കല്ല് കൊണ്ടൊരു നഗരം (മനുഷ്യന്റെ ജന്മനാട്ടിൽ- 4)

africa27
SHARE

കിളിമഞ്ജാരോ ബോട്ട് ദാർ എസ് സലാമിൽ നിന്നും പുറപ്പെട്ട് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ കര കണ്ടുതുടങ്ങി. അല്പം കൂടി കഴിഞ്ഞപ്പോൾ തീരത്തെ കെട്ടിടങ്ങൾ വ്യക്തമായി. എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത് കൊച്ചി കായലിൽ നിന്നു കാണുന്ന ഫോർട്ടുകൊച്ചിയാണ്. ഫോർട്ടുകൊച്ചി പോലെ തന്നെ പോർച്ചുഗീസ് ഭരണത്തിന്റെ കീഴിലായിരുന്നു, സൻസിബാറും. മിക്ക കെട്ടിടങ്ങളും പോർച്ചുഗീസ് ശൈലിയിൽ നിർമ്മിച്ചവയാണ്. ഇടയ്ക്കിടെ തല ഉയർത്തി നിൽക്കുന്ന പള്ളിമേടകളും കാണാം. 

africa
ബോട്ടിൽ നിന്നും കാണുന്ന സൻസിബാർ

   കിളിമഞ്ജാരോ സൻസിബാർ ജെട്ടിയിൽ നങ്കൂരമിട്ടു. മഴ ചാറുന്നുണ്ടായിരുന്നു. ബോട്ടിൽ വന്ന പുരുഷാരം ലഗേജുമായി മഴ നനയാതെ ഫെറി കെട്ടിടത്തിലേക്ക് നടന്നു. ചെറിയ കെട്ടിടമായതുകൊണ്ട് കാൽ കുത്താനിടമില്ലാത്ത അവസ്ഥയായി.

africa8
ബോട്ടിൽ നിന്നും കാണുന്ന സൻസിബാർ

അതിനിടെ തിരക്കിലൂടെ ഒരു യുവതി വന്ന് ഞങ്ങളെ തോണ്ടി. എന്നിട്ട് ഇമിഗ്രേഷൻ കൗണ്ടർ ചൂണ്ടിക്കാണിച്ചു. ഇനിയെന്ത് ഇമിഗ്രേഷൻ? ദാർ എസ്  സലാം എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ ഇമിഗ്രേഷനിൽ ടാൻസാനിയ വിസ സ്റ്റാമ്പ് ചെയ്തതാണല്ലോ. അതു പോരെന്നും സൻസിബാറിൽവീണ്ടും ഇമിഗ്രേഷൻ കൗണ്ടറിലൂടെ കടന്നുപോകണമെന്നും യുവതി പറഞ്ഞു. എന്നിട്ട് അറൈവൽ കാർഡും തന്നു. അത് പൂരിപ്പിച്ചിട്ടു വേണം കൗണ്ടറിൽ പാസ്‌പോർട്ടിനോടൊപ്പം കൊടുക്കാൻ.

africa9
കരിബു സൻസിബാർ -സൻസിബാറിലേക്ക് സ്വാഗതം 

  നിന്നു തിരിയാനിടമില്ലാത്ത ഫെറി കെട്ടിടത്തിൽ കാർഡ് പൂരിപ്പിക്കാൻ പ്രത്യേക സ്ഥലമൊന്നുമില്ല. ഒറ്റക്കാലിൽ നിന്ന് കഷ്ടപ്പെട്ട് കാർഡ് പൂരിപ്പിച്ച് കൗണ്ടറിലെത്തി. പ്രത്യേകിച്ച് ചോദ്യങ്ങളൊന്നുമില്ലാതെ 'സൻസിബാർ' എന്ന സീൽ പാസ്‌പോർട്ടിൽ അടിച്ച് ഞങ്ങളെ നിരുപാധികം വിട്ടയച്ചു. 1963ൽ അറബികളുടെ ഭരണത്തിൽ നിന്ന് സ്വതന്ത്രമായ ശേഷം സൻസിബാർ ടാൻസാനിയയുടെ ഭാഗമായതാണ്. എന്നിട്ടും എന്തിനാണ് ഇവിടെ മറ്റൊരു ഇമിഗ്രേഷനും സീലും എന്ന്  ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല!

africa10
സൻസിബാറിന്റെ തെരുവുകൾ

  മഴയൊന്ന് ശമിച്ചപ്പോൾ ജനസാഗരത്തോടൊപ്പം ഒഴുകി പുറത്തെത്തി. 'ഗോൾഡൻ ടുലിപ്' എന്ന ഹോട്ടൽ ബുക്ക് ചെയ്തിട്ടുണ്ട്. അവിടേക്ക് പോകാൻ ടാക്‌സിക്കാരനെ വിളിച്ചപ്പോൾ, നടക്കാനുള്ള ദൂരമേ ഉള്ളൂവെന്ന് മറുപടി. ഫെറി ജെട്ടിയുടെ നേരെ എതിർവശത്തുള്ള ചെറിയ വഴിയിലാണത്രെ, ഹോട്ടൽ. കേരളത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ പൊളിഞ്ഞ്, മഴവെള്ളം കെട്ടിക്കിടക്കുന്ന റോഡിലൂടെ 'ഗോൾഡൻ ടുലിപ്പി'ൽ എത്തിയപ്പോൾ, ബുക്ക് ചെയ്തത് ഈ ഹോട്ടലിലല്ലെന്ന് റിസ്പഷനിസ്റ്റ് അറിയിച്ചു. അല്പം ദൂരെ, കടൽക്കരയിൽ ഒരു ഗോൾഡൻ ടൂലിപ് ഉണ്ട്. അവിടെയാണത്രേ ഞങ്ങളുടെ ബുക്കിങ്.

africa11
സൻസിബാറിന്റെ തെരുവുകൾ

  വീണ്ടും ചെളി വെള്ളത്തിലൂടെ നടന്ന് ഒരു ചെറിയ ജങ്ഷനിലെത്തി. ഇന്ത്യക്കാരുടെ സംഘം പെരുവഴിയിൽ നിൽക്കുന്നതു കണ്ട് ഒരാൾ ടാക്‌സി വേണോ എന്നു ചോദിച്ച് സമീപിച്ചു. സ്വാഹിലി ഭാഷ നന്നായി അറിയാവുന്ന സുരേഷ് വിലപേശാൻ തുടങ്ങി. അഞ്ചുമിനുട്ട് നീണ്ട വാക്‌പോരാട്ടത്തിനു ശേഷം ചെറിയ നിരക്കിൽ സുരേഷ് സംഗതി ഒപ്പിച്ചെടുത്തു. മഴക്കാലമായതുകൊണ്ട് ടാക്‌സിക്ക് ഓട്ടം കുറവാണ്. അതുകൊണ്ടു മാത്രമാണ് ഈ നിരക്കിൽ സമ്മതിക്കുന്നത് എന്ന് ഡ്രൈവർ മുരളുന്നുണ്ടായിരുന്നു. പരാജയം സമ്മതിക്കാൻ പാടില്ലല്ലോ!

africa12
സൻസിബാറിന്റെ തെരുവുകൾ

  അല്പനേരത്തിനുള്ളിൽ ജാംബവാന്റെ കാലത്തെ ഒരു മിത്‌സുബിഷി വാൻ നിരങ്ങി വന്നു നിന്നു. 

7 സീറ്ററാണ്. എല്ലാവർക്കും ഒരുമിച്ചു സഞ്ചരിക്കാം.

africa16
സൻസിബാറിന്റെ തെരുവുകൾ

  പത്തുമിനുട്ട് യാത്ര ചെയ്തപ്പോൾ കടൽ തീരത്തെ 'ഗോൾഡൻ ടുലിപ്പ്' എത്തി. കടൽത്തിരകൾ പുൽകുന്ന മതിൽക്കെട്ടിനുള്ളിലാണ് ഹോട്ടൽ. ഇത്രയും മനോഹരമായി കടൽ  ആസ്വദിക്കാൻ കഴിയുന്ന മറ്റൊരു ഹോട്ടൽ കണ്ടിട്ടില്ല. മുറികൾ അതിവിശാലം. കടലിലേക്ക് തുറക്കുന്ന വലിയ ബാൽക്കണികൾ. വീണ്ടും പെരുമഴ തുടങ്ങി. മഴയൊന്നു ശമിച്ചാൽ കാഴ്ചകൾ കാണാൻ കൊണ്ടുപോകാനായി മിത്‌സുബിഷി വാൻ പിടിച്ചു നിർത്തിയിട്ടുണ്ട്. ഇനി രണ്ടു ദിവസം സൻസിബാറിന്റെ മുക്കും മൂലയും കൊണ്ടു നടന്നു കാണിക്കാമെന്ന് ഡ്രൈവർ സൈമൺ ഏറ്റിട്ടുണ്ട്.

  12 മണിയോടെ ആകാശം തെളിഞ്ഞു. ഞങ്ങൾ വീണ്ടും പ്രധാന നഗരവീഥിയിലേക്ക് യാത്രയായി. അവിടെയാണ് ഞങ്ങളുടെ ആദ്യ സന്ദർശന സ്ഥലം-സ്റ്റോൺ ടൗൺ. 1503 മുതൽ 1964 വരെയുള്ള കാലഘട്ടത്തിൽ പോർച്ചുഗീസുകാരും ഒമാനികളും ബ്രിട്ടീഷുകാരും സൻസിബാർ ഭരിച്ചിട്ടുണ്ട്. അടിമവ്യാപാരവും സുഗന്ധവ്യഞ്ജന കച്ചവടവും നടത്താനായി ഇന്ത്യക്കാരും  യൂറോപ്യന്മാരും പേർഷ്യക്കാരും എപ്പോഴും സൻസിബാർ സന്ദർശിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ നൂറ്റാണ്ടുകളോളം പല സംസ്‌കാരങ്ങൾക്ക് ആതിഥ്യമരുളിയിട്ടുണ്ട്,സൻസിബാർ.ആ സാംസ്കാര സങ്കലനം ഇവിടുത്തെ കെട്ടിടങ്ങളുടെ വാസ്തുവിദ്യയിലും പ്രകടമാണ്. അത്തരത്തിലുള്ള പൈതൃക കെട്ടിടങ്ങൾ നിറഞ്ഞ പ്രദേശമാണ്  സ്റ്റോൺ ടൗൺ.

africa23
പോർച്ചുഗീസ് കോട്ട 

  ഞങ്ങൾ വന്നിറങ്ങിയ ഹാർബറിനു ചുറ്റമാണ് സ്റ്റോൺടൗൺ വ്യാപിച്ചു കിടക്കുന്നത്. പ്രധാനപ്പെട്ട കെട്ടിടങ്ങളെല്ലാം കടൽത്തീരത്താണ്.പവിഴപ്പുറ്റുകളിൽ നിന്നു നിർമ്മിച്ചെടുത്ത കല്ലുകൾ കൊണ്ടാണ് ഇവിടുത്തെ കെട്ടിടങ്ങളെല്ലാം നിർമ്മിച്ചിരിക്കുന്നത്. സ്റ്റോൺടൗൺ എന്നു പേരു വരാൻ കാരണവും അതു തന്നെ. സ്റ്റോൺ ടൗണിന്റെ നിർമ്മാണം തുടങ്ങി വെച്ചത് 15-ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ്. അവർ ആദ്യം നിർമ്മിച്ചത് വലിയൊരു കോട്ടയാണ്. തുടർന്ന് ഭരണാലയങ്ങളും മറ്റും നിർമ്മിക്കപ്പെട്ടു. വീടുകളും അങ്ങാടികളും നിർമ്മിച്ചത് 1698 മുതൽ 1856 വരെ സൻസിബാർ ഭരിച്ച ഒമാനിലെ സുൽത്താനാണ്.

africa25
പോർച്ചുഗീസ് കോട്ട 

  2000ൽ യുനെസ്‌കോ സ്റ്റോൺ ടൗണിനെ ലോക പൈതൃക പ്രദേശമായി പ്രഖ്യാപിച്ചു. എങ്കിലും ഇവിടുത്തെ മുഴുവൻ കെട്ടിടങ്ങളും സംരക്ഷിക്കാൻ യുനെസ്‌കോയ്ക്കും കഴിയുന്നില്ല. പവിഴപ്പുറ്റുകൾ പൊടിഞ്ഞു പോകുന്നതുകൊണ്ട് കെട്ടിടങ്ങൾക്ക് വളരെ വേഗത്തിൽ കേടുപാട് സംഭവിക്കുന്നു എന്നതാണ് യുനെസ്‌കോയെ അലട്ടുന്ന പ്രശ്‌നം. ആകെയുള്ള 1709 കെട്ടിടങ്ങളിൽ 80 ശതമാനവും നാശോന്മുഖമാണ് എന്നതാണ് സത്യം.

africa26
ടൈലുകൾ വിരിച്ച് ഭംഗിയാക്കിയ കടൽ തീരം 

  ഉച്ചഭക്ഷണം കഴിച്ച ശേഷം സ്റ്റോൺ ടൗൺ മുഴുവൻ നടന്നു കാണാമെന്നു കരുതി. കടലോരത്ത് ഞങ്ങളെ സൈമൺ ഇറക്കിവിട്ടു. ഞങ്ങൾ സ്റ്റോൺ ടൗണിന്റെ വീഥികളിലേക്ക് നടന്നു. വീണ്ടും ഓർമ്മവന്നത് ഫോർട്ടുകൊച്ചി തന്നെയാണ്. കുറേക്കൂടി വൃത്തിയും വെടിപ്പുമുള്ള കൊച്ചിയാണ് സൻസിബാറെന്നു മാത്രം. ഒരു ഇന്ത്യൻ ഹോട്ടലിൽ ഉച്ചഭക്ഷണത്തിനായി കയറി. വെയ്ക്കുന്നതും വിളമ്പുന്നതുമെല്ലാം കറുമ്പന്മാരും കറുമ്പികളുമാണ്. ഇന്ത്യക്കാരൻ ക്യാഷ് കൗണ്ടറിൽ മാത്രം. വടക്കേ ഇന്ത്യൻ വിഭവങ്ങളടങ്ങിയ താലി മീൽസും നാനും മറ്റും കഴിച്ച് പുറത്തിറങ്ങി.

  അതീവ രസകരവും സുന്ദരവുമാണ് സ്റ്റോൺടൗൺ. ഇടുങ്ങിയ തെരുവുകളാണ് ഏറെയും. ഇരുവശവും കൊളോണിയൽ ശൈലിയിലുള്ള കെട്ടിടങ്ങൾ ഉയർന്നു നിൽക്കുന്നു. പണ്ട് വ്യാപാരത്തിനും താമസത്തിനുമായി നിർമ്മിച്ച ഈ കെട്ടിടങ്ങളിലെല്ലാം ഇപ്പോൾ പുതിയ കാലഘട്ടത്തിനു ചേർന്ന വ്യാപാര സ്ഥാപനങ്ങളാണ്. കോഫി ഷോപ്പുകൾ, സുവനീർ ഷോപ്പുകൾ എന്നിവ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ വരെയുണ്ട്. വീതിയുള്ള തെരുവുകൾ പൊടുന്നനെ ഇടുങ്ങിയ തെരുവുകൾക്ക് വഴിമാറുന്നു. സൈക്കിളുകൾ മാത്രം കടന്നു പോകുന്നത്ര ചെറിയ റോഡുകൾ പോലുമുണ്ട്.

അഴിയിട്ട ജനലുകളും ശില്പഭംഗിയാർന്ന വാതിലുകളുമൊക്കെയാണ് കെട്ടിടങ്ങൾക്ക്. മിക്ക കെട്ടിടങ്ങളിലും നിർമ്മിച്ച വർഷം കൊത്തി വെച്ചിട്ടുണ്ട്. 18-19 നൂറ്റാണ്ടുകളിൽ പണി തീർക്കപ്പെട്ടവയാണ് ഏറെയും.

africa28
സൻസിബാറിന്റെ തെരുവുകൾ 

  ചെറിയ തെരുവിലൂടെ ആദ്യം നടന്നെത്തിയത് സ്റ്റോൺ ടൗണിലെ ആദ്യ നിർമ്മിതിയായ കോട്ടയുടെ  മുന്നിലാണ്. നിറം മങ്ങിയ ഭിത്തികളും പൊടിഞ്ഞു തുടങ്ങിയ തൂണുകളുമൊക്കെയായി നിൽക്കുന്നു, അഞ്ച് നൂറ്റാണ്ടിന്റെ സാക്ഷിയായ കോട്ട. കോട്ടയ്ക്കുള്ളിൽ താൽക്കാലിക ഷോപ്പുകളും ഒരു പുൽമൈതാനവുമാണിപ്പോൾ.

  കോട്ടയോട് ചേർന്ന് മറ്റു കെട്ടിടങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നു. സ്റ്റോൺടൗണിൽ 

അങ്ങനെയാണ്. ഒരു കെട്ടിടവും ഒറ്റയ്ക്ക് നിൽക്കുന്നില്ല. ഒരു ഭിത്തിയിൽ മുട്ടി അടുത്ത കെട്ടിടത്തിന്റെ ഭിത്തി ആരംഭിക്കുന്നു. കെട്ടിടങ്ങളുടെ അമ്പരപ്പിക്കുന്ന നൈരന്തര്യം!

africa30
സൻസിബാറിന്റെ തെരുവുകൾ 

തുടർന്നു കണ്ടത് വലിയ ഗോപുരത്തോടു കൂടിയ 'പാലസ് ഓഫ് വണ്ടേഴ്‌സ്' ആണ്. 1883ൽ ഒമാനിലെ സുൽത്താൻ താമസിച്ചിരുന്ന കൊട്ടാരമാണിത്. 'ബെയ്ത് അൽ അജെയ്ബ്' എന്നാണ് കൊട്ടാരത്തിന്റെ പേര്. സൻസിബാറിൽ ആദ്യമായി വിദ്യുച്ഛക്തി ലഭിച്ചത് ഈ കൊട്ടാരത്തിനാണ്. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലെ കെട്ടിടങ്ങളിൽ ആദ്യമായി ലിഫ്റ്റ് സ്ഥാപിച്ചതും ഈ കൊട്ടാരത്തിൽ തന്നെ. 2000 മുതൽ സ്വാഹിലി സംസ്‌കാരത്തിന്റെ പ്രദർശനശാലയായ മ്യൂസിയമാണ് പാലസ് ഓഫ് വണ്ടേഴ്‌സ്.

  വീണ്ടും തെരുവിലേക്കു കയറിയപ്പോൾ പഴയൊരു പള്ളിയിലേക്കാണ് എത്തിയത്. സെന്റ് ജോസഫ് റോമൻ കാത്തലിക് പള്ളിയാണിത്. 1893ൽ ഫ്രഞ്ച് മിഷനറിമാർ നിർമ്മിച്ച, അതിസുന്ദരമായ, യൂറോപ്യൻ ശൈലിയിലുള്ള പള്ളി. കടലിലൂടെ സൻസിബാറിലേക്ക് അടുക്കുമ്പോൾ ആദ്യം നമ്മെ സ്വാഗതം ചെയ്യുന്നത് തലയുയർത്തി നിൽക്കുന്ന പള്ളി ഗോപുരങ്ങളാണ്.

africa22

കൊളോണിയൽ കെട്ടിടങ്ങളിൽ പരമ്പരാഗതമായ ആഫ്രിക്കൻ കൊത്തുപണികളോടു കൂടിയ വാതിലുകളും ജനലുകളും ഘടിപ്പിച്ച് സംസ്‌കാരങ്ങളുടെ ഒരു ജുഗൽബന്ദിയായി മാറിയിരിക്കുകയാണ് സ്റ്റോൺ ടൗൺ. 1887ൽ നിർമ്മിച്ച ആശുപത്രി കെട്ടിടത്തിലാകട്ടെ, ഇന്ത്യൻ വാസ്തുശില്പ വിദ്യ പ്രകടമാണ്. കാരണം, നിർദ്ധനരായ ജനങ്ങൾക്കു വേണ്ടി ഇന്ത്യയിൽ നിന്നു വന്ന ഒരു വ്യാപാരി നിർമ്മിച്ചു കൊടുത്ത കെട്ടിടമാണിത്. രാജസ്ഥാനിലും മറ്റുമുള്ള കെട്ടിടങ്ങളിൽ കാണുന്ന വർണപ്പകിട്ടാർന്ന ജനൽഗ്ലാസുകളും കൊത്തു പണികൾ നിറഞ്ഞ ബാൽക്കണികളും മറ്റും ഇന്ത്യൻ കരസ്പർശം വിളിച്ചോതുന്നു.

പഴയ പോസ്റ്റ് ഓഫീസ് കെട്ടിടത്തിനുള്ളിലൂടെ നടന്ന് കടൽക്കരയിലെത്തി. പഴയ കോട്ടയുടെയും പാലസ് ഓഫ് വണ്ടേഴ്‌സിന്റെയും മുന്നിലുള്ള കടൽത്തീരം ഉയർത്തി കെട്ടി, ടൈലുകൾ പാകി ഒരു ഉദ്യാനം പോലെ മനോഹരമാക്കിയിരിക്കുന്നു. സീഫുഡ് റെസ്റ്റോറന്റുകളും ഗാർഡൻ ചെയറുകളും മറ്റുമുള്ള ഈ ഉദ്യാനത്തിൽ വൈകുന്നേരമായാൽ  സൂര്യാസ്തമയം കാണാനെത്തുന്നവരുടെ തിരക്കാണത്രെ.

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA