണ് ക്രമീകരണം. ചെട്ടിനാടൻ ശൈലിയിലുള്ള വീടുകളെ അനുസ്മരിപ്പിക്കുന്ന ടൈലുകളാണ് നിലത്ത് വിരിച്ചിരിക്കുന്നത്.

മൂന്നു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകിയിട്ടുണ്ട്. പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാൻ ജനാലകളും നൽകിയിരിക്കുന്നു. ലളിതമായ അടുക്കള. സമീപം വർക് ഏരിയയും നൽകിയിട്ടുണ്ട്.

പരിസ്ഥിതിസൗഹൃദമാതൃകകൾ ഇവിടെ അവലംബിച്ചിട്ടുണ്ട്. സപ്പോട്ട, നാടന്‍ മാവ്, പേര, ഞാവല്‍, നാരകം, ചാമ്പ തുടങ്ങിയ ഫലവൃക്ഷങ്ങളും മുറ്റം സമ്പുഷ്ടമാക്കുന്നു. മഴവെള്ളസംഭരണിയോടൊപ്പം സോളര്‍ പാനലുകളും നല്‍കിയിട്ടുണ്ട്. 

പൂർണ വായനയ്ക്ക്

***

പഴമയുടെ സുഗന്ധം, ഒപ്പം മലയാളത്തനിമയും...

കോഴിക്കോട് ജില്ലയിലെ പയ്യോളിയിലുള്ള മണിയോത്ത് വില്ല. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ മുസ്ലിം തറവാടിനെ പരമ്പരാഗത ഭംഗി നിലനിർത്തി പുതിയ കാലത്തേക്ക് മാറ്റിയെടുത്ത കഥയാണിത്.  അടിമുടി പഴമയുടെ പ്രൗഢി നിറയുന്ന തറവാടാണ് മണിയോത്ത്. ചെങ്കല്ലിൽ പണിത പടിപ്പുരയും തടിയിൽ കൊത്തിയെടുത്ത ഗെയ്റ്റും ഫലവൃക്ഷങ്ങൾ തണൽവിരിക്കുന്ന മുറ്റവും കടന്നാണ് തറവാട്ടിലേക്ക് എത്തുന്നത്. സ്ഥലപരിമിതിയായിരുന്നു ഒരു വിഷയം. കുറച്ചുകൂടി കാലാനുസൃതമായ സൗകര്യങ്ങൾ ഉൾപ്പെടുത്തണം. എന്നാൽ തറവാടിന്റെ പരമ്പരാഗത തനിമയ്ക്ക് ഒരു കോട്ടവും വരാനും പാടില്ല. ഇതായിരുന്നു ഉടമസ്ഥരുടെ ഡിമാൻഡ്. വളരെയേറെ ശ്രദ്ധിച്ചാണ് പുതുക്കിപ്പണി നടത്തിയത് എന്ന് മാറ്റം കണ്ടാൽ വ്യക്തമാകും.

ഒരുനില വീടിനെ ഇരുനിലയാക്കി മാറ്റിയതാണ് പ്രധാന മാറ്റം. ഭിത്തിയുടെ പുനർക്രമീകരണത്തിലൂടെയാണ് താഴത്തെ നിലയിലെ സ്ഥലപരിമിതി മറികടന്നത്. വീടിനോട് ചേർന്ന് പഴമയ്ക്ക് കോട്ടം തട്ടാതെ കാർപോർച്ച് നിർമിച്ചു. ട്രസ് വർക്ക് ചെയ്ത് മേൽക്കൂരയിൽ ഓടുവിരിച്ചു.

  • പഴയ വീടിന്റെ ചെറിയ വരാന്തയോട് പുതിയൊരു ഭാഗം കൂട്ടിച്ചേർത്ത് വിശാലമാക്കി.
  • ചെറിയ മൂന്നു കിടപ്പുമുറികൾ ഒരുമിപ്പിച്ചു അത് സ്വീകരണമുറിയാക്കി മാറ്റി.
  • വൈറ്റ് മാറ്റ് ഫിനിഷ്ഡ് ടൈൽ വിരിച്ച് നിലം പരിഷ്കരിച്ചു.
  • പഴയ വീട്ടിലെ ഇടനാഴിയെ നടുത്തളമാക്കി മാറ്റി. ഇവിടെ നിസ്കരിക്കാനുള്ള സ്ഥലമൊരുക്കി.
  • പഴയ അടുക്കളയുടെ ഒരുഭാഗം ഊണുമുറിയാക്കി മാറ്റി.
  • പുതിയകാല സൗകര്യങ്ങളുള്ള ഒരു അടുക്കളയും വർക് ഏരിയയും പഴയ നിർമിതിയോട് കൂട്ടിച്ചേർത്തു.

മുറ്റത്ത് വീടിന്റെ പ്രൗഢിക്ക് അകമ്പടിയേകി ഒരു മുത്തശിമാവ് നിലനിൽക്കുന്നു. ഇതിൽ ഊഞ്ഞാലും ഇട്ടിട്ടുണ്ട്. വൈകുന്നേരങ്ങളിൽ കിളികളുടെ കലപില കൊണ്ട് ഇവിടം സംഗീതസാന്ദ്രമാകും. രാത്രിയിൽ വിളക്കുകൾ കൂടി കൺതുറക്കുന്നതോടെ തറവാടിന്റെ മൊഞ്ച് വീണ്ടും വർധിക്കുന്നു.

പൂർണ വായനയ്ക്ക്... 

***

15 ലക്ഷത്തിനു സുന്ദരൻ വീട്!...

മലപ്പുറം ജില്ലയിലെ മങ്കടയിലാണ് ഫാത്തിമയുടെയും മകൻ നവാസിന്റെയും തറവാട് വീട് നിന്നിരുന്നത്. കാലപ്പഴക്കത്തിൽ വാസയോഗ്യമല്ലാതായതോടെ ചെലവുകുറച്ച് ഒരു വീട് പണിതുതരണമെന്നു ആവശ്യപ്പെട്ട് നവാസ് ഡിസൈനർ വാജിദ് റഹ്മാനെ സമീപിച്ചു. ഇവരുടെ ആവശ്യം ഉൾക്കൊണ്ട് പഴയ തറവാട് നിന്നിരുന്ന സ്ഥലത്താണ് വീട് പണിതത്. 960 ചതുരശ്രയടിയുള്ള വീട്ടിൽ രണ്ടു കിടപ്പുമുറികൾ, രണ്ടു ബാത്റൂം, കിച്ചൻ, ഡൈനിങ് ഹാൾ എന്നിവ ഒരുക്കിയിരിക്കുന്നു. പൊതുവെ ഉറച്ച മണ്ണായതിനാൽ അടിത്തറയ്ക്ക് അധികം തുക ചെലവായില്ല. പ്രാദേശികമായി ലഭ്യമായ വെട്ടുകല്ലാണ് ഭിത്തിയുടെ നിർമാണത്തിന് ഉപയോഗിച്ചത്. 

വെട്ടുകല്ലിന്റെ ഭംഗി അനുഭവപ്പെടുന്ന വിധത്തിൽ ഒരു കോട്ട് പെയിന്റ് അടിച്ചു. അകത്തും വൈറ്റ് വാഷ് മാത്രം ചെയ്തു. പ്രധാന വാതിൽ മാത്രം മുറ്റത്തുണ്ടായിരുന്ന പ്ലാവിന്റെ തടി കൊണ്ട് നിർമിച്ചു. ബാക്കിയെല്ലാം ഫൈബർ ഡോറുകളാണ്. സ്‌റ്റീലും റബ് വുഡുമാണ് ഗോവണിയിലും കൈവരിയിലും ഉപയോഗിച്ചത്. മൺടൈലുകളാണ് പ്രധാന ഇടങ്ങളിലെല്ലാം വിരിച്ചത്. അടുക്കളയിൽ മാത്രം ടൈൽ വിരിച്ചു. 

ഹാളിൽ തന്നെ ലിവിങ്, ഡൈനിങ് ഏരിയകൾ വേർതിരിച്ചു. കുറഞ്ഞ വിസ്തൃതിയിലും തിങ്ങിനിറഞ്ഞ പ്രതീതി ഒഴിവാക്കാൻ ഡൈനിങ് ഡബിൾ ഹൈറ്റിൽ ഒരുക്കി. അതിനുചുറ്റും മെസനൈൻ ശൈലിയിൽ ഇടത്തട്ട് ഒരുക്കി. ചുറ്റിനും ജിഐ ഫ്രെയിം നൽകി സുരക്ഷ ഒരുക്കി. ഇടത്തട്ട് യൂട്ടിലിറ്റി ഏരിയ ആയി ഉപയോഗിക്കാം. ഭാവിയിൽ മുകൾനിലയാക്കി മാറ്റാനുള്ള അവസരവുമുണ്ട്. സ്ട്രക്ച്ചറും ഫർണിഷിങ്ങും ഉൾപ്പെടെ 15 ലക്ഷം രൂപ മാത്രമാണ് ഈ വീടിനു ചെലവായത്.

പൂർണ വായനയ്ക്ക്...

***

സത്യമാണ്; വെറും 5 ലക്ഷത്തിനും സുന്ദരൻ വീട് പണിയാം!...

5-lakh-home-iringalakuda

ലോൺ എടുക്കാതെ, മരം മുറിക്കാതെ പ്രകൃതിയോട് ചേർന്നുനിൽക്കുന്ന ഒരു വീട് എന്നതായിരുന്നു തൃശൂർ സ്വദേശിയായസന്ദീപ് പോത്താനിയുടെ ആശയം. ഇതിനായി നന്നായി ഗൃഹപാഠം ചെയ്താണ് വീട് പണിക്കിറങ്ങിയത്. ഡിസൈനും മേൽനോട്ടവുമെല്ലാം സന്ദീപ് തന്നെയാണ് ചെയ്തത്. 900 ചതുരശ്രയടി മാത്രമുള്ള വീടിനു അഞ്ചു ലക്ഷം രൂപ മാത്രമാണ് ചെലവായത്. 

തൃശൂർ ഇരിങ്ങാലക്കുടയിലാണ് കേരളത്തനിമയുള്ള ഈ ചെറുവീട്. ജിഐ പൈപ്പ് കൊണ്ട് ട്രസ് റൂഫ് ചെയ്ത പഴയ ഓടുപാകി. ഇത് ഒരേസമയം പഴമയുടെ വേറിട്ട ഭംഗിയും നൽകുന്നു. മൂന്നടി പൊക്കത്തിൽ കരിങ്കല്ല് കെട്ടി അടിത്തറ പണിതു. പുറത്തേക്ക് മുഴച്ചു നിൽക്കുന്ന രീതിയിലാണ് അടിത്തറ പണിതത്. ദൂരെ നിന്ന് നോക്കുമ്പോൾ ഒരു ഏറുമാടം പോലെ തറയിൽ നിന്നും വീട് ഉയർന്നു നിൽക്കുന്നതായി അനുഭവപ്പെടും എന്നതാണ് ഇതിന്റെ സവിശേഷത. വീടിനു മൂന്ന് ചുറ്റും വരാന്തയാണ്. വശങ്ങളിൽ കൈവരികൾ നൽകിയിരിക്കുന്നു. പിറകുവശത്ത് സുരക്ഷയെക്കരുതി ഗ്രിൽ ഇട്ടു. 

5-lakh-home-inside

രണ്ടു കിടപ്പുമുറികൾ, ഒരു ബാത്റൂം, ഹാൾ, അടുക്കള എന്നിവയാണ് പ്രധാനമായും വീട്ടിൽ നിർമിച്ചത്.പ്രധാന ഹാളിൽ സ്വീകരണമുറി, ഊണുമേശ എന്നിവ സജ്ജീകരിച്ചു. പുറത്ത് ഒരു ബാത്റൂം നൽകി.ബോധപൂർവമായ ഒരു ഡിസൈൻ ശൈലി നൽകിയതല്ലെങ്കിലും റസ്റ്റിക് ഫിനിഷാണ് വീടിനകത്ത് നിറയുന്നത്. 

ഒരു ഭിത്തിയുടെ മൂലയിൽ ചെറിയ ഊണുമേശയും ബെഞ്ചും. അതിലളിതമായ കിടപ്പുമുറികൾ. ഉളള സ്ഥലത്ത് പരമാവധി സ്‌റ്റോറേജും നൽകിയിട്ടുണ്ട്. ചെലവ് കുറച്ച് സാധങ്ങൾ സംഘടിപ്പിക്കാനായി ഒരുപാട് കടകൾ കയറിയിറങ്ങി എന്ന് പറയുന്നു സന്ദീപ്. കയ്യിൽ കാശു വരുന്ന മുറയ്‌ക്കാണ്‌ പണി പുരോഗമിച്ചത്. അതുകൊണ്ടുതന്നെ ഒരു വർഷത്തോളമെടുത്താണ് വീടു പണി പൂർത്തിയാക്കിയത്.

പൂർണ വായനയ്ക്ക്... 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA