ADVERTISEMENT

വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സർക്കാർ മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായവുമായി അനേകം പേരെത്തുന്നുണ്ട്. ഇപ്പോൾ വയനാട് ദുരിതാശ്വാസത്തിന് ഡിവൈഎഫ്ഐ 10.95 കോടി നൽകിയെന്ന തരത്തിൽ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം.

∙ അന്വേഷണം

"പഴയ കുപ്പി, പാട്ട, പ്ലാസ്റ്റിക്ക് അലുമിനിയം പാത്രങ്ങളുണ്ടോ..യ്... "ഒരു പണിയും ഇല്ലാതെ വെറുതെ കൊടിയും പിടിച്ച് നടക്കണ ആ "DYFI" പിള്ളേരില്ലേ? അവരുണ്ടല്ലോ കേരളമാകെ നടന്ന് നടന്ന് ഒരു കൂസലുമില്ലാതെ എല്ലാ വീടുകളിലുമിങ്ങനെ കയറിയിറങ്ങി "പഴയ കുപ്പി, പാട്ട, പ്ലാസ്റ്റിക്ക് അലുമിനിയം പാത്രങ്ങളുണ്ടോയ്..." എന്ന് ചോദിച്ച് ഒരുപാട് ആക്രികൾ സ്വരൂപിച്ചു കെട്ടോ, എന്നിട്ട് അതെല്ലാം കൂടി വിറ്റപ്പോ അവർക്ക് ₹109586537/ രൂപ കിട്ടിട്ടൊ.പിന്നെ ഒന്നും നോക്കീല അപ്പൊത്തന്നേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ മുഴുവൻ തുകയും കൈമാറിയത്രേ. തുക ഒന്നൂടെ പറയാം "പത്ത് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷത്തി എൺപത് ആറായിരത്തി അഞ്ഞൂറ്റി മുപ്പത്തെഴ് രൂപ/. എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.പോസ്റ്റ് കാണാം.

റീസൈക്കിൾ കേരള ഡിവൈഎഫ്ഐ എന്നീ കീവേഡുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ റീസൈക്കിൾ കേരള: ഡിവൈഎഫ്ഐ 10.95 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി എന്ന 2020 August 6–ലെ ഒരു വാർത്താ റിപ്പോർട്ട്  ലഭിച്ചു. 

ഡി.വൈ.എഫ്.ഐ റീസൈക്കിള്‍ കേരളയിലൂടെ 10,95,86,537 രൂപ (പത്ത് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷത്തി എണ്‍പത്തി ആറായിരത്തി അഞ്ഞൂറ്റി മുപ്പത്തി ഏഴ് രൂപ) സമാഹരിച്ചു. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി സംസ്ഥാന സെക്രട്ടറി എ.എ റഹിം അറിയിച്ചു. പാഴ്വസ്തുക്കള്‍ ശേഖരിച്ച് വിറ്റാണ് തുക സമാഹരിച്ചത്. ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തി. ജലാശയങ്ങളില്‍ നിന്നും നീക്കിയത് ആറര ടണ്‍ പ്ലാസ്റ്റിക്കാണ്. 1519 ടണ്‍ ഇരുമ്പ് മാലിന്യം ശേഖരിച്ച് വില്‍പന നടത്തി. ധനസമാഹരണത്തിന് സ്വീകരിച്ചത് വ്യത്യസ്ത രീതികളാണെന്നുമാണ് റിപ്പോർട്ടിലുള്ളത്.

മറ്റൊരു റിപ്പോർട്ടിലും റീബിൽഡ് കേരള ഇനീഷ്യേറ്റീവിന്റെ പ്രധാന ഭാഗമെന്ന നിലയിൽ 'റീസൈക്കിൾ കേരള' എന്ന ഉപക്യാമ്പയിനിലൂടെ ഡിവൈഎഫ്ഐ 10.95 കോടി രൂപ സമാഹരിച്ചു. പിരിച്ചെടുത്ത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം അറിയിച്ചു.

റീബിൽഡ് കേരളയ്ക്ക് ആവശ്യമായ ഫണ്ട് കൊണ്ടുവരുന്നതിനായി, വീടുകളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾ ശേഖരിക്കാനുള്ള ക്യാമ്പയിൻ സിപിഎമ്മിന്റെ യുവജന വിഭാഗമായ DYFI ആരംഭിച്ചിരുന്നു എന്നും വ്യക്തമാക്കുന്നുണ്ട്.

അന്ന് തുക നൽകിയതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ അവരുടെ ഒദ്യോഗിക സമൂഹമാധ്യമ പേജിൽ പങ്ക്‌വച്ച പോസ്റ്റ് കാണാം

ഇതിൽ നിന്ന് കേരളത്തിൽ 2020–ൽ നടന്ന പ്രളയത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ റീബിൽഡ് കേരള പദ്ധതിക്കു വേണ്ടി ഡി.വൈ.എഫ്.ഐ റീസൈക്കിള്‍ കേരള എന്ന പേരിൽ നടത്തിയ ധനസഹായ പ്രവർത്തനങ്ങളിലൂടെ സമാഹരിച്ച 10.95 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി വ്യക്തമായി. ഇതാണ് വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി നൽകിയതെന്ന തരത്തിൽ പ്രചരിക്കുന്നത്.

ചില ഡിവൈഎഫ്ഐ നേതാക്കളുമായി സംസാരിച്ചപ്പോൾ വയനാട് ദുരിതബാധിതർക്കു വേണ്ടിയുള്ള ധനസമാഹരണ പ്രവർത്തനങ്ങൾ വിവിധ തലങ്ങളിൽ നടന്നു വരികയാണെന്നും വയനാട് പുനർനിർമ്മാണ പദ്ധതിയിൽ ദുരിതബാധിതർക്ക് വീടുകൾ നിർമ്മിച്ചു നൽകാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്നും അവർ വ്യക്തമാക്കി.  ധനസമാഹരണത്തിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായാൽ മാത്രമെ തുക എത്രയെന്ന് വ്യക്തമാക്കാൻ സാദിക്കുകയുള്ളു. മറ്റ് എല്ലാ സഹായങ്ങളുമായി ഡിവൈഎഫ്ഐ പ്രവർത്തകർ ദുരിതബാധിത മേഖലയിലുണ്ടെന്നും അവർ പറഞ്ഞു.

ലഭ്യമായ വിവരങ്ങളിൽ നിന്ന് 2020–ൽ നടന്ന പ്രളയത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ റീബിൽഡ് കേരള പദ്ധതിക്കു വേണ്ടി ഡി.വൈ.എഫ്.ഐ റീസൈക്കിള്‍ കേരള എന്ന പേരിൽ നടത്തിയ ധനസഹായ പ്രവർത്തനങ്ങളിലൂടെ സമാഹരിച്ച 10.95 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതാണ് വയനാട് ദുരിതാശ്വാസത്തിന് നൽകിയെന്ന പേരിൽ പ്രചരിക്കുന്നതെന്ന് വ്യക്തമായി.

∙ വസ്തുത

വയനാട് ദുന്തത്തിന് ശേഷം ഡിവൈഎഫ്ഐ റീ സൈക്കിള്‍ കേരള എന്ന പദ്ധതിയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10.95 കോടി രൂപ കൈമാറിയെന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.  പ്രളയത്തിനും കോവിഡ് മഹാമാരിക്കും ശേഷം സർക്കാർ നടപ്പിലാക്കിയ റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ റീസൈക്കിള്‍ കേരള എന്ന പേരിൽ നടത്തിയ ധനസഹായ പ്രവർത്തനങ്ങളിലൂടെ സമാഹരിച്ച 10.95 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതാണ് വയനാട് ദുരിതാശ്വാസത്തിന് നൽകിയെന്ന പേരിൽ പ്രചരിക്കുന്നത്.

English Summary :The propaganda that Rs 10.95 crore has been transferred to the Chief Minister's Relief Fund through the scheme DYFI Recycle Kerala after the Wayanad landslides is misleading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com