'സംസാരിച്ചാൽ അച്ഛൻ ചീത്തപറയും അതുകൊണ്ടു ഞാൻ എഴുത്തുകാരിയായി'

prethibha
SHARE

അച്ചടിച്ച പുസ്തകങ്ങൾ നൽകുന്ന വായനാനുഭവം ഒരു ഡിജിറ്റൽ മാധ്യമത്തിനും നൽകാനാവില്ലെന്ന്  ജ്ഞാനപീഠ പുരസ്കാര ജേതാവ് പ്രതിഭ റായ് പറഞ്ഞു. ടിബിഎസ് പൂർണ ഹാളിൽ വിദ്യാർഥികളുമായി സംവദിക്കാനെത്തിയതായിരുന്നു പ്രതിഭ റായ്. വായന ഒരു  വ്യക്തിക്കൊപ്പം വളരുന്നതാണ്. മികച്ച വായനാനുഭവം മൊബൈൽഫോണിലോ ടാബ്‌ലറ്റിലോ വായിച്ചാൽ കിട്ടില്ല. എഴുത്തുകാർ തലമുതിർന്നവർക്കുവേണ്ടി മാത്രമല്ല, പുതുതലമുറയ്ക്കും വേണ്ടിയാണ് എഴുതുന്നതെന്നും പ്രതിഭ റായ് പറഞ്ഞു. തന്റെ എഴുത്തും ജീവിതവും യാത്രകളും പ്രതിഭ റായ് പങ്കുവയ്ക്കുന്നു:

എഴുത്തിലേക്കുള്ള വരവ്

കുട്ടിയായിരുന്നപ്പോൾ നിർത്താതെ സംസാരിച്ചാൽ അച്ഛൻ ചീത്തപറയും എന്നതുകൊണ്ട് എഴുത്തുകാരിയായ ആളാണ് ഞാൻ. കുട്ടിക്കാലത്ത് ബാലമാസികകൾ വിരളമായിരുന്നു. പത്രത്തിൽ കുട്ടികളുടെ പംക്തിയുണ്ട്. അതിൽ കവിത എഴുതി പ്രസിദ്ധീകരിച്ചാൽ അച്ഛൻ അദ്ഭുതപ്പെടും എന്നായിരുന്നു പ്രതീക്ഷ. പൂക്കളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും അഞ്ചോ ആറോ കവിതകളെഴുതി നോക്കി. ഒരെണ്ണം പത്രത്തിലേക്കയച്ചു. പക്ഷേ, ദിവസങ്ങൾ കഴിഞ്ഞിട്ടും കവിത പ്രസിദ്ധീകരിച്ചില്ല. അധ്യാപികയോട് സങ്കടം പറഞ്ഞു.

എത്ര കവിതകൾ എഴുതിയിട്ടുണ്ട് എന്നാണ് ടീച്ചർ ചോദിച്ചത്. ആറെണ്ണം എന്നുകേട്ടപ്പോൾ ടീച്ചർ  പുഞ്ചിരിച്ചു. നൂറു കവിതയെങ്കിലും എഴുതിയശേഷം ഒരെണ്ണം തിരഞ്ഞെടുത്ത് അയയ്ക്കാൻ ടീച്ചർ പറഞ്ഞു. അങ്ങനെ ക്ഷമയോടെ എഴുത്തുതുടങ്ങി. കവിത പത്രത്തിൽ പ്രസിദ്ധീകരിച്ചു. പത്രത്തിൽ വന്ന കവിത കണ്ടപ്പോൾ മനസ്സു നിറഞ്ഞു. അച്ഛൻ അഭിമാനത്തോടെ സുഹൃത്തുക്കൾക്കു കവിത കാണിച്ചുകൊടുത്തു. അന്നനുഭവിച്ച സന്തോഷം ജ്ഞാനപീഠ പുരസ്കാരം കിട്ടിയപ്പോൾ‍പോലും ഞാൻ അനുഭവിച്ചിട്ടില്ല.

ഭാഷ സ്നേഹപൂർണം

എന്റെ ഭാഷ  വളരെ ലളിതമായതുകൊണ്ടാണ് ഞാനെഴുതിയത് ആരും പ്രസിദ്ധീകരിക്കാത്തത് എന്നായിരുന്നു ആദ്യം ചിന്തിച്ചിരുന്നത്. ഒരു നിഘണ്ടു വാങ്ങി കഠിനമായ വാക്കുകൾ തിരഞ്ഞെടുത്ത് പുസ്തകത്തിൽ എഴുതി. പിന്നീട് എഴുതുമ്പോൾ ഈ വാക്കുകളൊക്കെ എടുത്ത് പ്രയോഗിച്ചു. ഉള്ളിൽനിന്നു ഒഴുകിവരുന്ന വാക്കുകൾ ഉപയോഗിച്ച്  എഴുതാൻ അധ്യാപിക പറഞ്ഞു. അന്തരാത്മാവാണ് എഴുത്തുകാരന്റെ പ്രചോദനം.

ലോകത്തിലെവിടെയും മനുഷ്യവികാരങ്ങൾ‍ ഒന്നാണ്. ഒഡിയ ആയാലും മലയാളമായാലും ആഫ്രിക്കനായാലും കരച്ചിൽ ഒരേപോലെയാണ്. ആർക്കാണ് മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതു സഹിക്കാൻ കഴിയുക. അതുകൊണ്ടുതന്നെ വൈവിധ്യമാർന്ന ഭാഷയിലൂടെ സ്നേഹപൂർണമായ മനുഷ്യവികാരങ്ങളാണ് പ്രകടിപ്പിക്കപ്പെടുന്നത്. ഭാഷയല്ല, അതിലൂടെ പ്രകടിപ്പിക്കപ്പെടുന്ന വികാരമാണ് പ്രധാനം.

യാത്രകൾ, വേഷങ്ങൾ

നമ്മുടെ വസ്ത്രധാരണ രീതി മാറ്റിയാലേ ആധുനികജീവിതമാവൂ എന്ന് ഞാൻ കരുതുന്നില്ല. സാരിയുമുടുത്ത് ഒറ്റയ്ക്ക് നാൽപതു രാജ്യങ്ങളിൽ ഞാൻ ചുറ്റിക്കറങ്ങിയിട്ടുണ്ട്. എല്ലാ ഭൂഖണ്ഡങ്ങളിലും സന്ദർശിക്കണമെന്നാണ് ആഗ്രഹം. എന്നാൽ, മക്കൾ സമ്മതിക്കാത്തതുകൊണ്ട് മാത്രം അന്റാർട്ടിക്കയിൽ പോവാൻ കഴിഞ്ഞില്ല. മഞ്ഞുമൂടിക്കിടക്കുന്ന അലാസ്കയിലും ഉത്തരധ്രുവത്തിലും സാരിയുടുത്താണ് ഞാൻ പോയത്.

ഒരിക്കൽ യൂറോപ്പിലെ ഒരു യാത്രയ്ക്കിടെ സൂപ്പർമാർക്കറ്റിൽ കയറി. നമ്മുടെ നാട്ടിലേതുപോലെ വിലപേശി വാങ്ങാൻ 13 യൂറോയ്ക്കുവേണ്ടി ഞാൻ കടക്കാരനുമായി തർക്കിച്ചു. അങ്ങനെ ചെയ്യുന്നത് വലിയ കുറ്റമാണ് എന്ന് അറിയില്ലായിരുന്നു. കടക്കാരൻ പൊലീസിനെ വിളിക്കുമെന്നായപ്പോൾ ഒരു പാക്കിസ്ഥാനി വന്ന് ‘എന്റെ ‍നാട്ടുകാരിയാണ് ’ എന്നു പറഞ്ഞ് രക്ഷിച്ചു. പിന്നീടാണ് അയാൾ പാക്കിസ്ഥാൻ കാരനാണെന്ന് ഞാനറിഞ്ഞത്. മനുഷ്യർക്കിടയിൽ രാജ്യങ്ങളുടെയും ദേശങ്ങളുടെയും ഭാഷയുടെയും അതിർവരമ്പുകൾ ഇത്രയേയുള്ളു. രാജ്യങ്ങൾ തമ്മിൽ യുദ്ധം ചെയ്യണമെന്നത് രാഷ്ട്രീയക്കാരന്റെ ആഗ്രഹമാണ്, സാധാരണക്കാരന്റെയല്ല.

ഉള്ളിലേക്ക് നോക്കാത്തവർ

എന്റെ ദൈവമാണ് വലുത് എന്നു പറഞ്ഞു തർക്കിക്കുന്നവരുടെ കാലമാണിത്. യുധിഷ്ഠിരൻ ദൈവതുല്യനാണ് എന്ന് ഒരിടത്ത് ഞാൻ പറഞ്ഞിട്ടുണ്ട്. കാരണം യുധിഷ്ഠിരന് വികാരങ്ങളില്ല, അയാൾ കല്ലിനു സമമായതിനാലാണ് ദൈവതുല്യനാണ് എന്നു പറയേണ്ടിവന്നത്. ദൈവത്തെക്കുറിച്ച് ഒരു കഥയുണ്ട്. 

ദൈവം മനുഷ്യനെ സൃഷ്ടിച്ചു. സ്ഥിരം പരാതിക്കാരനായ മനുഷ്യന്റെ പരാതികൾ കാരണം ദൈവത്തിന് ഇരിക്കപ്പൊറുതിയില്ലാതായി. എന്തുചെയ്യണമെന്നു തീരുമാനിക്കാൻ ദൈവങ്ങൾ യോഗം ചേർന്നു. മനുഷ്യൻ ഒരിക്കലും എത്തിനോക്കാൻ ഇടയില്ലാത്ത ഒരു സ്ഥലത്ത് ഒളിച്ചിരിക്കാൻ തീരുമാനിച്ചു. 

അങ്ങനെ മനുഷ്യന്റെ ഉള്ളിൽ ദൈവം ഒളിച്ചിരുന്നു. ഒരിക്കലും സ്വന്തം ഉള്ളിലേക്കു നോക്കാത്ത മനുഷ്യൻ ദൈവത്തെ തേടി ദേവാലയങ്ങളിൽ കറങ്ങിനടക്കുകയാണ്.

എഴുത്തിന്റെ പെൺവഴികൾ

ഞാനൊരു ഫെമിനിസ്റ്റല്ല എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഫെമിനിസം വ്യവസ്ഥകൾക്കെതിരെയുള്ള ശക്തമായ പ്രതിഷേധമാണ്. എന്നാൽ‍, ഞാൻ മനുഷ്യരുടെ തുല്യതയാണ് ആഗ്രഹിക്കുന്നത്. 

ആണിനും പെണ്ണിനും ഒരേ അസുഖത്തിന് രണ്ടു മരുന്നുകളല്ല കൊടുക്കുന്നത്. ഒരു സ്ത്രീ തന്റെ ജീവിതത്തിൽ അനുഭവിക്കുന്ന വേദനകൾ എത്രയാണെന്ന് ഡോക്ടർമാർക്കുപോലും പറയാൻ കഴിയില്ല.

ഒരു എഴുത്തുകാരിയെന്ന നിലയിൽ ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ജോലികൾ തീർത്ത ശേഷമാണ് എഴുതാറുള്ളത്. മക്കൾ ഉറങ്ങിയശേഷം രാവിലെ മൂന്നു മണിവരെയൊക്കെ ഇരുന്നെഴുതിയാണ്. ഒരു എഴുത്തുകാരിക്ക് എഴുതുകയെന്നത് ഞാണിൻമേൽകളിയാണ്.

ദ്രൗപദിയെക്കുറിച്ച് എഴുതുമ്പോൾ ഞാൻ ദ്രൗപദിയായാണ് എഴുതുന്നത്. കർണനെ കഥാപാത്രമാക്കുമ്പോൾ ഞാൻ സ്വയം കർണനായി മാറിയാണ് എഴുതുന്നത്. 

എല്ലാ കഥാപാത്രവും ഞാനാണ്. എല്ലാ കഥാപാത്രവും എന്റെ മക്കളുമാണ്. എന്റെ മൂന്നുമക്കളിൽ ആരോടാണ് ഏറ്റവുമിഷ്ടം എന്നു ചോദിച്ചാൽ ഞാൻ കുടുങ്ങും. എല്ലാവരോടും ഇഷ്ടം തുല്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA