ADVERTISEMENT

വിമർശകനു വേണ്ടത് സൈദ്ധാന്തിക ശാഠ്യമല്ല, കവി ഭാവനയ്ക്കു മീതേ ഉയരുന്ന ഭാവനാപരമായ ഉൾക്കാഴ്ചയാണ് എന്നെഴുതിയത് കെ.പി. അപ്പനാണ്. ഏതു കാലത്തെയും എല്ലാ വിമർശകരും നേരിടുന്ന വെല്ലുവിളിയാണത്. കാലം കാത്തുവയ്ക്കുന്ന പരീക്ഷണവും. പരാജയപ്പെട്ട കവിയാണ് വിമർശകൻ എന്ന ആപ്തവാക്യത്തിന്റെ തടവറയിലേക്കു തലകുനിച്ചു കൊടുക്കുന്നവർക്ക് ഈ പരീക്ഷ ബാധകമല്ല. സ്വാതന്ത്ര്യത്തിന്റെ ശിരഛേദം നടത്തി രാഷ്ട്രീയ കക്ഷികൾക്കും ഗ്രൂപ്പുകൾക്കും അടിമ വേല ചെയ്യുന്നവർക്ക് ഈ പരീക്ഷാ ഹാളിലേക്കു സ്വാഗതമില്ല. താൽപര്യമുള്ളവരെ പുകഴ്ത്താനും ഇഷ്ട‌മില്ലാത്തവരെ ഇകഴ്ത്താനും ഒരു മടിയും കാണിക്കാത്തവർ ഇതൊന്നും അറിഞ്ഞതായി ഭാവിക്കുകയേ വേണ്ട. പഠിക്കാനും മനസ്സിലാക്കാനും ഉൾക്കൊള്ളാനും പഠനങ്ങൾക്കുപരി മൗലിക ചിന്തയുടെ തേരിൽ കുതിച്ചുപായാനും താൽപര്യവും മനസ്സുമുള്ളവരുണ്ടെങ്കിൽ അവരെ കാത്തിരിക്കുന്ന വെല്ലുവിളിയാണിത്.

കെ.പി. അപ്പൻ ഈ വെല്ലുവിളിയെ സാർഥകമായി അതിജീവിച്ച വിമർശകനാണ്. കഥയെഴുതാതെ കഥാകൃത്തും കവിതയെഴുതാതെ കവിയുമായ നിഷേധിയും മഹർഷിയുമാണ്. ജീവിതത്തിൽ സ്വയം സാക്ഷാത്കരിച്ച പരീക്ഷയാണ് അവസാന കാലത്ത് എല്ലാ വിമർശകർക്കുമായി അദ്ദേഹം മുന്നോട്ടുവച്ചത്. അതിലൂടെ, ഇനി വരാനിരിക്കുന്ന വിമർശകർക്കു മാത്രമല്ല എഴുത്തുകാർക്കും അനുകരിക്കാനാവാത്ത മാതൃകയും എളുപ്പം മറികടക്കാനാവാത്ത കിടങ്ങും നിർമിക്കുകയായിരുന്നു അദ്ദേഹം. മലയാള ഭാവനയെ അഗാധമാക്കി കടന്നുപോയ ആ പ്രതിഭയ്ക്കുള്ള സ്മരണാഞ്ജലിയാണ് നിഷേധിയും മഹർഷിയും എന്ന പുസ്തകം. ശിഷ്യൻ എന്ന നിലയിലും സുഹൃത്തും സഹ എഴുത്തുകാരൻ എന്ന നിലയിലും അപ്പനെ അടുത്തറിഞ്ഞ എഴുത്തുകാരൻ അദ്ദേഹത്തെ പഠിക്കാൻ ശ്രമിക്കുകയാണ്. സംഭാവനകൾ വിലയിരുത്തുകയാണ്. സ്നേഹത്തിന്റെ സ്വാർഥതയില്ലാതെ വിമർശിക്കുകയും സ്തുതിപാഠകനാകാതെ ആ പ്രതിഭയെ ഉയരത്തിൽ പ്രതിഷ്ഠിക്കുകയുമാണ്. 

All theory is grey, my friend, 

Green is the golden tree of life. 

എന്റെ സുഹൃത്തേ, എല്ലാ സിദ്ധാന്തങ്ങളും പഴകുകയാണ്. കാലാഹരണപ്പെടുകയാണ്. ജീവിതത്തിന്റെ സുവർണവൃക്ഷമോ നിത്യഹരിതം. ഹരിതമോഹനം. ഗൊയ്ഥെയുടെ ഫൗസ്റ്റ് അപ്പനു വഴികാട്ടി. 

ആധുനികത എന്ന കൊടുങ്കാറ്റ് ആഞ്ഞുവീശുകയും ഭാഷയിലെ വൻമരങ്ങൾ കടപുഴകുകയും ചെയ്ത  60കളുടെ ഒടുവിലും 70കളിലും എഴുത്തുകാർ പുതിയ പതാക വീശി പുതിയ കാലത്തിലേക്കു മാർച്ച് ചെയ്തപ്പോൾ വിമർശകരെ കാണാനില്ലായിരുന്നു. നിരൂപകരുടെ സാന്നിധ്യം തന്നെയില്ലായിരുന്നു. പറഞ്ഞു പഴകിയ ഭാവുകത്വത്തെ അപ്പോഴും വാഴ്ത്തിതീർന്നിട്ടില്ലാത്ത നിരൂപകർ പറഞ്ഞതുതന്നെ ആവർത്തിച്ചും പുതിയതൊന്നും പറയാനില്ലാതെയും ഭാവനയുടെ ദണ്ഡകാരണ്യത്തിൽ അലയുകയായിരുന്നു. എം.ടിയുടെ കാലം, കാക്കനാടന്റെ സാക്ഷി, എം.മുകുന്ദന്റെ ഡൽഹി, ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം. പുതിയ ഭാഷയും ഭാവനയും, ഭാവുകത്വത്തിന്റെ താരുണ്യവും ലാവണ്യവും കണ്ട് തല കറങ്ങിയ വായനക്കാർക്ക് ആ കൃതികൾ മനസ്സിലാക്കാനുള്ള ഗൂഢാക്ഷരങ്ങളുടെ താക്കോൽ നൽകി കെ.പി. അപ്പൻ എന്ന നിരൂപകൻ ഇരുട്ടിലും വജ്രസൂചി പോലെ തിളങ്ങി. 

കേശവദേവിന്‍റെയും തകഴിയുടെയും മറ്റും കൃതികൾ വായിച്ച് പാഴാക്കിയ സമയത്തെക്കുറിച്ചുള്ള ദുഃഖം മാറിയത് ആധുനിക കാലത്തെ കൃതികൾ വായിച്ചിട്ടാണെന്ന് അവർ കേൾക്കെ തന്നെ ഉറക്കെപ്പറഞ്ഞ അപ്പൻ, വിമർശകന്റെ വാൾ ഉറയിലിടാനുള്ളതല്ലെന്നു വിശ്വസിച്ചു. കൃതിയിൽ പ്രത്യക്ഷമല്ലാത്ത അർഥം ഗ്രഹിക്കാൻ ടെലിപതിക്ക് സമാനമായ ശക്തിവിശേഷമുള്ള വിമർശകനാണെന്നു തെളിയിച്ചു. 1973 ൽ പുറത്തിറങ്ങിയ ക്ഷോഭിക്കുന്നവരുടെ സുവിശേഷത്തിൽ തുടങ്ങി 2013 ൽ പ്രസിദ്ധീകരിച്ച ഭാവനയുടെ കക്ഷിപരത എന്ന അവസാന പുസ്തകം വരെ ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങാത്ത പൊൻപേനയുമായി അപ്പൻ തുഴഞ്ഞ കടൽദൂരം മലയാളത്തിന്റെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട കാലവും സമയവും പ്രവാഹവുമാണ്. 

കലഹിക്കാൻ മടിക്കാത്ത അപ്പൻ, പ്രതിഭയുടെ തിളക്കം കണ്ടപ്പോഴൊക്കെ ഭാഷയിലും ഭാവനയിലും ധാരാളിയായി. ബഷീറിന്റെ ബാല്യകാല സഖിക്ക് എം. പി. പോൾ ചാർത്തിയ നിരൂപണ മുദ്രയായ ‘ജീവിതത്തിൽ നിന്നും വലിച്ചുചീന്തിയ ഒരേടിനെ’ വിമർശിച്ച ‌അദ്ദേഹം കാലം മാറിയിട്ടും ശൈലിവികാസം സംഭവിച്ചിട്ടില്ലാത്ത ടി. പദ്മനാഭന്റെ ഗൗരിക്ക് ‘പ്രണയത്തിന്റെ അധരസിന്ദൂരം കൊണ്ടെഴുതിയ കഥ’ എന്ന മുദ്ര ലോഭമില്ലാതെ ചാർത്തി. പേനയുടെ സമര മുഖങ്ങൾ തുറന്നുകൊണ്ട് കാലത്തെ അതിജീവിച്ച അപ്പന്റെ കഥയും കാലവും സമഗ്രമായി ഉൾക്കൊള്ളുന്നതാണ് പ്രസന്നരാജന്റെ പുസ്തകം. 

ആധുനികതയുടെ പ്രചണ്ഡ വാതത്തെ വരവേൽക്കാൻ മുന്നിൽ നിന്ന് ആ പട‌ിഞ്ഞാറൻ കാറ്റിൽ പറന്നുപൊങ്ങിയ ഇലയായ അപ്പൻ, യന്ത്ര സരസ്വതിയുടെ വരവറിഞ്ഞ ദീർഘദർശി കൂടിയാണ്. ഉത്തരാധുനികതയുടെ വർത്തമാനവും വംശാവലിയും കൂടി എഴുതിയ ശേഷമാണ് പേന അടച്ചുവയ്ക്കാതെയും  വായിച്ചുകൊണ്ടിരുന്ന പുസ്തകം അങ്ങനെതന്നെ മാറ്റിവച്ചും സമയപ്രവാഹത്തിന്റെ ഭാഗമായത്. രോഗവും സാഹിത്യഭാവനയും എന്ന ചിന്ത അറംപറ്റിയിട്ടുണ്ടാകാം. എന്നാൽ, ബൈബിളിനു വെളിച്ചത്തിന്റെ കവചം അണിയിച്ച അദ്ദേഹം മധുരം നിന്റെ ജീവിതം എന്നു മറിയത്തോട് മന്ത്രിച്ചപ്പോൾ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു. ജീവിച്ചിരുന്നപ്പോൾ ഒരു പുരസ്കാരത്തിനും സ്വാതന്ത്ര്യത്തെ അടിയറ വയ്ക്കാതിരുന്ന അദ്ദേഹത്തിനു വേണ്ടി കുടുംബം ആ പുരസ്കാരം സ്വീകരിച്ചു. അപ്പന് എന്തു തോന്നിക്കാണും. അർഹിച്ച അംഗീകാരത്തിന്റെ ഒരു കണികയെങ്കിലും ലഭിച്ചു എന്നോ. കേന്ദ്ര അക്കാദമി വിലയിട്ടാൽപ്പോലും തല കുനിക്കാൻ താൻ കാത്തിനിന്നില്ല എന്ന പതിവു ധിക്കാരമോ. 

കാലത്തിന്റെ ആന്തര നാദം കേട്ട് വിമർശനത്തിന്റെ ഭാവി കൃത്യമായി പ്രവചിച്ച അപ്പന്റെ പ്രതിഭ, രാത്രിയാകാശത്തിലെ ഒറ്റനക്ഷത്രമായി മങ്ങാതെ കത്തുന്നു. കത്തിജ്വലിക്കുന്നു. 

He was absolutely alone, with not a single friend 

and between one and none there lies as infinity. 

കെ.പി. അപ്പൻ: നിഷേധിയും മഹർഷിയും 

പ്രസന്നരാജൻ 

മാതൃഭൂമി ബുക്സ് 

‌വില : 450 രൂപ

English Summary:

Malayalam Book ' K. P. Appan Nishedhiyum Maharshiyum ' Written by Prasannarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com