sections
MORE

കൂട്ടുക്കുരുതി നടന്നിടത്തെ വിനോദ സഞ്ചാര കേന്ദ്രം

genocide-tourism6
SHARE

 ജാലിയൻ വാലാ ബാഗിൽ ഒത്തു കൂടിയ സിഖ് വംശജരെ ബ്രിട്ടിഷ് പട്ടാളം വട്ടം നിന്നു വെടിവച്ചു കൊന്നത് മറക്കാനാകുമോ? ഒരേയൊരു കവാടം മാത്രമുണ്ടായിരുന്ന മൈതാനത്തിൽ അന്ന് മുന്നൂറ്റി എഴുപത്തൊൻപതു പേരാണ് മരിച്ചു വീണത്. അമ്മമാരും കുട്ടികളും വാർധക്യത്തിലെത്തിയവരും ബ്രിട്ടിഷ് സൈനിക മേധാവി റെജിനാൾഡ് ഡയറുടെ കോപത്തിന് ഇരയായി. കൂട്ടക്കുരുതിക്കുള്ള സാഹചര്യം എന്താണെന്നു കോടതി ചോദിച്ചപ്പോൾ ‘അവർ കൊല്ലപ്പെടാൻ അർഹരാണ് ’ എന്നായിരുന്നു ഡയറുടെ മറുപടി.

ലോകത്ത് എല്ലായിടത്തും ഇതുപോലെ ക്രൂരന്മാരായ ഏകാധിപതികൾ ആളുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയിട്ടുണ്ട്.  ഒരു പ്രത്യേക വംശത്തിൽ പിറന്നതും പ്രത്യേക വർഗത്തിന്റെ രക്തത്തിൽ ജനിച്ചതുമൊക്കെയാണ് അവരുടെ പേരിൽ ചാർത്തപ്പെട്ട ‘കുറ്റം’. കൊല്ലപ്പെട്ടവരുടെ തലയോട്ടിയും അസ്ഥിയും കൂട്ടിയിട്ട് ഏകാധിപതികൾ മറ്റുള്ളവർക്കു താക്കീതു നൽകി. വംശഹത്യകളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ശേഷിപ്പുകൾ ഇപ്പോൾ സ്മൃതി കുടീരങ്ങളാണ്. മനുഷ്യ ജീവനു വില കൽപ്പിക്കുന്ന സഞ്ചാരികൾ അത്തരം സ്ഥലങ്ങൾ ‘മസ്റ്റ് സീ ഡെസ്റ്റിനേഷനു’കളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നു. അറുപതിലേറെ രാജ്യങ്ങളിലൂടെയുള്ള യാത്രയ്ക്കിടെ ഞാനും കൊലക്കളങ്ങൾ സന്ദർശിച്ചിട്ടുണ്ട്.  കൂട്ടിയിട്ട തലയോട്ടികളും ചിന്നിച്ചിതറിയ അസ്ഥിക്കഷണങ്ങളും കൊല്ലപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളുടെ ഫോട്ടോയും കണ്ട് എന്റെ മനസ്സു മരവിച്ചു. ബലിയർപ്പിക്കപ്പെട്ട മനുഷ്യർക്ക് ഞാൻ ആദരാഞ്ജലി അർപ്പിച്ചു.

ജെനോസിഡ് ടൂറിസം

കൂട്ടുക്കുരുതി നടന്ന സ്ഥലങ്ങൾ വിനോദ സഞ്ചാര കേന്ദ്രമായി മാറിയെന്നു കേൾക്കുമ്പോൾ മലയാളികൾക്ക് കൗതുകം തോന്നാം. വംശഹത്യയുടെ ഭീകരത  മനസ്സിലാകുമ്പോൾ ആ കൗതുകം വിട്ടുമാറും. റുവാണ്ടയിലെ ട്വോയൽ സ്ലെങ് മ്യൂസിയത്തിൽ കയറിയപ്പോൾ ഞാൻ കരഞ്ഞുപോയി.

Atomic Dome
ജപ്പാനിലെ ഹിരോഷിമ സ്മാരകം

കൂട്ടക്കുരുതി ടൂറിസമാക്കി (Genocide Tourism) മാറ്റിയ ശേഷം ഏറ്റവുമധികം സന്ദർശകരെത്തുന്നതു മൂന്നു സ്ഥലങ്ങളിലാണ് – കംബോഡിയ, റുവാണ്ട, ബോസ്നിയ. ആഷ്‌വിസ്, ഹിരോഷിമ, അർമേനിയ, ഡചാവു, ബുഷൻവാൾഡ് എന്നിവയാണ് മറ്റു സ്ഥലങ്ങൾ. ആയിരക്കണക്കിനാളുകളെ ക്രൂരമായ പീഡനത്തിന് ഇരയാക്കി കൊന്നൊടുക്കിയ സ്ഥലങ്ങളാണ് ഇതെല്ലാം. ഗൂഗിളിന്റെ ഇമേജ് സെക്‌ഷനിൽ തിരഞ്ഞാൽ ആ ക്രൂരത എത്രമാത്രം ഭീകരമായിരുന്നുവെന്നു  മനസ്സിലാക്കാം. കയ്യും കാലും കെട്ടി എല്ലുകൾ തല്ലിയൊടിക്കുന്നതിന്റെയും ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുന്നതിന്റെയും രേഖാചിത്രങ്ങൾ ഓൺലൈനിലുണ്ട്.

മനുഷ്യരെ കൊന്നൊടുക്കിയ സ്ഥലങ്ങൾ ടൂറിസം കേന്ദ്രമായി മാറുന്നതിന്റെ ശരി – തെറ്റുകൾ ചോദ്യം ചെയ്ത് വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്. ഈ ചർച്ചകൾ ജെനോസിഡ് ടൂറിസത്തിന്റെ പ്രചാരം വർധിപ്പിച്ചു. മനുഷ്യത്വം എന്ന വാക്കിന്റെ യഥാർഥ അർഥം എന്താണെന്നു മനസ്സിലാക്കാൻ ജീവിതത്തിൽ ഒരിക്കൽ ഏതെങ്കിലുമൊരു ‘ജെനോസിഡ് ടൂറിസം കേന്ദ്രം’ സന്ദർശിക്കണമെന്നാണ് എന്റെ അഭിപ്രായം.

മരണം എന്നതൊരു യാഥാർഥ്യമാണ്, ഇന്നല്ലെങ്കിൽ നാളെ എല്ലാവരും നേരിടേണ്ടുന്ന യാഥാർഥ്യം. എന്നു കരുതി, ഒരാൾക്ക് മറ്റൊരാളുടെ ജീവനെടുക്കാൻ അധികാരമുണ്ടോ?  ഓരോ മനുഷ്യന്റെയും വേർപാട് ഒരു അമ്മയെ, ഭാര്യയെ, അച്ഛനെ, മകനെ, ബന്ധുക്കളെയൊക്കെ വേദനിപ്പിക്കും. ഉറ്റവരും ബന്ധുക്കളും കൺമുന്നിൽ കൊല്ലപ്പെടുന്നതിനു സാക്ഷ്യം വഹിച്ച ‘ജെനോസിഡ്’ ഇരകളുടെ ബന്ധുക്കൾ ഓർമകളിൽ വെന്തുരുകി ജീവിക്കുന്നവരാണ്. അവരിൽ ചിലരെ ഞാൻ  പരിചയപ്പെട്ടു.

റുവാണ്ടയിലെ ‘ന്യാമത ജെനോസിഡി’ന്റെ മേൽനോട്ടച്ചുമതല വഹിക്കുന്നയാണ് ലിയോൺ മ്യൂബെ. 1994ൽ നടന്ന കൂട്ടക്കുരുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ തലയോട്ടികളും അസ്ഥിയുമാണ് ന്യാമതയിലുള്ളത്. ‘‘എനിക്കു  ബന്ധുക്കളെയെല്ലാം നഷ്ടപ്പെട്ടു. ഒരുപക്ഷേ അവരുടെ മൃതദേഹം കുഴിച്ചിട്ടിരിക്കുന്നത് ഇവിടെയായിരിക്കാം.’’ കൂട്ടിയിട്ട തലയോട്ടികളുടെ സമീപത്തേക്ക് കൈ ചൂണ്ടി ലിയോൺ പറഞ്ഞു. ജെനോസിഡ് സന്ദർശകരിൽ നിന്നു കിട്ടുന്ന വരുമാനമാണ് ലിയോണിനെപ്പോലെ കുറെയാളുകളുടെ ജീവിത മാർഗം. ന്യാമത സന്ദർശിക്കാൻ ദിവസവും നൂറിലേറെപ്പേർ എത്തുന്നുണ്ട്. ‘‘നെഞ്ചു പൊട്ടുന്ന വേദന ഉള്ളിലൊതുക്കിയാണ് അതു കണ്ടു നിൽക്കാറുള്ളത്’’ മുഖഭാവത്തിൽ യാതൊരു വ്യത്യാസവും വരുത്താതെ ലിയോൺ പറഞ്ഞു.

റുവാണ്ടയിൽ 1994ൽ പത്തു ലക്ഷം പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ബോസ്നിയയിൽ 1995ൽ നടന്ന കൂട്ടക്കുരുതിയിൽ സെർബ് വംശജരായ എണ്ണായിരം പേർ കൊല്ലപ്പെട്ടു. റുവാണ്ടയിൽത്തന്നെ വേറെ എട്ടു സ്ഥലങ്ങളിൽ  ഇതുപോലെ വംശഹത്യ നടന്നിട്ടുണ്ട്. കിഗാലി പ്രദേശത്തിനു സമീപത്താണ് ഏറെയും. എന്തിനാണ് ഇത്രയും ആളുകളെ കൊലപ്പെടുത്തിയതെന്നു ചോദിച്ചാൽ ഒരേയൊരു മറുപടി – വംശീയ വിദ്വേഷം; മറ്റൊരു വംശത്തിൽ പിറന്നയാളുകളോടുള്ള വെറുപ്പ്!

വംശഹത്യ നടന്ന സ്ഥലം സന്ദർശിച്ച രാത്രികളിലൊന്നും എനിക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. കംബോഡിയയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ഫോട്ടോകൾ ട്വോയൽ മ്യൂസിയത്തിന്റെ ചുമരിൽ പതിച്ചിട്ടുണ്ട്. ആ ഹാളിൽ കയറിയപ്പോൾ ഞാൻ ചങ്കലച്ചു നിലവിളിച്ചു. ഇനിയൊരിക്കലും അങ്ങോട്ടു പോകില്ലെന്നു ദൃഡനിശ്ചയമെടുത്തു. തലയോട്ടി പിളർന്നു മരിച്ച കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ മുഖം ഒരിക്കൽക്കൂടി കാണാൻ എനിക്കു വയ്യ. മനുഷ്യത്വം എന്താണെന്ന് ഞാൻ അവിടെ നിന്നു തിരിച്ചറിഞ്ഞു. അത്രയും ആളുകളെ കൊല്ലാൻ ഉത്തരവിട്ടയാൾ എന്തു നേടി? എനിക്കറിയില്ല.

ജെനോസിഡ് സന്ദർശിച്ച എല്ലാവരും ഇതുപോലെ മാനസിക സംഘർഷം അനുഭവിച്ചിട്ടുണ്ടാകുമോ? അതിനെക്കുറിച്ചറിയാൻ എനിക്ക് ആകാംക്ഷ തോന്നി. എന്നെപ്പോലെ ഉലകം ചുറ്റുന്ന ചില സഞ്ചാരികളുടെ അഭിപ്രായം തേടി.

​സാറ

വംശഹത്യ നടന്ന പത്തു സ്ഥലങ്ങൾ സന്ദർശിച്ചിട്ടുള്ള ബ്ലോഗറാണ് സാറ യെല്ലോ. The five foot traveler എന്ന വെബ് സൈറ്റിലെ യാത്രാ വിവരണങ്ങളിലൂടെ ലോക പ്രശസ്തയാണ് സാറ. ജെനോസിഡ് സന്ദർശിച്ചതിന്റെ അനുഭവങ്ങൾ ഞാൻ സാറയോടു ചോദിച്ചു.

Killing Fields gravesite
വിയറ്റനാമിൽ കൊല്ലപ്പെട്ടവരുടെ തലയോടുകൾ

‘‘ലോകം മുഴുവൻ യാത്ര ചെയ്യുന്നതിനിടെ വംശഹത്യയുടെ കളങ്ങളിലും എത്തിപ്പെട്ടു. കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഇനിയൊരിക്കലും അത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെട്ടരുത്. വംശഹത്യ എന്താണെന്ന് ഒരാളെ പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ആ സ്ഥലം നേരിട്ടു കാണുമ്പോൾ മാത്രമേ ഭയാനകമായ അവസ്ഥ മനസ്സിലാകൂ. അവിടെ കാണുന്ന ഫോട്ടോകൾ, തലയോട്ടികൾ എല്ലാം നമ്മളെപ്പോലെയുള്ള മനുഷ്യരുടേതാണ്. ജീവിച്ചു മരിക്കാൻ അവരെ അനുവദിച്ചില്ല. കൂട്ടത്തോടെ ഇല്ലായ്മ ചെയ്തു. വെറുതെ തള്ളിക്കളയാൻ പറ്റുന്ന കാര്യമാണോ അത്?’’ സാറ ചോദിക്കുന്നു.

കൂട്ടക്കുരുതിയിൽ കൊല്ലപ്പെട്ടവരുമായി നേരിട്ടു യാതൊരു ബന്ധവുമില്ലെങ്കിലും ആ ദൃശ്യം എന്റെ മനസ്സിനെ വേദനിപ്പിച്ചു, ഞാൻ കരഞ്ഞു. സാറയ്ക്കെന്തു തോന്നി?

‘‘ഒരു കൂട്ടം മനുഷ്യർക്കു സംഭവിച്ച ദുരന്തം കണ്ടപ്പോ ൾ ഞാൻ ഞെട്ടിത്തരിച്ചു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇനിയൊരിക്കലും, ഒരിടത്തും കൂട്ടക്കുരുതികളോ വംശഹത്യകളോ സംഭവിക്കരുത്. നമുക്കു പരിചയമില്ലാത്ത, നമ്മുടെ ആരുമല്ലാത്തവരാണ് കൊല്ലപ്പെട്ടത്, ശരി തന്നെ. അതിൽ സങ്കടപ്പെടാനില്ലെന്നു നിങ്ങൾ കരുതുന്നുണ്ടോ?’’ സാറ ചോദിച്ചു.

കില്ലിങ് ഫീൽഡ്

ഒരു രാജ്യത്തെ ആകെ ജനസംഖ്യയുടെ പകുതിയാളുകൾ മൂന്നു വർഷത്തിനിടെ കൊല്ലപ്പെട്ടു. വംശീയഹത്യ നടന്നതു കംബോഡിയയിലാണ്. ഏകാധിപതിയായ പോൾപോട്ട് എന്ന ഭരണാധികാരി നടത്തിയ കൂട്ടക്കൊല ഖമർ റോഗ് എന്നാണ് അറിയപ്പെടുന്നത്. കൂട്ടക്കുരുതി നടത്തിയിരുന്ന സ്ഥലം പിന്നീട് ‘കില്ലിങ് ഫീൽഡ് ’ എന്ന് അറിയപ്പെട്ടു. അക്കാലത്ത് കൊല ചെയ്യപ്പെട്ടവരുടെ തലയോട്ടിയും ശേഷിപ്പുകളും ചിയോങ് ഇക് എന്ന സ്ഥലത്ത് സംരക്ഷിച്ചിട്ടുണ്ട്. ജെനോസിഡ് ടൂറിസം ആരംഭിച്ച ശേഷം ഈ സ്ഥലത്തേക്കു സന്ദർശക പ്രവാഹമാണ്.

genocide-tourism4

പോൾ പോട്ട് എന്ന പേരിനെക്കുറിച്ചു ഗൂഗിളിൽ തിരഞ്ഞുണ്ടാക്കിയ വിവരങ്ങളുമായി കംബോഡിയയിൽ ചെന്നിറങ്ങിയ എന്റെ മനസ്സും ശരീരവും മരവിച്ചു. 2009ലാണ് ഞാൻ അവിടെ എത്തിയത്. ഷിയോങ് ഇക് ജെനോസിഡൽ സെന്റർ എന്ന സ്ഥലം ജനത്തിരക്കുള്ള ടൂറിസ്റ്റ് കേന്ദ്രമാണ്.

കംബോഡിയയിൽ പതിനായിരക്കണക്കിനാളുകളാണ് കൂട്ടക്കുരുതി ചെയ്യപ്പെട്ടത്. അവരുടെ തലയോട്ടി കൂനയാക്കി അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അതിനിടയിലൂടെ നടക്കുന്ന ഒരാളുടെ മാനസികാവസ്ഥയെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടല്ലോ. ഇന്ത്യൻ ട്രാവൽ ബ്ലോഗർ അ കാൻഷ ദുരേജ ഇതുപോലുള്ള സ്ഥലങ്ങൾ സന്ദർശിച്ച് വികാരഭരിതമായ കുറിപ്പുകൾ എഴുതിയിട്ടുണ്ട്. ജെനോസിഡ് സന്ദർശിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ അകാൻഷ ഗൗരമേറിയ വാക്കുകളിലാണ് വിശദീകരിച്ചത്. വംശഹത്യക്ക് ഇരയായ ആൻ ഫ്രാങ്ക് എഴുതിയ The diary of a young girl എന്ന അനുഭവക്കുറിപ്പുകൾ വായിച്ച് ജെനോസിഡ് കേന്ദ്രങ്ങൾ കാണാൻ ഇറങ്ങിത്തിരിച്ചയാളാണ് അകാൻഷ.

genocide-tourism1
നാസികളുടെ പീ‍ഡന ക്യാംപിലെ ചൂള

‘‘നിഷ്കളങ്കരായ ഒരുപറ്റം മനുഷ്യർ കൊല്ലപ്പെടുന്നു. അവർക്കു ജീവൻ നഷ്ടപ്പെട്ടത് അപകടത്തിൽപ്പെട്ടല്ല. ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ടുപോയി തല്ലിക്കൊല്ലുകയായിരുന്നു. ഞാൻ ജർമനിയിലെ ഡാഷു കോൺസൻട്രേഷൻ ക്യാംപ് സന്ദർശിച്ചു. ജെനോസിഡ് കേന്ദ്രത്തിൽ കാലു കുത്തിയപ്പോൾ എന്റെ ശരീരം വിറങ്ങലിച്ചു. സ്കൂൾ കുട്ടികളുമായി ഒരു സംഘം അധ്യാപകർ അവിടെ വന്നു. മനുഷ്യ ജീവന്റെ വിലയും നൈമിഷികതയും കുട്ടികളെ പഠിപ്പിക്കാൻ ആ ഒരു സന്ദർശനം മാത്രം മതി. ’’ അകാൻഷ പറഞ്ഞു.

അകാൻഷ ദുരേജ

കുരുതിക്കളങ്ങളെല്ലാം ഒരേ സന്ദേശമാണു കൈമാറുന്നത് – മനുഷ്യത്വം. ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുന്നവർ അതിന്റെ ഗൗരവം മനസ്സിലാക്കണം. വിരലുകൾ മടക്കി വിജയ ചിഹ്നം കാണിച്ച് ഫോട്ടോ എടുക്കാനുള്ള സ്ഥലമല്ല അത്. പുഞ്ചിരിക്കുന്ന നിങ്ങളുടെ സുന്ദരമായ മുഖത്തിനോടു ചേർത്തു വയ്ക്കാൻ പറ്റിയ സീനറിയുമല്ല.  അവിടെ കൂടിക്കിടക്കുന്ന തലയോട്ടികൾക്കു ചുറ്റും പുഞ്ചിരിക്കാൻ മറന്നു പോയ ഒരുകൂട്ടം ആളുകളുണ്ടെന്ന കാര്യം ഓർക്കുക. അർമേനിയൻ – അമേരിക്കൻ വംശജയായ ലൂസി സ്പാക് എന്നോടു പറഞ്ഞ കാര്യങ്ങൾ ഇവിടെ കുറിക്കട്ടെ.

‘‘എല്ലാ രാജ്യങ്ങളിലും കൂട്ടക്കുരുതികളുണ്ടായിട്ടുണ്ട്. 1915ൽ അർമേനിയൻ വംശജരെ തിരഞ്ഞു പിടിച്ച് കൊന്നൊടുക്കി. എന്റെ മുത്തച്ഛനും മുത്തശ്ശിയും കൊലപാതകികളുടെ കയ്യിൽ നിന്നു രക്ഷപെട്ടു. മതപരമായ വിവേചനമാണ് അന്നത്തെ കൂട്ടക്കൊലയ്ക്കു കാരണമെന്ന് മുത്തശ്ശി എന്നോടു പറഞ്ഞിട്ടുണ്ട്. ആദ്യമായി അർമേനിയയിൽ പോയ സമയത്ത് എനിക്ക് 12 വയസ്സേ ഉണ്ടായിരുന്നുള്ളൂ.  അർമേനിയൻ ജെനോസിഡ് സ്മാരകം സന്ദർശിച്ചപ്പോൾ പൂർവികരെ ഓർത്ത് ഞാൻ അഭിമാന പുളകിതയായി. പതിനഞ്ചു ലക്ഷം അർമേനിയക്കാരെയാണ് അന്നു കൊലപ്പെടുത്തിയത്. പക്ഷേ, അമേരിക്കയുടെ ചരിത്ര ഗ്രന്ഥങ്ങളിലെവിടെയും കറുത്ത അധ്യായം കുറിക്കപ്പെട്ടില്ല. തുർക്കിയിലെ ഭരണകൂടമാണ് എല്ലാറ്റിനും കാരണം. ഇപ്പോഴും കൂട്ടക്കുരുതിയുടെ ഉത്തരവാദിത്തം അവർ ഏറ്റെടുത്തിട്ടില്ല.’’ ലൂസിയുടെ വാക്കുകളെ അകാൻഷ കുറിച്ചിടുന്നു.

genocide-tourism5
കംബോഡിയൻ കില്ലിങ് ഫീൽഡിനു മുൻപിൽ ലേഖിക

‘ഹിരോഷിമ സമാധാന സ്മാരക മ്യൂസിയ’ത്തെക്കുറിച്ചും അകാൻഷ എഴുതിയിട്ടുണ്ട്. അമേരിക്ക ഹിരോഷിമയിൽ അണു ബോംബിട്ട വർഷവും തീയതിയും സ്കൂളിൽ പഠിക്കുമ്പോൾ മനപ്പാഠമാക്കിയിട്ടുള്ളരാണ് നമ്മളെല്ലാം. പക്ഷേ, അതിന്റെ തീവ്രത മനസ്സിലാക്കിയത് ഹിരോഷിമയിൽ ചെന്നപ്പോഴാണെന്ന് അകാൻഷ പറയുന്നു. സ്ഫോടനത്തിൽ തകർന്നടിഞ്ഞ കെട്ടിടങ്ങളും ചിന്നിച്ചിതറിയ മൃതദേഹങ്ങളും വ്യക്തമാക്കുന്ന ഒരു ഫോട്ടോ പോലും ഇല്ല. ‘ജാപ്പനീസ്’ എന്ന ദേശീയ വികാരം ശക്തിപ്പെടുത്തിയ ദുരന്തമായിരുന്നു അത്. ജപ്പാനിലെ പുതുതലമുറ ജനത പ്രതികാരദാഹികളായി ജീവിക്കുന്നില്ല. വേദനകളെല്ലാം നെഞ്ചിലൊതുക്കി അവർ നിവർന്നു നിൽക്കുന്നു. – അകാൻഷ പറഞ്ഞവസാനിപ്പിച്ചു.

മരണവീട്ടിലെ മര്യാദകൾ

ടൂറിസവും വംശഹത്യയും തമ്മിൽ കൂട്ടിയിണക്കുന്നതിൽ ന്യായമില്ല. എന്നാൽ, ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള ലക്ഷക്കണക്കിനാളുകൾ ജെനോസിഡ് കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തുന്നുണ്ട്.

 Ntarama church massacre Rwanda Genocide
റുവാണ്ടയിൽ കൊല്ലപ്പെട്ടവരുടെ വസ്ത്രങ്ങളും ശേഷിപ്പുകളും സൂക്ഷിക്കുന്ന ചാപ്പൽ

കൂട്ടക്കുരുതിയുടെ ആഘാതം എത്രമാത്രം ഭീകരമാണെന്നു മനസ്സിലാക്കിയ ശേഷം അവിടങ്ങളിൽ സന്ദർശനം നടത്തണമെന്നാണ് എന്റെ അപേക്ഷ. അവിടെ നിങ്ങൾ പകർത്തുന്ന ഫോട്ടോകൾ സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്യാനുള്ള കൗതുക ചിത്രങ്ങളായി മാറരുത്.

മരണ വീട്ടിൽ പാലിക്കുന്ന മര്യാദകളോടെ, മരണത്തോടുള്ള നിസംഗത നിറഞ്ഞ മൗനത്തോടെ വംശഹത്യയുടെ ദുരന്തം കണ്ടു മനസ്സിലാക്കുക. ഇനിയൊരിക്കലും ഒരിടത്തും അത്തരം ദുരന്തങ്ങളുണ്ടാവാൻ അനുവദിക്കില്ലെന്ന് ഓരോരുത്തരും പ്രതിജ്ഞയെടുക്കുക. .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA