അടിമകൾ ഉടമകൾ (മനുഷ്യന്റെ ജന്മനാട്ടിൽ -5 )

africa16
SHARE

സ്റ്റോൺ ടൗണിലൂടെ നടന്ന് കാഴ്ചകൾ കണ്ട് പൂർത്തിയാകുന്നതിനു മുമ്പേ മഴ ചാറിത്തുടങ്ങി. . ആകാശം ഇരുണ്ടു കറുത്തു നിന്നു. മേഘങ്ങൾ ഭയാനകമായ രൂപം പൂണ്ടു. നോക്കി നിൽക്കെ ചാറ്റൽ മഴ പേമാരിയായി. 

africa1
സ്റ്റോൺ ടൗൺ

ആഫ്രിക്കയിൽ സഞ്ചരിച്ച ദിവസങ്ങളിലെല്ലാം ഞാൻ മേഘങ്ങളുടെ ഭീകര രൂപം ശ്രദ്ധിച്ചിരുന്നു. നമ്മുടെ നാട്ടിലേതുപോലെയല്ല, ആകാശത്തു നിന്നും ഞാത്തിയിട്ട പർവതങ്ങൾ പോലെയാണ് മഴമേഘങ്ങളുടെ രൂപം. വന്യമായ രൂപം പെട്ടെന്ന് വന്യമായ മഴയ്ക്ക് വഴി മാറുന്നു. നിമിഷനേരം കൊണ്ട് ജലപ്രളയത്തിന് ജന്മം കൊടുത്ത ശേഷം മഴ നിലയ്ക്കുന്നു. വീണ്ടും മഴമേഘങ്ങൾ അവിടവിടെയായി രൂപം കൊണ്ടുതുടങ്ങും. അരമണിക്കൂർ കൊണ്ട് ആകാശം ഭീകര രൂപികളായ മേഘങ്ങളെക്കൊണ്ടു നിറയും. പിന്നെ താമസമില്ല, അടുത്ത മഹാമാരി തുടങ്ങുകയായി.

അന്നത്തെ സ്റ്റോൺ ടൗൺ സന്ദർശനം മതിയാക്കി ഞങ്ങൾ ഹോട്ടലിലേക്കു മടങ്ങി. കുളിച്ച് റെഡിയായി ആഹാരം കഴിക്കാൻ താഴെ എത്തിയിട്ട് അല്പനേരം സ്വിമ്മിങ് പൂളിന്റെ കരയിൽ വർത്തമാനം പറഞ്ഞിരുന്നു. 

africa2
സ്റ്റോൺ ടൗൺ

വർത്തമാനത്തിനിടയിലേക്ക് മറ്റൊരു മലയാളി കടന്നുവന്ന് സ്വയം പരിചയപ്പെടുത്തി. ഹോട്ടലിന്റെ ജനറൽ മാനേജരാണ്. തിരുവല്ല സ്വദേശി ജോർജ്ജ്. ഹോട്ടലിന്റെ എതിർവശത്ത് ഒരു വീട്ടിൽ കുടുംബസമേതമാണ് താമസം. ജോർജ്ജിന്റെ കസിനാണ് ഹോട്ടലിന്റെ അക്കൗണ്ടന്റ്. സൻസിബാറിലെ പല പ്രമുഖ ഹോട്ടലുകളുടെയും മാനേജർമാർ മലയാളികളാണെന്ന് ജോർജ്ജ് പറഞ്ഞു. കേരളത്തിൽ നിന്ന് പത്തുമണിക്കൂറിലേറെ വിമാനയാത്ര ചെയ്താൽ എത്താൻ കഴിയുന്ന ടാൻസാനിയ എന്ന രാജ്യത്തു നിന്ന് വീണ്ടും രണ്ട് മണിക്കൂർ ബോട്ടിൽ സഞ്ചരിച്ചാലാണ് സൻസിബാറിലെത്തുക. അവിടെ പോലും  പല പ്രധാന തസ്തികകളും വഹിക്കുന്നത് മലയാളികളാണ് എന്നറിഞ്ഞപ്പോൾ സന്തോഷവും അഭിമാനവും തോന്നി.

കനത്ത മഴയുടെ ആരവത്തിനിടയിൽ നേരം വെളുത്തു. ഹോട്ടലിന്റെ മതിലിനോട് ചേർന്ന് കടൽ അലറി വിളിച്ചുകൊണ്ടിരുന്നു. മഴയൊന്ന് ശമിച്ചാൽ ഞങ്ങളെ വീണ്ടും സ്റ്റോൺടൗണിലേക്ക് കൊണ്ടുപോകാൻ  മിത്സുബിഷി വാനുമായി സൈമൺ എത്തിയിട്ടുണ്ട്.

africa3
സ്റ്റോൺ ടൗൺ

ഒമ്പതു മണിയോടെ മഴ നിലച്ചു. ഞങ്ങൾ നഗരത്തിലേക്ക് യാത്ര തുടങ്ങി. പോകുന്ന വഴി ഒരു തനത് ആഫ്രിക്കൻ ചന്ത കണ്ടു. ഓലമേഞ്ഞ കടകൾ നിറഞ്ഞ മൈതാനം. അതിൽ നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ മുതൽ ചട്ടിയും കലവും വരെ നിരത്തിയിട്ടുണ്ട്. അവിടെ ഇറങ്ങിയാലോ എന്നു കരുതി വാൻ നിർത്താൻ സൈമണോടു പറഞ്ഞു. വാൻ നിർത്തിക്കഴിഞ്ഞാണ് ശ്രദ്ധിച്ചത്,ആ പ്രദേശം മുഴുവൻ ചെളിയാണ്.  മഴ പെയ്തു തോർന്നപ്പോൾ ചെളിക്കുളമായി മാറിയ മൈതാനത്താണ് കടകൾ നിരന്നിരിക്കുന്നത്.ആഫ്രിക്കൻ ചെളി അത്ര പഥ്യമായി തോന്നിയില്ല. അതുകൊണ്ട് 'വിട്ടോളി വണ്ടി സ്റ്റോൺ ടൗണ്‌ല്ക്ക്' എന്ന് സൈമണോടു പറഞ്ഞു.

സ്റ്റോൺ ടൗൺ
സ്റ്റോൺ ടൗൺ

സ്റ്റോൺ ടൗണിലെ ഏറ്റവും പ്രധാനവും ഹൃദയഭേദകവുമായ കാഴ്ചയിലേക്കാണ് ഞങ്ങൾ പോകുന്നത്- സ്ലേവ് മാർക്കറ്റ് അഥവാ അടിമച്ചന്ത. ആഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും കറുത്ത അദ്ധ്യായങ്ങൾക്ക് വേദിയായത് സൻസിബാറിലെ അടിമച്ചന്തയാണ്. നാട്ടിൻ പുറങ്ങളിൽ നിന്നു പിടികൂടുന്ന ആരോഗ്യ ദൃഢഗാത്രരായ മനുഷ്യരെ മർദ്ദിച്ചും ദ്രോഹിച്ചും തടവിൽ പാർപ്പിച്ച്, പൊതുജനമദ്ധ്യത്തിൽ, നിർത്തി പരസ്യമായി വില പറഞ്ഞു വിൽക്കുന്ന കിരാതമായ ഏർപ്പാടാണ് അടിമച്ചന്തകളിൽ നടന്നിരുന്നത്. വീടുകളിലും ചന്തയിലും മറ്റും അടിമപ്പണി ചെയ്യിക്കാനായി ഇന്ത്യയിലെയും യൂറോപ്പിലെയും ധനികർ ഇവരെ പണം നൽകി വാങ്ങുന്നു. ഉടമയുടെ വക മർദ്ദനവും പീഡനവും ജീവിതാവസാനം വരെ തുടരും. ഒടുവിൽ മൃതപ്രായരാകുമ്പോൾ ഉടമകൾ ഇവരെ കൊന്നുകളയുന്നു.

africa5
സ്റ്റോൺ ടൗൺ

അങ്ങനെ ചിന്തിക്കാവുന്നതിനുമപ്പുറമായിരുന്നു അടിമകളുടെ ജീവിത ദുരിതം. 300 വർഷത്തോളം, അഥവാ മൂന്നിലേറെ തലമുറകൾ അടിമക്കച്ചവടത്തിന്റെയും അടിമ ജീവിതത്തിന്റെയും നരകയാതനകൾ അനുഭവിച്ചു.

africa6
സ്റ്റോൺ ടൗൺ

1698ലാണ് പോർച്ചുഗീസുകാരുടെ പക്കൽ നിന്നും ഒമാനിലെ സുൽത്താൻ സൻസിബാറിന്മേലുള്ള അവകാശം നേടിയെടുത്തത്. അതോടെയാണ് സൻസിബാറിന്റെ കഷ്ടകാലം തുടങ്ങിയതെന്നു പറയാം. മരുഭൂമിയിൽ നിന്ന് പച്ചപ്പിന്റെ മായാലോകത്തെത്തിയ അവസ്ഥയിലായി ഒമാനികൾ. അവർ സൻസിബാറിന്റെ ഹരിതാഭയും ഫലഭൂയിഷ്ടമായ മണ്ണും കഴിയുന്നത്ര ഉപയോഗിക്കാൻ തീരുമാനിച്ചു. നാട്ടുകാരെക്കൊണ്ട് പണിയെടുപ്പിച്ച് വൻകിട കൃഷികൾ ആരംഭിച്ചു. സുലഭമായ ശുദ്ധജലവും കൃത്യമായി ലഭിക്കുന്ന മഴയും മൂലം സുഗന്ധ ദ്രവ്യങ്ങൾ സൻസിബാറിൽ തഴച്ചുവളർന്നു. അതേക്കുറിച്ച് കേട്ടറിഞ്ഞ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യാപാരികൾ ഇവിടെ കപ്പലിറങ്ങി. ഇന്ത്യൻ മഹാസമുദ്രത്തിലെ, ഏതു കപ്പലിനും അടുക്കാവുന്ന പ്രകൃതിദത്തമായ തുറമുഖമായിരുന്നതു കൊണ്ട് ഇന്ത്യയിൽ നിന്നും പേർഷ്യൻ രാജ്യങ്ങളിൽ നിന്നും യൂറോപ്പിൽ നിന്നും എണ്ണമറ്റ കപ്പലുകളാണ് ദിനംപ്രതി സൻസിബാറിൽ എത്തിക്കൊണ്ടിരുന്നത്. അങ്ങനെ സുപ്രധാനമായ തുറമുഖ നഗരം കൂടിയായി സൻസിബാർ മാറി.

അങ്ങനെ സൻസിബാറിലെത്തുന്ന വ്യാപാരികൾക്ക് അടിമകളെ നൽകി വലിയ ലാഭം കൊയ്യാമെന്ന് ഒമാനിലെ സുൽത്താൻ കണക്കുകൂട്ടി. നിത്യ ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്നവരെങ്കിലും ആരോഗ്യദൃഢഗാത്രരായിരുന്നു ആഫ്രിക്കക്കാർ. അവരെ കെണിയിൽ പിടിച്ചും. ദേഹോപദ്രവമേൽപ്പിച്ച് പിടികൂടിയും സൻസിബാറിലെത്തിക്കാൻ നിയുക്തരായ പടയാളികൾ സുൽത്താനുണ്ടായിരുന്നു. ടാൻസാനിയായിൽ നിന്നു മാത്രമല്ല, മലാവി, സാംബിയ തുടങ്ങിയ

നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ജനങ്ങളെ 'അടിമ'കളാക്കി പിടികൂടിയിരുന്നു. പായ്‌വഞ്ചികളിൽ ചങ്ങലയ്ക്കിട്ട് ഇവരെ സൻസിബാറിലെത്തിക്കും. അതിൽ പുരുഷന്മാരും സ്ത്രീകളുമുണ്ടാകും.

africa7
സ്റ്റോൺ ടൗൺ

സൻസിബാറിലെത്തുന്ന അടിമകളെ ആദ്യം ചെയ്യുക ഒരു കുടുസ്സുമുറിയിൽ അടയ്ക്കുക എന്നതാണ്. ഒരു ജനൽ മാത്രമുള്ള മുറിയിൽ ശ്വാസം പോലും ലഭിക്കാത്ത അവസ്ഥയിൽ, ഭക്ഷണമില്ലാതെ മൂന്ന് ദിവസം കഴിയണം. ഇത് 'അടിമ'യുടെ മനക്കരുത്തും ശാരീരിക ക്ഷമതയും മനസ്സിലാക്കുന്നതിനുവേണ്ടിയാണ്.

ഈ പരീക്ഷയിൽ വിജയിക്കുന്ന അടിമകളെ പുറത്ത് ഒരു മരത്തിൽ കെട്ടിയിട്ട് അടിക്കും. അടിയേറ്റ് കരയുകയോ ബോധശൂന്യരാകുകയോ ചെയ്യാത്ത അടിമകളാണ് ഏറ്റവും ആരോഗ്യദൃഢഗാത്രരായി കരുതപ്പെടുന്നത്. ഇവർക്ക് വലിയ വില കമ്പോളത്തിൽ ലഭിക്കും. രണ്ട് പരീക്ഷണങ്ങളിലും പരാജയപ്പെടുന്നവരെയും ചെറിയ തുക നൽകി വാങ്ങാൻ ആളുണ്ടാവും.

africa9
സ്റ്റോൺ ടൗൺ

കെട്ടിയിട്ട് അടിക്കുന്ന മരത്തിനു സമീപം ഒരു കുഴിയിൽ നിർത്തിയാണ് അടിമകളെ ലേലം വിളിക്കുന്നത്. ചങ്ങലയിട്ടു പൂട്ടിയാണ് അടിമകളെ നിർത്തുക. രാവിലെ മുതൽ രാത്രി വരെ ലേലം വിളി തുടരും. ഏറ്റവുമധികം വില പറഞ്ഞയാൾക്ക് പണം അടച്ച്  അയാളുടെ രാജ്യത്തേക്ക് അടിമയെ കൊണ്ടുപോകാം.

ഒമാൻ, ഇന്ത്യ, യെമൻ, സീഷെൽസ്, മഡഗാസ്‌കർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ധനികരാണ് വൻവിലയ്ക്ക് അടിമകളെ വാങ്ങിയിരുന്നത്. ഇന്ത്യയിലെ അതിധനികരായ കച്ചവടക്കാർ അടിമകളെ വാങ്ങാനായി സ്ഥിരമായി സൻസിബാറിലെത്തിയിരുന്നു. അവർക്ക് സൻസിബാറിൽ വീടുകളും പണ്ടികശാലകളും ആശുപത്രികൾ പോലുമുണ്ടായിരുന്നു.

africa10
സ്റ്റോൺ ടൗൺ

ഒമാൻ സുൽത്താൻകാരുടെ കാലത്താരംഭിച്ച അടിമക്കച്ചവടം ശക്തമായ കാലത്ത് പ്രതിവർഷം 40,000 മുതൽ 50,000 വരെ അടിമകളെ വിവിധ രാജ്യങ്ങളിൽ നിന്ന് സൻസിബാറിൽ എത്തിച്ചിരുന്നത്രെ.  ഇവരിൽ 30 ശതമാനം പേരും കോളറയും മലേറിയയും ബാധിച്ച് മരിച്ചു പോകുന്നതും പതിവായിരുന്നു. അക്കാലത്ത് സൻസിബാർ സന്ദർശിച്ച് പല സഞ്ചാരികളും അടിമകളോട് അറബി യജമാനന്മാർ എത്ര ക്രൂരമായാണ് പെരുമാറിയിരുന്നതെന്ന് നിറകണ്ണുകളോടെ എഴുതിയിട്ടുണ്ട്.

africa11
സ്റ്റോൺ ടൗൺ

18-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആഫ്രിക്കയുടെ ചില ഭാഗങ്ങൾ കീഴടക്കിയ ബ്രിട്ടീഷുകാർ സൻസിബാറിലെ അടിമക്കച്ചവടത്തിനെതിരെ ശബ്ദമുയർത്തി. പ്രാകൃതമായ ഈ സമ്പ്രദായം നിർത്തലാക്കാൻ അവർ ഒമാൻ സുൽത്താനെ പ്രേരിപ്പിച്ചു. ഒടുവിൽ സുൽത്താന് വഴങ്ങേണ്ടി വന്നു. അങ്ങനെ, 1822ൽ അടിമക്കച്ചവടത്തിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നു, സുൽത്താന്.

africa12
സ്റ്റോൺ ടൗൺ

പക്ഷേ, നിയന്ത്രണങ്ങൾ അധികകാലം നീണ്ടുനിന്നില്ല. ഒന്നുരണ്ട് വർഷങ്ങൾക്കു ശേഷം കാര്യങ്ങളെല്ലാം പഴയപടിയായി. അങ്ങനെയിരിക്കെ ബ്രിട്ടീഷുകാർ വീണ്ടും പിടിമുറുക്കി. അടിമക്കച്ചവടം തടഞ്ഞില്ലെങ്കിൽ സൻസിബാർ ബോംബിട്ട് തകർക്കുമെന്നു കൂടി ഭീഷണിപ്പെടുത്തി.

അതോടെ സുൽത്താൻ അയഞ്ഞു. 1876ൽ അടിമക്കച്ചവടം നിയമംമൂലം നിരോധിക്കാൻ സുൽത്താൻ ഉത്തരവിട്ടു. എന്നാൽ അടിമകളെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് 1897 വരെ തുടർന്നു. അതിനുശേഷം അതും നിയമവിരുദ്ധമാക്കി.

africa13
സ്റ്റോൺ ടൗൺ

ഇക്കാലമായപ്പോഴേക്കും ബ്രിട്ടീഷ് സാമ്രാജ്യം ആഫ്രിക്കയുടെ പല രാജ്യങ്ങളും കീഴടക്കി സൻസിബാറിന്റെ പടിവാതിൽ വരെ എത്തിയിരുന്നു. 1896 ആഗസ്റ്റ് 25ന് ഒമാൻ സുൽത്താനായ ഹമദ് ബിൻ തുവൈനി മരിച്ച്, ഇളയ മകൻ ഖാലിദ് ബിൻ ബർഖാഷ് സൻസിബാറിന്റെ ഭരണാധികാരിയായി. എന്നാൽ ബ്രിട്ടീഷുകാർക്ക് താൽപര്യം മറ്റൊരു പുത്രനായ ഹമൗദ് ബിൻ മുഹമ്മദിനെ സുൽത്താനാക്കാനായിരുന്നു. അതിനായി ബ്രിട്ടീഷ് സൈന്യം ഓഗസ്റ്റ് 27ന് സൻസിബാർ വളഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ കൊട്ടാരം വിട്ടു പോകാൻ ഖാലിദ് ബിൻ സർഖാഷിന് അന്ത്യശാസനം നൽകി. താൻ പോകില്ലെന്ന് സർഖാഷ് വാശി പിടിച്ചപ്പോൾ ബ്രിട്ടീഷുകാർ വെടിവെപ്പു തുടങ്ങി. 45 മിനുട്ടേ വെടിവെപ്പ് നീണ്ടുനിന്നുള്ളൂ. സർഖാഷ് അതിനകം എവിടേയ്‌ക്കോ പലായനം ചെയ്തിരുന്നു. ബ്രിട്ടീഷുകാർ തങ്ങളുടെ പ്രിയമിത്രമായ  ഹമൗദ് ബിൻ മുഹമ്മദിനെ സുൽത്താനായി വാഴിച്ചു. 45 മിനുട്ട് മാത്രം നീണ്ടു നിന്ന ഈ യുദ്ധമാണത്രേ, ലോക ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ യുദ്ധം!

അങ്ങനെ സ്ഥാനമേറ്റ ഹമൗദ് ബിൻ മുഹമ്മദാണ് ബ്രിട്ടീഷുകാരുടെ ആഗ്രഹപ്രകാരം അടിമവ്യാപാരം  നിർത്തലാക്കിയത്. അദ്ദേഹം എല്ലാ അടിമകളെയും  സ്വതന്ത്രരാക്കാൻ ആവശ്യപ്പെട്ടെങ്കിലും, നേരത്തെ സൂചിപ്പിച്ചതുപോലെ, അടിമകളെക്കൊണ്ട് പണിയെടുപ്പിക്കുന്നത് വീണ്ടും ചില വർഷങ്ങൾ തുടർന്നു.

africa15
അടിമച്ചന്തയുടെ കവാടം 

        ഞങ്ങളുടെ വാൻ സ്റ്റോൺടൗണിന്റെ വഴികളിലൂടെ ഓടി ഒരു മതിൽക്കെട്ടിനടുത്ത് നിർത്തി. ഒരു വലിയ ബോർഡ് സന്ദർശകരെ സ്വാഗതം ചെയ്യുന്നു: സ്ലേവ് മാർക്കറ്റ്.

africa14
സ്റ്റോൺ ടൗൺ

ആ കാണുന്ന വലിയ കെട്ടിടമാണ് സെന്റ് മോണിക്ക  ഗസ്റ്റ് ഹൗസ്. അതിനു താഴെയാണ് അടിമകളെ വെളിച്ചം കിട്ടാത്ത മുറികളിൽ പാർപ്പിച്ചിരുന്നത്.

നൂറ്റാണ്ടുകൾ നീണ്ട ദുരന്തത്തിന്റെ കഥകൾ പറയുന്ന ആ മണ്ണിലേക്ക് ഞാൻ നടന്നിറങ്ങി.. (തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA