ബന്ധുക്കളേ... ഏഴ് വർഷമായി ഇദ്ദേഹം ആശുപത്രിയിലാണ്, നിങ്ങൾക്ക് വേണ്ടേ?

Pravasi
SHARE

ലോകത്തിലെ ഏറ്റവും വേദനാജനകമായ അവസ്ഥയെന്തൊണെന്ന് ചോദിച്ചാല്‍, അതൊരു പക്ഷേ ഇത്രയും കാലം ജീവിച്ച ജീവിതവും ഉറ്റവരേയും ഉടയവരേയുമെല്ലാം മറന്നു പോകുന്നതാണ്. താനാരാണെന്നോ തനിക്കാരാണുള്ളതെന്നോ അറിയാതെ ഓര്‍മയുടെ കണക്കുകള്‍ തെറ്റി ഒറ്റപ്പെട്ടു പോകുന്നത്. അന്നേരത്ത് ഏതോ ഒരു നാട്ടില്‍, പരിചരിക്കാനോ പരിഗണിക്കാനോ ഉറ്റവരോ ഉടയവരോ ഇല്ലാതായി പോകുന്ന ഒരു മനുഷ്യനെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ? അങ്ങനെയൊരു മനുഷ്യനെ കുറിച്ചാണ് ഈ കുറിപ്പ്.

കഴിഞ്ഞ ഏഴു വര്‍ഷമായി ബഹ്റൈനിലെ ഒരാശുപത്രിയില്‍ സ്വന്തം പേരു പോലും മറന്ന നിലയില്‍ ഒരു മലയാളി കിടക്കുന്നുണ്ട്. ഇതുവരെ ആരും തേടിയെത്തിയിട്ടില്ല, ആരെയും തേടിപ്പോകാന്‍ ആ മനുഷ്യന് ആവതുമില്ല. മുഹറഖ് ജെറിയാട്രിക് ആശുപത്രിയിലാണ് ആളുള്ളത്. എറണാകുളം സ്വദേശിയാണെന്നും പൊന്നനെന്നോ പൊന്നപ്പനെന്നോ ആവാം പേര് എന്ന സൂചന മാത്രമേയുള്ളൂ. തീര്‍ച്ചപ്പെടുത്തി പറയാന്‍ ആവില്ല. 

ബാക്കിയായ നേരിയ ഓര്‍മകളില്‍ ''ചെറുപ്പത്തില്‍ ഇടപ്പള്ളി ഇടവകയില്‍'' പോയിരുന്നുവെന്ന് അയാള്‍ പറയുന്നുണ്ട്. സാമൂഹ്യപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണങ്ങളില്‍ നിന്നും മനസ്സിലാക്കാനാകുന്നത് അയാള്‍ പത്തു വര്‍ഷത്തിലേറെ ബഹ്റൈനില്‍ പെയിന്റിങ്ങ് തൊഴിലാളി ആയിരുന്നു എന്നും ജോലിയ്ക്കിടെ വീണ് കിടപ്പിലായതാണ് എന്നും മാത്രമാണ്. 2011ല്‍ തലയില്‍ ശക്തമായ മുറിവേറ്റ നിലയിലായിരുന്നു സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അസുഖം ഭേദമായപ്പോള്‍ അനാഥരോഗികളെ ചികിത്സിക്കുന്ന മുഹറഖ് ജെറിയാട്രിക് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇവിടുന്നാണ് ആരോഗ്യം വീണ്ടെടുത്തത്.

കൃത്യമായ രേഖകളില്ലാതെ, സ്വന്തം പേര് പോലും ഓര്‍ത്തെടുക്കാനാവാതെ പൊന്നപ്പന്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ഇവിടെയുണ്ട്. പാസ്പോര്‍ട്ടും രേഖകളുമൊന്നുമില്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല. ആശുപത്രിയില്‍ പ്രവേശിച്ച കാലത്ത്, കണ്ട് പരിചയം മാത്രമുള്ള രണ്ട് പേരില്‍ നിന്നാണ് പെയിന്റിങ് തൊഴിലാളി ആയിരുന്നെന്ന കാര്യം മനസ്സിലാക്കിയത്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, രേഖകളൊന്നുമില്ലാതെ കപ്പലിലോ മറ്റോ ബഹ്റൈനിലെത്തിയ തൊഴിലാളികളുടെ കൂട്ടത്തിലുള്ള ആളാവുമെന്ന നിലയിലുള്ള സൂചനകളുമുണ്ട്.

pravasi-1
കൃത്യമായ രേഖകളില്ലാതെ, സ്വന്തം പേര് പോലും ഓര്‍ത്തെടുക്കാനാവാതെ പൊന്നപ്പന്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ഇവിടെയുണ്ട്...

ബന്ധുക്കള്‍ പരിഗണിക്കാതെ ഒറ്റപ്പെട്ട് പോയിരുന്ന മറ്റൊരു പ്രവാസി മലയാളിയെ തേടി സാമൂഹ്യപ്രവര്‍ത്തകരായ നിസാര്‍ കൊല്ലവും സിയാദ് എഴംകുളവും ആശുപത്രിയിലെത്തിയപ്പോള്‍ യാദൃശ്ചികമായാണ് പൊന്നപ്പനെ കുറിച്ചറിയാനിടയായത്. തുടര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയായിരുന്നു. എന്നിട്ടും ആരും തേടിയെത്തിയില്ല. രേഖകളോ വിലാസമോ ഒന്നുമില്ലാത്തതും സൂചന പോലും നല്‍കാനാവാത്ത വിധം പൊന്നപ്പന്റെ ഓര്‍മ കൈവിട്ടു പോയതുമാണ് അന്വേഷണം ദുഷ്കരമാക്കുന്നതെന്ന് ഇവര്‍ പറയുന്നു. 

വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതിനു ശേഷം പ്രവാസി സമൂഹത്തില്‍ നിന്ന് മറ്റു ചില സൂചനകള്‍ കൂടി ലഭിച്ചിട്ടുണ്ട്. ആളുടെ പേര് പോള്‍ സേവ്യറാണെന്നും സ്വദേശം പള്ളുരുത്തിയാണെന്നും തന്റെ കടയുടെ സമീപം എപ്പോഴും ഉണ്ടാകാറുണ്ടായിരുന്നെന്നും കൊയിലാണ്ടി സ്വദേശി നൗഷാദ് പറയുന്നു.

കഴിഞ്ഞ ദിവസം സാമൂഹ്യ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍ പെടുത്തിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ആളെ കണ്ടുപിടിക്കാനുള്ള അന്വേഷണത്തില്‍ ഇടപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ സഹായത്തോടെ നാട്ടില്‍ നിന്ന് തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി ബഹ്റൈനില്‍ നിന്ന് നാട്ടിലേക്ക് ഇദ്ദേഹത്തെ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സന്നദ്ധപ്രവര്‍ത്തകര്‍. 

ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്താന്‍ നമ്മുടെയെല്ലാം സഹായം വേണം. പരിചയമുള്ള, പരിചയക്കാരിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന ആരെങ്കിലുമൊക്കെ കാണുന്നത് വരെ  ഈ വാര്‍ത്ത ഷെയര്‍ ചെയ്യാന്‍ ശ്രമിക്കുമല്ലോ. ഓര്‍മയില്ലാതെ, ആര്‍ക്കും വേണ്ടാത്ത ഒരുവനായി അയാളെ മരണത്തോളം തള്ളി വിടരുത്. 

(ഇദ്ദേഹത്തെക്കുറിച്ച് അറിയുന്നവര്‍, അറിയാവുന്നവരിലേക്ക് എത്താന്‍ സഹായിക്കാനാവുന്നവര്‍ ബഹ്റൈനില്‍ സാമൂഹ്യപ്രവര്‍ത്തകനായ നിസാര്‍ കൊല്ലവുമായി ബന്ധപ്പെടുക- നമ്പര്‍ : 0097333057631)

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARDES
SHOW MORE
FROM ONMANORAMA