നിലമ്പൂർ വഴിയാണോ യാത്ര? ഇടത്താവളമാക്കാൻ ഒരിടമുണ്ട് ഇവിടെ

SHARE

പച്ചപ്പുള്ള ഓർമകളാണ് നിലമ്പൂരിനെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം. ഒരു മഴ പെയ്തു തോർന്നാൽ വണ്ടിയെടുത്ത് പോകാൻ തോന്നുന്ന ഒരിടം. എത്ര തവണ പോയാലും പിന്നെയും ചെല്ലാൻ തോന്നിപ്പിക്കുന്ന ഒരിഷ്ടം ആ നാട് അവശേഷിപ്പിക്കുന്നുണ്ട്. തേക്ക് മ്യൂസിയത്തിലൂടെ വെറുതെ നടക്കാൻ... തൂക്കുപാലത്തിൽ നിന്ന് ചാലിയറിനെ നോക്കി അന്തിച്ചിരിക്കാൻ... മഞ്ഞ ജിലേബി കഴിച്ച് നിലമ്പൂരിന്റെ നാട്ടുതിരക്കുകളിൽ മറയാൻ... നിലമ്പൂരിനെക്കുറിച്ചുള്ള ഇഷ്ടങ്ങളുടെ പട്ടിക നീളും. ദീർഘദൂരയാത്രകളിൽ ഇടത്താവളമായും, അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പോകാനുമായി നിലമ്പൂരിലേക്കുള്ള വഴികൾ എപ്പോഴും മോഹിപ്പിച്ചുകൊണ്ടിരിക്കും. 

നിലമ്പൂരിലെ കറക്കങ്ങളിൽ പല യാത്രികരുടെയും ഇടത്താവളമാണ് കരിമ്പുഴ പാലത്തിനടുത്തുള്ള കെറ്റിഡിസിയുടെ ടാമറിൻഡ് ഈസി ഹോട്ടൽ. പകൽയാത്രകളിൽ ഭക്ഷണം കഴിയ്ക്കാനും രാത്രിയാത്രകളിൽ സ്വാസ്ഥ്യമുള്ള വിശ്രമകേന്ദ്രമാണ് ഇവിടം. ഒരു വശം കരിമ്പുഴയും മറ്റൊരു വശം കാടും അതിരിടുന്ന ഈ ഹോട്ടലിനുമുണ്ട് പച്ചപ്പ് തുടിക്കുന്ന അകത്തളം. തേക്ക് മ്യൂസിയത്തിൽ നിന്ന് വെറും ഒരു കീലോമീറ്റർ അകലെയാണ് കെറ്റിഡിസിയുടെ ടാമറിൻഡ് ഈസി ഹോട്ടൽ. ബജറ്റിലൊതുങ്ങുന്ന താമസം, രുചികരമായ ഭക്ഷണം; ഇവ രണ്ടുമാണ് ഇവിടേക്ക് യാത്രികരെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. 

Nilambur.gif.image.784124

ചരിത്രം തേടി തേക്കു മ്യൂസിയത്തിലേക്ക്

നിലമ്പൂരിന്റെ യാത്ര തുടങ്ങേണ്ടത് തേക്കു മ്യൂസിയത്തിൽ നിന്നു തന്നെയാകുന്നതാണ് അതിന്റെ രസം. കാരണം, തേക്കും നിലമ്പൂരും തമ്മിലുള്ള ആത്മബന്ധത്തിന്റെ ചരിത്രം അറിഞ്ഞില്ലെങ്കിൽ നിലമ്പൂരിന്റെ ചിത്രം അപൂർണമാണ്. തേക്കിനും തെമ്മാടിക്കും എവിടെയും കിടക്കാമെന്നാണല്ലോ.

Nilambur-teak-museum-1

തേക്ക് ചിതലരിക്കില്ല എന്ന അറിവുമായി ബന്ധപ്പെടുത്തുന്നതാണ് ഈ പഴമൊഴി. ചിതലരിക്കാത്ത തേക്കിനെക്കുറിച്ചുള്ള രസകരമായ അറിവുകൾ ഈ മ്യൂസിയം പങ്കു വയ്ക്കുന്നു. കോഴിക്കോടിന്റെ പ്രശസ്തി ഏഴുകടലുകൾക്കപ്പുറം എത്തിച്ചതിനു കാരണമായ ഉരുനിർമാണത്തിന്റെ നെടുംതൂൺ നിലമ്പൂർ നിന്നുള്ള തേക്കായിരുന്നു. മ്യൂസിയം ഒന്നുവട്ടം കറങ്ങി ഇറങ്ങുമ്പോഴേക്കും, തേക്ക് എന്നത് ഒരു മരത്തിനപ്പുറം ഒരു ചരിത്രപുരുഷനായി കൂടെപ്പോരും. 

വിശ്രമിക്കാനൊരു നാലുകെട്ട്

തേക്കു മ്യൂസിയത്തിലെ കറക്കത്തിനു ശേഷം വിശപ്പിന്റെ വിളി ഉയർന്നതിനാൽ നേരെ ഹോട്ടലിലേക്കു വച്ചു പിടിച്ചു. വിഭവസമൃദ്ധമായ ഭക്ഷണവും ഒരൽപം വിശ്രവും കഴിഞ്ഞു മതി ബാക്കി യാത്രയെന്നായി തീരുമാനം. നാലുകെട്ടിന്റെ മാതൃകയിൽ നിർമിച്ചിരിക്കുന്ന ഹോട്ടലിലെ നടുമുറ്റത്തിനടുത്തായാണ് ഭക്ഷണശാല. രുചികരമായ വിഭവങ്ങൾ ചൂടോടെ ഓർഡർ ചെയ്തു കഴിയ്ക്കാം. നീണ്ട വരാന്തകളുള്ള വലിയൊരു വീടു പോലെ തോന്നിക്കും ഇവിടം.

Nilambur-Premium-room

രണ്ടു തരത്തിലുള്ള മുറികൾ യാത്രികർക്കായി ഒരുക്കിയിട്ടുണ്ട്. എസി ഡീലക്സ് മുറികളും എസി പ്രീമിയം മുറികളും. യാത്രികർക്കു ആവശ്യമായ എല്ലാ പ്രാഥമിക സൗകര്യങ്ങളും ഡീലക്സ് മുറികളിലുണ്ട്. ടിവി, എസി, വൃത്തിയുള്ള കിടപ്പുമുറി എന്നിങ്ങനെ സ്വസ്ഥമായി വിശ്രമിക്കാനുള്ള എല്ലാം ഒരുക്കിയിരിക്കുന്നു. ഡീലക്സ് മുറികളെക്കാൾ വിശാലമാണ് പ്രീമിയം മുറികൾ. ഇരിക്കാൻ സോഫയും ഭക്ഷണം കഴിയ്ക്കാൻ പ്രത്യേകം ഡിന്നർ ടേബിളും മുറിയിൽ തന്നെയുണ്ട്. ഡീലക്സ് മുറികൾക്ക് 1700 രൂപയും പ്രീമിയം മുറികൾക്ക് 2600 രൂപയുമാണ് കെറ്റിഡിസി ഈടാക്കുന്നത്. കൂടാതെ വിശാലമയ കോൺഫറൻസ് റൂമും ഇവിടെയുണ്ട്. 24 മണിക്കൂർ ചെക്ക് ഇൻ– ചെക്ക് ഔട്ട് സൗകര്യമുള്ളത് യാത്രികർക്ക് ഏറെ പ്രയോജനകരമാണ്.

തൂക്കുപാലം കടന്നു കണോലി പ്ലോട്ടിലേക്ക്

ഉച്ചഭക്ഷണത്തിനു ശേഷമുള്ള ചെറിയൊരു വിശ്രമത്തിനു ശേഷം കണോലി പ്ലോട്ടിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. ഹോട്ടലിൽ നിന്നു വെറും ഏഴ് കിലോമീറ്റർ ദൂരത്താണ് ലോകത്തിലെ ആദ്യത്തെ മനുഷ്യനിർമിത തേക്കുതോട്ടമായ കണോലി പ്ലോട്ടുള്ളത്. നട്ടുച്ചയ്ക്കും കൂൾ ആയി ഇവിടെ നടക്കാം. വെയിലിന്റെ ചൂടേൽക്കാതെ യാത്രികരെ കാക്കാൻ മാനം മുട്ടെ ഉയരമുള്ള മരങ്ങളുണ്ടിവിടെ.

Nilambur-hanging-bridge

ഏതൊരു സഞ്ചാരിയെയും മോഹിപ്പിക്കുന്ന പച്ചപ്പിന്റെ ലോകമാണ് കണോലി പ്ലോട്ട് തുറന്നിടുന്നത്. നിലമ്പൂരിന്റെ മുഖചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന തൂക്കുപാലം കടന്നു വേണം കണോലി പ്ലോട്ടിലെത്താൻ. ചാലിയാറിനു കുറുകെയാണ് ഈ വമ്പൻ പാലം. ചാലിയാറിന്റെ വന്യതയും സൗന്ദര്യവും അതിന്റെ പൂർണതയിൽ ആസ്വദിക്കണമെങ്കിൽ ഈ തൂക്കുപാലത്തിലേക്കു വരണം. ഇതിലൂടെ നടക്കുമ്പോൾ അപ്പൂപ്പൻതാടികളെപ്പോലെ നമ്മളും കനമില്ലായ്മയുടെ പുതിയ ലോകം കാണും. 

Nilambur-Deluxue-room

വമ്പൻ തേക്കിന്റെ വമ്പ്

ലോകത്തിലെ ഏറ്റവും ഉയരമുള്ള തേക്കാണ് കണോലി പ്ലോട്ടിന്റെ മുഖ്യ ആകർഷണം. ഏകദേശം 49.2 മീറ്റർ ഉയരമുണ്ട് ഈ തേക്കിന്. താഴെ നിന്ന് മുകളിലേക്കു നോക്കിയാൽ തേക്കിന്റെ അറ്റം കാണാൻ പറ്റില്ല. കഴുത്ത് കഴയ്ക്കുമെന്നു മാത്രം. എങ്കിലും ഓരോ തവണയും ഈ ഉയരക്കാരനു താഴെ നിന്നു അറ്റമില്ലാത്ത അതിന്റെ അറ്റം കാണാൻ പറ്റുമോ എന്നു നോക്കാറുണ്ട്.

Nilambur-Canoly-plot

വമ്പൻ തേക്കിനോടു മത്സരിച്ച് കൂറ്റൻ മരങ്ങളും കണോലി പ്ലോട്ടിൽ കാണാം. ഓർമപുസ്തകത്തിലേക്ക് ഗംഭീരൻ ഫോട്ടോകൾ ഇവിടെ നിന്നു ഉറപ്പിക്കാം. എവിടെ ക്യാമറ വച്ചാലും നല്ല കിടു ഫ്രെയിം. ന്യൂജെൻ പടംപിടുത്തക്കാരുടെ ഇഷ്ടസ്ഥലമാണ് ഇവിടം. 

ഇനിയൽപം മലകയറ്റം

സാഹസികയാത്ര ഇഷ്ടമുള്ളവരാണെങ്കിൽ കക്കാടംപൊയിലിലേക്ക് വിടാം. നിലമ്പൂർ ചുറ്റിയടിച്ച് കാണുന്നതിന് കെറ്റിഡിസി ടമാറിൻഡ് ഹോട്ടൽ പ്രത്യേക വാഹനസൗകര്യം ഒരുക്കാറുണ്ട്. കാര്യങ്ങൾ വിശദീകരിച്ചു തരുന്നതിന് ഗൈഡിനെയും അയയ്ക്കും. ഞങ്ങൾ പോയത് ആഢ്യൻപാറ വെള്ളച്ചാട്ടത്തിലേക്കാണ്.

Nilambur-Adyanpara

ചാലിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴയിലാണ് ഈ വെള്ളച്ചാട്ടം. നല്ല വികൃതിയായ കുട്ടിയെപ്പോലെ കുതിച്ച് മദിച്ചൊഴുകുന്ന കാഞ്ഞിരപ്പുഴയുടെ കുറുമ്പുകൾ ആഢ്യൻപാറയിൽ കാണാം. നിരവധി അപകടങ്ങൾ ഉണ്ടാവുന്നതുകൊണ്ട് വെള്ളത്തിലിറങ്ങുന്നതിന് കടുത്ത നിയന്ത്രണമുണ്ട്. എങ്കിലും കൂറ്റൻ പാറകൾക്കിടയിൽ സ്വസ്ഥമായിരുന്ന് വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാൻ നിരവധി പേർ ഇവിടെയെത്താറുണ്ട്. 

Nilambur-Canoly-plot-1

ഊട്ടി റോഡിലെ സ്റ്റോപ്പോവർ

ഊട്ടി, മൈസൂർ, വയനാട് എന്നിവിടങ്ങളിലേക്ക് പോകുന്നവരുടെ സ്റ്റോപ്പോവർ കൂടിയാണ് ഈ ബജറ്റ് ഹോട്ടൽ. അറബികളാണ് ഇവിടെയത്തുന്ന വിദേശികളിൽ കൂടുതലും.

ആവർത്തിച്ച് ഇവിടെയത്തുന്ന അത്തരം സഞ്ചാരികളും കുറവല്ല. സഞ്ചാരികളുടെ ആവശ്യങ്ങൾ മനസിലാക്കി അതനുസരിച്ച് പെരുമാറുന്ന സ്റ്റാഫും ഇവിടത്തെ താമസം ഹൃദ്യമാക്കുന്നു. സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ ഇവിടേക്ക് മടങ്ങിയെത്തുന്നതിന്റെ കാരണവും മറ്റൊന്നല്ല. 

READ IN ENGLISH

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA