എരഞ്ഞോളി സ്ഫോടനം; സിപിഎമ്മിനെതിരെ പ്രതികരിച്ച യുവതിക്കെതിരെ വ്യാജ പ്രചാരണം; സത്യമിതാണ് | Fact Check
Mail This Article
കണ്ണൂർ എരഞ്ഞോളിയില്‍ ബോംബ് സ്‌ഫോടനത്തില്‍ വയോധികന്‍ കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചകൾ നടക്കുന്നുണ്ട്. പ്രദേശത്തെ ബോംബ് ശേഖരത്തെക്കുറിച്ചും നിരവധിയാളുകൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നതായും സ്ഫോടനത്തിൽ മരിച്ച വേലായുധന്റെ അയല്‍വാസി സീന എന്ന യുവതി മാധ്യമങ്ങൾക്ക് മുൻപിൽ പ്രതികരിച്ചിരുന്നു.ഇതിനിടെ സീനയെ ബിജെപി അനുകൂലയാക്കി ചിത്രീകരിക്കുന്ന പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങൾ നിറയെ. സീന ദുര്‍ഗാവാഹിനി പദസഞ്ചലനത്തില്‍ ഉൾപ്പെട്ടയാളെന്ന അവകാശവാദവുമായി ഒരു ചിത്രം വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്‌ട് ചെക്ക് നമ്പരിൽ ലഭിച്ചിരുന്നു. വിശ്വ ഹിന്ദു പരിഷത്തിന്റെ വനിത വിഭാഗമാണ് ദുർഗാവാഹിനി. വസ്തുതയറിയാം
∙ അന്വേഷണം
ദേണ്ടെ, നുമ്മടെ സീന ചേച്ചി നുമ്മടെ ലസു ചേച്ചിയുടെ കൂടെ. ചേച്ചി ദുർഗ്ഗാവാഹിനിയാ. ഇപ്പോ എല്ലാവർക്കും കാര്യം പിടികിട്ടി കാണുമല്ലോ ..ബോബ് സീന കോലീബിയാണ്..തലശ്ശേരി ഭാഗത്ത് ബോംബ് നിർമാണം കൊണ്ട് ജീവിക്കാൻ ബുദ്ധിമുട്ടാണെന്ന്, ചാനലുകളിൽ ഗോരഗോരം നാവിട്ടിളക്കിയവൾ..... എന്ന തലക്കെട്ടിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. കണ്ണൂരിലെ ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട പോസ്റ്റുകളിലെല്ലാം ഇതേ ചിത്രം നിരവധിയാളുകൾ കമന്റ് ചെയ്തിട്ടുണ്ട്.
വൈറൽ ചിത്രം പരിശോധിച്ചപ്പോൾ സീന എന്നവകാശപ്പെടുന്ന സ്ത്രീയുടെ ചിത്രത്തിലെ കളർ ടോണും ചിത്രത്തിലുള്ള മറ്റ് സ്ത്രീകളുടെ മുഖത്തെ നിറവും തമ്മിൽ വ്യത്യാസമുള്ളതായി വ്യക്തമായി.ഇതിൽ നിന്ന് ചിത്രം എഡിറ്റ് ചെയ്ത് ചേർത്തതാണെന്ന സൂചനകൾ ലഭിച്ചു. വൈറൽ പോസ്റ്റിനൊപ്പമുള്ള കുറിപ്പിലുള്ള ലസിതാ പാലയ്ക്കലിനൊപ്പം എന്ന സൂചനയിൽ നിന്ന് അവരുടെ സമൂഹമാധ്യമ പോസ്റ്റുകൾ പരിശോധിച്ചപ്പോൾ 2019 മേയ് 17ന് ലസിതാ പാലയ്ക്കൽ പങ്ക് വച്ച യഥാർത്ഥ ചിത്രം ഞങ്ങൾക്ക് ലഭിച്ചു.
ഇത് ഞങ്ങളുടെ കരുത്ത് !മാറ്റത്തിൻ ശംഖൊലിമുഴക്കി ചങ്ങനാശ്ശേരിയിൽ ദുർഗ്ഗാവാഹിനിയുടെ പഥസഞ്ചലനം!.... എന്ന തലക്കെട്ടോടെ ലസിത നിരവധി ചിത്രങ്ങൾ പങ്ക് വച്ചിട്ടുണ്ട്. ഇതിലെ ആദ്യ ചിത്രത്തിൽ വൈറൽ ചിത്രത്തിന്റെ യഥാർത്ഥ ചിത്രമാണുള്ളത്.പോസ്റ്റ് കാണാം
സമൂഹമാധ്യമങ്ങളിൽ വൈറൽ ചിത്രം വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് യഥാർത്ഥ ചിത്രം തന്റെ ഫെയ്‌സ്ബുക് പേജിൽ വീണ്ടും ലസിതാ പാലയ്ക്കൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സഖൂ ഇതാണ് ഒറിജിനൽ എന്നാണ് ചിത്രത്തിനൊപ്പമുള്ള കുറിപ്പ്. ഇതിൽ നിന്ന് യഥാർത്ഥ ചിത്രത്തിൽ സീനയുടെ മുഖം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണെന്ന് വ്യക്തമായി
∙ വസ്തുത
കണ്ണൂര്‍ ബോംബ് സ്‌ഫോടനത്തിനെതിരെ പ്രതികരിച്ച കൊല്ലപ്പെട്ട വേലായുധന്റെ അയല്‍വാസിയായ യുവതിയല്ല ചിത്രത്തിലുള്ളത്. വൈറല്‍ ചിത്രം എഡിറ്റ് ചെയ്തതാണ്.
English Summary : The woman in the picture is not the neighbor of the murdered Velayudhan who responded against the Kannur bomb blast