sections
MORE

ഉണ്ണി പിറന്ന മണ്ണിൽ

SHARE

ക്രിസ്മസ് കാർഡുകളിൽ കാണുന്നതിനു വ്യത്യസ്തമായി, യേശു പിറന്ന സ്ഥലം പാറയിൽ വെട്ടിയെടുത്ത ഒരു ചെറുഗുഹയാണ്. വെളിച്ചം വേണ്ടത്ര ഇല്ലാത്ത ഒരു ഗുഹ. തിരുപ്പിറവി ദേവാലയത്തിന്റെ അതിവിശാലമായ അൾത്താരയുടെ വലതുഭാഗത്തു കൂടി മുന്നോട്ട് നീങ്ങുമ്പോൾ, താഴെയുള്ള ഈ ഗുഹയിലേക്കിറങ്ങുവാനുള്ള പടിക്കെട്ടുകൾ കാണാം. ആ 18 പടിക്കെട്ടുകൾ ഇറങ്ങി നാം ചെല്ലുന്നത് ഗ്രോട്ടോ ഓഫ് നേറ്റിവിറ്റി എന്ന ഗുഹയിലേക്കാണ്.

അവിടുത്തെ പ്രധാന കാഴ്ച ഒരു വെള്ളിനക്ഷത്രമാണ്. യേശു പിറന്നു വീണത് ഇവിടെയായിരുന്നു എന്നതാണ് പാരമ്പര്യ മതം. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ അധീനതയിലാണ് ഈ ഗ്രോട്ടോ. ആട്ടിടയന്മാരായ ബെദൂവിയൻ ഗോത്രവർഗക്കാർ, വളർത്തു മൃഗങ്ങൾക്ക് ആഹാരം നൽകാൻ വെട്ടിയുണ്ടാക്കുന്ന പാത്രങ്ങളുടെ ആകൃതിയാണ് ആ നക്ഷത്രക്കൂടിനുള്ളത്. 

jingle-bells-3-part

വെള്ളിനക്ഷത്രത്തിൽ 14 ആരക്കാലുകളാണ് ഉള്ളത്. അതിനൊരു പ്രത്യേക അർത്ഥം ഉണ്ട്. മത്തായി എഴുതിയ സുവിശേഷത്തിന്റെ ആദ്യ അധ്യായത്തിൽ യേശുക്രിസ്തുവിന്റെ വംശാവലി പട്ടിക രേഖപ്പെടുത്തിയിരിക്കുന്നു. അബ്രഹാം മുതൽ ദാവീദ് വരെ 14 തലമുറകൾ, ദാവീദ് മുതൽ പ്രവാസം വരെ 14, തുടർന്ന് ക്രിസ്തുവരെ 14 തലമുറകൾ എന്നിങ്ങനെയാണ് രേഖ. അത് സൂചിപ്പിക്കുവാൻ വേണ്ടിയാണ് 14 ആരക്കാലുകൾ ഉള്ളത്. നക്ഷത്രത്തിന്റെ എതിർഭാഗത്ത് ഒരു ചെറിയ പുൽക്കൂടുണ്ട്. യേശുവിനെ കീറ്റുശീലയിൽ പൊതിഞ്ഞ് കിടത്തിയത് ഇവിടെയാണെന്ന് കരുതപ്പെടുന്നു.

    

jingle-bells-3-part1

ഡിസംബർ 24–ാം തീയതിയിലെ പാതിരാ കുർബ്ബാന നടക്കുന്നത് നേറ്റിവിറ്റി ചർച്ചിനോട് ചേർന്നുള്ള സെന്റ് കാതറിൻ ദേവാലയത്തിലാണ്. ദൃശ്യമാധ്യമങ്ങളിൽ നാം കാണുന്നത് ഇവിടുത്തെ ആഘോഷങ്ങളാണ്. നാലാം നൂറ്റാണ്ടിൽ ക്രിസ്തുവിശ്വാസം സ്വീകരിച്ചതിന്, മാക്സെന്റിയസ് ചക്രവർത്തിയാൽ കൊല്ലപ്പെട്ട, ഈജിപ്തിലെ രക്തസാക്ഷി വനിതയാണ് സെന്റ് കാതറിൻ. അവരുടെ പേരിലുള്ള ഈ ദേവാലയം 1882ൽ പണിയപ്പെട്ടു. ഇതിന്റെ താഴെ, പാറയിൽ വെട്ടിയെടുത്ത നിരവധി ഗുഹകളുണ്ട്. പല പേരിലുള്ള ചാപ്പലുകളാണ് അവ ഇന്ന്.

ബൈബിള്‍ ലത്തീൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട സെന്റ് ജെറോം, യെഹൂദന്മാരുടെ രാജാവായി പിറന്ന യേശുവിന്റെ ജനനവാർത്തയറിഞ്ഞ് ഭയപരവശനായ ഹെരോദാ രാജാവിനാൽ കൊല്ലപ്പെട്ട നിരപരാധികളായ ശിശുക്കൾ, ഉണ്ണിയേശുവിനെയും കൊണ്ട് ഈജിപ്തിലേക്ക് പാലായനം 

ചെയ്യുവാൻ നിയോഗം ലഭിച്ച യോസേഫ് എന്നിവരുടെയൊക്കെ പേരിൽ ഈ ചാപ്പലുകൾ അറിയപ്പെടുന്നു.

യൗസേബിയസ്, പൗള, അവരുടെ മകൾ യുസ്ടോക്കിയം എന്നിവരുടെ കല്ലറയും ഇവിടെയുണ്ട്. ഇവിടെ അടക്കിയ ജെറോമിന്റെ ഭൗതികാവശിഷ്ടങ്ങൾ പിന്നെ റോമിലേക്ക് കൊണ്ടു പോയി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA