sections
MORE

ദക്ഷിണേന്ത്യയിൽ ഏറ്റവും ഉയരത്തിൽ വീടുള്ളയാൾ ഇതാ!

40-storeyed-flat
SHARE

കരിമേഘങ്ങൾ ഭ്രാന്തമായ ആവേശത്തോടെ ചുമലിൽ ഉരുമ്മി പോയിട്ടുണ്ടോ? പെയ്യാൻ പോകുന്ന മഴയുടെ തണുപ്പറിഞ്ഞ്, മഴച്ചാറ്റലിൽ നനഞ്ഞുനിൽക്കാനും കോടമഞ്ഞിൽ കുളിച്ചുനിൽക്കാനും  കൊതിയില്ലാത്തവർ ആരുണ്ട്. പറ്റുമായിരിക്കും, ഏതെങ്കിലും മലയുടെ മുകളിൽ കുറച്ചുനേരം, കുറച്ചുദിവസം......പക്ഷേ, എന്നും മലമുകളിലല്ലല്ലോ നമ്മൾ!

മഞ്ഞിൽ കുളിക്കാനും ഉയരങ്ങളിൽ കാറ്റേൽക്കാനും ഋതുക്കൾ മാറിമാറിവരുന്നത് കണ്ണെത്താ ദൂരത്തുവരെ നോക്കിനിൽക്കാനും മിന്നലുകൾ പാഞ്ഞുവരുന്നതു തൊട്ടടുത്തു കണ്ടുനിൽക്കാനും  കഴിയുന്നൊരു വീട് സ്വപ്നത്തിൽ മാത്രം. പക്ഷേ,  എന്നും അതിനു കഴിയുന്നൊരാളുണ്ട്. ദക്ഷിണേന്ത്യയിൽ ഭൂമി നിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിൽ വീടുള്ളയാൾ – ജോസ് തോമസ്. തൃപ്പൂണിത്തുറയിൽ 40 നിലയുള്ള ചോയ്സ് ഗാർഡൻസ് ഫ്ലാറ്റിനു മുകളിൽ വീടുള്ള ചോയ്സ് ഗ്രൂപ്പ് എംഡി ജോസ് തോമസ്. ഇതിനു മുകളിൽ  മഴയെങ്ങനെ, കാറ്റെങ്ങനെ, കാഴ്ചയെങ്ങനെ. അവിടെ കൊതുകുണ്ടാവുമോ? ഇൗ 500 അടി ഉയരത്തിലെ താമസത്തിൽ നിന്നു താഴേക്കു നോക്കിനോക്കി ജോസ് തോമസ് പഠിച്ച പാഠം ഇതാണ്. 

‘നമ്മുടെ തിരക്കും വേഗവും അഹങ്കാരവുമെല്ലാം വെറുതെ.  ഉറുമ്പിനേക്കാൾ ചെറുതായ മനുഷ്യർ, കളിപ്പാട്ടം പോലെ വാഹനങ്ങൾ. നമ്മൾ എത്ര ചെറിയവർ’. 42 നില ഉയരത്തിലെ ഹെലിപ്പാഡിനു നടുവിൽ കസേരയിൽ പാതിരാവു കടന്നുപോകുംവരെ ഒറ്റയ്ക്കിരുന്നു സ്വപ്നങ്ങൾ കണ്ടിട്ടുണ്ട് ഇൗ മനുഷ്യൻ. കൂട്ടിന് ഒരു ചീവീടു പോലുമില്ല, നിറം മങ്ങിയ രാത്രി മാത്രം. ഏകാന്തമായ പ്രകൃതിയിൽ നക്ഷത്രങ്ങളുണ്ട്. മറ്റേതോ ഗ്രഹത്തിൽ നിന്നു കാണുംപോലെ ഭൂമിയിലെ തിരക്കിന്റെയും പാച്ചിലിന്റെയും വെളിച്ചവഴികൾ നൂലുപോലെ കണ്ടിരിക്കാം.

‘ഉയരത്തിൽ നിന്നായതിനാൽ തന്റെ പ്രാർഥനകൾ ദൈവത്തിനടുത്ത് ആദ്യം എത്തിയിട്ടുണ്ടെ’ന്ന് ജോസ് തോമസ് തമാശ പറയും. 40 നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ രണ്ടു നില ജോസ് തോമസിന്റെ സ്വന്തമാണ്. 8000 ചതുരശ്ര അടി വിസ്തൃതി. ഉയരത്തിൽ  അന്തരീക്ഷം നിശബ്ദമാണ്. വായു നേർത്തതുമാണ്. ഒരു തരത്തിലുള്ള ശബ്ദവുമില്ല. കിളികളില്ല, കെട്ടിടത്തിന്റെ ഉയരം മൂലം കിളികൾ  വഴിമാറിപ്പോകുന്നതാവാം. കൊതുകില്ല.  പ്രശാന്തമായ അന്തരീക്ഷം. ഡിസംബറിന്റെ കോടമഞ്ഞും തണുപ്പും, വസന്തകാലത്തിന്റെ പ്രസരിപ്പുമെല്ലാം തൊട്ടറിയാം. നോക്കെത്താ ദൂരത്തോളം പച്ചപ്പിന്റെ കാഴ്ചകളും അതിന് അരഞ്ഞാണം ചാർത്തുന്ന പുഴകളും കായലുകളും.  വിശ്രമമില്ലാതെ, എപ്പോഴും അലതല്ലുന്ന കടൽ.

മഴക്കാലങ്ങളിൽ തുറന്നിട്ട ജനലിലൂടെ മേഘപ്പാളികൾ അകത്തേക്കുകടന്നുവരും. സൂര്യൻ പ്രസരിപ്പോടെ ഉണരുന്ന ദിവസങ്ങളിൽ 12 കിലോമീറ്റർ  അപ്പുറത്തുള്ള കാഴ്ചകൾവരെ തെളിഞ്ഞുകാണാം. അരൂക്കുറ്റി മുതൽ പടിഞ്ഞാറു കടൽവരെ. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ അപ്രോച്ച് ഏരിയ,  മൂന്നാർ മലനിരകൾ. 

വിമാനത്തിന്റെ കോക്പിറ്റിലിരിക്കുന്ന പൈലറ്റിനു ഭൂമിയെ നേർരേഖയിൽ പരമാവധി കാണാൻ കഴിയുന്നത് 18 മൈൽവരെയാണെന്നു പൈലറ്റ് ലൈസൻസുള്ള ജോസ് തോമസ് സാക്ഷ്യപ്പെടുത്തുന്നു. മഴയിൽ ഇത്രയും ഉയരെ, മേൽക്കൂരയുടെയോ ഭിത്തികളുടെയോ സംരക്ഷണയില്ലാതെ നിൽക്കുമ്പോൾ ഭയന്നുപോകും. കാറ്റിന് അസുര വേഗമാണ്. പറത്തിക്കൊണ്ടു പോകുംപോലെ തോന്നും. നിശബ്ദമായ ഇൗ മുകൾപ്പരപ്പിൽ ജോസ് തോമസിന്റെ ആഗ്രഹം എന്തായിരിക്കും– ഇൗ  ഉയരത്തിലിരുന്ന് ഒരു രാത്രി ഡ്രംസ് വായിക്കണം, ഡ്രംസ് കലാകാരൻകൂടിയാണ് ഇദ്ദേഹം. 

നാൽപതു നില കെട്ടിടം പണിയാൻ വിയർപ്പിന്റെ മഴയും ഏറെ നനഞ്ഞിട്ടുണ്ട് ഇദ്ദേഹം. കെട്ടിടം പണിയാൻ തുടങ്ങിയപ്പോൾ സുഹൃത്തായ ബിൽഡർ ചോദിച്ചു, ‘ജോസേ, 40–ാം നിലയിൽ നിന്ന് ഒരു പണിക്കാരൻ താഴെ വന്ന് അത്യാവശ്യ കാര്യങ്ങൾ സാധിച്ചു മുകളിലെത്താൻ രണ്ടു മണിക്കൂർ വേണ്ടിവരും. 

നീ എങ്ങനെ ഇതു പണിയും? ഓരോ അഞ്ചു നിലയിലും പണിക്കാർക്കു ടോയ്‌ലറ്റും കഫറ്റേരിയയും ഏർപ്പെടുത്തിയാണ് ജോസ് 40 നില പണിതത്. അന്ന് 18 നിലയിൽ കൂടുതൽ ഉയരമുള്ള കെട്ടിടം ഡിസൈൻ ചെയ്തിട്ടുള്ളർ  കേരളത്തിലില്ല. അങ്ങനെ കെട്ടിടവുമില്ല. പണിക്കാരില്ല, കരാറുകാരില്ല. ഗൾഫിൽ 70 നില കെട്ടിടനിർമാണത്തിനു മേൽനോട്ടം വഹിക്കുന്ന മലയാളി എൻജിനീയറെ കൊണ്ടുവന്നാണു പണി തുടങ്ങിയത്. അദ്ദേഹം ഇന്ന് ഇൗ ഫ്ലാറ്റിലെ താമസക്കാരനാണ്. 38 മാസം കൊണ്ടു പണി പൂർത്തിയാക്കി. എട്ടു ദിവസംകൊണ്ട് ഓരോ നിലയുടെയും കോൺക്രീറ്റിങ്. 450 തൊഴിലാളികൾ, എല്ലാവരും മലയാളികൾ. മുകളിലേക്കു കയറാൻ കൺസ്ട്രക്‌ഷൻ ലിഫ്റ്റുണ്ടെങ്കിലും അതിൽ കയറാൻ പേടിയുള്ളതിനാൽ ജോസ് തോമസ് 40 നിലകൾ പലവട്ടം നടന്നുകയറിയിട്ടുണ്ട്. 18 നില കഴിഞ്ഞപ്പോൾ നിർമാണത്തിനു  വിലക്കു വന്നു, റിഫൈനറിയുടെ സുരക്ഷയാണു കാരണം. കെട്ടിടത്തിനു മുകളിൽ പൊലീസ് പോസ്റ്റിനു സ്ഥലം നൽകി ആ പ്രശ്നം തീർത്തു. പരിസ്ഥിതി മന്ത്രാലയം എതിർത്തു. കൂടുതൽ പണിത നിലകൾ പൊളിച്ചുകളയാൻ പറഞ്ഞു. 

ഏതായാലും പൊളിക്കുകയല്ലേ, എന്നാൽ 40 കഴിഞ്ഞിട്ടു പൊളിക്കാമെന്ന ചങ്കൂറ്റത്തിൽ ജോസ് തോമസ് കെട്ടിടം പണിതു. ആ ചങ്കുറ്റമാണു ജോസ് തോമസിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ ഉറപ്പ്, മുകളിൽ ഒറ്റയ്ക്കങ്ങനെ കാറ്റുകൊണ്ടിരിക്കുന്നതും അതുകൊണ്ടുതന്നെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA