ബാലേട്ടന്റെ മീൻ രുചിയോളം പോന്ന മറ്റൊന്ന് ഈ ദുനിയാവിലില്ലെന്റെ പൊന്നേ..

fish-fry
SHARE

ഗൃഹാതുരതയുടെ ഓർമകളിലേക്കു എളുപ്പത്തിൽ ഒരു മടങ്ങിപോക്കിന് അവസരം നൽകുന്ന നാടാണ് കോഴിക്കോട്. ബാബുക്കയുടെ പാട്ടും കോഴിക്കോടിന്റെ രുചിയും ഏറെ പറഞ്ഞു പഴകിയതാണെങ്കിലും ഇത് രണ്ടും ഒരുമിച്ചു ചേരുമ്പോൾ ലഭിക്കുന്ന സുഖത്തിന് പകരം വെക്കാൻ ഈ ദുനിയാവില് മറ്റൊന്നിനെ കൊണ്ടാവൂലാ..ബിരിയാണി രുചിക്ക് പേരും പെരുമയും നൽകുന്ന നിരവധി വലിയ ഹോട്ടലുകൾ കോഴിക്കോടുണ്ടെങ്കിലും  കടലുണ്ടി പുഴയും ബേപ്പൂർ തുറമുഖവും കണ്ട് വിശന്നു വരുമ്പോൾ നല്ല മീൻ പൊരിച്ചത് കൂട്ടി ബാലേട്ടന്റെ കടയിൽ നിന്നൊരൂണ് കഴിച്ചാൽ പിന്നെയും പിന്നെയും പോകും കടലുണ്ടി കാണാനല്ല... പേരിനു ഒരു പേരില്ലെങ്കിലും ഭക്ഷണത്തിന്റെ രുചിയാൽ ആളുകൾ അറിഞ്ഞു നൽകിയ പേരുള്ള ബാലേട്ടന്റെ കടയിലേക്ക്..അവിടുത്തെ  മീൻ രുചിയറിയാൻ... 

609912098
Representative Image

 കോഴിക്കോട് കടലുണ്ടിയിലാണ്  ബാലേട്ടന്റെ കട. ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ആരംഭിക്കുന്ന കട മൂന്നാകുമ്പോൾ അടക്കും. ഊണ് മാത്രമാണ്  ഇവിടെ വിളമ്പുന്നത്. കൂട്ടിനു കടലുണ്ടി പുഴയിൽ നിന്ന് പിടിച്ച നല്ല മീൻ പൊരിച്ചതും. പ്രൗഢിയോ പത്രാസോ തീരെയില്ലാത്ത ഈ കൊച്ചു കടയിലെ രുചി തേടി ഉച്ചക്ക് ഉണ്ണാനെത്തുന്നവരിൽ  സിനിമാതാരങ്ങൾ അടക്കമുള്ള പ്രശസ്തരുണ്ട്. താമസിക്കുന്ന വീടിനോടു ചേർന്നു  തന്നെയാണ് കട സ്ഥിതി ചെയ്യുന്നത്. നിരവധി മീനുകൾ അതിൽ അമൂറും ചെമ്പല്ലിയും ഏരിയും  തിരുതയും ഞണ്ടും വലിയ ചെമ്മീനുമെല്ലാമുണ്ട്.  

മീൻ പൊരിക്കുന്നതിനും ബാലേട്ടന്  ഒരു പ്രത്യേക കൂട്ടുണ്ട് . എത്ര വലിയ മീനാണെങ്കിലും അതിനെ ചെറിയ കഷ്ണങ്ങളാക്കുന്ന രീതിയിവിടെയില്ല. അതുകൊണ്ടു തന്നെ അഞ്ചും ആറും  പേർക്ക് ഒരുമിച്ചിരുന്നു കഴിക്കാൻ പാകത്തിൽ വറുത്തു ഊണുമേശമേൽ നിരത്തുകയാണ് പതിവ്. കൂട്ടമായി വരുന്നവർക്ക് ഒരുമയുടെ സ്‌നേഹം പങ്കുവെച്ചു ഒരുമിച്ചിരുന്നു ഒരു പാത്രത്തിൽ നിന്ന് തന്നെ ഭക്ഷിക്കാം എന്നൊരു നന്മയുടെ സ്പർശം കൂടി ബാലേട്ടന്റെ കടയ്ക്കുണ്ട്. നല്ലതുപോലെ ചൂടായ എണ്ണയിൽ വെളുത്തുള്ളിയും മല്ലിയിലയും കറിവേപ്പിലയും മൂപ്പിച്ചതിനു ശേഷം അതിലേക്കു  മസാലപുരട്ടി വെച്ചിരിക്കുന്ന മീൻ ചേർത്ത് വറുത്തെടുക്കുന്നു.

fish-fry1
Representative Image

മല്ലിയിലയും പുതിനയിലയും ഇഞ്ചിയും വെളുത്തുള്ളിയും തക്കാളിയും കുരുമുളകും പെരുംജീരകവും മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്താണ് മീൻ പൊരിക്കുന്നതിനുള്ള മസാലക്കൂട്ട് തയ്യാറാക്കുന്നത്. മസാലയിൽ പൊതിഞ്ഞ മീൻ വിറകടുപ്പിലെ തീയിൽ ഉരുളിയിൽ വറന്നു വരുമ്പോഴേ കടലുണ്ടി കാണാൻ വന്നവർ ബാലേട്ടന്റെ കട ലക്ഷ്യമാക്കി നീങ്ങി തുടങ്ങുമെന്നാണ് ജനസംസാരം. മൂക്കു തുളയ്ക്കുന്ന ആ മണം പിടിച്ചു കടയിലേക്ക് കയറയുമ്പോഴേ വായിൽ കടലുണ്ടി പുഴയിലെ വെള്ളത്തെക്കാൾ വെള്ളമൂറും. 

944569542
Representative Image

ഉച്ചനേരത്തു ബാലേട്ടന്റെ കടയ്ക്കു മുമ്പിൽ ചെറിയൊരു ആൾക്കൂട്ടം കാണാം. ഭക്ഷണത്തിനായി കാത്തിരിക്കുന്നവരുടെ ചെറുസംഘങ്ങളാണത്. നേരത്തെ വിളിച്ചു പറഞ്ഞാൽ മീൻ പൊരിച്ചത് മാറ്റി വെക്കുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്.  ഊണിനു വലിയ വിലയൊന്നുമില്ലെങ്കിലും മിച്ചം വെക്കുന്നവരുടെ കൈയ്യിൽ നിന്നും കൂടുതൽ പണം വാങ്ങുന്ന ശീലം ബാലേട്ടനുണ്ട്. അതുപോലെ ഭക്ഷണം മുഴുവൻ ആസ്വദിച്ചു കഴിക്കുന്നവരെ വീണ്ടും കഴിപ്പിക്കുന്നതിലും ബാലേട്ടൻ ശ്രദ്ധിക്കാറുണ്ട്...ഒരച്ഛന്റെ വാത്സല്യത്തോടെ..

കടലുണ്ടി പുഴയും പാലവും കടലും കണ്ട്...പുഴയിലൂടെ വഞ്ചി തുഴഞ്ഞു തീരമെത്തുമ്പോൾ നല്ല മീൻ പൊരിക്കുന്നതിന്റെ വാസന പൊങ്ങുന്നുണ്ടെങ്കിൽ നേരെ ബാലേട്ടന്റെ കടയിലേക്ക് പോകണം. വയറു നിറയെ മീൻ പൊരിച്ചതും കൂട്ടി  ഊണ് കഴിക്കണം. സംതൃപ്തമായ മനസോടെയല്ലാതെ ആ കടയിൽ നിന്ന് തിരിച്ചിറങ്ങാൻ സാധിക്കില്ല. അത്രയ്ക്ക് സ്വാദാണ് ബാലേട്ടന്റെ മീൻ പൊരിച്ചതും കൂട്ടിയുള്ള ഊണിന്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA