sections
MORE

കളി കാര്യമാകും? ഷവോമി‌ ആപ്പിളിന്റെ ഇരട്ടി മൂല്യമുള്ള കമ്പനിയാകും

xiaomi-apple
SHARE

'ആപ്പിള്‍ മത വിശ്വാസികള്‍ക്ക്' ഇതൊരു വിഗ്രഹധ്വംസനമായി തോന്നാം-ഷവോമി കമ്പനിയുടെ ഉടമയും ചൈനീസ് ബിസിനസുകാരനുമായ ലൈ ജൂന്‍നിനെ (Lei Jun) ഇപ്പോള്‍ ആപ്പിള്‍ സ്ഥാപകനും ടെക് ഇതിഹാസവുമായ സ്റ്റീവ് ജോബ്‌സിനോടാണ് പലരും ഉപമിക്കുന്നത്. ഇപ്പോഴത്തെ നിലയിലാണ് കാര്യങ്ങള്‍ പുരോഗമിക്കാന്‍ പോകുന്നതെങ്കിൽ സ്റ്റീവ് ജോബ്‌സിനെക്കാള്‍ മുകളിൽ ജൂന്‍ വിലയിരുത്തപ്പെട്ടേക്കാം. 

ജോബ്‌സ് മികച്ച ഉപകരണങ്ങള്‍ നല്ല വിലയിട്ട് കാശുകാര്‍ക്കു വിറ്റു. ജൂന്‍ ആകട്ടെ മികച്ച ഉപകരണങ്ങള്‍ വില കുറച്ച് കാശു കുറവുള്ളവരിലേക്കും എത്തിച്ചു. എന്തായാലും, ഷവോമിയെ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കമ്പനിയായി നെഞ്ചിലേറ്റിയ ഇന്ത്യക്കാരുടെ സഹജാവബോധത്തിനും ഒരു സല്യൂട്ട്. അതവിടെ നില്‍ക്കട്ടെ. മറ്റൊരു ഗൗരവുമുള്ള വിലയിരുത്തല്‍ പ്രകാരം ഷവോമി അത്ര വിദൂരമല്ലാത്ത ഭാവിയില്‍ ആപ്പിളിന്റെ ഇരട്ടി മൂല്യമുള്ള കമ്പനിയായി വളരാനുള്ള സാധ്യത പോലുമുണ്ടത്രെ! 

കാശു കുറഞ്ഞവരെ ലക്ഷ്യമിട്ട് ഫോണ്‍ നിര്‍മിക്കുന്ന ഒരു കമ്പനി എന്ന നിലയില്‍ നിന്ന് ഷവോമി കുതിച്ചുയര്‍ന്നേക്കാം. അതോടൊപ്പം, അമേരിക്ക-കേന്ദ്രീകൃതമായ വികസനങ്ങളും സായിപ്പിന്റെ സ്വപ്‌നങ്ങളും നടപ്പിലാക്കുന്ന ഒരു സ്ഥലമാണ് ലോകമെന്ന നിലിയില്‍ നിന്ന് ഏഷ്യയിലേക്ക് ശക്തി ധ്രൂവികരിക്കപ്പെടുന്നതിന്റെ തുടക്കവും ആയേക്കാമിതെന്നും കാണാം. ഇനി സാങ്കേതികവിദ്യ ആരുടെയും കുത്തകയല്ല.

ഷവോമിയുടെ ഹോങ്കോങിലെ ഐപിഒയ്ക്കു ചുക്കാന്‍ പിടിക്കുന്ന മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ വിലയിരുത്തല്‍ പ്രകാരം ലോകത്തെ പ്രീമിയം ബ്രാന്‍ഡുകള്‍ക്കൊപ്പം ട്രേഡ് ചെയ്യാനുള്ള യോഗ്യത ഈ ചൈനീസ് കമ്പനിക്കുമുണ്ട്. വിപണിയില്‍ കമ്പനിയുടെ അതിവേഗമുള്ള മുന്നേറ്റമാണ് കാരണം. ഷവോമിയുടെ ഫെയര്‍ വാല്യു ഏകദേശം 65 ബില്ല്യന്‍ മുതല്‍ 85 ബില്ല്യന്‍ ഡോളര്‍ വരെയാണ് (4.4 ലക്ഷം കോടി മുതല്‍ 5.7 ലക്ഷം കോടി രൂപ വരെ) എന്നാണ് വിലയിരുത്തപ്പെടുന്നത്. 2019 ല്‍ ഇതിന് 27 ഇരട്ടി മുതല്‍ 34 ഇരട്ടി വരെ വളാര്‍ച്ചാ സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബ്ലൂംബര്‍ഗിന്റെ കണക്കു പ്രകാരം, 2019ല്‍ ആപ്പിളിന്റെ മൂല്യം ഏകദേശം 14.5 ശതമാനമാണ്. ഫിറ്റ്ബിറ്റ്, ഗോപ്രോ തുടങ്ങിയ ഹാര്‍ഡ്‌വെയര്‍ നിര്‍മാതാക്കളെ അപേക്ഷിച്ചും വന്‍മുന്നേറ്റമാണ് ഷവോമിയില്‍ നിന്നു പ്രതീക്ഷിക്കുന്നത്. ഇന്റര്‍നെറ്റ് ഭീമന്മാരായ ആലിബാബയെയും ബായിഡുവിനെയും ഷവോമി പിന്തള്ളുമെന്നു കരുതുന്നു.

ഷവോമി തങ്ങളുടെ ഹോങ്കോങ് ഐപിഒയില്‍ നിന്ന് ഏകദേശം 10 ബില്ല്യന്‍ ഡോളര്‍ (67,000 കോടി രൂപ) ആണു പ്രതീക്ഷിക്കുന്നതെങ്കില്‍ ചൈനയില്‍ മറ്റൊരു ഐപിഒ കൂടെ ഇറക്കി ഇതിന്റെ പകുതി തുക കൂടെ ഉണ്ടാക്കാമെന്നും കരുതുന്നുവത്രെ. 2020 ആകുമ്പോഴേക്ക് ഷവോമിയുടെ മൂല്യം ഏകദേശം 92 ബില്ല്യന്‍ (6.2ലക്ഷം കോടി രൂപ) ആയേക്കാമെന്നാണ് ജെപിമോര്‍ഗന്‍ ചെയ്‌സ് ആന്‍ഡ് കമ്പനിയുടെ വിശകലനം കാണിക്കുന്നത്. 'ലോക നിലവാരമുള്ള ഉപകരണങ്ങള്‍ വിലകുറച്ചു വില്‍ക്കുന്ന കമ്പനി,' എന്നാണ് സിഎല്‍എസ്എ ലിമിറ്റഡ് ഷവോമിയെ വിശേഷിപ്പിച്ചത്.

ഈ വര്‍ഷം ഷവോമിയുടെ സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ 130 ശതമാനം വര്‍ധന വരാം. 130 മില്ല്യന്‍ ഫോണുകള്‍ ഷവോമി ഈ വര്‍ഷം വില്‍ക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇത് അടുത്തവര്‍ഷം 179 മില്ല്യനും 2020ല്‍ 216.8 മില്ല്യനുമായി ഉയരാമെന്നും പറയുന്നു. 

സ്മാര്‍ട് ഫോണ്‍ വില്‍പ്പന കൂടാതെ ഇന്റര്‍നെറ്റ് സര്‍വീസുകളും ഷവോമിയുടേതായിട്ടുണ്ട്. ഇതിന് 100 മില്ല്യന്‍ ഉപയോക്താക്കള്‍ ചൈനയില്‍ ഉണ്ടെന്നാണ് പറയുന്നത്. ഈ ഓണ്‍ലൈന്‍ സര്‍വീസുകളിലൂടെയും ഷവോമി പണം വാരുന്നുവെന്നാണ് ഗോള്‍ഡ്മാന്‍ സാച്‌സ് ഗ്രൂപ്പിന്റെ വിശകലനത്തില്‍ പറയുന്നത്. ഈ ഗ്രൂപ്പിന്റ വിലയിരുത്തല്‍ പ്രകാരം വോമിയുടെ ഫോര്‍വേഡ് ഇക്വിറ്റി 70 ബില്ല്യന്‍ മുതല്‍ 86 ബില്ല്യന്‍ ഡോളര്‍ വരെയാണ്. ഇതുപ്രകാരം ഷവോമിയുടെ 2019ലെ വളര്‍ച്ച 26 തവണ മുതല്‍ 32 തവണ വരെയായിരിക്കും.

ഇന്റര്‍നെറ്റ് അനുഭവം മെച്ചപ്പെട്ട ഹാര്‍ഡ്‌വെയറുമായി സമന്വയിപ്പിച്ച് സമാനതകളില്ലാത്ത അനുഭവമാണ് ഷവോമി ഉപയോക്താക്കള്‍ക്കു നല്‍കുന്നതെന്നാണ് ഗോള്‍ഡ്മാന്‍ സാച്ചിന്റെ റിപ്പോര്‍ട്ട് പറയുന്നത്. കമ്പനിയുടെ ഹാര്‍ഡ്‌വെയര്‍ ട്രാഫിക് വര്‍ധിപ്പിക്കുന്നു, സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്‌ഫോമുകള്‍ നിര്‍മിക്കുന്നു, ഇന്റര്‍നെറ്റ് സര്‍വീസുകള്‍ വരുമാനവും ലാഭവും കൊണ്ടുവരുന്നുവെന്നും അവര്‍ പറയുന്നു. 

ലോകം മുഴുവന്‍ സ്മാര്‍ട് ഫോണ്‍ വ്യവസായത്തിലെ വളര്‍ച്ച കുറഞ്ഞരിക്കുന്ന കാലത്താണ് ഷവോമിയുടെ കരുത്തന്‍ കാലഘട്ടം തുടങ്ങുന്നതെന്നതാണ് മറ്റൊരു കാര്യം. വര്‍ഷാവര്‍ഷം ഫോണ്‍ മാറാന്‍ ഉപയോക്താക്കള്‍ തയാറല്ല എന്നതു കൂടാതെ തന്റെ ഫോണ്‍ പല വര്‍ഷത്തേക്കു മാറേണ്ട കാര്യമില്ലെന്നു തീരുമാനിച്ചു മാറി നില്‍ക്കുന്നവരുടെ എണ്ണവും പെരുകുകയാണ്. അതിനാല്‍ ഷവോമി ഇനി ഇന്റര്‍നെറ്റ് സര്‍വീസുകള്‍ക്കായിരിക്കും ഊന്നല്‍ കൊടുക്കുക. 

പത്തോ പതിനഞ്ചോ വര്‍ഷം കഴിഞ്ഞ് ഷവോമി ആപ്പിളിനെ മറികടക്കുമോ എന്നതൊക്കെ ഇപ്പോള്‍ പവചിക്കുക സാധ്യമല്ല. മറികടന്നാലും അദ്ഭുതപ്പെടേണ്ട എന്നാണ് പൊതുവെയുള്ള വിലിയരുത്തലുകള്‍. പ്രീമിയം ഹാര്‍ഡ്‌വെയര്‍ ലാഭം മാത്രം ലക്ഷ്യമിട്ടിറക്കിയ ആപ്പിളിനെ പോലെയല്ലാതെ ഷവോമി ടെക്‌നോളജി എല്ലാത്തരക്കാരിലേക്കും എത്തിക്കാന്‍ ശ്രമിക്കുന്നു എന്നകാര്യത്തില്‍ അവര്‍ക്ക് ഒരു കൈയ്യടി കൊടുക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA