സ്കൂളിൽ പോകുന്ന കുട്ടികൾക്കു നൽകണം ഈ ഭക്ഷണങ്ങൾ

tiffin
SHARE

സ്കൂളിൽ പോയി തുടങ്ങുന്ന കുട്ടികളുടെ കാര്യത്തിൽ അമ്മമാർക്കുള്ള ആശങ്ക മുഖ്യമായും ഭക്ഷണത്തെ ചൊല്ലിയാണ്. പാത്രത്തിൽ കൊടുത്തുവിടുന്ന ഭക്ഷണം കുട്ടിക്കു മതിയാകുമോ? ഭക്ഷണം മുഴുവൻ കഴിക്കുമോ? ഭക്ഷണം എങ്ങനെ പോഷകപ്രദമാക്കാം? എന്നിങ്ങനെ നൂറുകൂട്ടം സംശയങ്ങൾ മിക്ക അമ്മമാർക്കുമുണ്ടാകാം

അഞ്ചുതരം ഭക്ഷണം നൽകണം 

ജീവിതശൈലീരോഗങ്ങളായ പ്രമേഹത്തെയും ഹൃദ്രോഗത്തെയും, പ്രായമായാലും ഒരു പടി മുമ്പിലേക്കു മാറ്റി നിറുത്തുവാൻ ചെറുപ്രായത്തിലേ നല്ല ഭക്ഷണശീലങ്ങൾ  സഹായിക്കും. അഞ്ചു ഗ്രൂപ്പുകളുടെ മിശ്രണമായിരിക്കണം പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും രാത്രിഭക്ഷണവും. കാരണം, ശരീരത്തിന്റെ പോഷണത്തിന് അഞ്ചു വിഭാഗത്തിൽപ്പെട്ട ഭക്ഷണ സാധനങ്ങളാണ്  ആവശ്യം. ധാന്യങ്ങളാണ് ഒന്നാമത്തെ വിഭാഗം. ഇറച്ചി, മത്സ്യം, മുട്ട, പയർവർഗങ്ങൾ എന്നിവ രണ്ടാമത്തെ വിഭാഗത്തിലും, പാലും പാൽ ഉൽപന്നങ്ങളും മൂന്നാമത്തേതിലും പച്ചക്കറികളും പഴങ്ങളും നാലാമത്തെ വിഭാഗത്തിലും പെടുന്നു. എണ്ണ, പഞ്ചസാര, നെയ്യ്, തേങ്ങ എന്നിവ  അഞ്ചാം വിഭാഗത്തിലാണ്.

ബുദ്ധിക്കും ഏകാഗ്രതയ്ക്കും പ്രഭാതഭക്ഷണം

കുടുംബത്തിൽ മറ്റുള്ളവർക്കു  നൽകുന്ന ഭക്ഷണം തന്നെ കുട്ടിക്കും കൊടുക്കുക. കാലത്തു അര ഗ്ലാസ്സ് പാലിൽ കൂടുതൽ കൊടുക്കരുത്. 40 ശതമാനം കുട്ടികളും പ്രഭാതഭക്ഷണം കഴിക്കാറില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. പ്രഭാതഭക്ഷണം കഴിക്കുന്ന കുട്ടികളിൽ രോഗപ്രതിരോധശക്തിയും കണക്കു കൂട്ടുന്നതിനും ഏകാഗ്രതയ്ക്കും ഉള്ള കഴിവു കൂടുതലായാണു കാണുന്നത്. പ്രഭാതഭക്ഷണം കുട്ടികളിലെ അമിതവണ്ണവും രക്തത്തിലെ കൊളസ്ട്രോളിന്റെ  അളവും നിയന്ത്രിക്കുന്നതിനു സഹായിക്കും. കാത്സ്യം ഫോസ്ഫറസ്, വിറ്റമിൻ എ, സി, ബി 12, ഫോളിക്ക് ആസിഡ് മുതലായവയുടെ  അളവും പ്രഭാതഭക്ഷണം കഴിക്കുന്ന കുട്ടികളിലാണു മതിയായ അളവിൽ കാണുന്നത്. പ്രഭാതഭക്ഷണം ദോശയോ, ഇഡ്ഡലിയോ, പുട്ടോ, ഏത്തപ്പഴമോ ആവാം. അവയോടൊപ്പം കടലക്കറിയോ, മുട്ടയോ, സാമ്പാറോ കൊടുത്താൽ പോഷകസമൃദ്ധമായി. അരഗ്ലാസ്സ് പാലും ഇതിനൊപ്പം കൊടുക്കാം. ഭക്ഷണം തിരഞ്ഞുപിടിച്ചു കഴിക്കുന്ന കുട്ടികൾക്കു ചപ്പാത്തിയിലും ദോശയിലും പച്ചക്കറികൾ ഉടച്ചുചേർത്തു കൊടുക്കാം.

ഭക്ഷണം കഴിപ്പിക്കാൻ മാർഗങ്ങൾ

കുട്ടികളുടെ ഭക്ഷണത്തിൽ എപ്പോഴും വൈവിധ്യമുണ്ടാകണം. പ്രഭാതഭക്ഷണം തന്നെ ഉച്ച ഭക്ഷണമായി കൊടുത്തു വിടരുത്. കൂടുതൽ വെള്ളം ചേർത്തതോ, കുഴഞ്ഞതോ ഉണങ്ങിയതോ ആയവ ഉച്ചഭക്ഷണമായി നൽകരുത്. ദിവസവും ഒരു ഇലക്കറിയെങ്കിലും ഭക്ഷണത്തിന്റെ ഭാഗമാക്കണം. ദിവസവും ഒരു മുട്ട ഉൾപ്പെടുത്താം. ഓരോ പ്രാവശ്യം ഭക്ഷണം കൊടുക്കുമ്പോഴും കുറച്ചു പച്ചക്കറികൾ പ്ലേറ്റിൽ വയ്ക്കുക. ഇത് ഓരോ ദിവസവും ആവർത്തിക്കുക. ക്രമേണ കുട്ടി കഴിക്കാൻ  തുടങ്ങും. പച്ചക്കറികൾ ആകർഷകമായി പാചകം ചെയ്യുന്നതും വിളമ്പുന്നതും കുട്ടികൾ ഇഷ്ടപെടും. ചെറുപ്രായത്തിലെ പച്ചക്കറികളുടെയും പഴങ്ങളുടെയും ചിത്രങ്ങൾ കാണിച്ചു ഗുണം പറഞ്ഞുകൊടുക്കുക. കാരറ്റ് കണ്ണിനു നല്ലതെന്നും തക്കാളി തിന്നാൽ മുഖം തുടുക്കും എന്നൊക്കെ കേൾക്കുമ്പോൾ  കുട്ടിക്ക് ഇവയോടു താൽപര്യമുണ്ടാവും

സമ്പൂർണ ഉച്ചഭക്ഷണമാണു വെജിറ്റബിൾ പുലാവ്. അരി വേവിച്ചു ഗ്രാമ്പുവും പട്ടയും ചേർത്തു വേവിച്ച പച്ചകറികളും പട്ടാണിയും വഴറ്റിയ  സവാളയും  ചേർത്തു അൽപം നെയ്യും  ചേർത്തു പുലാവുണ്ടാക്കാം. കുറച്ചു മല്ലിയില ചേർത്താൽ രുചി വൈവിധ്യമുണ്ടാകും. ഇതോടൊപ്പം തൈരു ചേർത്തു സാലഡും ചേർത്താൽ അതും  സമീകൃത ഉച്ചഭക്ഷണമായി. തക്കാളിച്ചോറും മുട്ടയും സാലഡും ചേർത്തു കൊടുക്കുന്നതും നല്ലതാണ്. മുരിങ്ങയിലയോ. ചീരയോ, പലക്കോ മാവു കുഴയ്ക്കുമ്പോൾ തന്നെ ചേർത്ത് ചപ്പാത്തിയുണ്ടാക്കാം

നൂഡിൽസ് പച്ചക്കറി ചേർത്തു കഴിക്കാം

ഇടവേളകളിലും നാലുമണിക്കും അണ്ടിപരിപ്പോ ഈന്തപ്പഴമോ പഴങ്ങളോ നൽകാവുന്നതാണ്. നൂഡിൽസ് തനിയെ നൽകാതെ ധാരാളം പച്ചക്കറികളും  പട്ടാണിയും അല്ലെങ്കിൽ മുട്ടയും ചേർത്തുണ്ടാക്കുന്നതു നല്ലതായിരിക്കും. പുറമെ നിന്നു മേടിക്കുന്ന എണ്ണ പലഹാരങ്ങളായ സമൂസയും വടയും പൂരിയും ദിവസേന ശീലിപ്പിക്കരുത്.

രോഗപ്രതിരോധശക്തി കൂട്ടുവാനും ഭക്ഷണത്തിൽ ശ്രദ്ധിക്കണം. പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങളായ മത്സ്യം, ഇറച്ചി, നട്സ്, പയർപരിപ്പുവർഗങ്ങൾ, പാൽ, പാലുല്പന്നങ്ങൾ മുതാലയവ രോഗപ്രതിരോധശക്തി കൂട്ടുന്ന ആന്റി ബോഡിയുടെ അളവു ശരീരത്തിൽ വർധിപ്പിക്കും .വിറ്റമിൻ സി. അടങ്ങിയ  നെല്ലിക്കയും നാരങ്ങയും തക്കാളിയും ദിവസേന ഭക്ഷണത്തിലുൾപ്പെടുത്തുക. വിറ്റമിൻ എയും ബീറ്റാ കരോട്ടിനും  അടങ്ങിയ  ഇലക്കറികളും മഞ്ഞയും ഓറഞ്ചും നിറമുള്ള പഴങ്ങളും പച്ചക്കറികളും ആന്തരിക അവയവങ്ങളുടെ ആരോഗ്യത്തിനു നല്ലതാണ്. ഒമേഗാ —3 അടങ്ങിയ എണ്ണകളും നട്സുംമത്സ്യവും പ്രതിരോധശേഷിയും നൽകും. ദഹനവ്യവസ്ഥയെ  ആരോഗ്യമുള്ളതാക്കാനും പോഷകങ്ങളുടെ  ആഗിരണം ത്വരിതപെടുത്തുവാനും പ്രോബയോട്ടിക്കുകളായ തൈരും യോഗർട്ടും നല്ലതാണ്. ശരീരത്തിനാവശ്യമായ നല്ല ബാക്ടീരിയകളുടെ അളവു വർധിപ്പിക്കുവാൻ ഇവയ്ക്കു സാധിക്കും. ദിവസേന ഒരു ടീസ്പൂൺ തേൻ ശീലിപ്പിക്കുന്നതും നല്ലതാണ്

കുട്ടികൾ ധാരാളം വെള്ളം കുടിക്കുന്നുണ്ട് എന്നും ഉറപ്പു വരുത്തണം. വൃത്തിയുള്ള ഫുഡ് ഗ്രേഡ് ഉള്ള വാട്ടർബോട്ടിലുകളിൽ തിളപ്പിച്ചാറിയ വെളളമോ , നാരാങ്ങാവെള്ളമോ ,സംഭാരമോ കൊടുത്തുവിടാം. മികച്ചതരം പ്ലാസ്റ്റിക്ക് കൊണ്ടുള്ള പാത്രങ്ങൾ വാങ്ങണം. ചൂടു ഭക്ഷണം താണതരം പ്ലാസ്റ്റിക്ക് പാത്രങ്ങളിൽ നൽകുന്നത് ദോഷം ചെയ്യും.

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA