കുറഞ്ഞ ചെലവിൽ വിദേശയാത്ര നടത്താം

x-default
SHARE

യാത്രകൾ ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. വിദേശയാത്രകൾ പോകാൻ പലർക്കും താല്‍പര്യമുണ്ടെങ്കിലും ധനത്തിന്റെ അപര്യാപ്തത മിക്കവരുടെയും വിദേശയാത്ര എന്ന സ്വപ്നത്തെ പുറകോട്ടു വലിക്കുകയാണ് പതിവ്. എന്നാൽ കയ്യിലുള്ള ചെറിയ തുക കൊണ്ട് പോയിവരാൻ കഴിയുന്ന കുറെ രാജ്യങ്ങളുണ്ട്. അവയെപ്പറ്റിയും യാത്രയ്ക്കും താമസത്തിനുമുള്ള ചെലവിനെപ്പറ്റിയും അറിഞ്ഞുവയ്ക്കുന്നത് ഒരു വിദേശയാത്രയ്ക്കു പദ്ധതി തയാറാക്കുമ്പോൾ ഉപകാരപ്പെടാം. 

ചൈന 

വ്യത്യസ്തമായ സംസ്കാരവും പ്രത്യേകതകളുമുള്ള രാജ്യമാണ് ചൈന. നിരവധി കാഴ്ചകളൊരുക്കിയാണ് ചൈന സഞ്ചാരികളെ ആകർഷിക്കുന്നത്. പൗരാണിക സംസ്കാരത്തിന്റെ ഓർമകളും പേറി നിൽക്കുന്ന വൻമതിലിൽനിന്നു തന്നെ ആ സുന്ദര കാഴ്ചകളിലേക്കുള്ള യാത്ര ആരംഭിക്കാം. ഫോർബിഡൻ സിറ്റിയും സമ്മർ പാലസും വാൺഫ്യൂജിങ്ങും ടെംപിൾ ഓഫ് ഹെവനും ചൈനയിലെ മനോഹര കാഴ്ചകളാണ്. കൂടാതെ, ലോകരാജ്യങ്ങളെ മുഴുവൻ വിസ്മയിപ്പിച്ച ഗ്ലാസ് നിർമിത പാലവും സിറ്റാങ് വാട്ടർ ടൗണും നിരവധി വെള്ളച്ചാട്ടങ്ങളുമൊക്കെ ആ നാടിനെ സഞ്ചാരികളുടെ പ്രിയ ഇടമാക്കുന്നു. തിരക്കേറിയ നഗരങ്ങളും മാർക്കറ്റുകളും മാംസാഹാരം നിറഞ്ഞ അന്നാട്ടിലെ പരമ്പരാഗത ഭക്ഷണങ്ങളും സുന്ദരമായ തടാകങ്ങളും മനോഹരമായ ഉദ്യാനങ്ങളും ആരെയും വശീകരിക്കും. 

ഇന്ത്യയിൽ നിന്നു ചൈനയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റിനു മാത്രമുള്ള ചെലവ്- 30,000 മുതൽ 33,000 രൂപ വരെയാണ്. ഒരു ദിവസത്തെ ചെലവ് ഏകദേശം 1500 മുതൽ 2000 രൂപ വരെയാകും.

തുർക്കി 

എട്ടു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യമെന്നതു തന്നെയാണ് ടർക്കിയുടെ ഏറ്റവും വലിയ സവിശേഷത. ചുറ്റിലും മൂന്നു കടലുകളും ആ നാടിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നു. ചരിത്രത്തോടും പൗരാണികതയോടും ഏറെ താല്പര്യമുള്ള സഞ്ചാരിയാണ് നിങ്ങളെങ്കിൽ ആദ്യം സന്ദർശിക്കേണ്ട സ്ഥലം ഇസ്തംബുൾ ആണ്. നിരവധി സംസ്കാരങ്ങളുടെ  കൂടിച്ചേരലുണ്ട് തുർക്കിയിൽ. ആ സംസ്കാരങ്ങളുടെ പ്രതിഫലനങ്ങളെല്ലാം അവിടുത്തെ നഗരവീഥികളിൽ നിന്നു തന്നെ കാണാം.

പകിട്ടാർന്ന കൊട്ടാരങ്ങളും മുസ്‌ലിം ആരാധനാലയങ്ങളും പൗരാണിക കാഴ്ചകളൊരുക്കുന്ന നഗരങ്ങളും കൊതിപ്പിക്കുന്ന വിഭവങ്ങളും ആസ്വദിക്കാതെ ഒരു സഞ്ചാരിക്കും തുർക്കിയിൽനിന്നു മടങ്ങുക സാധ്യമല്ല. കബാക് ബേ, ആരെയും വിസ്മയപ്പെടുത്തുന്ന ഒരു കാഴ്ചയാണ്. മലകളെ ചുറ്റിക്കിടക്കുന്ന കടൽ, പൈൻ മരങ്ങളും കുറ്റിച്ചെടികളും അലങ്കരിച്ചിരിക്കുന്ന പർവ്വതാഗ്രങ്ങൾ, ചിത്രശലഭങ്ങളുടെ താഴ്‌വര, അഗ്നിപർവത സ്ഫോടനത്തിന്റെ ഫലമായിയുണ്ടായ കപ്പാഡോസിയ, വായു നിറച്ച നൂറുകണക്കിനു ബലൂണുകൾ ആകാശത്തുകൂടി പാറി നടക്കുന്ന കപ്പാഡോസിയയിലെ ബലൂൺ റൈഡ്, വിലപേശി ഇഷ്ടപ്പെട്ട വസ്തുക്കൾ സ്വന്തമാക്കാൻ കഴിയുന്ന ഗ്രാൻഡ് ബസാർ തുടങ്ങിയ നിരവധി സുന്ദരമായ അനുഭവങ്ങൾ സമ്മാനിക്കാൻ തുർക്കിക്കു കഴിയും. 

മുംബൈയിൽനിന്നു തുർക്കിയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റിനു ചെലവ്- 25,000 രൂപയാണ്. ഒരു ദിവസത്തേക്കുള്ള ഏകദേശ ചെലവ് - ഏകദേശം 2500 രൂപയോളം വരും.

സിംഗപ്പൂർ 

അവിശ്വസനീയമായ നിരവധി കാഴ്ചകൾ, വ്യത്യസ്തമായ സംസ്കാരം, രുചികരമായ ഭക്ഷണം ഇത്രയുമാണ് സിംഗപ്പൂർ എന്ന രാജ്യത്തെ സഞ്ചാരികൾക്കിടയിൽ പ്രിയപ്പെട്ടതാക്കുന്നത്. ഉയരം കൂടിയ കെട്ടിടങ്ങൾ, ദ്വീപുകൾ, ചെറിയ ചെറിയ തെരുവുകൾ തുടങ്ങിയവയൊക്കെ സിംഗപ്പൂരിലെ ആകർഷക കാഴ്ചകളാണ്. ചെറിയ ചെലവിൽ സന്ദർശിച്ചു മടങ്ങാൻ കഴിയുന്ന മനോഹരമായ ഒരു ഏഷ്യൻ രാജ്യം എന്നപേരുള്ളതു കൊണ്ടുതന്നെ സിംഗപ്പൂർ കാണാൻ വർഷം മുഴുവൻ ധാരാളം സഞ്ചാരികളെത്താറുണ്ട്. ലയൺ സിറ്റി എന്നൊരു പേരുകൂടി സിംഗപ്പൂരിനുണ്ട്. അണിഞ്ഞൊരുങ്ങി നിൽക്കുന്ന ക്ഷേത്രങ്ങൾ ഇവിടുത്തെ നഗരങ്ങൾക്ക് മോടി കൂട്ടുന്നു.

singapore
സിംഗപ്പൂർ

കൊതിയൂറുന്ന വിഭവങ്ങൾ വിളമ്പുന്ന നിരവധി റസ്റ്ററന്റുകൾ, പലതരം വിഭവങ്ങൾ- ചിക്കൻ റൈസ്, ചില്ലി ക്രാബ്, ഫിഷ് ഹെഡ് കറി, ഓയിസ്റ്റർ ഓംലെറ്റ്, പോർക്ക് റിബ്‌സ്- തുടങ്ങിയവയെല്ലാം ഭക്ഷണപ്രിയരായ സഞ്ചാരികൾക്കിടയിൽ ഈ നാടിനെ പ്രിയപ്പെട്ടതാക്കുന്നു. കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭിക്കുന്ന സ്ഥിരം ഭക്ഷ്യമേളകളും ഇവിടുത്തെ നഗരങ്ങളിൽ കാണാം. വൃത്തിയും വെടിപ്പും നല്ല ഭക്ഷണവും ഇത്തരം ഭക്ഷ്യമേളകൾ സഞ്ചാരികൾക്കു വാഗ്ദാനം ചെയ്യുന്നു. 

SINGAPORE/
സിംഗപ്പൂർ

ഇന്ത്യയിൽനിന്നു സിംഗപ്പൂരിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റിനു മാത്രമുള്ള ചെലവ്- 20,000 രൂപ മുതൽ 25,000 രൂപ വരെയാണ്. ഒരു ദിവസത്തേക്കുള്ള ചെലവ് ഏകദേശം 3,000 മുതൽ 3,500 രൂപ വരെയാകും. ബുദ്ധിപരമായി നീങ്ങിയാൽ ചെലവ് നല്ലതുപോലെ കുറയ്ക്കാം. 

ഖത്തർ 

പശ്ചിമേഷ്യയിലെ അതിസുന്ദരമായ നാടുകളിലൊന്ന്.  വിനോദ സഞ്ചാരത്തിന്റെ വലിയ സാധ്യതകൾ മുമ്പിൽ കണ്ടുകൊണ്ടു സഞ്ചാരികൾക്കായി നിരവധി കാഴ്ചകളാണ് ഖത്തർ ഒരുക്കിയിരിക്കുന്നത്. അറബിക്കഥകളിലേതുപോലെ സ്വപ്ന സമാനമായൊരു രാജ്യമാണത്. പുരാതന ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന മ്യൂസിയവും പരിശുദ്ധമായ ദേവാലയങ്ങളും മണൽകൂനകൾ താണ്ടിയുള്ള മരുഭൂമിയിലെ സഫാരികളും ലോകോത്തര ഭക്ഷ്യശാലകളും സാഹസിക വിനോദങ്ങളുമൊക്കെ ഖത്തറിലുണ്ട്. ഇസ്‌ലാമിക കലാസൃഷ്ടികൾ പ്രദര്ശിപ്പിച്ചിട്ടുള്ള  മ്യൂസിയങ്ങൾ ഈ യാത്രയിൽ നിർബന്ധമായും സന്ദർശിക്കണം. മരുഭൂമികളിൽ ക്യാംപു സംഘടിപ്പിക്കാനും ആഘോഷങ്ങളുമായി കൂടാനുള്ള സൗകര്യങ്ങളും ഈ നാട് സഞ്ചാരികൾക്കായി കാത്തുവെച്ചിട്ടുണ്ട്. ഈ യാത്രയിൽ ആധുനികവും പൗരാണികവുമായ നിരവധി സ്ഥലങ്ങളും കാഴ്ചകളും ആസ്വദിക്കാം. 

qatar-city
ഖത്തർ സിറ്റി രാത്രികാഴ്ചയിൽ

ഇന്ത്യയിൽനിന്നു ഖത്തറിലേക്കു ഫ്ലൈറ്റ് ടിക്കറ്റിനു മാത്രമുള്ള ചെലവ്- 20,000 രൂപ മുതൽ 25,000 രൂപ വരെയാണ്. ഒരു ദിവസം ഏകദേശം 1000 മുതൽ 2000 രൂപ വരെ ചെലവു വരും. 

തയ്‌വാൻ 

മധുരക്കിഴങ്ങിന്റെ ആകൃതിയുള്ള കൊച്ചു രാജ്യമെന്നാണ് തയ്‌വാനെക്കുറിച്ചു തമാശയായി പറയാറ്. പക്ഷെ ഈ കൊച്ചു രാജ്യത്തെ കാഴ്ചകൾ ആരെയും ആകർഷിക്കത്തക്കതാണ്. ജനസാന്ദ്രത ഏറെയുള്ള ഒരു ദ്വീപുരാഷ്ട്രമാണിത്. പർവതങ്ങളും പച്ചപ്പുതപ്പണിഞ്ഞ വനങ്ങളും ഈ നാടിന്റെ പ്രത്യേകതയാണ്. സഞ്ചാരികൾക്കായി ധാരാളം വിനോദോപാധികളും കൗതുകകരമാർന്ന കാഴ്ചകളുമുണ്ട്. ചൈനീസ് വംശജരാണ് ഈ നാട്ടിലേറെയും. അതുകൊണ്ടുതന്നെ ഇവിടുത്തെ പരമ്പരാഗത ആഘോഷങ്ങൾക്കെല്ലാം ചൈനീസ് ഛായയുണ്ടാകും. ചിങ് മിങ് ഫെസ്റ്റിവൽ, ചൈനീസ് പുതുവർഷം, ഡ്രാഗൺ ബോട്ട് ഫെസ്റ്റിവൽ, ഹംഗ്റി ഗോസ്റ്റ് ഫെസ്റ്റിവൽ, മധ്യ ശരത്ക്കാല ആഘോഷം എന്നിവയാമാണ് തയ്‌വാനിലെ പ്രധാന ആഘോഷങ്ങൾ. ഈ സമയങ്ങളിൽ അവിടം സന്ദർശിച്ചാൽ മതിമറന്നാഘോഷിക്കാം. 

യാത്രയ്ക്ക് മാത്രമായി 15,000 മുതൽ 25,000 രൂപ വരെ ചെലവു വരാം. ഒരു ദിവസം 2,000 മുതൽ 3,000 രൂപ വരെ താമസത്തിനും ഭക്ഷണത്തിനുമായി ചെലവു വരും. 

മ്യാൻമർ 

മനോഹരമായ ഭൂപ്രകൃതിയും തിളങ്ങുന്ന പഗോഡകളുമാണ് മ്യാൻമറിൽ ആദ്യം തന്നെ കണ്ണിലുടക്കുക. സുവർണ ഭൂമി എന്നൊരു പേരു കൂടി മ്യാൻമറിനുണ്ട്. സ്തൂപങ്ങളും പഗോഡകളും സ്വർണ നിറത്തിൽ തിളങ്ങി നിൽക്കുന്നതു കൊണ്ടാണ് ആ പേരുലഭിച്ചത്‌. 

626515242
മ്യാൻമർ

പതിനായിരത്തിലധികം ബുദ്ധക്ഷേത്രങ്ങൾ മ്യാൻമറിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. കുന്നിൻ മുകളിലാണ് വലിയ ബുദ്ധക്ഷേത്രങ്ങളിൽ ഭൂരിഭാഗവും. മ്യാൻമറിന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന നദിയാണ് ഇരാവാഡി. ആ നദിയിലൂടെയുള്ള മനോഹര യാത്രയിൽ ഈ ദേവാലയങ്ങളുടെയെല്ലാം വിദൂര കാഴ്ച ദൃശ്യമാകും. ഷാൻ ഹിൽസിലെ പൈൻ മരക്കാടുകളിലൂടെയുള്ള ട്രെക്കിങ്ങും ബീച്ചിലെ വിനോദങ്ങളും തികഞ്ഞ സൗഹൃദം പുലർത്തുന്ന തദ്ദേശവാസികളും മ്യാൻമർ യാത്രയെ ഹൃദ്യമാക്കുമെന്നുറപ്പാണ്. 

മ്യാൻമർ സന്ദർശിക്കുന്നതിന് 18,000 രൂപ മുതൽ 30,000 രൂപ വരെ ചെലവ് വരും. ഒരു ദിവസത്തെ ഭക്ഷണത്തിനും താമസത്തിനും 1,750 മുതൽ 2000 രൂപ വരെ ചെലവു വരും.

റഷ്യ 

ലോകത്തിലേറ്റവും വലുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന റഷ്യ, സഞ്ചാരികൾക്കായി ധാരാളം സുന്ദര കാഴ്ചകൾ ഒരുക്കിവെച്ചിരിക്കുന്നു. തിളങ്ങുന്ന കൊട്ടാരങ്ങളും വലിയ മതിലുകളുള്ള കോട്ടകളും പുരാതന ദേവാലയങ്ങളുമൊക്കെയാണ് റഷ്യയിലെ പ്രധാന കാഴ്ചകൾ. മോസ്കോ നഗരവും സെന്റ്. പീറ്റേഴ്‌സ് ബർഗും സഞ്ചാരികൾ തീർച്ചയായും സന്ദർശിക്കേണ്ട ആ നാടിന്റെ നിധി എന്നറിയപ്പെടുന്ന രണ്ടു പ്രധാന നഗരങ്ങളാണ്. ചരിത്രപ്രാധാന്യമുള്ള പ്സ്കോവ്, സുഡാൽ എന്നിവ ഈ നഗരങ്ങളിൽനിന്ന് എളുപ്പം എത്തിച്ചേരാൻ കഴിയുന്ന രണ്ടു സുന്ദരഗ്രാമങ്ങൾ. ബൈക്കാൽ തടാകം, വാട്ടർ റാഫ്റ്റിങ്ങും  ട്രെക്കിങ്ങും നടത്താൻ കഴിയുന്ന അൽറ്റായി റിപ്പബ്ലിക്ക്, കൗക്കാസസിലെ മലകയറ്റം എന്നിവയൊക്കെ സഞ്ചാരികൾക്കു ആസ്വദിക്കാം. 

26,000 രൂപ മുതലാണ് ഫ്ലൈറ്റ് ടിക്കറ്റിനുള്ള തുക. ഒരു ദിവസം ഏകദേശം 3000 മുതൽ 5000 രൂപ വരെ ചെലവു വരും.

ചെക് റിപ്പബ്ലിക്ക്

മധ്യ കാലഘട്ടത്തിലെ ഗോഥിക് ശൈലിയിലുള്ള വലിയ വാസ്തുവിദ്യാ നിർമിതികളാണ് ഈ രാജ്യത്തിന്റെ മുഖമുദ്ര. യൂറോപ്പിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന രാജ്യങ്ങളുടെ കണക്കെടുത്താൽ അതിൽ ആദ്യ സ്ഥാനങ്ങളിൽ ചെക് റിപ്പബ്ലിക്കുമുണ്ട്. പഴമയുടെ സൗന്ദര്യം എല്ലായിടത്തും കാണാമെങ്കിലും നാഗരിക സംസ്കാരത്തിൽ ഒട്ടും പിന്നിലല്ല ഈ രാജ്യം. രുചി നിറഞ്ഞ ഭക്ഷണം വിളമ്പുന്നതിലും ഈ യൂറോപ്യൻ രാജ്യം ഒട്ടും പിന്നിലല്ല. വേനലിലാണ് ഇവിടെ ആഘോഷങ്ങൾ. സംഗീതവും നൃത്തവും വൈനും നിറഞ്ഞ ഈ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്ന, സഞ്ചാരികൾ നിരവധിയാണ്. 

43,000 രൂപ മുതലാണ് ഫ്ലൈറ്റ് ടിക്കറ്റിനുള്ള തുക. 3000 മുതൽ 6000 രൂപ വരെ ഒരു ദിവസം ചെലവു വരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA