"ഷൂട്ട് കഴിഞ്ഞാൽ യാത്ര മസ്റ്റാ!": നടി നിമിഷ സജയന്റെ യാത്രകൾ

111
SHARE

ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദ‌യം കവര്‍ന്ന ശാലീന സുന്ദരിയാണ് നിമിഷ സജയൻ. തനിനാടൻ നായിക എന്ന വിശേഷണവും നിമിഷക്ക് സ്വന്തമാണ്. അഭിനയത്തിൽ മാത്രമല്ല സംവിധാനയകയുടെ റോളിലും ചുവടുവച്ചിരിക്കുകയാണ് താരം. ടൊവിനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയിലൂടെയാണ് സംവിധാനത്തിലേക്ക് കൂടി കൈകടത്തി നിമിഷ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. നിമിഷയുടെ ഇഷ്ടം എന്തെന്ന് ചോദിച്ചാൽ യാത്രകളും കാഴ്ചകളുമാണെന്ന് ഒറ്റവാക്യത്തിൽ ഉത്തരം പറയും. കുട്ടിക്കാലം മുതൽ യാത്രകള്‍ ചെയ്യാൻ അത്രമേൽ ഇഷ്ടമാണ്. നിമിഷ സജയന്റെ ഇഷ്ടപ്പെട്ട യാത്രകളെ കുറിച്ച് മനോരമ ഒാണ്‍ലൈനിൽ പങ്കുവയ്ക്കുന്നു.

nimisha-sajayan8

യാത്രകളെ പ്രണയിക്കാൻ പഠിപ്പിച്ചത് തന്റെ അധ്യാപകനാണെന്ന് നിമിഷ പറയുന്നു. സ്കൂൾ കാലഘട്ടം മുതൽ എന്തിനും ഏതിനും മുന്‍പന്തിയിലാണ് താരം.

പഠനസമയത്ത് ചരിത്രവും സാമൂഹികവുമായി ബന്ധപ്പെട്ട ഒട്ടേറെ യാത്രകൾ നടത്തിയിട്ടുണ്ട്. മുത്തശ്ശിമാർ പറഞ്ഞുകൊടുക്കുന്ന െഎതീഹ്യകഥകളുൾപ്പടെ ചരിത്രാപരമായ കഥകള്‍ വായിക്കുവാനും അവയൊക്കെ നേരിട്ട് കാണുവാനും നിമിഷക്ക് പ്രത്യേക ഇഷ്ടമാണ്. കണ്ടാൽ തനിനാട്ടിന്‍പുറംകാരി ആണെങ്കിലും നിമിഷ മുബൈക്കാരിയാണെന്ന് പറയുമ്പോൾ ആരുമൊന്ന് അതിശയിക്കും. നോട്ടത്തിലും ഭാവത്തിലും വർത്തമാനത്തിലും ശാലീന സൗന്ദര്യമാണ് നിമിഷയെ ശ്രദ്ധേയമാക്കുന്നത്.

nimisha-sajayan6

ഷൂട്ടു കഴിഞ്ഞാൽ യാത്ര

ഷൂട്ടിങ്ങിന്റെ ഭാഗമായി യാത്രകൾ ഒരുപാട് നടത്തിയിട്ടുണ്ട്. ഷൂട്ടു കഴിഞ്ഞുള്ള സമയം ആ സ്ഥലത്തെ പ്രധാന കാഴ്ചകൾ ആസ്വദിക്കുകയാണ് നിമിഷയുടെ ഹോബി. യാത്രകളാണ് ജീവിതത്തെ തിളക്കമുള്ളതാക്കിമാറ്റുന്നതെന്നാണ് നിമിഷ പറയുന്നത്. മനസ്സ് വല്ലാതെ ടെന്‍ഷനടിച്ചിരിക്കുമ്പേൾ ട്രിപ്പ് പോകണം, മനസ്സിന്റെ എല്ലാ ആകുലതയെയും ആ യാത്ര തുടച്ചുമാറ്റും. മുബൈയിൽ താമസമായതുകൊണ്ടാവാം എനിക്കേറ്റവും ഇഷ്ടം കോട്ടകളും അവിടുത്തെ കഥകളുമൊക്കെയാണ്. മുബൈയിലെ പ്രധാന കാഴ്ചകളൊക്കെയും കണ്ടിട്ടുണ്ട്.

nimisha-sajayan3

ഏതു തിരക്കിലാണെങ്കിലും ഷൂട്ട് കഴിഞ്ഞാൽ ഒരു യാത്ര പതിവാണ്. "തിരക്കുകളെല്ലാം കഴിഞ്ഞ് മനസ്സിനെ സ്വസ്ഥമാക്കിയുള്ള യാത്ര. അത് എനിക്ക് ഒരുപാട് ഇഷ്ടമാണ്. യാത്രകൾ നൽകുന്ന ഉണർവ്വും ഉന്മേഷവും ഡോക്ടർമാർ കുറിക്കുന്ന ഒരു മരുന്നിനും തരാനാകില്ല. പ്രകൃതിയൊരുക്കിയ വിസ്മയം നേരിട്ടു തന്നെ കണ്ടാസ്വദിക്കണം.-താരം പറയുന്നു. ''

പ്രണയമാണ് പ്രകൃതിയോട്

പ്രകൃതിയുടെ പച്ചപ്പു നിറഞ്ഞ വയനാടിനോട് എന്നും എനിക്ക് പ്രണയമാണ്. ഒഴിവു കിട്ടുമ്പോൾ കുടുംബമായി വയനാട് പോകാറുണ്ട്. അവിടെ കുടുംബ സുഹൃത്തിന്റെ റിസോർട്ടുണ്ട്. അവിടെയാണ് താമസം. മിക്ക യാത്രയിലും വയനാട് എന്നെ വല്ലാതെ പിൻതുടരും. അത്രയ്ക്ക് ഭംഗിയാണ് വയനാട് എന്ന സുന്ദരിക്ക്. തീരാത്ത ദൃശ്യാനുഭവം സമ്മാനിക്കുന്ന വയനാട് സഞ്ചാരപ്രിയർക്ക് എന്നുമൊരു സാഹസിക കേന്ദ്രം തന്നെയാണ്. പിന്നിലേക്കോടിമറയുന്ന പാതയരികിലെ കാഴ്ചകൾ ആസ്വദിച്ചുള്ള വയനാട് യാത്ര ഏറെ രസകരമാണ്.

nimisha-sajayan1

കോടമഞ്ഞും മലനിരകളും ഇരുണ്ട കാനനവും വളഞ്ഞുപുളഞ്ഞു പോകുന്ന റോഡുമെല്ലാം യാത്രക്ക് പുതുമാനങ്ങൾ സമ്മാനിക്കും. മീൻമുട്ടിയും സൂചിപ്പാറയും എടക്കൽ ഗുഹയും ബാണാസുരസാഗർ അണക്കെട്ടും ചേർന്നൊരുക്കുന്നതാണ് പരിചയമുള്ള വയനാടൻ സൗന്ദര്യം. ഈ സ്ഥലങ്ങൾക്കപ്പുറം വയനാടിന്റെ ഉൾത്തുടിപ്പറിഞ്ഞുള്ള യാത്രയും കാഴ്ചകളും ഒരിക്കലും മനസ്സിൽ നിന്നും മായില്ല. പ്രകൃതിയുടെ സൗന്ദര്യം നിറഞ്ഞ വാഗമണ്‍, ഇടുക്കി കാഴ്ചകളൊക്കെയും പ്രിയമാണ്.

വൈക്കം എന്റെ ആദ്യ ലോക്കേഷൻ

വൈക്കം എന്ന സ്ഥലത്തെക്കുറിച്ച് എന്നും മധുരമുള്ള ഒാർമകളാണ്. എന്റെ ആദ്യസിനിമയുടെ ഷൂട്ടിങ്ങ് അവിടെ ആയതിനാലാവും വൈക്കത്തെ ഇത്ര ഇഷ്ടപ്പെടാൻ കാരണം. അവിടുത്തെ ആളുകളുടെ സ്നേഹവും കരുതലും അനുഭവിച്ചയാളാണ് ഞാൻ. സമയം കിട്ടുമ്പോഴൊക്കെയും വൈക്കത്തേക്ക് യാത്ര പോകാറുണ്ട്. ക്ഷേത്ര ദർശനവും നടത്താറുണ്ട്. വൈക്കത്തഷ്‍ടമിക്ക് പോയിട്ടുണ്ട്.

nimisha-sajayan7

മറക്കാനാവില്ല മണാലി യാത്ര

സിനിമാ തിരക്കുകളൊക്കെയും മാറ്റിവച്ച് ഇത്തവണ യാത്രപോയത് മണാലിലേക്കായിരുന്നു. ശരിക്കും മനസ്സിനെ വിസ്മയിപ്പിച്ച യാത്രയായിരുന്നു. പ്രൗഢിയോടെ നിലകൊള്ളുന്ന ഹിമാലയന്‍ മലനിരകളുടെ താഴ്‍‍വരയിലെ ശാന്തസുന്ദരമായ ഭൂമി, സഞ്ചാരികളുടെ പറുദീസയായ മണാലി.

nimisha-sajayan

പ്രകൃതി സൗന്ദര്യം നുകരാനും സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുമാണ് സഞ്ചാരികള്‍ കൂടുതലും ഇവിടെ എത്താറുള്ളത്. മുമ്പും മണാലിയിൽ പോയിട്ടുണ്ട്. മഞ്ഞില്‍ മൂടിക്കിടക്കുന്ന പര്‍വ്വതനിരകളും പച്ചവിരിച്ച മലനിരകളും കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതിഭംഗിയുമാണ് മണാലിയിൽ തന്നെ ആകർഷിച്ചതെന്നും നിമിഷ പറയുന്നു. ഹിമാലയത്തോട് ചേര്‍ന്നുകിടക്കുന്ന വിസ്മയഭൂമി ഒന്നു കാണേണ്ടത് തന്നെ.

ഇന്ത്യയിലെ തന്നെ മികച്ചൊരു റൊമാന്റിക് ഡെസ്റ്റിനേഷന്‍ കൂടിയാണു കുളു മണാലി. എന്റെ സുഹൃത്തുക്കളൊടൊപ്പമായിരുന്നു യാത്ര. ത്രില്ലിങ്ങ് യാത്രയായിരുന്നു. കാഴ്ചകൾ ആസ്വദിച്ച് പോകുവാനായി ട്രെയിന്‍ തന്നെയായിരുന്നു തെരഞ്ഞടുത്തത്. മണാലി എത്തിയിട്ടുള്ള മുന്നോട്ടുള്ള യാത്ര ബസ്സിലുമായിരുന്നു. പുത്തൻകാഴ്ചകൾ സമ്മാനിച്ച യാത്രയായിരുന്നു. മടക്കയാത്രയിൽ ജനാലക്കരികിലൂടെ നോക്കിയപ്പോൾ കുന്നുകളും മലകളും പിന്നിലേക്ക് മറയുന്ന കാഴ്ചയായിരുന്നു എന്നെ ഏറെ വിഷമിപ്പിച്ചത്.

സ്വപ്നയാത്ര പാതിരാസൂര്യന്റെ നാട്ടിലേക്ക്...

ഇന്ത്യക്ക് പുറത്ത് യാത്രകൾ പോയിട്ടുണ്ടെങ്കിലും എന്റെ ഡ്രീം ഡെസ്റ്റിനേഷനായ നോർവെ സന്ദർശിച്ചിട്ടില്ല. നോർവയുടെ ചിത്രങ്ങളും വി‍ഡിയോകളും കണ്ട്  സൗന്ദര്യം ആസ്വാദിക്കാറുണ്ട്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിലുള്ള നോർവെയിലേക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണം. എന്റെ സ്വപ്നയാത്രയാണത്.

nimisha-sajayan4

പുതുവർഷം ഇവിടെ ആഘോഷിക്കണം

സൗഭാഗ്യങ്ങൾ എനിക്ക് നൽകിയ 2018ലെ പുതുവർഷം ഞാനും എന്റെ സുഹൃത്തുക്കളും ആഘോഷിച്ചത് അമൃത്‍‍സർ വച്ചായിരുന്നു. ഗോൾഡൻ ടെബിളിലെ രാത്രി ദൃശ്യം ആസ്വദിച്ചുകൊണ്ടായിരുന്നു 2018 ലെ തുടക്കം ആഘോഷിച്ചത്. ഇത്തവണത്തെ പുതുവർഷം രാജസ്ഥാനിൽ ആഘോഷിക്കണമെന്നാണ് വിചാരിക്കുന്നത്.

എന്റെ മിക്ക സുഹൃത്തുക്കളും മാർവാടികളാണ്, രാജസ്ഥാനികൾ അതുകൊണ്ടാണ് ഇത്തവണ രാജസ്ഥാൻ തെരഞ്ഞടുത്തത്. വരുന്ന പുതുവർഷവും ഇൗശ്വരാനുഗ്രഹത്താൽ എന്റെ ഭാഗ്യവർഷം തന്നെകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. യാത്രകളെ പ്രണയിക്കുന്ന നിമിഷ സജയൻ പറഞ്ഞുനിർത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA