വരൂ... കാടിനുള്ളിൽ രാപ്പാർക്കാം

SHARE

തിരക്കുകളില്‍ നിന്നു തിരക്കുകളിലേക്ക് ഓടിക്കൊണ്ടിരിക്കുമ്പോള്‍ അമ്മ പറയും, 'ശ്വാസമെടുക്കാനെങ്കിലും നില്‍ക്ക് പെണ്ണേ' എന്ന്. ആ പറഞ്ഞതില്‍ സത്യമുണ്ടെന്ന് ഓര്‍ക്കുന്നത് വാരാന്ത്യങ്ങളിലെ ഒറ്റ പകല്‍ ഒഴിവുദിവസങ്ങളിലാകും. ജനാലകള്‍ക്കപ്പുറം തെളിയുന്ന നാട്ടുപ്പച്ച കാഴ്ചകളിലേക്ക് മനസ് കുതിക്കും. മരങ്ങള്‍ പെയ്യുന്ന കാടകങ്ങളിലേക്ക് ഒന്നു മുങ്ങിയാലോ എന്ന് മോഹിക്കും. അങ്ങനെയൊരു മോഹയാത്രയായിരുന്നു ദേവാലയിലെ വൈല്‍ഡ് പ്ലാനറ്റ് ജംഗിള്‍ റിസോര്‍ട്ടിലേക്ക്. കാടിന് നടുവില്‍ പ്രകൃതിക്കൊപ്പം ഒരു ഇരവ്... ഒരു പകൽ.

നാടുകാണി ചുരം കടന്ന്

കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ദേവാലയിലെത്താന്‍ പല വഴികളുണ്ട്. നിലമ്പൂര്‍ വഴി നാടുകാണി ചുരം കടന്നായിരുന്നു ഞങ്ങളുടെ സഞ്ചാരം. ഒരു കാലത്ത് സ്വര്‍ണ ഖനികള്‍ തേടി ഭാഗ്യാന്വേഷികള്‍ താവളമടിച്ചിരുന്ന ദേവാല ഇപ്പോഴും നിരവധി നിഗൂഢകാഴ്ചകള്‍ ഉള്ളിലൊളിപ്പിച്ചിരിക്കുന്ന ഇടമാണ്. ദേവാലയില്‍ നിന്ന് ഏഴരക്കിലോമീറ്ററുണ്ട് റിസോര്‍ട്ടിലേക്ക്. വൈകുന്നേരം ആറു മണിയ്ക്ക് മുന്‍പായി റിസോര്‍ട്ടില്‍ എത്തണമെന്നാണ് സഞ്ചാരികള്‍ക്ക് നല്‍കുന്ന നിര്‍ദേശം. അതിനു ശേഷം വാഹനങ്ങള്‍ കടത്തി വിടില്ല. വന്യജീവികള്‍ കടന്നുപോകുന്ന വഴിയായതുകൊണ്ടാണ് ഈ നിര്‍ദേശം.

wildplanet

എക്‌സ്‌ക്യൂസ് മീ... ഒരു ഫോട്ടോ എടുത്തോട്ടെ?

ദേവാലയിലെത്തുമ്പോള്‍ തന്നെ വൈല്‍ഡ് പ്ലാനറ്റ് റിസോര്‍ട്ടിന്റെ ബോര്‍ഡ് ദൃശ്യമാകും. ബോര്‍ഡിലെ ദിശാസൂചികളെ പിന്തുടര്‍ന്ന് മുന്നോട്ടു പോകുമ്പോള്‍ തേയിലത്തോട്ടങ്ങള്‍ കണ്ടു തുടങ്ങും. കൊളുന്ത് നുള്ളുന്ന ചേച്ചിമാരെ കണ്ടപ്പോള്‍ വണ്ടി നിറുത്തി. ഒരു ഫോട്ടോ എടുത്തോട്ടെയെന്ന് ചോദിച്ചതും മൂക്കുത്തിയണിഞ്ഞ രാജമലര്‍ അക്കയ്ക്കു നാണം. എന്നാല്‍ വര്‍ത്തമാനം പറയാമെന്നായി‍. വിശേഷങ്ങള്‍ പറഞ്ഞു തിരികെ വണ്ടിയില്‍ കേറാന്‍ തുടങ്ങിയപ്പോള്‍ രാജമലര്‍ അക്ക തിരികെ വിളിച്ചു. ഫോട്ടോ എടുത്തിട്ടു പോകാമെന്ന്. അങ്ങനെ രാജമലര്‍ അക്കയും ഭുവനേശ്വരി അക്കയും ചേര്‍ന്നൊരു പടം പിടിച്ച്, യാത്ര പറഞ്ഞു വണ്ടിയില്‍ കയറി.

wildplanet2

ഇനി സഞ്ചാരം ഓഫ് റോഡിലൂടെ

തേയിലത്തോട്ടങ്ങളുടെ ഭംഗി ആസ്വദിച്ച് മൂന്നു നാലു കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും മൊബൈലിലെ റേഞ്ച് പോയി. ഗൂഗിള്‍ അമ്മച്ചിയുടെ വഴി പറച്ചിലും നിന്നു. പക്ഷേ, റിസോര്‍ട്ടിലേക്കുള്ള വഴി കൃത്യമായി ഓരോ വളവിലും ബോര്‍ഡുകള്‍ പറഞ്ഞു തന്നുകൊണ്ടിരുന്നു. ഏകദേശം അഞ്ചു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ റിസോര്‍ട്ടിന്റെ പ്രവേശന കവാടം കണ്ടു.

വലിയ മരങ്ങള്‍ക്കിടയില്‍ പച്ച നിറത്തിലുള്ള ഗേറ്റ് ഞങ്ങള്‍ക്കായി തുറന്നു. 'ഹാ... എത്തിയല്ലോ' എന്ന് പറഞ്ഞ് വണ്ടിയില്‍ നിന്നിറങ്ങി വെറുതെ മരങ്ങളിലേക്ക് നോക്കിയതും രണ്ട് മലയണ്ണാനുകള്‍ മരച്ചില്ലകള്‍ക്കിടയിലൂടെ ചാടിയോടി പോകുന്നു. അവര്‍ രണ്ടും പതിവുകാരാണെന്ന് സെക്യൂരിറ്റി ചേട്ടന്‍. പേരും വിശദാംശങ്ങളും നല്‍കി അകത്തേക്ക് കടന്നു. റിസോര്‍ട്ടിന്റെ ലോബിയിലേക്ക് ഗേറ്റില്‍ നിന്ന് രണ്ടരക്കിലോമീറ്ററുണ്ട്. അവരുടെ വാഹനത്തിലാണ് ഇനി യാത്ര. കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോകാവുന്ന ചെറിയ കാട്ടുവഴിയിലൂടെ ജീപ്പില്‍ ഒരു ഓഫ് റോഡ് യാത്ര. അത് അവസാനിക്കുന്നത് തേയിലത്തോട്ടങ്ങള്‍ക്കിടയിലുള്ള ലോബിയിലാണ്.

wildplanet-new

വൈല്‍ഡ് പ്ലാനറ്റ് ജംഗിള്‍ റിസോര്‍ട്ട്

വയനാടന്‍ മലനിരകള്‍ക്കും മുതുമലൈ ടൈഗര്‍ റിസര്‍വിനും ഇടയിലുള്ള കാടിനുള്ളിലാണ് വൈല്‍ഡ് പ്ലാനറ്റ് ജംഗിള്‍ റിസോര്‍ട്ട്. നൂറ് ഏക്കറില്‍ പരന്നു കിടക്കുന്ന റിസോര്‍ട്ടില്‍ മുപ്പത്തിയാറ് ലക്ഷ്വറി കോട്ടേജുകളുണ്ട്. ഹില്‍ടോപ്പ്, വാലി വ്യൂ, ജംഗിള്‍ ലോഗ് ഹൗസ്, കെനിയ ടെന്റ് ഹൗസ് എന്നിങ്ങനെ നാലു തരത്തിലുള്ള കോട്ടേജുകള്‍. ഒരു കാലത്ത് പ്ലാന്റേഷന്‍ മാത്രമായിരുന്നു ഇവിടം. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്ലാന്റേഷനിടയില്‍ സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള ഇടം കൂടി ഒരുക്കിയത്.

ജംഗിൾ-ലോഗ്-ഹൗസിന്റെ-ഇന്റീരിയർ
ജംഗിൾ ലോഗ് ഹൗസിന്റെ ഉൾവശം

താരാദേവിയും വൃക്ഷച്ചുവട്ടിലെ ബുദ്ധനും 

തേയിലത്തോട്ടത്തെ ചുറ്റിപ്പോകുന്ന വഴി അവസാനിക്കുന്നത് ജാപ്പാനീസ് ബുദ്ധക്ഷേത്രത്തിന്റെ മാതൃകയിലുള്ള ലോബിയിലാണ്. ബുദ്ധിസ്റ്റ് വാസ്തുശില്‍പ മാതൃകയും കേരളീയ വാസ്തുശില്‍പ ശൈലിയും സമന്വയിപ്പിച്ചാണ് ലോബിയുടെ നിര്‍മാണം.

ജംഗിൾ-ലോഗ്-ഹൗസ്
ജംഗിൾ ലോഗ് ഹൗസ്

സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് ലോബിയുടെ മധ്യഭാഗത്തായി താരാദേവിയുടെ ശാന്തസുന്ദരമായ പ്രതിമയുണ്ട്. തൊട്ടടുത്ത് ദേവാലയുടെ സ്വര്‍ണഖനി ചരിത്രത്തെ അടയാളപ്പെടുത്തുന്ന സ്മാരകം ചില്ലുകൂട്ടില്‍ സൂക്ഷിച്ചിരിക്കുന്നു. സ്വര്‍ണത്തിന്റെ സാന്നിധ്യമുള്ള പാറക്കഷണങ്ങള്‍ കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്. ലോബിയുടെ ഇടതുഭാഗത്തായി പച്ചലച്ചാര്‍ത്തുകള്‍ക്കിടയില്‍ ധ്യാനനിരതനായിരിക്കുന്ന ബുദ്ധപ്രതിമയാണ് മറ്റൊരു പ്രധാന ആകര്‍ഷണം.

നീലഗിരി കുന്നുകളിലെ ആനക്കൂട്ടങ്ങള്‍

ലോബിയിലെത്തിയ ഞങ്ങളെ സ്വീകരിച്ചത് ഗസ്റ്റ് എക്‌സീപിരിയന്‍സ് മനേജറായ നിധീഷേട്ടനായിരുന്നു. റിസോര്‍ട്ടിനെക്കുറിച്ചുള്ള ലഘുവിവരണം അദ്ദേഹത്തില്‍ നിന്ന് ലഭിച്ചു. ലോബിയില്‍ ഇരുന്ന് കണ്ണോടിച്ചാല്‍ നീലഗിരി കുന്നുകള്‍ അതിരിട്ടിരിക്കുന്ന വിശാലമായ തേയിലത്തോട്ടത്തിന്റെ മനോഹരമായ കാഴ്ചയാണ്. ഭാഗ്യമുണ്ടെങ്കില്‍ കുന്നുകളിലെ പുല്‍മേടുകളില്‍ വിഹരിക്കാനെത്തുന്ന ആനക്കൂട്ടങ്ങളെ കാണാമെന്ന് നിധീഷേട്ടന്‍ പറഞ്ഞു. ലോബിയിലെത്തി ആദ്യ മണിക്കൂറില്‍ തന്നെ നിധീഷേട്ടന്‍ പറഞ്ഞ ആ ഭാഗ്യം കടാക്ഷിച്ചു. കുട്ടിയാനയ്‌ക്കൊപ്പം പുല്‍മേട്ടിലേക്ക് ആനക്കൂട്ടമെത്തി. ബൈനോക്കുലറിന്റെ സഹായമില്ലാതെ തന്നെ സ്പഷ്ടമായി കാണുന്ന ദൂരത്തിലാണ് ആനക്കൂട്ടം.

wildplanet-story1

ഹില്‍ടോപ്പ് കോട്ടേജുകള്‍

ലോബിയുടെ ഒന്നാം നിലയിലാണ് അതിഥികള്‍ക്കായി ഭക്ഷണമൊരുക്കിയിരിക്കുന്നത്. തനി നാടന്‍ വിഭവങ്ങള്‍ മുതല്‍ ഉത്തരേന്ത്യന്‍, ചൈനീസ് വിഭവങ്ങള്‍ വരെ ലഭ്യമാണ്. ലോബിയുടെ തൊട്ടടുത്താണ് ഹില്‍ടോപ്പ് കോട്ടേജുകള്‍. ഇവ പത്തെണ്ണമുണ്ട്. പാശ്ചാത്യ മാതൃകയില്‍ ഒരുക്കിയിരിക്കുന്ന മുറിയില്‍ എല്ലാ ആധുനിക സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്നു.

ഹിൽടോപ്-കോട്ടേജ്
ഹിൽടോപ് കോട്ടേ‍ജ്

ടിവി കാണാന്‍ വിശാലമായ സോഫ, മരത്തടിയില്‍ പണിത കസേരകളും ടീപോയിയും, ചായ ഉണ്ടാക്കി കുടിക്കാന്‍ ഇലക്ട്രിക് കെറ്റില്‍, അതിഥികള്‍ക്കായി സ്‌നാക്ക്‌സ്, ശീതളപാനീയങ്ങള്‍ സൂക്ഷിക്കാന്‍ മിനി ഫ്രിഡ്ജ് എന്നിങ്ങനെ എല്ലാം മുറിയിലുണ്ട്. ബാല്‍ക്കണിയില്‍ ഇരുന്നാല്‍ നീലഗിരി കുന്നുകളില്‍ മേഘങ്ങള്‍ ചുംബിക്കുന്നത് കാണാം. ആനക്കൂട്ടങ്ങള്‍ കുന്നുകളില്‍ വിഹരിക്കുന്നത് കാണാം.

ഹിൽടോപ്-കോട്ടേജിന്റെ-ഇന്റീരിയർ
ഹിൽടോപ് കോട്ടേജിന്റെ ഉൾവശം

മഴക്കാടിനുള്ളിലേക്ക് നടത്തം

ഭക്ഷണം കഴിച്ച് അല്‍പം വിശ്രമിച്ചതിന് ശേഷം താല്‍പര്യമുള്ളവര്‍ക്ക് മഴക്കാടിനുള്ളിലേക്ക് നടക്കാം. ഓര്‍ണിത്തോളജിസ്റ്റായ മഹേഷാണ് കാടിനുള്ളിലേക്ക് കൂട്ടു വരുന്നത്. കാട് കയറുന്നതിന് ചില മുന്നൊരുക്കങ്ങളുണ്ട്. മഴക്കാട് ആയതിനാല്‍ അട്ടകളുള്ള വഴികളിലൂടെയാണ് നടക്കേണ്ടത്. അട്ടകളെ അകറ്റി നിറുത്താന്‍ മുട്ടോളം എത്തുന്ന പ്രത്യേക കാലുറകള്‍ ധരിക്കണം.

ആവശ്യമുള്ളവര്‍ക്ക് പ്രത്യേക ഷൂസും നല്‍കും. പുല്‍ത്തൈലം ഉപയോഗിച്ച് തയാറാക്കിയ പ്രത്യേക മിശ്രിതം കാലില്‍ സ്‌പ്രേ കൂടി ചെയ്താല്‍ കാട് കയറാന്‍ തുടങ്ങാം. നടത്തം തുടങ്ങിയപ്പോള്‍ തന്നെ മുന്നില്‍ പെട്ടത് ഗ്രീന്‍ കീല്‍ബാക്ക് ഇനത്തില്‍പെടുന്ന പാമ്പിന്റെ കുഞ്ഞ്. റിസോര്‍ട്ടിലേക്കുള്ള വഴിയില്‍ പതിഞ്ഞുകിടന്നിരുന്ന കുഞ്ഞന്‍ പാമ്പിനെ മഹേഷ് പരിചയപ്പെടുത്തി. ഇവയ്ക്ക് വിഷമില്ലെന്ന് പറഞ്ഞതോടെ സഞ്ചാരികളില്‍ ചിലര്‍ കുഞ്ഞന്‍ പാമ്പിനെ തൊട്ടുനോക്കാന്‍ ധൈര്യം കാണിച്ചു. 

വെയില്‍ വെട്ടമെത്താത്ത കാട്ടുവഴി

ആനയിറങ്ങുന്ന വഴികളിലൂടെ മലയണ്ണാനുകളും വെരുകും പാമ്പും തവളകളും അസംഖ്യം പ്രാണികളും വിഹരിക്കുന്ന കാടകങ്ങളിലൂടെ ഒരു ചെറു നടത്തം. സിക്കാഡ എന്ന ചീവീടുകളുടെ ശബ്ദം കൊണ്ട് മുഖരിതമാണ് മഴക്കാട്. ഷഡ്പദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ ശബ്ദം ഉണ്ടാക്കുന്ന ഇക്കൂട്ടരെ വളരെ അടുത്ത് കാണാം. നീലക്കടുവ, ബുദ്ധമയൂരി, നീലക്കുടുക്ക എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ചിത്രശലഭങ്ങളുടെ വിസ്മയക്കാഴ്ചയും കാട്ടുവഴികളില്‍ അദ്ഭുതം നിറയ്ക്കും.

നരനായും നരിയായും പൂവായും പൂമ്പാറ്റയായും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ജീവശ്രേണിയുടെ പരസ്പര ബന്ധത്തിന്റെ അപൂര്‍വ കാഴ്ചകള്‍. ഒരില പോലും വെറുതെ വീഴുന്നില്ല. പരസ്പരം കെട്ടിപ്പുണര്‍ന്ന് കിടക്കുന്ന ആ വലിയ ജൈവലോകത്തെ കുറിച്ച് നടത്തത്തിനിടയില്‍ മഹേഷ് വിവരിച്ചു കൊണ്ടിരുന്നു. ഇഴന്തുക്കള്‍ വളരെയധികമുള്ള കാടായതിനാല്‍ അതീവ ശ്രദ്ധയോടെയായിരുന്നു നടത്തം. ഒന്നരമണിക്കൂര്‍ നടന്നിട്ടും ഒട്ടും ക്ഷീണിക്കാതെ കാടിന് പുറത്തെത്തുമ്പോള്‍ മനസിലാകും നാം ശ്വസിച്ച വായുവിന്റെ ഗുണം.

wildplanet6

ശ്വസിക്കാം... ശാന്തമായി, സ്വച്ഛമായി 

കഴിഞ്ഞ മഞ്ഞുകാലത്ത് ഡല്‍ഹിയിലെ വായുമലിനീകരണം അപകടകരമാം വിധം ഉയര്‍ന്നപ്പോള്‍ മാസ്‌ക് ധരിച്ച് പുറത്തിറങ്ങേണ്ടി വന്ന ദിവസങ്ങളാണ് മനസിലേക്ക് വന്നത്. പ്രഭാത നടത്തം ആരോഗ്യത്തിന് ഹാനികരമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് ഇറക്കിയിരുന്ന ദിവസങ്ങള്‍. തലവേദനയുണ്ടാക്കുന്ന നടത്തത്തില്‍ നിന്ന് ഉന്മേഷം പകരുന്ന നടത്തത്തിലേക്ക് ഒരു ജമ്പ് കട്ട്.

ഇന്ത്യയില്‍ ഏറ്റവും ശുദ്ധമായ പ്രാണവായു ലഭ്യമാകുന്ന അഞ്ചിടങ്ങളിലൊന്നാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന പ്രദേശം. അതിനാല്‍ ദീര്‍ഘമായി, സ്വച്ഛമായി ശ്വസിക്കാന്‍ സഞ്ചാരികളെ ഓര്‍മ്മപ്പെടുത്തുന്ന നിരവധി ബോര്‍ഡുകള്‍ റിസോര്‍ട്ടില്‍ സ്ഥാപിച്ചിട്ടുണ്ട്. വിഷവായു ശ്വസിച്ച് പഞ്ചറായിക്കിടക്കുന്ന എന്റെ സ്വന്തം ശ്വാസകോശത്തെ നോക്കി ഞാന്‍ മനസില്‍ പറഞ്ഞു, തിരക്കില്ല.... ദീര്‍ഘമായി, സ്വച്ഛമായി ശ്വസിക്കൂ!

കെനിയ ടെന്റ് ഹൗസ്

ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍ക്കിടയില്‍ ഒരു ടെന്റ് കെട്ടി താമസിച്ചാല്‍ കൊള്ളാമെന്ന് തോന്നുന്നവര്‍ക്കായി പ്രത്യേക ടെന്റ് ഹൗസുകള്‍ വൈല്‍ഡ് പ്ലാനറ്റ് റിസോര്‍ട്ടില്‍ സജ്ജീകരിച്ചിട്ടുണ്ട്. പുറമെ നിന്ന് നോക്കിയാല്‍ കൂറ്റന്‍ പില്ലറുകളില്‍ ഉറപ്പിച്ചിരിക്കുന്ന നല്ല ഉഗ്രന്‍ ടെന്റുകള്‍. അകത്തേക്ക് കയറിയാല്‍ ആഡംബര ഹോട്ടലിനെ വെല്ലുന്ന അത്യാധുനിക സൗകര്യങ്ങള്‍.

കെനിയ-ടെന്റ്-ഹൗസിന്റെ-ഇന്റീരിയർ
കെനിയ ടെന്റ് ഹൗസിന്റെ ഉൾവശം

കെനിയ ടെന്റ് ഹൗസുകള്‍ എന്ന് വിളിക്കുന്ന ഈ കോട്ടേജിന്റെ ഇന്റീരിയര്‍ ഏതൊരു സഞ്ചാരിയും പ്രണയിച്ചു പോകുന്ന വിധത്തിലാണ്. ടിവി അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഈ ടെന്റ് ഹൗസിലുണ്ട്.

നീന്തല്‍ക്കുളവും വാലി വ്യൂ കോട്ടേജും

സഞ്ചാരികള്‍ക്കായി വിശാലമായ സ്വിമ്മിംഗ് പൂളും റിസോര്‍ട്ടില്‍ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറ് വരെയാണ് പൂള്‍ ഉപയോഗിക്കാനുള്ള സമയം. തേയിലത്തോട്ടത്തിന് നടുവില്‍ സഹ്യമലനിരകളുടെ സൗന്ദര്യം ആസ്വദിച്ച് നീന്തിത്തുടിക്കാം.

wildplanet-swimming-pool

ഇതിന് മുകളില്‍ വശങ്ങളിലായാണ് വാലി വ്യൂ കോട്ടേജുകള്‍. ജനാലകള്‍ തുറന്നാല്‍ തേയിലത്തോട്ടത്തിന്റെ പച്ച വിരിച്ച കാഴ്ചകളാണ് വാലി വ്യൂ കോട്ടേജിന്റെ പ്രത്യേകത. നീലാകാശത്തിന് കീഴെ പച്ചവിരിച്ചു കിടക്കുന്ന തേയിലത്തോട്ടം. അവയ്ക്കിടയില്‍ ഉയര്‍ന്നു നില്‍ക്കുന്ന സില്‍വര്‍ ഓക്ക് മരങ്ങള്‍. 

വാലി-വ്യൂ-കോട്ടേജ്
വാലി വ്യൂ കോട്ടേജ്

കാടിനുള്ളില്‍ രാപ്പാര്‍ക്കാം 

കാടിനകത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്കായി ജംഗിൾ ലോഗ് ഹൗസുകളുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ കാടിനുള്ളിലാണ് ഇത്. ആകാശത്തോളം വളർന്നു നിൽക്കുന്ന കൂറ്റൻ മരങ്ങൾക്കിടയിൽ മരം കൊണ്ടൊരു ചെറിയ കോട്ടേജ്. കാടിന്റെ ശബ്ദവും വന്യതയും ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ഇവയുടെ നിർമ്മാണം. ഇത്തരത്തിൽ മൂന്നു കോട്ടേജുകൾ ഇവിടെയുണ്ട്. ഇതിനടുത്തായി ഒരു അരുവി ഒഴുകുന്നു.  അരുവിയിലെ നീരൊഴുക്ക് ഒരിക്കലും നിലയ്ക്കാറില്ല.

പ്രിയപ്പെട്ടവർക്കൊപ്പം തീ കാഞ്ഞിരിക്കാം

വേഗം ഇരുട്ട് വീഴുന്ന പ്രദേശമാണ്. മഴ മാറി നിന്നിരുന്നതിനാൽ സുഖമുള്ള ചെറിയ തണുപ്പുള്ള രാത്രിയായിരുന്നു ഞങ്ങളെ കാത്തിരുന്നത്. രാത്രി മറ്റൊരു അനുഭവമാണ്. രാത്രിയിലെ ശബ്ദങ്ങളും വ്യത്യസ്തം. ഇളം മഞ്ഞ നിറത്തിലുള്ള വിളക്കുകൾ തെളിയിച്ച് റിസോർട്ടിന്റെ ലോബി ഒരു വിളക്കുമരമാകും. ലോബിയുടെ മുന്നിൽ ക്യാമ്പ് ഫയറിനുള്ള സൗകര്യമുണ്ട്. ഭക്ഷണം കഴിച്ച് അൽപനേരം പുറത്ത് തീ കാഞ്ഞിരിക്കാം. കൂട്ടിന് നിലാവും തണുപ്പും കാടിന്റെ സിംഫണിയും.

ചുരുളിമലയിൽ നിന്നുള്ള ആകാശക്കാഴ്ചകൾ

സാഹസികത ഇഷ്ടപ്പെടുന്നവർക്കായി വൈവിധ്യമേറിയ പ്രവർത്തനങ്ങൾ റിസോർട്ടിൽ ഒരുക്കിയിട്ടുണ്ട്. ഏകദേശം രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ട്രക്കിങ്ങാണ് അതിലൊന്ന്. റിസോർട്ടിനടുത്തുള്ള ചുരുളിമലയിലേക്കാണ് ട്രക്കിങ്. രാവിലെ റിസോർട്ടിലെ സാഹസിക വിനോദങ്ങൾക്ക് നേതൃത്വം നൽകുന്ന മനോജിന്റെ നേതൃത്വത്തിൽ നടത്തം തുടങ്ങി. ചെങ്കുത്തായ മല കയറുന്നത് അൽപം ആയാസമുള്ള പരിപാടിയാണ്.

തേയിലച്ചെടികളിലും മരത്തിലും അള്ളിപ്പിടിച്ച് വേണം കയറാൻ. ഇടയ്ക്കു കുറച്ചു ദൂരം കയർ കെട്ടിയിട്ടുണ്ട്. കയറ്റത്തിനിടയിൽ രസകരമായ മറ്റൊരു കാര്യം കൂടി മനോജ് പങ്കു വച്ചു. ഞങ്ങൾ കയറിപ്പോകുന്ന ഒറ്റയടിപ്പാതയുടെ വലതുവശം കേരളവും ഇടതുവശം തമിഴ്നാടുമാണ്. വലം കാലു കൊണ്ട് കേരളവും ഇടം കാലു കൊണ്ട് തമിഴ്നാടും അളന്നെടുത്ത് പാതാളത്തിലേക്ക് മുങ്ങിയാലോ എന്ന് ആലോചിക്കാതിരുന്നില്ല. പക്ഷേ, ആദ്യം ചുരുളിമലയുടെ മുകളിൽ എത്തണമല്ലോ! അതുകൊണ്ട് ശ്വാസം വലിച്ചു വിട്ടു മുകളിലേക്ക് കയറ്റം തുടർന്നു. നീലഗിരി കുന്നുകളുടെ ആകാശക്കാഴ്ചയാണ് ചുരുളിമലയ്ക്ക് മുകളിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. മലകയറ്റത്തിന്റെ ആയാസമെല്ലാം ആ കുന്നിൻ മുകളിലെ കാറ്റിൽ ഇല്ലാതാകും.

ഇനിയുമുണ്ടേറെ കൗതുകങ്ങൾ

ട്രക്കിങ്ങിന് പുറമേ സിപ് ലൈൻ, മങ്കി ക്രൗളിങ്, കയാക്കിംഗ്, ഹാമോക്ക്, ആർച്ചറി, മഡ് റൈഡ് എന്നിങ്ങനെ സാഹസിക വിനോദങ്ങളിലേർപ്പെടാനും സൗകര്യമുണ്ട്. പ്രത്യേക പരിശീലനം നേടിയ സേഫ്റ്റി സ്ക്വാഡിന്റെ മേൽനോട്ടത്തിലാണ് സാഹസിക വിനോദങ്ങൾ. ഭയത്തെ കീഴടക്കി സ്വയം കണ്ടെത്തുന്ന നിമിഷങ്ങളാണ് ഇവ നൽകുക. ഓരോ ഗെയിമും പൂർത്തിയാക്കി താഴെ എത്തുമ്പോൾ ഒന്നുറപ്പാണ്.

നിങ്ങളുടെ ഉള്ളിലെ നിങ്ങളറിയാത്ത ഒരു കരുത്ത് നിങ്ങൾ അനുഭവിച്ചിരിക്കും. ഔട്ട്ഡോർ ഗെയിമുകളിൽ താൽപര്യമില്ലാത്തവർക്ക് വിവിധ ഇൻഡോർ ഗെയിമുകളിൽ ഏർപ്പെടാം. റിസോർട്ടിന്റെ കോമ്പൗട്ടിനകത്തായി കോഫി പ്ലാന്റേഷനും മറ്റ് സുഗന്ധവ്യഞ്ജനകൃഷിയുമുണ്ട്. തേയിലയുടെയും കാപ്പിയുടെയും ചരിത്രവും വർത്തമാനവും അവയെക്കുറിച്ചുള്ള രസകരമായ കഥകളും പറഞ്ഞുതരാൻ ഓർണിത്തോളജിസ്റ്റായ മഹേഷ് എല്ലായ്പ്പോഴും റിസോർട്ടിലുണ്ടാകും. താൽപര്യമുണ്ടെങ്കിൽ അദ്ദേഹത്തോടൊപ്പം പക്ഷിനിരീക്ഷണത്തിനും ഇറങ്ങാം.

wildplanet1

ആ പുഞ്ചിരി കൂടെപ്പോരും

ഭൂമിയുടെ ശ്വാസകോശങ്ങളെന്ന് വിളിക്കുന്ന മഴക്കാടുകളുടെ ഉള്ളറിയുന്ന അനുഭവമാണ് വൈൽഡ് പ്ലാനറ്റ് ജംഗിൾ റിസോർട്ട് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. ഇനിയും മലിനീകരിക്കപ്പെട്ടില്ലാത്ത ഭൂമിയുടെ ഒരു തുരുത്തിൽ പ്രകൃതിയുടെ അതിഥിയായി കുറച്ചു ദിവസങ്ങൾ. സ്വയം അറിഞ്ഞ്, കാടിൽ അലിഞ്ഞ് അവിടെ നിന്നിറങ്ങുമ്പോൾ വൃക്ഷച്ചുവട്ടിലെ ധ്യാനബുദ്ധന്റെ മുഖത്തെ പുഞ്ചിരി നമ്മിലേക്ക് പകർന്നിട്ടുണ്ടാകും. പ്രകൃതിയുടെ കയ്യൊപ്പുള്ള തെളിമയുള്ള ഒരു ചിരി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA