ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച കേരള ബാങ്കിന് ചൂരൽമലയിൽ ശാഖയില്ലേ? സത്യമറിയാം | Fact Check
Mail This Article
വയനാട് ഉരുൾപ്പൊട്ടലിൽ ദുരിതക്കയത്തിലായി ജീവനും ജീവതവും നഷ്ടപ്പെട്ടവർ നിരവധിയാണ്. സമ്പാദ്യമെല്ലാം ഒന്നാകെ ഉരുൾ കവർന്നവർക്ക് ആശ്വാസമായി നിരവധി പേർ സഹായത്തിന്റെ കരങ്ങളുമായി മുന്നോട്ട് വരുന്നുണ്ട്. ഇത്തരത്തിൽ ദുരന്തബാധിത മേഖലയിലെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചൂരൽമലയിൽ കേരള ബാങ്കിന് ബ്രാഞ്ചുകളില്ലെന്നും വ്യാജ വാഗ്ദാനം നല്‍കി ദുരിതബാധിതരെ വഞ്ചിക്കുകയാണെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം
∙ അന്വേഷണം
ചൂരല്‍മലയിലും മുണ്ടകൈയിലും ഒരു ശാഖ പോലുമില്ലാത്ത കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പകള്‍ എഴുതി തള്ളി ഒരു ഒന്ന് ഒന്നര തള്ളായിപ്പോയി.! എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പ്.പോസ്റ്റ് കാണാം
കേരള ബാങ്ക് ചൂരൽമലക്കാരുടെ വായ്പകൾ എഴുതി തള്ളിയതുമായി ബന്ധപ്പെട്ട് പിആർഡി നൽകിയ വാർത്ത കാണാം.
ചൂരല്‍മല ശാഖയിലെ വായ്പകള്‍ എഴുതി തള്ളുമെന്ന് വ്യക്തമാക്കി കേരളബാങ്ക് അവരുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ നൽകിയ പോസ്റ്റ് ലഭിച്ചു.
വയനാട് മുണ്ടകൈ ദുരന്തം: ചൂരൽമല ശാഖയിലെ വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക്. വയനാട് ജില്ലയിലെ മുണ്ടകൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു.
കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 30.07.2024-ന് തന്നെ നൽകിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാർ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുള്ളത്.
പിന്നീട് വയനാട് ജില്ലയിലെ കേരളബാങ്ക് ശാഖകൾ സംബന്ധിച്ച വിവരങ്ങൾക്ക് വേണ്ടി ഞങ്ങൾ കേരള ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഞങ്ങൾ പരിശോധിച്ചപ്പോൾ എംകെഎച്ച് ബില്‍ഡിംഗ്, ചൂരല്‍മല, വെള്ളാര്‍മല പി.ഒ എന്ന വിലാസത്തിൽ ചൂരൽ മലയിൽ സ്ഥിതി ചെയ്യുന്ന കേരള ബ്രാഞ്ചിന്റെ അഡ്രസ് ലഭ്യമായി. ഈ ബ്രാഞ്ചിന്റെ ഐഎഫ്എസ്‌സി കോഡും ഇതോടൊപ്പം നൽകിയിട്ടുണ്ട്.ചൂരൽമലയിൽ ബാങ്കിന് ശാഖയുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
കൂടുതൽ കീവേഡുകളുടെ തിരയയിൽ ദേശാഭിമാനി ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ മുണ്ടക്കൈ ഉരുൾപൊട്ടലിൽ സർവം നഷ്ടമായവരുടെ വായ്‌പകൾ എഴുതിത്തള്ളിയ കേരള ബാങ്ക് തീരുമാനം മാതൃകാപരം. ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിനും ഈട് നൽകിയ വീടും വസ്‌തുവും നഷ്ടമായവർക്കും സഹായം ലഭിക്കും. മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുത്തുമല പ്രദേശവാസികളായ 213 വായ്‌പക്കാരാണ് ബാങ്ക് ബ്രാഞ്ചിലുള്ളത്. 6.63 കോടി രൂപയാണ് വായ്‌പ നൽകിയത്. നാന്നൂറിലധികം സ്വർണ വായ്‌പകളുമുണ്ട്. ചൂരൽമല ബ്രാഞ്ചിലെ വായ്‌പക്കാരായ ഒമ്പതുപേരുടെ മൃതദേഹം ഇതിനകം ലഭിച്ചു. 15 പേർ കാണാതായ പട്ടികയിലുണ്ട്. ക്യാമ്പിലുള്ളവരുടെ കണക്കുകളും ശേഖരിക്കുകയാണ്. തൊഴിലാളികളും ചെറുകിട കർഷകരും വ്യാപാരികളുമാണ് ഇടപാടുകാരിൽ കൂടുതൽ. തോട്ടം മേഖല ആയതിനാൽ തൊഴിലാളികൾക്ക് പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ചാണ് വായ്‌പ നൽകിയത്. വ്യാപാരികൾക്കും പ്രത്യേകം വായ്‌പ നൽകി. ഉരുൾപൊട്ടലിൽ ബാങ്കിന് കാര്യമായ നാശമുണ്ടായില്ല. പിറ്റേദിവസം തന്നെ മേപ്പാടി ബ്രാഞ്ച് കെട്ടിടത്തിലേക്ക് ചൂരൽമല ബ്രാഞ്ചിന്റെ പ്രവർത്തനം മാറ്റി എന്നും വ്യക്തമാക്കിയിട്ടുണ്ട്.
കേരള ബാങ്കിന് ചൂരല്‍മലയില്‍ ശാഖയില്ലെന്ന പ്രചാരണം തെറ്റാണെന്ന് ഞങ്ങളുമായി സംസാരിച്ച ബാങ്ക് കേരള ബാങ്ക് അധികൃതരും വ്യക്തമാക്കി. ദുരന്തത്തിന് ശേഷം ചൂരൽമല ബ്രാഞ്ചിന്റെ പ്രവർത്തനം താൽക്കാലികമായി മേപ്പാടി ബ്രാഞ്ചിലേക്ക് മാറ്റിയതായും അവർ വ്യക്തമാക്കി.ചൂരൽമല കേരള ബാങ്കിന്റെ ചിത്രവും ഞങ്ങൾക്ക് ലഭിച്ചു.
ലഭ്യമായ വിവരങ്ങളിൽ നിന്ന് ചൂരല്‍മലയില്‍ കേരള ബാങ്കിന് ശാഖയുണ്ടെന്ന് വ്യക്തമായി.
∙ വസ്തുത
ചൂരല്‍മലയില്‍ കേരള ബാങ്കിന് ശാഖയില്ലെന്ന പ്രചാരണം തെറ്റാണ്.
English Summary :The propaganda that Kerala Bank does not have a branch in Churalmala is wrong