ADVERTISEMENT

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവര്‍ അര്‍ജുന്‍റെ മൃതദേഹം കിട്ടിയെന്ന അവകാശവാദത്തോടെ ഒരു ശബ്ദ സന്ദേശവും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വാസ്തവമറിയാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിലേയ്ക്ക് ഞങ്ങൾക്ക് സന്ദേശം ലഭിച്ചു.

എന്നാൽ പ്രചാരണം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

∙ അന്വേഷണം

ജീർണ്ണിച്ച നിലയിലുള്ള ഒരു മൃതശരീരത്തിന്റെ കൈയ്യിൽ പുരുഷന്മാർ ധരിക്കുന്ന തരത്തിലുള്ള കാപ്പ് അഥവാ വള പോലുള്ള ആഭരണം അടയാളപ്പെടുത്തിയ ചിത്രവും,  അർജുൻ ഇതിന് സമാനമായ ആഭരണം ധരിച്ചതുമായ മറ്റൊരു ചിത്രവുമാണ് സന്ദേശത്തിൽ ഞങ്ങൾക്ക് ലഭിച്ചത്. ചിത്രങ്ങളോടൊപ്പം അർജുന്റെ മ‍ൃതശരീരം ലഭിച്ചതായുള്ള ഒരു ശബ്ദ സന്ദേശവുമുണ്ട്.

ഷിരൂർ ദുരന്തവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളാണ് ഞങ്ങൾ ആദ്യം തിരഞ്ഞത്. അർജുനെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും കർണ്ണാടക സർക്കാർ ഔദ്യോഗികമായി എവിടെയും സ്ഥിരീകരിച്ചതായി കണ്ടെത്താനായില്ല. ഇത്തരത്തിൽ എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ ഔദ്യോഗികമായി തന്നെ സർക്കാർ വൃത്തങ്ങൾ വിവരങ്ങൾ നൽകാറുണ്ട്. 

സ്ഥീരീകരണത്തിനായി ഞങ്ങൾ അർജുന്റെ കുടുംബവുമായി സംസാരിച്ചു. വ്യാജ വാർത്തകളാണ് പ്രചരിക്കുന്നത്. ഇതേ മണ്ണിടിച്ചിലിൽ കാണാതായ പുഴയ്ക്ക് അക്കരെ താമസിക്കുന്ന സണ്ണി ഗൗഡ എന്ന സ്ത്രീയുടെ ശരീരം കണ്ടുകിട്ടിയപ്പോഴുള്ള  ചിത്രമാണ് അർജുന്റേതെന്ന തരത്തിൽ പ്രചരിക്കുന്നത്. ഈ ശരീരം കണ്ടെടുത്തപ്പോഴും തിരിച്ചറിയുന്നതിന്റെ ഭാഗമായി ഞങ്ങളെയും അവിടെയെത്തിച്ചിരുന്നു. എന്നാൽ മരിച്ചത് സണ്ണി ഗൗഡ എന്ന സ്ത്രീയാണെന്നും അവരുടെ ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞതായും അർജുന്റെ സഹോദരി അഞ്ജു മനോരമ ഓൺലൈൻ ഫാക്‌ട് ചെക്കിനോട് പറഞ്ഞു.

അര്‍ജുനായുള്ള തിരച്ചിലിനായി പുതിയ സന്നാഹങ്ങള്‍ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കര്‍ണാടക. അര്‍ജുനെ കാണാതായിട്ട് 17 ദിവസങ്ങളായി. കരയിലും വെള്ളത്തിലും വ്യാപകമായി തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് ഗംഗാവലി പുഴയില്‍ ചെളിയിലാണ്ട നിലയില്‍ അര്‍ജുന്‍റെ ലോറി കണ്ടെത്തിയത്.  നേവി ദിവസങ്ങളോളം പരിശ്രമിച്ചെങ്കിലും നദിയിലെ അടിയൊഴുക്കും മോശം കാലാവസ്ഥയും കാരണം ലോറി ഉയര്‍ത്തിയെടുക്കാന്‍ സാധിച്ചിരുന്നില്ല. ഡ്രോണും ബൂം എസ്കവേറ്ററുമുള്‍പ്പടെയുള്ളവ തിരച്ചിലിന് ഉപയോഗിച്ചിരുന്നു.

ലഭ്യമായ വിവരങ്ങളിൽ നിന്ന് പ്രചരിക്കുന്ന ചിത്രത്തിലുള്ളത് അർജുനല്ലെന്ന് വ്യാക്തമായി.

∙ വസ്തുത

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവര്‍ അര്‍ജുന്‍റെ മൃതദേഹം കിട്ടിയെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്.

English Summary :The message circulating claiming that the body of the lorry driver Arjun has been found is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com