അകമ്പടി വാഹനങ്ങളുടെ നീണ്ട നിര! ഇത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹമോ? സത്യമറിയാം | Fact Check
Mail This Article
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജനങ്ങളുടെ ദാസന്റ് വരവ് കണ്ടോ!! പിണറായിയുടെ ധൂർത്തിന്റ മറ്റൊരു രീതി. ഇത്രയും വണ്ടികൾ അകമ്പടി സേവിക്കാൻ ഇയാൾ ആരാണ്? ചക്രവർത്തിയോ എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്.ഈ ഒരു വരവിന് അഞ്ച് പേർക്ക് വീട് വയ്ക്കാം എന്നും വിഡിയോയിൽ കുറിച്ചിട്ടുണ്ട്. വാസ്തവമറിയാം
∙ അന്വേഷണം
റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ പരിശോധിച്ചപ്പോൾ സമാനമായ വിഡിയോ ഒരു യൂട്യൂബ് ചാനലിൽ കണ്ടെത്തി.
മറ്റൊരു വിഡിയോയിലും ഇതേ ദൃശ്യങ്ങൾ ഞങ്ങൾക്ക് ലഭിച്ചു.
Pm Modiji trial run kalpetta/ wayanad visit എന്നാണ് വിഡിയോയ്ക്കൊപ്പമുള്ള തലക്കെട്ട്.
ഇതിൽ നിന്ന് വൈറൽ വിഡിയോയിലുള്ളത് വയനാട് സന്ദർശനത്തിന് പ്രധാനമന്ത്രി എത്തുന്നതിന് മുൻപുള്ള സുരക്ഷാ വാഹനങ്ങളുടെ ട്രയൽ റൺ ദൃശ്യങ്ങളാണെന്ന് വ്യക്തമായി.പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ സഞ്ചാരപഥം സുരക്ഷിതമെന്ന് ഉറപ്പാക്കാൻ റോഡുകളടച്ചു പൊലീസിന്റെ ട്രയൽ റൺ നടത്താറുണ്ട്.
പ്രധാനമന്ത്രി വയനാട്ടിലേയ്ക്ക് പോകുന്ന വാഹനവ്യൂഹത്തിന്റെ ദൃശ്യങ്ങള്‍ കൈരളിയുടെ വാർത്താ റിപ്പോർട്ടിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചു.ഈ വിഡിയോയിൽ വാഹനവ്യൂഹത്തിനൊപ്പമുള്ള ഒരു വാഹനത്തിൽ ഫോട്ടോഗ്രാഫർമാരെയും കാണാം.എന്നാൽ വൈറൽ വിഡിയോയിൽ ഇവർ ഉൾപ്പെട്ടിട്ടില്ല.റിപ്പോർട്ടർ ചാനൽ പങ്ക്‌വച്ച ഒരു വിഡിയോയിലും ഇത് വ്യക്തമാണ്.
സ്ഥിരീകരണത്തിനായി പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വയനാട്ടിലുണ്ടായിരുന്ന ചില പൊലീസുകാരുമായി ഞങ്ങൾ സംസാരിച്ചു. വൈറൽ വിഡിയോയിലുള്ളത് പ്രധാനമന്ത്രിയുടെ വയനാട് സന്ദർശന് മുന്നോടിയായുള്ള വാഹനവ്യൂഹത്തിന്റെ ട്രയൽ റണ്ണിന്റെ ദൃശ്യങ്ങളാണെന്ന് അവർ പറഞ്ഞു.
∙ വസ്തുത
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന്റെ വിഡിയോ എന്ന അവകാശവാദത്തോടെയുള്ള പ്രചാരണം വ്യാജമാണ്. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തിലെ വാഹനവ്യൂഹത്തിന്റെ ദൃശ്യങ്ങളാണ് വൈറൽ വിഡിയോയിലുള്ളത്.
English Summary :The campaign with the claim of a video of the Chief Minister's motorcade is fake