കപ്പൽ നീറ്റിലിറക്കുന്നത് കണ്ടിട്ടുണ്ടോ; വിഡിയോ

ship-launch
SHARE

മനുഷ്യന്‍ ഉപയോഗിക്കുന്നതില്‍ വച്ച് ഏറ്റവു ഭാരം കൂടിയ വാഹനം ഏതെന്ന് ചോദിച്ചാല്‍ സംശയമില്ലാതെ കപ്പല്‍ എന്ന് ഉത്തരം പറയാം. വലിയൊരു കപ്പല്‍ നിര്‍മിക്കാന്‍ ശരാശരി രണ്ടു വര്‍ഷം സമയം ആവശ്യമാണ്. ഇങ്ങനെ കഷ്ടപ്പെട്ട് നിര്‍മിക്കുന്ന കപ്പലുകള്‍ നീറ്റിലിറക്കുക എന്നതാണ് നിര്‍മാതാക്കളുടെ ഏറ്റവും വലിയ വെല്ലുവിളി. വിമാനം പോലെയോ കാറുകള്‍ പോലെയോ ടയറുപയോഗിച്ച് കരയില്‍ കപ്പലിന് സഞ്ചരിക്കാനാകില്ല. അതുകൊണ്ട് തന്നെ കപ്പല്‍ വെള്ളത്തിലേക്ക് ഇറക്കുന്നതിന് പല മാര്‍ഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട്. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ഏറെ പണിപ്പെട്ട് നിര്‍മിച്ച കപ്പല്‍ മുങ്ങിപ്പോകാനോ, കപ്പല്‍ ഇറക്കുന്നതിനായി ശ്രമിക്കുന്നവരുടെ ജീവന്‍ തന്നെ അപകടത്തിലാകാനോ സാധ്യതയുണ്ട്. കപ്പല്‍ കടലിലിറക്കാന്‍ പ്രധാനമായും നിര്‍മാതാക്കള്‍ ഉപയോഗിക്കുന്നത് നാലു മാര്‍ഗങ്ങളാണ്.

AMAZING extreme Ship Launches

1 ഗുരുത്വാകര്‍ഷണ ബലം ഉപയോഗിച്ചുള്ള രീതികള്‍

പുറത്തു നിന്നു കൃത്രിമ ബലം ഉപയോഗിക്കാതെ തന്നെ കപ്പലിനെ കടലിലേക്ക് ഇറക്കുന്നതിനാണ് ഈ രീതികള്‍ ഉപയോഗിക്കുന്നത്. ഗുരുത്വാകര്‍ഷണ ബലത്തിന്റെ സഹായത്തോടെ മൂന്നു രീതിയിലാണ് കപ്പല്‍ വെള്ളത്തിലേക്ക് ഇറക്കുക.

∙ ലോംഗിറ്റ്യൂഡിനല്‍ സ്ലൈഡ്

ചരിവുള്ള പാളങ്ങളില്‍ എണ്ണ ഒഴിച്ച ശേഷം ഈ പ്രതലത്തിലൂടെ തെന്നി കപ്പല്‍ വെള്ളത്തിലേക്ക് ഇറക്കുന്ന രീതിയാണിത്. എത്ര ഭാരമുള്ള കപ്പലും ഈ രീതിയില്‍ വെള്ളത്തിലേക്ക് എത്തിക്കാനാകും. കപ്പല്‍ നിര്‍മാണ കാലം മുതല്‍ ഉപയോഗിച്ച് വരുന്ന രീതിയാണിത്. കപ്പല്‍ ചെല്ലുന്ന പ്രദേശം വലുപ്പമുള്ളതാകണം എന്നതാണ് ഈ രീതിയുടെ പരിമിതി. കപ്പല്‍ നീളത്തിലാണ് ഈ രീതി വഴി വെള്ളത്തിലേക്ക് ചെല്ലുക. അതുകൊണ്ട് തന്നെ വെള്ളത്തിലേക്ക് ഇറങ്ങിയ ശേഷവും ഇത് കൂടുതല്‍ ദൂരം സഞ്ചരിച്ചെന്നിരിക്കും. വിസ്തൃതിയുള്ള കായലുകളിലോ കടലിലോ മാത്രമേ ഈ രീതി ഉപയോഗിച്ച് കപ്പല്‍ നീറ്റിലിറക്കാനാകൂ.

ship-launch-1

∙  ലോംഗിറ്റ്യൂഡണല്‍ റോളര്‍ സ്ലൈഡര്‍

പാളത്തിലേക്ക് എണ്ണ ഒഴിക്കുന്നതിന് പകരം ഘര്‍ഷണം കുറയ്ക്കാന്‍ സ്റ്റീല്‍ റോളറുകള്‍ ഉപയോഗിക്കുന്നതാണ് ഈ രീതി.  കപ്പല്‍ വെള്ളത്തിലേക്ക് ഇറക്കുന്നത് മുകളിലത്തേതിന് സമാനമായ രീതിയിലാണ്. കപ്പല്‍ നിര്‍മ്മാണം ന‍ടന്നത് ഏറെ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന കപ്പല്‍ ശാലയിലാണെങ്കില്‍ ഈ മാര്‍ഗ്ഗമാണ് കപ്പലിനെ നീറ്റിലിറക്കാന്‍ ഉപയോഗിക്കുക. ഈ രീതി ഉപയോഗിക്കുമ്പോഴും കപ്പല്‍ ഇറങ്ങി ചെല്ലുന്ന പ്രദേശത്തിന് സാമാന്യം വിസ്തീര്‍ണ്ണം ആവശ്യമാണ്.

∙ സൈഡ് ഓയില്‍ സ്ലൈഡ് വേ

ലോംഗിറ്റൂഡിനല്‍ സ്ലൈഡിന്റെ അതേ മാര്‍ഗ്ഗമാണ് ഈ രീതിയിലും ഉപയോഗിക്കുന്നത്. എന്നാല്‍ കപ്പല്‍ മുന്നിലേക്ക് ഇറക്കുന്നതിന് പകരം വശങ്ങളിലേക്കാകും ഇറക്കുക എന്നു മാത്രം. കരയില്‍ നിന്ന് വെള്ളത്തിലേക്ക് പാളങ്ങള്‍ ചരിച്ച് കപ്പലിനെ തെന്നിയിറങ്ങാന്‍ അനുവദിക്കുന്നതിനാണ് ഈ രീതി. പാളങ്ങള്‍ ചരിക്കുന്നതിനൊപ്പം അവയില്‍ ഘര്‍ഷണം കുറയ്ക്കാന്‍ എണ്ണ ഒഴിക്കുകയും ചെയ്യും. ഈ രീതിയാണ് ഇന്നു കപ്പല്‍ വെള്ളത്തിലേക്ക് ഇറക്കാന്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത്.

വെള്ളത്തിലേക്ക് ഇറക്കുന്ന സമയത്ത് കപ്പല്‍ വശങ്ങളിലേക്ക് ചരിയാന്‍ സാദ്ധ്യതയുണ്ടെന്നതാണ് ഇതിലെ അപകടം. എന്നാല്‍ ഇത് വളരെ അപൂര്‍വ്വമായി മാത്രമേ സംഭവിക്കാറുള്ളൂ. ആഴം കുറഞ്ഞതും വീതിയില്ലാത്തതുമായ കനാലുകളിലും ഈ രീതി ഉപയോഗിച്ച് കപ്പല്‍ വെള്ളത്തിലേക്ക് ഇറക്കാന്‍ സാധിക്കും. അതായത് കപ്പല്‍ നിര്‍മ്മാണശാല കടലില്‍ നിന്ന് അല്‍പ്പം ദൂരെയായാലും കനാലിലൂടെ കപ്പല്‍ കടലിലേക്ക് എത്തിക്കാനാകും.

Biggest Ships Launch

2. ഡ്രൈ ഡോക്കിൽ കപ്പല്‍ നിര്‍മ്മിക്കുന്ന രീതി

ഈ രീതി ഉപയോഗിക്കുമ്പോള്‍ കപ്പല്‍ നിര്‍മിക്കുന്ന സ്ഥലത്തേക്ക് വെള്ളം എത്തിക്കുകയാണ് ചെയ്യുക. കടലിനോട് ചേര്‍ന്ന് കിടക്കുന്ന നിര്‍മാണ ശാലകളില്‍ ഈ രീതിയാണ് സൗകര്യപ്രദം. ചെലവ് കൂടുതലാണെങ്കിലും സുരക്ഷിതവുമാണ് ഈ രീതി. ഡ്രൈ ഡോക്കിലായിരിക്കും കപ്പല്‍ നിര്‍മിക്കുക. നിര്‍മാണം പൂര്‍ത്തിയാക്കുമ്പോള്‍ കപ്പല്‍ കടലിലേക്ക് ഇറക്കുന്നതിന് പകരം വെള്ളം ഡ്രൈ ഡോക്കിലേക്ക് എത്തിക്കും. തുടര്‍ന്ന് കപ്പല്‍ കടലിലേക്ക് അനായാസമായി എത്തിക്കാനാകും.

3. മെക്കാനിക്കല്‍ ലോംഞ്ചിങ്

യന്ത്രങ്ങളുടെ സഹായത്തോടെ കപ്പല്‍ വെള്ളത്തിലേക്ക് ഇറക്കുന്ന രീതിയാണ് മെക്കാനിക്കല്‍ ലോഞ്ചിങ്. ഇതിനായി ക്രെയിന്‍ മുതല്‍ ഹെലികോപ്റ്റര്‍ വരെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്തരം ലോഞ്ചിങ് ചെറു കപ്പലുകള്‍ക്ക് മാത്രമാണ് സാധ്യമാകുക. വലുപ്പം കൂടിയ യാത്രാ കപ്പലുകളും, ചരക്ക് കപ്പലുകളും ഈ രീതി ഉപയോഗിച്ച് കടലിലേക്ക് എത്തിക്കാനാകില്ല. ഈ രീതി ചിലവേറിയതും അപകടമേറിയതുമായതിനാല്‍ തന്നെ വളരെ ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ.

4. എയര്‍ ബാഗ് ലോഞ്ചിങ്

കപ്പല്‍ ലോഞ്ചിങ്ങിനുപയോഗിക്കുന്ന ഏറ്റവും സുരക്ഷിതമായ മാര്‍ഗമെന്ന നിലയിലാണ് എയര്‍ ബാഗ് ലോഞ്ചിങ്ങിനെ കാണുന്നത്. കാറ്റ് നിറച്ച റബ്ബര്‍ കൊണ്ടുള്ള ബാഗുകള്‍ക്ക് മുകളിലൂടെ കപ്പലിനെ ഉരുട്ടി വെള്ളത്തിലേക്ക് എത്തിക്കുന്നതാണ് ഈ രീതി. റബ്ബര്‍ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ കപ്പല്‍ എത്ര വലുതാണെങ്കിലും ബാഗ് പൊട്ടാനുള്ള സാദ്ധ്യത വളരെ കുറവാണ്. അവ പതിഞ്ഞ് ഉരുവശത്ത് നിന്നുള്ള സമര്‍ദത്തിലൂടെ കപ്പലിനെ മുന്നോട്ട് പോകാന്‍ അനുവദിക്കുകയും ചെയ്യും. എത്ര വലിയ കപ്പലും ഈ രീതി ഉപയോഗിച്ച് കടലിലേക്ക് എത്തിക്കാം.

ഓയില്‍ സ്ലൈഡറുകളും മറ്റും ഉപയോഗിക്കുമ്പോഴുള്ള മലിനീകരണവും റബ്ബര്‍ ബാഗുകള്‍ ഉപയോഗിക്കുമ്പോള്‍ ഒഴിവാക്കാന്‍ കഴിയും. എന്നാല്‍ വിസ്തൃതിയുള്ള പ്രദേശത്ത് മാത്രമെ ഈ രീതി ഉപയോഗിക്കാന്‍ കഴിയുകയുള്ളു എന്നതാണ് പരിമിതി. ലോംഗിറ്റ്യൂഡണല്‍ സ്ലൈഡിഗിംല്‍ എന്ന പോലെ കപ്പല്‍ മുന്നോട്ടാണ് ഈ രീതിയിലും ഇറക്കുക. ഈ സമയത്ത് കപ്പലിന് മുന്നോട്ട് കുതിക്കാന്‍ കൂടുതല്‍ സ്ഥലം ആവശ്യമാണ്. അതുകൊണ്ട് തന്നെ ചെറിയ കനാലുകളിലും മറ്റും ഈ രീതി ഉപയോഗിച്ചുള്ള ഷിപ്പ് ലോഞ്ചിങ് സാധ്യമല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA