പ്രതീക്ഷയുണര്‍ത്തി ഒരു പുതിയ അധ്യയന വര്‍ഷം കൂടി

x-default
SHARE

ഒരു പുതിയ അധ്യയന വര്‍ഷം കൂടി എത്തിക്കഴിഞ്ഞു. ഇത്തവണ ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം വന്നിരിക്കുന്നത്. ജൂണ്‍ ഒന്ന് വെള്ളിയാഴ്ചയായതിനാല്‍ തൊട്ടടുത്ത ശനിയാഴ്ചകൂടി ക്ലാസുണ്ടാവും. പുതിയ മോഹങ്ങളും നവപ്രതീക്ഷകളും പ്രതിജ്ഞകളും ഒപ്പം ആശങ്കകളുമായി കുട്ടികള്‍ അടുത്ത ക്ലാസ്സുകളിലേക്ക്. കാലം തെറ്റി വന്നിരുന്ന കാലവര്‍ഷം ഈ കൊല്ലം കൃത്യ സമയത്തിന് ഒരാഴ്ച മുന്‍പു തന്നെ എത്തി. ഓര്‍മകളില്‍ ആ പഴയ മഴക്കാലം തെളിഞ്ഞുവരുന്നു. മഴ നനഞ്ഞു, വെള്ളം തെറിപ്പിച്ചു, വാഴയിലയോ ചേമ്പിലയോ ചൂടി  സ്‌കൂളില്‍ പോയ ആ പഴയ കാലം. ചിലപ്പോള്‍ കുടകാണും ഉണ്ടെങ്കില്‍ തന്നെ സ്‌കൂളിലെത്തുമ്പോള്‍ നിക്കറും ഉടുപ്പും നനഞ്ഞ് കുതിര്‍ന്നിരിക്കും. തിരികെവരുമ്പോള്‍ കൈത്തോട്ടില്‍ നിന്നും പരല്‍മീനെ പിടിച്ചു രസിക്കും. ഓര്‍മ്മകളെ തട്ടിയുണര്‍ത്തി അങ്ങനെ ഒരു അധ്യയന വര്‍ഷം കൂടി കടന്നുവരുന്നു...

മാതാപിതാക്കളുടെ കൈവിരലുകളില്‍ തൂങ്ങിയും വികൃതി കാട്ടിയും കളിച്ചും ചിരിച്ചും കരഞ്ഞും കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് കാലെടുത്തു വെക്കുകയാണ്. പുത്തനുടുപ്പം ബാഗും കുടയുമായി അറിവിന്റെ പുതിയ കിരണങ്ങള്‍ക്കായി, അക്ഷര വെളിച്ചത്തിലേക്ക് പ്രവേശിക്കുന്ന കുരുന്നുകള്‍ക്ക് എന്റെ വിജയാശംസകള്‍ ..... !

മാതാ–പിതാ–ഗുരു ദൈവം എന്നിങ്ങനെയാണ് മലയാളിയുടെ പുരാതനമായ ബഹുമാനശ്രേണി. ഗുരുതുല്യം ബഹുമാനിക്കുക എന്നത് ഒരാള്‍ക്കു നല്‍കാവുന്ന പരമാവധി ആദരവായാണ് കണക്കാക്കുന്നത്. ഗുരുവിന്റെ അനുഗ്രഹവും സ്നേഹവും സമജ്ഞസിച്ച ഗുരുത്വം ലഭിക്കാത്തവന്‍ രക്ഷപെടില്ല എന്നാണ് പൊതുവായ കാഴ്ചപ്പാട്. അതുകൊണ്ട് തന്നെ ഗുരുത്വത്തില്‍ ഊന്നിയുള്ള പഠനരീതിയാണ് ഭാരതത്തില്‍ പുരാതന കാലം മുതല്‍ സ്വീകരിച്ച് പോന്നത്. കേരളവും ഇതേരീതിതന്നെയാണ് അവലംബിച്ചതും. മലയാളി ഇന്ന് നിലനില്‍ക്കുന്നതും പുരോഗമിക്കുന്നതും ശക്തമായ വിദ്യാഭ്യാസ അടിത്തറ ഒന്നുകൊണ്ടു മാത്രമാണെന്നുതന്നെ പറയാം. 

കേരളം വിദ്യാഭ്യാസ രംഗത്ത്, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച ഏറെ മുന്നിലാണെന്ന് പറയേണ്ടതില്ലല്ലോ. നമ്മുടെ ഈ മേല്‍ക്കൈ നമുക്ക് നിലനിര്‍ത്താനുമാകും. 1991 ഏപ്രില്‍ 18 ന് കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം നടക്കുമ്പോള്‍ 90.86% ആണ് കേരളത്തിലെ സാക്ഷരത. 2011 ലെ സെന്‍സസ് അനുസരിച്ച് കേരളത്തിന്റെ ആകെ സാക്ഷരതാനിരക്ക്- 93.91% ആണ്. പുരുഷസാക്ഷരതാനിരക്ക്- 96.02% ഉം സ്ത്രീ സാക്ഷരതാനിരക്ക്- 91.98% വുമാണ്. നിലവിലുള്ള സര്‍ക്കാര്‍ വന്നശേഷം വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍  ഉണ്ടാകുന്നു എന്നു കാണാനാകും. പുതിയ സാങ്കേതിക വിദ്യകളും മറ്റും സംയോജിപ്പിച്ച് കൊണ്ട് കേരളത്തിലെ വിദ്യാഭ്യാസ രംഗവും മാറ്റത്തിന്റെ പാതയിലാണെന്നത് ശുഭോദര്‍ക്കമാണ്.

ഈ പ്രപഞ്ചത്തില്‍ തന്റെ ദൗത്യം വിജയകരമായി നിര്‍വഹിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. വലുപ്പത്തിലും ശക്തിയിലും ഇതര കഴിവുകളിലും തന്നേക്കാള്‍ ഔന്നത്യം പുലര്‍ത്തുന്നവയും അല്ലാത്തവയുമായ മുഴുവന്‍ സൃഷ്ടി ജാലങ്ങളെയും അധീനപ്പെടുത്താനും തന്റെ ഇച്ഛയ്ക്കനുസരിച്ച് അവയെ ഉപയോഗപ്പെടുത്താനും കെല്‍പുറ്റ ഏക സൃഷ്ടി മനുഷ്യന്‍ മാത്രമാകുന്നു.  ഈ മഹാ പ്രപഞ്ചത്തില്‍ സ്വയം തീരുമാനാധികാരവും അതിനു സഹായകമായ വിശേഷ ബുദ്ധിയും പ്രപഞ്ച സ്രഷ്ടാവ് കനിഞ്ഞരുളിയതും മനുഷ്യനു മാത്രമാണ്. വിജ്ഞാനാര്‍ജനത്തിലൂടെ അഥവാ വിദ്യാഭ്യാസത്തിലൂടെ മാത്രമേ തന്നിലര്‍പ്പിതമായ ഈ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കാനും പ്രപഞ്ചത്തില്‍ തനിക്കുള്ള മഹനീയ സ്ഥാനം നേടാനും സാധിക്കുകയുള്ളു. ഒരു കോഴിക്കഞ്ഞിന് കല്ലും നെല്ലും തിരിച്ചറിയാന്‍ കഴിയുന്നതുപോലെ സത്യവും അസത്യവും നന്മയും തിന്മയും കൃത്യമായും വ്യക്തമായും തിരിച്ചറിയാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നത് ശരിയായ വിദ്യാഭ്യാസമാണ്. ഈ വിദ്യാഭ്യാസ പ്രക്രിയയിലൂടെ ആര്‍ജിതമായ ആശയാദര്‍ശങ്ങളില്‍ അധിഷ്ഠിതമായ സാമൂഹിക ക്രമവുമായി മുന്നോട്ടു നീങ്ങിയ കാലഘട്ടങ്ങളിലെല്ലാം മനുഷ്യരാശിക്ക് ശാന്തിയും സമാധാനവും പുരോഗതിയും കൈവരിക്കാന്‍ കഴിഞ്ഞു. 

ഇന്നത്തെ വിദ്യാഭ്യാസമാണ് നാളത്തെ സമൂഹത്തെ വാര്‍ത്തെടുക്കുന്നത്. കുട്ടികളുടെ മനസില്‍ സ്നേഹത്തിന്റെ, ദയയുടെ, ഒരുതുള്ളി ഇറ്റിക്കുമ്പോള്‍, ഭാവി സമൂഹത്തില്‍ സ്നേഹത്തിന്റെ, കരുണയുടെ ഒരു കടലാണ് രൂപംകൊള്ളുന്നത്. 'മാതാപിതാ ഗുരു ദൈവം' എന്നാണ് ആപ്തവാക്യം. മാതാവിനും പിതാവിനും ഒപ്പം ഗുരുവിന് ഉദാത്തമായ സ്ഥാനം കൊടുക്കണം. ഗുരുവാണ് ഏതൊരാള്‍ക്കും ശ്രേയസിന്റെ രൂപം-അറിവിന്റെ വെളിച്ചം-ആദ്യം പകര്‍ന്നു കൊടുക്കുന്നത്. 'ഗു' എന്ന അക്ഷരത്തിന് ഇരുട്ട് എന്ന അര്‍ഥമുണ്ട്. 'രു' എന്നാല്‍ ഇല്ലാതാക്കുന്നവന്‍. അജ്ഞതയെന്ന ഇരുട്ടിനെ ഇല്ലാതാക്കി അറിവിന്റെ വെളിച്ചം സമൂഹത്തില്‍ വ്യാപിപ്പിക്കുന്നവനാണ് യഥാര്‍ഥ ഗുരു. അധ്യാപകനെ അനുസരിക്കാനും ആദരിക്കാനും വിദ്യാര്‍ഥികളും സമൂഹവും സന്നദ്ധമാകണം. അതിനുയോജ്യമായ വിധത്തില്‍ അധ്യാപകന്‍ ജനകീയനായി ജീവിക്കുകയും വേണം. 

ഇന്നത്തെ ഇംഗ്ലീഷ് പഠനത്തോടുള്ള താല്‍പര്യത്തിന് ഞാന്‍ എതിരല്ല. എന്നാല്‍ ഇംഗ്ലീഷ് പഠനത്തോടൊപ്പം മാതൃഭാഷയായ മലയാളവും പഠിക്കണം. മലയാളം പഠിക്കണമെന്നാല്‍ തെറ്റുകൂടാതെ മലയാളം വായിക്കാനും എഴുതാനും കഴിയണമെന്നു മാത്രമല്ല അക്ഷര സ്ഫുടതയോടെ മലയാളം പറയാും കഴിയണം. എന്നാല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പിലാക്കിയതോടെ 'നാം' എന്ന ചിന്ത മറഞ്ഞ് 'ഞാന്‍' എന്ന തോന്നല്‍ വളര്‍ന്നുവരാന്‍ തുടങ്ങി. ഇത്തരത്തില്‍ 'ഞാന്‍', 'എന്റേത്' എന്ന ഇടുങ്ങിയ ചിന്ത വ്യക്തിക്കോ കുടുംബത്തിനോ സമൂഹത്തിനോ അഭികാമ്യമല്ല,അനുയോജ്യവുമല്ല. നിങ്ങളുടെ വീടുംനാടും എല്ലാം മോശമാണെന്ന ധാരണ വളര്‍ത്തി, സ്വദേശത്ത് അന്യനെപ്പോലെ പെരുമാറാന്‍ ശീലിപ്പിക്കുന്ന വിദ്യാഭ്യാസം ഒരിക്കലും നല്ലതല്ല. ഒരുവന് ജീവസന്ധാരണത്തിനു വഴികാട്ടുന്നതുമാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, അവന്റെ കാഴ്ചപ്പാടുകള്‍ മെച്ചപ്പെടണം, ഉന്നതമാവണം, സംസ്‌കാരത്തിന്റെ വേരുകള്‍ ബലപ്പെടുത്താന്‍ ഉതകണം. തടസ്സങ്ങളില്ലാത്ത, ആശങ്കകളില്ലാത്ത, നിഷ്പക്ഷമായ ജീവിതത്തിലേക്ക് അവന്റെ കൈപിടിച്ചുയര്‍ത്തണം. സ്വതന്ത്രമായ ചുറ്റുപാടില്‍ മറ്റുള്ളവരെ സമന്മാരായി കാണാനും ബഹുമാനിക്കാനും വഴികാട്ടിയ നമ്മുടെ സംസ്‌കാരത്തെ വീണ്ടും ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ കരുത്തുപകരുന്നതാവണം.

മനുഷ്യനിലെ മനുഷ്യത്വത്തെ കണ്ടെത്തുന്നതിനും വ്യക്തിത്വ വികസനത്തിനുമുള്ള ഒരു മാധ്യമം കൂടിയാണ് വിദ്യാഭ്യാസം. ഓരോരുത്തരുടേയും ബാഹ്യപ്രകൃതിയെ തന്റെ ചുറ്റുപാടുകളുമായി ഇണക്കാനും അവയോട് പൊരുത്തപ്പെടുത്താനുമുള്ള താത്വിക പരിശീലനംകൂടിയാണിത്. അറിവ്, ജ്ഞാനം എന്നത് സ്വത്വത്തെ തിരിച്ചറിയലാണ്. ഇത്തരം തിരിച്ചറിവുകള്‍ ദൈവത്തിലേക്കടുക്കാനുള്ള മാധ്യമവുമാണ്. ധര്‍മ്മാധിഷ്ഠിത വിദ്യ അഭ്യസിച്ച് അതിന്റെ വക്താക്കളും പ്രയോക്താക്കളുമാവുമ്പോഴാണത് അര്‍ഥപൂര്‍ണമാവുന്നത്. വിദ്യയും ചിന്തയും പരസ്പര പൂരകങ്ങളെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ചിന്തയില്ലാത്ത അറിവും ദഹിക്കാത്ത ഭക്ഷണവും നമുക്ക് ഒരുപോലെ മാരകമാണ്.

ഓരോ വ്യക്തിയുടെയും വികസനത്തിനുളളതും രാഷ്ട്രം ഒന്നാകെ പടുത്തുയര്‍ത്തിയിരിക്കുന്നതുമായ അടിത്തറയാണ് പ്രാഥമിക വിദ്യാഭ്യാസം. ഇക്കാര്യത്തില്‍ കേരളം മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പതിന്നാലു വയസ്സുവരെയുളള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നമ്മുടെ ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. പാര്‍ലമെന്റ് അടുത്തിടെ പാസ്സാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിലൂടെ ആറ് മുതല്‍ 14 വയസ്സു വരെ പ്രായമുളള കുട്ടികള്‍ക്ക് വിദ്യാഭ്യാസം മൌലികാവകാശം ആക്കിയിട്ടുണ്ട്. വിദ്യാഭ്യാസം ഒരു സാമൂഹ്യപ്രക്രിയയായതിനാല്‍ തന്നെ അതിനെക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ ഒരു പ്രബുദ്ധസമൂഹത്തില്‍ നടക്കേണ്ടതാണ്. ഏതു സമൂഹത്തിലും അവിടത്തെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചര്‍ച്ച ഉയരുന്നത് നിലനില്‍ക്കുന്ന വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകളില്‍ നിന്നാണ്. 

വിദ്യാഭ്യാസ സമ്പ്രദായമൊട്ടാകെ ഒരു ദൂഷിത വലയത്തില്‍ കുടുങ്ങിയ കാലഘട്ടമാണിത്. ഈ ദൂഷിത വലയത്തില്‍ നിന്ന് വിദ്യാഭ്യാസത്തെ മോചിപ്പിക്കാനും സമൂഹത്തിന്റെ സര്‍വതോന്മുഖമായ വളര്‍ച്ചയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രതിബദ്ധതയുള്ള തലമുറയെ സൃഷ്ടിക്കാന്‍ അധ്യാപകര്‍ക്കു ബാധ്യതയുണ്ട്. വിദ്യാര്‍ഥികളില്‍ ലോകങ്ങളെ ജയിക്കാന്‍ മതിയായ  മഹാശക്തി ഉറങ്ങിക്കിടക്കുന്നുണ്ട്. അതിനെ തട്ടിയുണര്‍ത്തി സമൂഹ നന്മയ്ക്കായി ഉപയോഗപ്പെടുത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്വം അധ്യാപകര്‍ക്കുണ്ട്. ഇങ്ങനെ അധ്യാപകനും വിദ്യാര്‍ഥിയും സമൂഹവും ഭരണകൂടവും പ്രാദേശിക ഭരണസംവിധാനങ്ങളും കൂടികലര്‍ന്ന് രൂപപ്പെടുത്തിയെടുക്കുന്ന വിദ്യഭ്യാസ രീതിക്കുമാത്രമേ വിദ്യാഭ്യാസം കൊണ്ടുള്ള ലക്ഷ്യം നേടാന്‍ കഴിയൂ. 

Read more: Lifestyle Malyalam Magazine, Beauty Tips in Malayalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HRIDAYAKAMALAM
SHOW MORE
FROM ONMANORAMA