യോനി പുനരുജ്ജീവിപ്പിക്കാന്‍ നടത്തുന്ന ചികില്‍സകള്‍ക്കെതിരെ എഫ്ഡിഎയുടെ മുന്നറിയിപ്പ്

stomachpain
SHARE

വജൈനല്‍  റിജ്യൂവനേഷന്‍ അഥവാ യോനി പുനരുജ്ജീവിപ്പിക്കാന്‍ നടത്തുന്ന ചികില്‍സകള്‍ക്കെതിരെ എഫ്ഡിഎയുടെ മുന്നറിയിപ്പ്. അടുത്ത കാലത്തായി ഇത് അമേരിക്കയില്‍ വ്യാപകമായി പടര്‍ന്നു പിടിച്ചിരുന്നു. ഇതിനായി ഉപയോഗിക്കുന്ന ലേസര്‍ ബീമുകള്‍ ജീവന് തന്നെ അപകടകരമാണ് എന്നാണ് മുന്നറിയിപ്പ്.

യോനിക്ക് ബലക്കുറവ്, വരള്‍ച്ച, അറിയാതെ മൂത്രം പോകുന്ന അവസ്ഥ, ലൈംഗികബന്ധത്തിനു ശേഷമുള്ള വേദന എന്നിവയ്ക്കു പരിഹാമായാണ് വജൈനല്‍ റിജ്യൂവനേഷന് ആളുകള്‍ വിധേയരാകുന്നത്. ഈ ചികിത്സ നിമിത്തം യോനിയില്‍ മുറിവുകള്‍ സംഭവിക്കാനും പൊള്ളലേല്‍ക്കാനും വരെ സാധ്യതയുണ്ടെന്നാണ് എഫ്ഡിഎയുടെ മുന്നറിയിപ്പ്. ചിലപ്പോള്‍ ഇത് ജീവന് തന്നെ അപകടകരമായേക്കാം. 

സ്ത്രീകള്‍ക്ക് ആര്‍ത്തവ വിരാമമാകുന്ന സമയത്ത് യോനിയില്‍ വരള്‍ച്ചയും ലൈംഗികബന്ധസമയത്ത് വേദനയും ഉണ്ടാകാറുണ്ട്. ഇതിനു പ്രതിവിധി എന്ന നിലയില്‍ നിരവധിപേര്‍ ഇപ്പോള്‍ ഈ ചികിത്സയ്ക്ക് വിധേയരാകുന്നുണ്ട്. നിരവധി കമ്പനികളാണ് ഇത്തരം ചികിത്സകള്‍ക്കായുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്നതെന്ന് എഫ്ഡിഎ കമ്മിഷണര്‍ അറിയിച്ചു. 

യോനിയിലെ കോശങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്. ഇത്തരത്തില്‍ അനധികൃതമെന്നു ശ്രദ്ധയില്‍പെട്ട 30കമ്പനികള്‍ക്ക് ഇതിനോടകം നോട്ടീസ് നല്‍കിക്കഴിഞ്ഞു. കാന്‍സര്‍ ചികിത്സ നടത്തിയ സ്ത്രീകള്‍ വരെ ഫലപ്രാപ്തി അവകാശപ്പെടാനില്ലാത്ത ഈ ചികിത്സയ്ക്ക് വിധേയമാകുന്നത് അപകടകരമാണ്. 

യോനിയിലേക്ക് വജൈനല്‍ റിജ്യൂവനേഷന് ഉപയോഗിക്കുന്ന ഉപകരണം പ്രവേശിപ്പിച്ച ശേഷമാണു ഈ ചികിത്സ. ലേസര്‍ ബീമുകള്‍ പ്രവര്‍ത്തിപ്പിക്കുക വഴി യോനിയിലെ പേശികള്‍ പുനരുജ്ജീവിക്കുമെന്നാണ് അവകാശവാദം. ഇത്തരം ചികിത്സ നല്‍കുമെന്ന് അവകാശപ്പെടുന്ന പരസ്യം പ്രത്യക്ഷപെട്ട ഒരു വെബ്‌സൈറ്റിലെ വിവരങ്ങള്‍ പറയുന്നത് 18 ആഴ്ച കൊണ്ട് ആഴ്ചയില്‍ മൂന്നോ നാലോ സിറ്റിങ് വഴി യോനിയെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുമെന്നാണ്. ഇതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് എഫ്ഡിഎ പറയുന്നത്.

Read More : Health and Sex

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SEX
SHOW MORE
FROM ONMANORAMA