sections

Manoramaonline

MORE

തൊവാമ്പു, ഇന്ത്യൻ കോഫി ഷോപ്പ്; അവസാനിക്കുന്നില്ല ആഫ്രിക്കൻ യാത്ര

african-safari8
SHARE

മനുഷ്യന്റെ ജന്മനാട്ടിൽ - 11

രാവിലെ 4ന് എഴുന്നേറ്റ് തയാറായി 5 മണിക്ക് ഹോട്ടലിന്റെ റിസപ്ഷനിലെത്തിയപ്പോൾ അവിടെ പരിപൂർണ്ണ അന്ധകാരം. തൊട്ടടുത്തുള്ള റെസ്റ്റോറന്റും അടഞ്ഞു കിടക്കുന്നു. തലേന്ന് വൈകിട്ട് ഞങ്ങളുടെ ഗൈഡ് ജിം റിസപ്ഷനിസ്റ്റിനോട് പ്രത്യേകം പറഞ്ഞേൽപ്പിച്ചിരുന്നതാണ് ഞങ്ങൾക്ക് 5 മണിക്ക് പ്രഭാതഭക്ഷണം തരണമെന്ന്. 5.30ന് പുറപ്പെട്ടാലേ ഗൊരങ്‌ഗോരോ വിശദമായി കണ്ട് സന്ധ്യയോടെ തിരിച്ച് അരൂഷയിൽ എത്താൻ പറ്റൂ.

african-safari2
മൗണ്ട് മേരു ഹൈവേയിൽ നിന്നു കാണുമ്പോൾ 

എന്തു ചെയ്യണം എന്നാലോചിച്ച് നിൽക്കുമ്പോൾ റിസപ്ഷനിസ്റ്റ് ഉറക്കച്ചടവോടെ ലിഫ്റ്റിറങ്ങി വന്നു. 'ബ്രേക്ക്ഫാസ്റ്റ്?'- ഞാൻ ചോദിച്ചു. 'സോറി, കുക്ക് എത്തിയിട്ടില്ല. അൽപം കാത്തിരിക്കൂ' - ഇത്രയും പറഞ്ഞിട്ട് റിസപ്ഷനിസ്റ്റ് കിച്ചണിലേക്ക് പോയി.

കിച്ചണിൽ ലൈറ്റിടുന്നതും പാത്രങ്ങൾ തട്ടുന്നതും മുട്ടുന്നതും കേട്ട് ഞങ്ങൾ റിസപ്ഷനിൽ ഇരിക്കുമ്പോൾ ജിം വന്നു. ഞങ്ങൾ പ്രഭാതഭക്ഷണം കഴിച്ച്, പോകാൻ റെഡിയായി ഇരിക്കുകയാണെന്നാണ് ജിം ധരിച്ചത്. സത്യാവസ്ഥ പറഞ്ഞപ്പോൾ ജിമ്മും കിച്ചണിലേക്കു കയറി. 20 മിനുട്ടു കൊണ്ട് ഓംലെറ്റും സോസേജും ബ്രഡ് ടോസ്റ്റും കോഫിയുമെല്ലാം ജിമ്മും റിസ്പഷനിസ്റ്റും കൂടി റെഡിയാക്കിയെടുത്തു. 30 മിനുട്ടു വൈകി, 6 മണിക്ക് ഗൊരങ്‌ഗോരോയിലേക്കുള്ള യാത്ര തുടങ്ങി. രാത്രി മുഴുവൻ മഴ പെയ്‌തെന്നു തോന്നുന്നു. വിജനമായ നഗരവീഥികൾ നനഞ്ഞു കിടക്കുന്നു. പ്രഭാത ഭക്ഷണമായി കട്‌ലെറ്റ് പോലെയുള്ള എന്തോ ഒരു വിഭവം ഉണ്ടാക്കി വിൽക്കുന്ന ഏതാനും വഴിയോര കച്ചവടക്കാർ മാത്രമേ സജീവമായിട്ടുള്ളൂ.

african-safari3
ഗൊരങ്ഗോരോയിലേക്കുള്ള ദിശാസൂചി 

നഗരത്തിലെ ഏറ്റവും വലിയ ഷോപ്പിങ്മാൾ പിന്നിട്ട് ജിമ്മിന്റെ ലാൻഡ് ക്രൂയിസർ ഓടിക്കൊണ്ടിരുന്നു. നഗരാതിർത്തിയ്ക്കപ്പുറം കൃഷിഭൂമികൾക്കു നടുവിലൂടെ നേർരേഖ പോലെ റോഡു നീളുമ്പോൾ വലതുവശത്ത് വീണ്ടും ആ വിസ്മയകാഴ്ച തെളിഞ്ഞു. - മൗണ്ട് മേരു! തലേന്ന്, ഹോട്ടൽ മുറിയുടെ ജാലകത്തിലൂടെ കണ്ട, ആഫ്രിക്കയിലെ മൂന്നാമത്തെ ഏറ്റവും വലിയ കൊടുമുടി, കൃഷിഭൂമിക്ക് അതിരിട്ടുകൊണ്ട് ആകാശം മുട്ടി നിൽക്കുന്നു. മഴ പെയ്തു തോർന്നിട്ട് അധികനേരമാകാത്തതു കൊണ്ടാവാം, മേഘങ്ങളൊന്നും മൗണ്ട്‌മേരുവിന്റെ കാഴ്ച മറച്ചിട്ടില്ല. 4562 മീറ്റർ ഉയരത്തിൽ നെഞ്ചുയർത്തി നിൽക്കുന്ന മഹാമേരുവിന്റെ തലപ്പത്ത് മഞ്ഞ് കൂടുകൂട്ടിയിരിക്കുന്നു.

ജിമ്മിനോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. കുറേ ഫോട്ടോകളെടുത്തു. ആഫ്രിക്കയിലെ കാലാവസ്ഥ വിശ്വസിക്കാൻ പറ്റില്ല. തൊട്ടടുത്ത നിമിഷം മേരുവിനെ മേഘങ്ങൾ വന്നു മൂടിയേക്കാം ഒരു പക്ഷേ, പിന്നെ മേരുവിനെ കാണാൻ കഴിയുന്നത് ഒരാഴ്ചയ്ക്കു ശേഷമോ മറ്റോ ആയിരിക്കും. റിസ്‌ക് എടുക്കണ്ടല്ലോ. കുറെ ചിത്രങ്ങളെടുത്തു വെച്ചാൽ മനസ്സമാധാനമായി യാത്ര തുടരാം.

african-safari4
വഴിയരികിലെ ജിറാഫ് 

വഴിയിൽ വലിയ തിരക്കൊന്നുമില്ല. ഇടയ്ക്കിടെ കടന്നു പോകുന്നത് ദീർഘദൂര ബസ്സുകളാണ്. അങ്ങാടികളൊന്നും സജീവമായിട്ടില്ല. ചെറിയ കയറ്റങ്ങൾ കയറിയും ഇറങ്ങിയുമുള്ള റോഡു യാത്ര രസകരമായിരുന്നു.

അങ്ങനെ യാത്ര തുടരവേ, കമ്പിവേലി കെട്ടി സുരക്ഷിതമാക്കിയ വലിയൊരു മൈതാനം കണ്ടു. മൈതാനത്തിന്റെ ഓരത്ത് തകര ഷീറ്റിട്ട ഒരു കെട്ടിടവും. പിന്നാലെ തലയ്ക്കു മേലെ കാതടപ്പിക്കുന്ന ശബ്ദം രൂപപ്പെട്ടു. അതൊരു വിമാനമായിരുന്നു! കോസ്റ്റൽ ഏവിയേഷന്റെ ഒരു എടിആർ വിമാനം മൈതാനത്തിൽ ഉരഞ്ഞിറങ്ങുന്നതു കണ്ടപ്പോഴാണ് അതൊരു എയർപോർട്ട് ആണെന്നു ബോധ്യപ്പെട്ടത്. അരൂഷ എയർപോർട്ടാണിത്. അഞ്ച് ചെറുകിട വിമാനക്കമ്പനികൾ മാത്രം സർവീസ് നടത്തുന്ന വിമാനത്താവളം. വന്യമൃഗ സംരക്ഷണകേന്ദ്രങ്ങളിലേക്കുള്ള ചെറുവിമാനങ്ങളാണ് പ്രധാനമായും ഇവിടെ കാണാനാവുക. സൻസിബാർ, ദാർ എസ് സലാം  എന്നിവിടങ്ങളിലേക്കും ഇവിടെ നിന്ന് സർവീസുണ്ട്.

african-safari5
വഴിയരികിലെ ജിറാഫ് 

എയർപോർട്ട് പിന്നിട്ടപ്പോൾ പച്ചപ്പുൽ മൈതാനങ്ങളുടെ വലിയ ലോകം തുറന്നു. അവയ്ക്കിടയിൽ കുടംനിറമുള്ള വേഷങ്ങൾ ധരിച്ച്, വലിയ വടിയും കൈയ്യിൽ പിടിച്ച്  വളർത്തുമൃഗങ്ങളെ മേയ്ക്കുന്ന ആദിവാസികളെയും കാണായി. ഇവരിലധികവും മസായി ഗോത്രത്തിൽപ്പെട്ടവരാണ്. കെനിയയാണ് മസായികളുടെ പ്രധാന കേന്ദ്രമെങ്കിലും മലനിരകൾ കടന്ന് ഇവർ ആഫ്രിക്കയുടെ പല ഭാഗങ്ങളിലും എത്തിയിട്ടുണ്ട്. പാസ്‌പോർട്ടും അന്തർദ്ദേശീയ അതിർത്തി നിയമങ്ങളുമൊന്നും മസായികളെ ഇതുവരെ ബാധിച്ചിട്ടില്ല! വന്യമൃഗങ്ങളെയൊന്നും വകവയ്ക്കാതെ വളർത്തുമൃഗങ്ങളെ മേയാൻ അഴിച്ചുവിട്ട്, അവയ്ക്ക് കാവൽ നിന്ന്, മസായികൾ കാനന ജീവിതം നയിക്കുന്നു.

african-safari6
ഗൊരങ്ഗോരോയിലേക്കുള്ള യാത്രയ്ക്കിടെ ജിമ്മിന്റെ ലാൻഡ് ക്രൂയ്സർ 

നാടോടി ഗോത്രത്തിൽ പെട്ടുന്ന മസായികളെ അവരുടെ തനത് ശൈലിയിൽ ജീവിക്കാനാണ് കെനിയയിലെയും ടാൻസാനിയയിലെയും ഭരണകൂടങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. പത്തുലക്ഷത്തോളം വരുന്ന മസായികളിൽ മിക്കവരും തങ്ങളുടെ സംസ്‌കാരവും ജീവിതരീതികളും മറ്റുള്ളവർക്ക് കാട്ടിക്കൊടുക്കാൻ തൽപ്പരരുമാണ്. വിനോദസഞ്ചാരികൾ മസായി ഗ്രാമങ്ങൾ സന്ദർശിക്കാറുണ്ട്. വൃത്താകൃതിയിലുള്ള, ഓല കൊണ്ടു മേഞ്ഞ, ഭിത്തിയിൽ വെള്ള തേച്ച ചെറിയ വീടുകളാണ് മസായികളുടേത്. ലോകത്തിന്റെ ഏറ്റവും ഉയരമുള്ള ജനതയാണ് മസായികൾ. അതുകൊണ്ടു തന്നെ കുടിലുകൾക്കും നല്ല ഉയരമുണ്ട്. (ആറടി മൂന്നിഞ്ചാണ് മസായിയുടെ ശരാശരി ഉയരം!)

african-safari7
കഴുതയെ മേയ്ക്കുന്ന ഒരു ആദിവാസി ബാലൻ 

ഇപ്പോൾ മസായികളുടെ വിദ്യാഭ്യാസ കാര്യത്തിൽ സർക്കാർ സവിശേഷ ശ്രദ്ധ പുലർത്തുന്നുണ്ട്. എല്ലാ മസായി ഗ്രാമങ്ങളിലും സ്‌കൂളുകളുണ്ട്. പല പ്രധാനപ്പെട്ട ഔദ്യോഗിക സ്ഥാനങ്ങളിലും മസായികൾ എത്തിത്തുടങ്ങിയിട്ടുമുണ്ട്. 2005 മുതൽ 2008 വരെ ടാൻസാനിയയിലെ പ്രധാനമന്ത്രിയായിരുന്ന എഡ്‌വാർഡ് ലൊവാസ മസായി ഗോത്രക്കാരനായിരുന്നു. അല്പം കൂടി മുന്നോട്ടു പോയപ്പോൾ വലതുവശത്ത് ചെറിയൊരു മസായി ഗ്രാമം കണ്ടു. ഗ്രാമത്തിനോട് ചേർന്ന് ചെറിയൊരു സ്‌കൂളും.

'ആ മസായി ഗ്രാമത്തിലെ മൂപ്പന് പല ഭാര്യമാരിലായി 101 കുട്ടികളുണ്ട്. അതിൽ ഒരു കുട്ടിക്ക് സ്‌കൂളിലേക്ക് പോകും വഴി വാഹനമിടിച്ച് പരിക്ക് പറ്റി. അതോടെ ഗ്രാമത്തിനുള്ളിൽ തന്നെ, തന്റെ കുട്ടികൾക്ക് പഠിക്കാനായി മൂപ്പൻ സ്‌കൂൾ പണിതു. ആ സ്‌കൂളാണ് മുന്നിൽ കാണുന്നത്. ഗ്രാമത്തിലെ എല്ലാ വീട്ടിലുമുള്ളത് മൂപ്പന്റെ സ്വന്തം ഭാര്യമാരും കുട്ടികളുമാണ്'- ജിം പറഞ്ഞു. എത്ര രസകരമായ ആചാരങ്ങൾ! ഇത്തരം പല രസികൻ കഥകളും മസായികളെക്കുറിച്ചുണ്ട്. വിമാനത്തിൽ നിന്നു വീണ കണ്ണാടി കളയാനായി ലോകത്തിന്റെ അറ്റം തേടിപ്പോകുന്ന മസായിയുടെ കഥയാണല്ലോ 'ഗോഡ്‌സ് മസ്റ്റ് ബി ക്രേസി' എന്ന ഹോളിവുഡ് സിനിമ.

ഹൈവേ വിട്ട് ലാൻഡ് ക്രൂയിസർ വലത്തേക്ക് തിരിഞ്ഞു. 'ഗോരങ്‌ഗോരോ കൺസർവേഷൻ ഏരിയ' എന്ന ബോർഡ് കാണാം, റോഡരികിൽ. ഇവിടെ നിന്നു പ്രകൃതിയുടെ യഥാർത്ഥ ആഫ്രിക്കൻ വന്യത കണ്ടുതുടങ്ങുകയാണ്. ഈ പാത മുതൽ ഗോരങ്‌ഗോരോ വരെയുള്ള പ്രദേശത്തിന്റെ ഭൂരിഭാഗവും സംരക്ഷിത വനങ്ങളാണ്. എന്നാൽ നമ്മുടെ നാട്ടിലേതു പോലെ മരങ്ങൾ തിങ്ങി വളരുന്ന കാടുകളല്ല  ആഫ്രിക്കയിൽ ഏറെയുമുള്ളത്. കുട വിരിച്ചതു പോലെ നിൽക്കുന്ന അക്കേഷ്യ മരങ്ങളും വെളിമ്പ്രദേശങ്ങളുമാണ് ഏറെയും കാണാനാവുക. പക്ഷേ തുറസ്സായ സ്ഥലങ്ങൾക്കു പോലും പച്ചപ്പിന്റെ ഭംഗിയുണ്ട് എന്നതും പറയാതിരിക്കാനാവില്ല. അങ്ങനെ, ഗൊരങ്‌ഗോരോയിലേക്കുള്ള പാതയിലൂടെ നീങ്ങിക്കൊണ്ടിരിക്കവേ, ആ യാത്രയിലെ ആദ്യത്തെ വന്യമൃഗത്തെ കണ്ടു- ഒരു ജിറാഫ്. റോഡിനോടു ചേർന്നുള്ള കാട്ടിൽ വിലസി നടക്കുകയാണവൻ. ലാൻഡ് ക്രൂയിസറിന്റെ ശബ്ദമൊന്നും അവനെ അലട്ടുന്നില്ല. വാഹനം നിർത്തി ചിത്രങ്ങളെടുത്തപ്പോൾ തല ചെരിച്ചൊന്നു നോക്കിയിട്ട് അവൻ കാട്ടിനുള്ളിലേക്കു നടന്നു.

അരൂഷയിൽ നിന്ന് 120 കി.മീ ഓടിക്കഴിഞ്ഞപ്പോൾ ഒരു ചെറിയ പട്ടണമെത്തി. തൊവാമ്പു എന്നാണ് പട്ടണത്തിന്റേ പേര്. 'കൊതുക് നദി' എന്നാണ് ഈ പേരിന്റെ അർത്ഥം. കിരുരാമു, മഹ്‌മൂദ്‌, മഗദിനി എന്നീ നദികൾ തൊവാമ്പുവിന്റെ അരികത്തു കൂടി ഒഴുകുന്നുണ്ട്. എന്നാൽ ഈ നദികളൊന്നും കൊതുക് വാഹിനികളല്ല. എന്നിട്ടും പട്ടണത്തിന് ആ പേര് വന്നതെന്ന് സത്യമായിട്ടും ജിമ്മിന് അറിയില്ല! വലിയ നഗരമൊന്നുമല്ലെങ്കിലും സഞ്ചാരികളെ സംബന്ധിച്ച് തൊവാമ്പുവിന് പ്രാധാന്യമുണ്ട്. ലോകത്തിന്റെ ഏറ്റവും പ്രശസ്തമായ നാല് വന്യമൃഗസങ്കേതങ്ങളിലേക്കുള്ള 'ഗേറ്റ്‌വേ'യാണ് തൊവാമ്പു എന്നു പറയാം. സെരങ്കട്ടി,  ഗൊരങ്ഗോരോ , ലേക്മന്യാര, തരങ്കിരേ എന്നീ വന്യമൃഗ സങ്കേതങ്ങളിലേക്ക് പോകണമെങ്കിൽ 'കൊതുകുപുഴ' കടന്നേ പറ്റൂ. ചെറുകിട ലോഡ്ജുകളും ഓഫ് റോഡ് വാഹനങ്ങളുമൊക്കെയാണ് ഇവിടുത്തെ പ്രധാനകാഴ്ച. വാഴപ്പഴത്തിന് പ്രശസ്തമാണ് തൊവാമ്പുവും പരിസരങ്ങളും. 30 തരം വാഴപ്പഴങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഇവ ലോകത്തിന്റെ നാനാ ഭാഗത്തേക്കും കയറ്റുമതി ചെയ്യുന്നുമുണ്ട്.

african-safari12
മസായി യുവാക്കൾ

തൊവാമ്പു പിന്നിട്ട് ചെറിയൊരു മല കയറിയപ്പോൾ താഴെ ഇടതുവശത്ത് മന്യാര തടാകം ദൃഷ്ടിയിൽ പെട്ടു. 329 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മന്യാര തടാകത്തിനു ചുറ്റുമായി 44,000 ഏക്കറിൽ ലേക്ക് മന്യാര വന്യമൃഗസങ്കേതം വ്യാപിച്ചു കിടക്കുന്നു. ആന, സിംഹം, കാട്ടുപോത്ത്, കടുവ എന്നിവയുടെയൊക്കെ വിഹാരകേന്ദ്രമാണ് ലേക്മന്യാര വന്യമൃഗ സംരക്ഷണകേന്ദ്രം.കയറ്റം കയറി എത്തിയത് കുറേ റെസ്റ്റോറന്റുകളുടെ ഇടയിലേക്കാണ്. അവയ്ക്കിടയിൽ ഒരു കരകൗശല വില്പന കേന്ദ്രവുമുണ്ട്. 'ടോയ്‌ലറ്റിൽ പോകണമെങ്കിൽ അവിടെയാവാം. കാപ്പിയും കുടിക്കാം'- ജിം പറഞ്ഞു. എന്നിട്ട് ഞങ്ങളുടെ അനുമതിക്കൊന്നും കാത്തുനിൽക്കാതെ വാഹനം അവിടെ കയറ്റി പാർക്കു ചെയ്തു. 

african-safari10
വഴിയിലെ വാനരന്മാർ

ആഫ്രിക്കൻ ശൈലിയിലുള്ള, തടി കൊണ്ടുള്ള മുഖംമൂടികൾ കൊണ്ട് അലങ്കരിച്ച കരകൗശല വില്പനകേന്ദ്രം അമ്പരപ്പിക്കുന്ന വലുപ്പമുള്ളതായിരുന്നു. ലക്ഷക്കണക്കിനു രൂപ വിലവരുന്ന, തടി കൊണ്ടുള്ള ശിൽപങ്ങൾ പോലുമുണ്ട്, അവിടെ. ആരും കൊതിച്ചുപോകുന്ന തനത് ആഫ്രിക്കൻ നിർമ്മിതികൾ. അവയെല്ലാം കണ്ടുതീരാൻ തന്നെ ഒരു ദിവസം വേണം. എല്ലാമൊന്ന് ഓടിച്ചു കണ്ട് വളപ്പിനുള്ളൽ തന്നെയുള്ള കോഫിഷോപ്പിൽ ഇരിക്കുമ്പോൾ ജിം പറഞ്ഞു:' ഈ ഷോപ്പ് ഒരു ഇന്ത്യക്കാരന്റെയാണ്'. ടാൻസാനിയയുടെ ഒരു മൂലയിൽ, കാടിന്റെ പ്രവേശന കേന്ദ്രത്തിൽ, കോടിക്കണക്കിനു രൂപ മുടക്കി ഇങ്ങനെയൊരു ഷോപ്പ് സ്ഥാപിച്ച ആ ഇന്ത്യക്കാരനെ മനസ്സാ നമിച്ചു. വിശ്രമത്തിനു ശേഷം വീണ്ടും ലാൻഡ് ക്രൂയിസർ ഓടിത്തുടങ്ങി. വലിയ കയറ്റം കയറി കൊടുങ്കാടിനു മുന്നിലെ കവാടത്തിൽ വാഹനം നിന്നു. ഗൊരങ്‌ഗോരോ വന്യമൃഗ സങ്കേതത്തിലേക്കും അഗ്നിപർവത മുഖത്തേക്കുമുള്ള പ്രവേശന കവാടമാണത്.

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA