ADVERTISEMENT

ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പൊതിച്ചോറെന്ന വ്യാജേന കഞ്ചാവ് കടത്തിയതിന് അറസ്റ്റ് ചെയ്തെന്നൊരു പ്രചാരണം സമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി  പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

പൊതിച്ചോറിനുള്ളിൽ ഇത്തിരി കഞ്ചാവ് കൊണ്ട് പോയതിനാണ് ഇവന്മാർ ഇങ്ങനെയൊക്കെ പറയുന്നത് എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം

പ്രതിയും പൊലീസുകാരും പിടിച്ചെടുത്ത കഞ്ചാവുമായി നിൽക്കുന്ന ഒരു ചിത്രത്തിനൊപ്പമാണ് പ്രചാരണം.8 കിലോയോളം കഞ്ചാവുമായി ചൊക്ലി പെരിങ്ങാടി സ്വദേശി എൻ.കെ.അശ്മീറിനെ കൂത്തുപറമ്പ് എക്സൈസ് പിടികൂടിയെന്നാണ് കാർഡിലുള്ളത്.

ഞങ്ങൾ വൈറൽ കാർഡ് വിശദമായി പരിശോധിച്ചു. കാർഡിൽ ഗ്രാമിക ന്യൂസിന്റെ വാട്ടർമാർക്കും 14 മേയ് 2021 എന്ന ഡേറ്റ് ലൈനും ശ്രദ്ധയിൽപ്പെട്ടു. ഇതിൽ നിന്ന് പ്രചരിക്കുന്ന ന്യൂസ് കാർഡും സംഭവവും പഴയതാണെന്ന സൂചനകൾ ലഭിച്ചു.

പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ CPI(M) Cyber Comrades എന്ന ഫെയ്‌സ്ബുക് പേജിൽ വൈറൽ പോസ്റ്ററിനെതിരെയുള്ള ഒരു പോസ്റ്റ് ഞങ്ങൾക്ക് ലഭിച്ചു.പോസ്റ്റ് കാണാം 

DYFI, പൊതിച്ചോറിന്റെ മറവിൽ കഞ്ചാവ് കടത്തിയെന്നും പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു എന്നുമുള്ള വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ഇന്നലെ 01.07.2024 മുതൽ MISSION 140 KERALA എന്ന FB പേജിലാണ് വ്യാപകമായി പ്രചരണം സോഷ്യൽ മീഡിയയിൽ നടന്നു വരുന്നത്. MISSION 140 KERALA എന്ന FB പേജ് കോൺഗ്രസ് പ്രചാരണ പ്ലാറ്റ്ഫോം ആണ്. WHATSAPP വഴിയും ഈ പ്രചാരണം വ്യാപകമായി നടക്കുന്നുണ്ട്. ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് DYFI കണ്ണൂർ ജില്ലാകമ്മിറ്റി പരാതിയിലൂടെ അഭ്യർത്ഥിച്ചു എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പ്.

കൂടാതെ 2021 മേയിൽ നടന്ന ഈ സംഭവുമായി ബന്ധപ്പെട്ട് അന്നും ഇതേ പ്രചാരണം നടന്നതായി വ്യക്തമായി ‌. പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ച്  DYFI Thalassery Block Committee രംഗത്തെത്തിയിരുന്നു. 

ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവന14-05-2021 (ഇന്നലെ ) ചൊക്ലിയിലെ ഒരു വീട്ടിൽ നിന്നും കഞ്ചാവുമായി പിടിയിലായ അഷ്മിറുമായി ബന്ധപ്പെടുത്തി ഡിവൈഎഫ്ഐ നേതാവ് എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത സത്യ വിരുദ്ധമാണ്. അഷ്മീർ DYFlയുടെ പ്രവർത്തകനോ, സംഘടനയുടെ തെരെഞ്ഞെടുക്കപ്പെടുന്ന ഏതെങ്കിലും ഒരു ഘടകത്തിലോ അംഗമല്ല. കോവിഡ് കാലത്ത് DYFI നടത്തുന്ന വിവിധങ്ങളായിട്ടുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്ക് വലിയ അംഗീകാരമാണ് പൊതുസമൂഹത്തിൽ നിന്നും ലഭിക്കുന്നത്.  ഇത്തരം പ്രവർത്തനങ്ങളുടെ മാറ്റ് കുറയ്ക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം വെച്ചു വാർത്തകൾ വളച്ചൊടിച്ച് സംഘടനയെ ബോധപൂർവ്വം അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് എതിരാളികൾ നടത്തുന്നത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ കഴിഞ്ഞ 2 വർഷത്തിലധികമായി ഡിവൈഎഫ്ഐ പൊതിച്ചോർ നല്കി വരുന്നുണ്ട് . ന്യൂമാഹി മേഖലാ കമ്മിറ്റി കഴിഞ്ഞ ജനുവരി മാസം 24 ന് ആണ് പൊതിച്ചോർ അവസാനമായി നൽകിയത്. സത്യം ഇങ്ങനെയാണെന്നിരിക്കെ പൊതിച്ചോറിന്റെ വിതരണമെന്ന പേരിൽ കഞ്ചാവ് കടത്തിയെന്ന വ്യാജ വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ സൃഷ്ടിക്കുന്നവർക്കെതിരെ ഡിവൈഎഫ്ഐ പരാതി നൽകും. ഇന്നലെ നടന്ന സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന്  ആവശ്യപ്പെടുന്നു എന്നാണ് ഇവർ വിശദീകരണം നൽകിയിട്ടുള്ളത്.

വൈറൽ പോസ്റ്റിൽ പ്രതിയെ കൂത്തുപറമ്പ് എക്സൈസ് പിടികൂടി എന്ന വിവരവും നൽകിയിട്ടുണ്ട്. ഇക്കാര്യം സ്ഥീരീകരിക്കാനായി ഞങ്ങൾ കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസുമായി ബന്ധപ്പെട്ടു.

വൈറൽ വാർത്തയിൽ പരാമർശിക്കുന്ന സംഭവം നടന്നത് 2021 മെയ് മേയിലാണ്. ഡിവൈഎഫ്ഐയുമായോ മറ്റ് പാർട്ടിപ്രവർത്തകരുമായോ കേസിനും പ്രതിക്കും യാതൊരു ബന്ധവുമില്ല.   8 കിലോ കഞ്ചാവ് കൈവശം വച്ചതിനാണ് ഇയാളെ എക്സൈസ് വിഭാഗം പിടികൂടിയത്. അന്വേഷണത്തിൽ പ്രതിയുടെ പാർട്ടി ബന്ധങ്ങളൊന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണെന്ന് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. പ്രചാരണം വ്യാജമാണെന്ന് ഇതിൽ നിന്ന് വ്യക്തമായി.

∙ വസ്തുത

ഡിവൈഎഫ്ഐ നേതാവിനെ പൊതിച്ചോറെന്ന വ്യാജേന കഞ്ചാവ് കടത്തിയതിന്  പോലീസ് അറസ്‌റ്റ് ചെയ്തുവെന്ന പ്രചാരണം വ്യാജമാണ്. ഇയാൾക്ക് ഡിവൈഎഫ്ഐയുമായി ബന്ധമില്ലെന്ന് എക്സൈസ് അധിക‍ർ സ്ഥിരീകരിച്ചിട്ടുണ്ട്.

English Summary :The accused in this cannabis case has no connection with DYFI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com